കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

യോഹന്നാൻ 17:1-26

17  ഇതു സംസാരിച്ചിട്ട് യേശു സ്വർഗത്തേക്കു കണ്ണുകളുയർത്തി പറഞ്ഞത്‌: “പിതാവേ, സമയം വന്നിരിക്കുന്നു. പുത്രൻ നിന്നെ മഹത്ത്വീകരിക്കേണ്ടതിന്‌ പുത്രനെ നീ മഹത്ത്വീകരിക്കേണമേ.  നീ അവനു നൽകിയിട്ടുള്ളവർക്കെല്ലാം അവൻ നിത്യജീവൻ കൊടുക്കേണ്ടതിന്‌ സകല മനുഷ്യരുടെമേലും നീ അവന്‌ അധികാരം നൽകിയിരിക്കുന്നുവല്ലോ.  ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്‌തുവിനെയും അവർ അറിയുന്നതല്ലോ* നിത്യജീവൻ.  നീ എനിക്കു ചെയ്യാൻ തന്ന വേല പൂർത്തിയാക്കിക്കൊണ്ട് ഞാൻ ഭൂമിയിൽ നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു.  പിതാവേ, ലോകം ഉണ്ടാകുന്നതിനു മുമ്പേ എനിക്കു നിന്‍റെ അടുക്കൽ ഉണ്ടായിരുന്ന മഹത്ത്വത്താൽ ഇപ്പോൾ നിന്‍റെ അടുക്കൽ എന്നെ മഹത്ത്വപ്പെടുത്തേണമേ.  “ലോകത്തിൽനിന്നു നീ എനിക്കു തന്നിട്ടുള്ളവർക്ക് ഞാൻ നിന്‍റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിന്‍റേതായിരുന്നു; നീ അവരെ എനിക്കു തന്നു. അവർ നിന്‍റെ വചനം പ്രമാണിച്ചിരിക്കുന്നു.  നീ എനിക്കു തന്നതൊക്കെയും നിന്‍റെ പക്കൽനിന്നുള്ളവയാണെന്ന് അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു;  എന്തെന്നാൽ നീ എനിക്കു തന്ന വചനങ്ങൾ ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. അവർ അവയെ കൈക്കൊള്ളുകയും ഞാൻ നിന്‍റെ വക്താവായി വന്നുവെന്ന് ഉറപ്പായി അറിയുകയും നീ എന്നെ അയച്ചുവെന്നു വിശ്വസിക്കുകയും ചെയ്‌തിരിക്കുന്നു.  അവർക്കുവേണ്ടി ഞാൻ അപേക്ഷിക്കുന്നു. ഞാൻ അപേക്ഷിക്കുന്നതു ലോകത്തിനുവേണ്ടിയല്ല, നീ എനിക്കു തന്നിട്ടുള്ളവർക്കുവേണ്ടിയത്രേ; അവർ നിന്‍റേതാകുന്നുവല്ലോ. 10  എന്‍റേതെല്ലാം നിന്‍റേതും നിന്‍റേത്‌ എന്‍റേതും ആകുന്നുവല്ലോ. ഞാൻ അവരാൽ മഹത്ത്വപ്പെട്ടിരിക്കുന്നു. 11  “ഇനിമേൽ ഞാൻ ലോകത്തിലില്ല. എന്നാൽ അവർ ലോകത്തിലാണ്‌; ഞാൻ നിന്‍റെ അടുക്കലേക്കു വരുന്നു. പരിശുദ്ധപിതാവേ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കേണ്ടതിന്‌ നീ എനിക്കു തന്നിരിക്കുന്ന നിന്‍റെ നാമത്തെക്കരുതി അവരെ കാത്തുകൊള്ളേണമേ. 12  ഞാൻ അവരോടുകൂടെ ആയിരുന്നപ്പോൾ നീ എനിക്കു തന്ന നിന്‍റെ നാമത്തെപ്രതി ഞാൻ അവരെ സംരക്ഷിച്ചു. ഞാൻ അവരെ കാത്തുസൂക്ഷിച്ചു. തിരുവെഴുത്തിനു നിവൃത്തി വരേണ്ടതിന്‌ ആ നാശപുത്രൻ അല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല. 13  ഇപ്പോഴോ ഞാൻ നിന്‍റെ അടുക്കലേക്കു വരുന്നു. ഞാൻ ഈ കാര്യങ്ങൾ ലോകത്തിൽവെച്ചു സംസാരിക്കുന്നത്‌ എന്‍റെ സന്തോഷം അവരിൽ നിറയേണ്ടതിനത്രേ. 14  ഞാൻ നിന്‍റെ വചനം അവർക്കു നൽകിയിരിക്കുന്നു. എന്നാൽ ഞാൻ ലോകത്തിന്‍റെ ഭാഗമല്ലാത്തതുപോലെതന്നെ അവരും ലോകത്തിന്‍റെ ഭാഗമല്ലാത്തതിനാൽ ലോകം അവരെ ദ്വേഷിച്ചിരിക്കുന്നു. 15  “അവരെ ലോകത്തിൽനിന്ന് എടുക്കേണം എന്നല്ല, ദുഷ്ടനായവൻനിമിത്തം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ നിന്നോട്‌ അപേക്ഷിക്കുന്നത്‌. 16  ഞാൻ ലോകത്തിന്‍റെ ഭാഗമല്ലാത്തതുപോലെതന്നെ അവരും ലോകത്തിന്‍റെ ഭാഗമല്ല. 17  സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്‍റെ വചനം സത്യം ആകുന്നുവല്ലോ. 18  നീ എന്നെ ലോകത്തിലേക്ക് അയച്ചതുപോലെതന്നെ ഞാൻ അവരെയും ലോകത്തിലേക്ക് അയയ്‌ക്കുന്നു. 19  സത്യത്താൽ അവരും വിശുദ്ധീകരിക്കപ്പെടേണ്ടതിന്‌ അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു. 20  “ഇവർക്കുവേണ്ടി മാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിക്കുന്നവർക്കുവേണ്ടിയും ഞാൻ അപേക്ഷിക്കുന്നു; 21  അവർ എല്ലാവരും ഒന്നായിരിക്കേണ്ടതിനും പിതാവേ, നീ എന്നോടും ഞാൻ നിന്നോടും ഏകീഭവിച്ചിരിക്കുന്നതുപോലെ അവരും നമ്മോട്‌ ഏകീഭവിച്ചവരായിരിക്കേണ്ടതിനും അങ്ങനെ നീ എന്നെ അയച്ചുവെന്നു ലോകം വിശ്വസിക്കേണ്ടതിനുംതന്നെ. 22  നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കേണ്ടതിന്‌ നീ എനിക്കു തന്നിട്ടുള്ള മഹത്ത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു. 23  അവർ ഐക്യത്തിൽ തികഞ്ഞവരാകേണ്ടതിന്‌ ഞാൻ അവരോടും നീ എന്നോടും ഏകീഭവിച്ചിരിക്കുന്നു. അങ്ങനെ, നീ എന്നെ അയച്ചുവെന്നും നീ എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരെയും സ്‌നേഹിച്ചുവെന്നും ലോകം അറിയട്ടെ. 24  പിതാവേ, ലോകസ്ഥാപനത്തിനു മുമ്പേ നീ എന്നെ സ്‌നേഹിച്ചതുകൊണ്ട് നീ എനിക്കു നൽകിയ മഹത്ത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്‌, ഞാൻ ആയിരിക്കുന്നിടത്ത്‌ അവരും എന്നോടുകൂടെ ഉണ്ടായിരിക്കണമെന്ന് ഞാൻ ഇച്ഛിക്കുന്നു. 25  നീതിമാനായ പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു. നീ എന്നെ അയച്ചിരിക്കുന്നുവെന്ന് ഇവരും അറിഞ്ഞിരിക്കുന്നു. 26  നീ എന്നോടു കാണിച്ച സ്‌നേഹം അവരിൽ ഉണ്ടാകുവാനും ഞാൻ അവരോട്‌ ഏകീഭവിച്ചിരിക്കുവാനും ഞാൻ നിന്‍റെ നാമം അവരെ അറിയിച്ചിരിക്കുന്നു; ഇനിയും അറിയിക്കും.”

അടിക്കുറിപ്പുകള്‍

യോഹ 17:3* അതായത്‌, അറിവ്‌ ഉൾക്കൊള്ളുന്നത്‌. ഗ്രീക്ക് ക്രിയ തുടർച്ചയായ പ്രവൃത്തിയെ സൂചിപ്പിക്കുന്നു.