കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

യോഹന്നാൻ 16:1-33

16  “നിങ്ങൾ ഇടറിപ്പോകാതിരിക്കേണ്ടതിനത്രേ ഞാൻ ഇക്കാര്യങ്ങൾ നിങ്ങളോടു പറഞ്ഞത്‌.  അവർ നിങ്ങളെ പള്ളിഭ്രഷ്ടരാക്കും. നിങ്ങളെ കൊല്ലുന്ന ഏവനും താൻ ഒരു പുണ്യപ്രവൃത്തി ചെയ്യുന്നുവെന്നു കരുതുന്ന സമയം വരുന്നു.  പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതിനാൽ അവർ ഇങ്ങനെ ചെയ്യും.  അവ സംഭവിക്കുമ്പോൾ ഞാൻ ഇതെല്ലാം നിങ്ങളോടു പറഞ്ഞിരുന്നെന്നു നിങ്ങൾ ഓർക്കേണ്ടതിന്‌ ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു. “ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരുന്നതിനാലത്രേ തുടക്കത്തിൽ ഈ കാര്യങ്ങൾ നിങ്ങളോടു പറയാതിരുന്നത്‌.  ഇപ്പോഴോ, ഞാൻ എന്നെ അയച്ചവന്‍റെ അടുക്കലേക്കു പോകുന്നു; എന്നാൽ നിങ്ങളിൽ ആരും എന്നോട്‌, ‘നീ എവിടേക്കു പോകുന്നു?’ എന്നു ചോദിക്കുന്നില്ല.  ഞാൻ ഇക്കാര്യങ്ങൾ നിങ്ങളോടു പറഞ്ഞതിനാൽ നിങ്ങളുടെ ഹൃദയം ദുഃഖംകൊണ്ടു നിറഞ്ഞിരിക്കുന്നു.  വാസ്‌തവത്തിൽ, നിങ്ങളുടെ പ്രയോജനത്തിനായിട്ടത്രേ ഞാൻ പോകുന്നത്‌; ഞാൻ പോകുന്നില്ലെങ്കിൽ സഹായകൻ ഒരുപ്രകാരത്തിലും നിങ്ങളുടെ അടുക്കൽ വരുകയില്ല; ഞാൻ പോയാലോ ഞാൻ അവനെ നിങ്ങളുടെ അടുക്കലേക്ക് അയയ്‌ക്കും.  അവൻ വന്ന് പാപത്തെയും നീതിയെയും ന്യായവിധിയെയുംകുറിച്ചു ലോകത്തിനു ബോധ്യം വരുത്തും;  അവർ എന്നിൽ വിശ്വസിക്കാത്തതിനാൽ ആദ്യം പാപത്തെക്കുറിച്ചും 10  ഞാൻ പിതാവിന്‍റെ അടുക്കലേക്കു പോകുന്നതുകൊണ്ടും ഇനി നിങ്ങൾ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും 11  ഈ ലോകത്തിന്‍റെ അധിപതി വിധിക്കപ്പെട്ടിരിക്കുകയാൽ ന്യായവിധിയെക്കുറിച്ചുംതന്നെ. 12  “ഇനിയും വളരെ കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ടെങ്കിലും ഇപ്പോൾ നിങ്ങൾക്ക് അവ ഗ്രഹിക്കാൻ കഴിയുകയില്ല. 13  എന്നാൽ സഹായിയും സത്യത്തിന്‍റെ ആത്മാവുമായവൻ വരുമ്പോൾ അവൻ നിങ്ങളെ സത്യത്തിന്‍റെ പൂർണതയിലേക്കു നയിക്കും. അവൻ സ്വന്തമായി സംസാരിക്കാതെ താൻ കേൾക്കുന്നതു പറയുകയും വരാനിരിക്കുന്ന കാര്യങ്ങൾ നിങ്ങളോടു പ്രസ്‌താവിക്കുകയും ചെയ്യും. 14  അവൻ എന്നിൽനിന്നു കൈക്കൊള്ളുന്നത്‌ നിങ്ങളോടു പ്രസ്‌താവിച്ചുകൊണ്ട് എന്നെ മഹത്ത്വപ്പെടുത്തും. 15  പിതാവിനുള്ളതൊക്കെയും എനിക്കുള്ളതാകുന്നു. ‘അവൻ എന്നിൽനിന്നു കൈക്കൊള്ളുന്നത്‌ നിങ്ങളോടു പ്രസ്‌താവിക്കും’ എന്നു ഞാൻ പറഞ്ഞത്‌ അതുകൊണ്ടത്രേ. 16  അൽപ്പം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല; എന്നാൽ പിന്നെയും അൽപ്പം കഴിയുമ്പോൾ നിങ്ങൾ എന്നെ കാണും.” 17  അപ്പോൾ ശിഷ്യന്മാരിൽ ചിലർ, “ ‘അൽപ്പം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല; എന്നാൽ പിന്നെയും അൽപ്പം കഴിയുമ്പോൾ നിങ്ങൾ എന്നെ കാണും,’ ‘ഞാൻ പിതാവിന്‍റെ അടുക്കലേക്കു പോകുന്നു’ എന്നൊക്കെ അവൻ നമ്മോടു പറയുന്നതിന്‍റെ അർഥമെന്ത്?” എന്ന് തമ്മിൽത്തമ്മിൽ ചോദിച്ചു. 18  പിന്നെയും അവർ, “ ‘അൽപ്പം കഴിഞ്ഞാൽ’ എന്ന് അവൻ ഈ പറയുന്നതിന്‍റെ അർഥമെന്ത്? അവൻ എന്തിനെക്കുറിച്ചാണു സംസാരിക്കുന്നതെന്നു നമുക്കു മനസ്സിലാകുന്നില്ലല്ലോ” എന്നു പറഞ്ഞു. 19  അവർ ഇതേക്കുറിച്ചു തന്നോടു ചോദിക്കാൻ ആഗ്രഹിക്കുന്നെന്നു മനസ്സിലാക്കി യേശു അവരോടു പറഞ്ഞത്‌: “അൽപ്പം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല; എന്നാൽ പിന്നെയും അൽപ്പം കഴിയുമ്പോൾ നിങ്ങൾ എന്നെ കാണും എന്നു ഞാൻ പറഞ്ഞതിനെപ്പറ്റി നിങ്ങൾ പരസ്‌പരം ചോദിക്കുന്നുവോ? 20  സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കരഞ്ഞുവിലപിക്കും; ലോകമോ സന്തോഷിക്കും. നിങ്ങൾ ദുഃഖിക്കും; എന്നാൽ നിങ്ങളുടെ ദുഃഖം ആനന്ദമായി മാറും. 21  ഒരു സ്‌ത്രീ പ്രസവിക്കുമ്പോൾ തന്‍റെ സമയം വന്നിരിക്കുന്നതുകൊണ്ട് അവൾ വേദനപ്പെടുന്നു. എന്നാൽ കുഞ്ഞിനെ പ്രസവിച്ചുകഴിയുമ്പോൾ ഒരു മനുഷ്യൻ ലോകത്തിൽ പിറന്നു എന്ന സന്തോഷത്താൽ തന്‍റെ കഷ്ടം അവൾ പിന്നെ ഓർക്കുകയുമില്ല. 22  അങ്ങനെ, നിങ്ങൾക്കും ഇപ്പോൾ ദുഃഖം ഉണ്ട്. എന്നാൽ ഞാൻ നിങ്ങളെ വീണ്ടും കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ സന്തോഷം ആരും കവർന്നുകളയുകയുമില്ല. 23  അന്നു നിങ്ങൾ എന്നോടു ചോദ്യമൊന്നും ചോദിക്കുകയില്ല. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോട്‌ എന്തു ചോദിച്ചാലും എന്‍റെ നാമത്തിൽ അവൻ അതു നിങ്ങൾക്കു നൽകും. 24  ഇതുവരെ നിങ്ങൾ എന്‍റെ നാമത്തിൽ ഒന്നും ചോദിച്ചിട്ടില്ല. ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും. അങ്ങനെ, നിങ്ങളുടെ സന്തോഷം പൂർണമാകും. 25  “ഞാൻ സാദൃശ്യങ്ങളാൽ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു. ഞാൻ ഇനിമേൽ പിതാവിനെക്കുറിച്ചു സാദൃശ്യങ്ങളാലല്ലാതെ സ്‌പഷ്ടമായിത്തന്നെ നിങ്ങളോട്‌ സംസാരിക്കുന്ന സമയം വരുന്നു. 26  അന്നു നിങ്ങൾ എന്‍റെ നാമത്തിൽ അപേക്ഷിക്കും; നിങ്ങൾക്കുവേണ്ടി ഞാൻ പിതാവിനോട്‌ അപേക്ഷിക്കേണ്ടിവരില്ല; 27  എന്തെന്നാൽ പിതാവിനുതന്നെയും നിങ്ങളോടു പ്രിയമുണ്ട്; നിങ്ങൾ എന്നെ സ്‌നേഹിക്കുകയും ഞാൻ പിതാവിന്‍റെ വക്താവായി വന്നിരിക്കുന്നെന്നു വിശ്വസിക്കുകയും ചെയ്യുന്നുവല്ലോ. 28  ഞാൻ പിതാവിന്‍റെ അടുക്കൽനിന്നു ലോകത്തിലേക്കു വന്നിരിക്കുന്നു. എന്നാൽ ഇതാ, ഞാൻ ലോകം വിട്ട് പിതാവിന്‍റെ അടുക്കലേക്കു മടങ്ങിപ്പോകുന്നു.” 29  അവന്‍റെ ശിഷ്യന്മാർ അവനോട്‌, “നോക്കൂ! ഇപ്പോൾ നീ സാദൃശ്യമൊന്നും പറയാതെ സ്‌പഷ്ടമായി സംസാരിക്കുന്നു. 30  നിനക്ക് എല്ലാം അറിയാമെന്നു ഞങ്ങൾ മനസ്സിലാക്കുന്നു; ഇനി ആരും നിന്നോട്‌ ഒന്നും ചോദിക്കേണ്ടതില്ല; നീ ദൈവത്തിന്‍റെ അടുക്കൽനിന്നു വന്നിരിക്കുന്നെന്ന് ഇതിനാൽ ഞങ്ങൾ വിശ്വസിക്കുന്നു” എന്നു പറഞ്ഞു. 31  അതിന്‌ യേശു അവരോടു പറഞ്ഞത്‌: “ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുവോ? 32  ഇതാ, നിങ്ങൾ ചിതറിക്കപ്പെടുകയും എന്നെ തനിച്ചുവിട്ടിട്ട് ഓരോരുത്തനും താന്താന്‍റെ ഭവനത്തിലേക്കു പോകുകയും ചെയ്യുന്ന സമയം വരുന്നു, വന്നുമിരിക്കുന്നു; എന്നാൽ പിതാവ്‌ എന്നോടുകൂടെയുള്ളതുകൊണ്ട് ഞാൻ തനിച്ചല്ല. 33  ഞാൻ മുഖാന്തരം നിങ്ങൾക്കു സമാധാനം ഉണ്ടാകേണ്ടതിനത്രേ ഈ കാര്യങ്ങൾ ഞാൻ നിങ്ങളോടു പറഞ്ഞത്‌. ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്. എന്നാൽ ധൈര്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.”

അടിക്കുറിപ്പുകള്‍