കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

യോഹന്നാൻ 15:1-27

15  “ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്‍റെ പിതാവ്‌ കൃഷിക്കാരനും ആകുന്നു.  എന്നിലുള്ള കായ്‌ക്കാത്ത ശാഖകളെല്ലാം അവൻ മുറിച്ചുകളയുന്നു. കായ്‌ക്കുന്നവയെ ഒക്കെയും കൂടുതൽ ഫലം കായ്‌ക്കേണ്ടതിന്‌ അവൻ വെട്ടിവെടിപ്പാക്കുകയും ചെയ്യുന്നു.  ഞാൻ നിങ്ങളോടു സംസാരിച്ച വചനംനിമിത്തം നിങ്ങൾ വെടിപ്പുള്ളവരായിക്കഴിഞ്ഞിരിക്കുന്നു.  എന്നിൽ വസിക്കുവിൻ; ഞാനും നിങ്ങളിൽ വസിക്കും. മുന്തിരിവള്ളിയിൽ ആയിരിക്കാതെ ശാഖകൾക്കു സ്വയമായി ഫലം കായ്‌ക്കാൻ കഴിയാത്തതുപോലെ എന്നിൽ വസിക്കാതെ നിങ്ങൾക്കും അതിനു കഴിയുകയില്ല.  ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ശാഖകളും ആകുന്നു. ഒരുവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നെങ്കിൽ അവൻ വളരെ ഫലം കായ്‌ക്കും; എന്തെന്നാൽ എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല.  എന്നിൽ വസിക്കാത്തവൻ മുറിച്ചു നീക്കപ്പെട്ട ശാഖപോലെ പുറന്തള്ളപ്പെട്ടിട്ട് ഉണങ്ങിപ്പോകും. ആളുകൾ ആ ശാഖകൾ ഒന്നിച്ചുകൂട്ടി തീയിലിട്ടു ചുട്ടുകളയുന്നു.  നിങ്ങൾ എന്നിൽ വസിക്കുകയും എന്‍റെ വചനങ്ങൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ ഇച്ഛിക്കുന്നതെന്തും ചോദിച്ചുകൊള്ളുക; അതു നിങ്ങൾക്കു ലഭിക്കും.  നിങ്ങൾ വളരെ ഫലം കായ്‌ക്കുന്നതുകൊണ്ടും എന്‍റെ ശിഷ്യന്മാരായിരിക്കുന്നതുകൊണ്ടും എന്‍റെ പിതാവ്‌ മഹത്ത്വപ്പെടുന്നു.  പിതാവ്‌ എന്നെ സ്‌നേഹിച്ചിരിക്കുന്നതുപോലെതന്നെ ഞാനും നിങ്ങളെ സ്‌നേഹിച്ചിരിക്കുന്നു. ആകയാൽ എന്‍റെ സ്‌നേഹത്തിൽ നിലനിൽക്കുവിൻ. 10  ഞാൻ പിതാവിന്‍റെ കൽപ്പനകൾ പ്രമാണിച്ച് അവന്‍റെ സ്‌നേഹത്തിൽ നിലനിൽക്കുന്നു; അതുപോലെ, നിങ്ങളും എന്‍റെ കൽപ്പനകൾ പ്രമാണിക്കുന്നെങ്കിൽ എന്‍റെ സ്‌നേഹത്തിൽ നിലനിൽക്കും. 11  “എന്‍റെ സന്തോഷം നിങ്ങളിൽ ആകാനും നിങ്ങളുടെ സന്തോഷം പൂർണമാകാനുമത്രേ ഞാൻ ഇതു നിങ്ങളോടു പറഞ്ഞത്‌. 12  ഇതാകുന്നു എന്‍റെ കൽപ്പന: ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്‌നേഹിക്കണം. 13  സ്‌നേഹിതർക്കുവേണ്ടി ജീവൻ* വെച്ചുകൊടുക്കുന്നതിനെക്കാൾ വലിയ സ്‌നേഹം ഇല്ല. 14  ഞാൻ കൽപ്പിക്കുന്നതു നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്‍റെ സ്‌നേഹിതന്മാരാകുന്നു. 15  ഞാൻ ഇനി നിങ്ങളെ അടിമകൾ എന്നു വിളിക്കുന്നില്ല; തന്‍റെ യജമാനൻ ചെയ്യുന്നതെന്തെന്ന് അടിമ അറിയുന്നില്ലല്ലോ. ഞാനോ നിങ്ങളെ സ്‌നേഹിതന്മാർ എന്നു വിളിച്ചിരിക്കുന്നു; എന്തെന്നാൽ എന്‍റെ പിതാവിൽനിന്നു കേട്ടതൊക്കെയും ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു. 16  നിങ്ങൾ എന്നെയല്ല, ഞാൻ നിങ്ങളെയാണു തിരഞ്ഞെടുത്തത്‌. നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കാനും നിങ്ങളുടെ ഫലം നിലനിൽക്കാനുമത്രേ ഞാൻ നിങ്ങളെ നിയമിച്ചത്‌; എന്‍റെ നാമത്തിൽ നിങ്ങൾ പിതാവിനോട്‌ എന്തു ചോദിച്ചാലും അവൻ നിങ്ങൾക്കതു നൽകേണ്ടതിനുതന്നെ. 17  “നിങ്ങൾ തമ്മിൽത്തമ്മിൽ സ്‌നേഹിക്കേണ്ടതിനാകുന്നു ഞാൻ ഇവ നിങ്ങളോടു കൽപ്പിച്ചത്‌. 18  ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കിൽ അത്‌ നിങ്ങൾക്കു മുമ്പേ എന്നെ ദ്വേഷിച്ചിരിക്കുന്നെന്ന് അറിഞ്ഞുകൊള്ളുക. 19  നിങ്ങൾ ലോകത്തിന്‍റെ ഭാഗമായിരുന്നെങ്കിൽ ലോകം അതിനു സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു; എന്നാൽ ഇപ്പോഴോ നിങ്ങൾ ലോകത്തിന്‍റെ ഭാഗമല്ലാത്തതുകൊണ്ടും ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തിരിക്കുന്നതുകൊണ്ടും ലോകം നിങ്ങളെ ദ്വേഷിക്കുന്നു. 20  അടിമ തന്‍റെ യജമാനനെക്കാൾ വലിയവനല്ലെന്നു ഞാൻ പറഞ്ഞ വാക്ക് ഓർത്തുകൊള്ളുക. അവർ എന്നെ പീഡിപ്പിച്ചെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും. അവർ എന്‍റെ വചനം പ്രമാണിച്ചെങ്കിൽ നിങ്ങളുടേതും പ്രമാണിക്കും. 21  എന്‍റെ നാമംനിമിത്തം ഇതൊക്കെയും അവർ നിങ്ങളോടു ചെയ്യും; എന്തെന്നാൽ എന്നെ അയച്ചവനെ അവർ അറിയുന്നില്ല. 22  ഞാൻ വന്ന് അവരോടു സംസാരിച്ചില്ലായിരുന്നെങ്കിൽ അവർക്കു പാപം ഉണ്ടാകുമായിരുന്നില്ല. ഇപ്പോഴോ അവർക്ക് അവരുടെ പാപം സംബന്ധിച്ച് ഒരു ഒഴികഴിവും ഇല്ല. 23  എന്നെ ദ്വേഷിക്കുന്നവൻ എന്‍റെ പിതാവിനെയും ദ്വേഷിക്കുന്നു. 24  മറ്റാരും ചെയ്‌തിട്ടില്ലാത്ത പ്രവൃത്തികൾ ഞാൻ അവർക്കിടയിൽ ചെയ്‌തില്ലായിരുന്നെങ്കിൽ അവർക്കു പാപം ഉണ്ടാകുമായിരുന്നില്ല. ഇപ്പോഴോ അവർ എന്‍റെ പ്രവൃത്തികൾ കണ്ടിട്ടും എന്നെയും എന്‍റെ പിതാവിനെയും ദ്വേഷിച്ചിരിക്കുന്നു. 25  എന്നാൽ ഇത്‌, ‘അവർ കാരണം കൂടാതെ എന്നെ ദ്വേഷിച്ചു’ എന്ന് അവരുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതു നിവൃത്തിയാകേണ്ടതിനത്രേ. 26  ഞാൻ പിതാവിന്‍റെ അടുക്കൽനിന്ന് നിങ്ങളുടെ അടുത്തേക്ക് അയയ്‌ക്കുന്ന സഹായകൻ, പിതാവിൽനിന്നു പുറപ്പെടുന്ന സത്യത്തിന്‍റെ ആത്മാവ്‌, വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം നൽകും. 27  നിങ്ങൾ തുടക്കംമുതൽ എന്നോടുകൂടെ ആയിരുന്നതിനാൽ നിങ്ങളും സാക്ഷ്യം നൽകേണ്ടതാകുന്നു.

അടിക്കുറിപ്പുകള്‍

യോഹ 15:13* ഗ്രീക്കിൽ, സൈക്കി