കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

യോഹന്നാൻ 13:1-38

13  ഈ ലോകം വിട്ട് പിതാവിന്‍റെ അടുക്കലേക്കു പോകാനുള്ള സമയം വന്നിരിക്കുന്നെന്ന് പെസഹാപ്പെരുന്നാളിനു മുമ്പുതന്നെ യേശു അറിഞ്ഞിരുന്നു. ഈ ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ അവൻ സ്‌നേഹിച്ചു; അവസാനത്തോളം അവരെ സ്‌നേഹിച്ചു.  അത്‌ അത്താഴത്തിന്‍റെ സമയമായിരുന്നു. യേശുവിനെ ഒറ്റിക്കൊടുക്കാൻ പിശാച്‌ ശിമോന്‍റെ മകനായ യൂദാ ഈസ്‌കര്യോത്തായുടെ ഹൃദയത്തിൽ തോന്നിച്ചിരുന്നു.  പിതാവ്‌ സകലവും തന്‍റെ കൈയിൽ തന്നിരിക്കുന്നെന്നും താൻ ദൈവത്തിന്‍റെ അടുക്കൽനിന്നു വന്നുവെന്നും ദൈവത്തിന്‍റെ അടുക്കലേക്കു പോകുന്നുവെന്നും യേശു അറിഞ്ഞിരുന്നു.  അവൻ അത്താഴത്തിനിടയിൽ എഴുന്നേറ്റ്‌ തന്‍റെ മേലങ്കി അഴിച്ചുവെച്ച് ഒരു തോർത്ത്‌ എടുത്ത്‌ അരയിൽ ചുറ്റി.  പിന്നെ അവൻ ഒരു പാത്രത്തിൽ വെള്ളം പകർന്ന് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുറ്റിയിരുന്ന തോർത്തുകൊണ്ടു തുടയ്‌ക്കാനുംതുടങ്ങി.  അവൻ ശിമോൻ പത്രോസിന്‍റെ അടുത്തു വന്നു. അവൻ അവനോട്‌, “കർത്താവേ, നീ എന്‍റെ പാദങ്ങൾ കഴുകുകയോ?” എന്നു ചോദിച്ചു.  അതിന്‌ യേശു അവനോട്‌, “ഞാൻ ചെയ്യുന്നത്‌ നിനക്ക് ഇപ്പോൾ മനസ്സിലാകുകയില്ല; പിന്നീട്‌ മനസ്സിലാകും” എന്നു പറഞ്ഞു.  പത്രോസ്‌ അവനോട്‌, “എന്‍റെ പാദങ്ങൾ നീ ഒരിക്കലും കഴുകുകയില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു അവനോട്‌, “ഞാൻ നിന്‍റെ പാദങ്ങൾ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല” എന്നു പറഞ്ഞു.  ശിമോൻ പത്രോസ്‌ അവനോട്‌, “കർത്താവേ, എന്‍റെ പാദങ്ങൾ മാത്രമല്ല, എന്‍റെ കൈകളും തലയുംകൂടെ കഴുകേണമേ” എന്ന് അപേക്ഷിച്ചു. 10  യേശു അവനോടു പറഞ്ഞു: “കുളിച്ചവന്‌ പാദങ്ങൾ മാത്രമേ കഴുകേണ്ടതുള്ളൂ. അവൻ മുഴുവനും ശുദ്ധിയുള്ളവനാകുന്നു. നിങ്ങൾ ശുദ്ധിയുള്ളവരാണ്‌; എന്നാൽ എല്ലാവരും അല്ലതാനും.” 11  തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരെന്ന് അവൻ അറിഞ്ഞിരുന്നു. “നിങ്ങളിൽ എല്ലാവരും ശുദ്ധിയുള്ളവരല്ല” എന്ന് അവൻ പറഞ്ഞത്‌ അതുകൊണ്ടത്രേ. 12  അവരുടെ പാദങ്ങൾ കഴുകിയശേഷം അവൻ തന്‍റെ മേലങ്കി ധരിച്ച് വീണ്ടും മേശയ്‌ക്കൽ ഇരുന്നു. അവൻ അവരോടു പറഞ്ഞത്‌: “ഞാൻ എന്താണു ചെയ്‌തതെന്നു നിങ്ങൾ അറിയുന്നുവോ? 13  നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ്‌’ എന്നും വിളിക്കുന്നു. അതു ശരിതന്നെ; കാരണം, ഞാൻ അങ്ങനെയാണ്‌. 14  കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും തമ്മിൽത്തമ്മിൽ പാദങ്ങൾ കഴുകേണ്ടതാകുന്നു. 15  ഞാൻ നിങ്ങൾക്കു ചെയ്‌തതുപോലെതന്നെ നിങ്ങളും ചെയ്യേണ്ടതിന്‌ ഞാൻ നിങ്ങൾക്കു മാതൃകവെച്ചിരിക്കുന്നു. 16  സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അടിമ യജമാനനെക്കാൾ വലിയവനല്ല; അയയ്‌ക്കപ്പെട്ടവൻ അയച്ചവനെക്കാൾ വലിയവനുമല്ല. 17  ഈ കാര്യങ്ങൾ അറിയുന്ന നിങ്ങൾ അതനുസരിച്ചു പ്രവർത്തിച്ചാൽ ഭാഗ്യവാന്മാർ. 18  നിങ്ങൾ എല്ലാവരെയുംകുറിച്ചല്ല ഞാൻ ഇതു പറയുന്നത്‌; ഞാൻ തിരഞ്ഞെടുത്തവരെ എനിക്കറിയാം. എന്നാൽ, ‘എന്‍റെ അപ്പം തിന്നുന്നവൻ എനിക്കെതിരെ കുതികാൽ ഉയർത്തിയിരിക്കുന്നു’ എന്ന തിരുവെഴുത്ത്‌ നിവൃത്തിയാകേണ്ടിയിരിക്കുന്നു. 19  അതു സംഭവിക്കുമ്പോൾ ഞാൻതന്നെ അവൻ എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്‌ ഇപ്പോൾ, അതു സംഭവിക്കുംമുമ്പുതന്നെ, ഞാൻ ഇതു നിങ്ങളോടു പറയുന്നു. 20  സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്‌ക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെയും കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെയും കൈക്കൊള്ളുന്നു.” 21  ഇതു പറഞ്ഞശേഷം യേശു ഉള്ളം കലങ്ങി ഇങ്ങനെ സാക്ഷ്യപ്പെടുത്തി: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും.” 22  അവൻ ആരെക്കുറിച്ചാണ്‌ ഇതു പറഞ്ഞതെന്നു മനസ്സിലാകാതെ ശിഷ്യന്മാർ പരസ്‌പരം നോക്കി. 23  യേശു സ്‌നേഹിച്ച ശിഷ്യൻ അവന്‍റെ മാറോടു ചേർന്ന് ഇരിപ്പുണ്ടായിരുന്നു. 24  ശിമോൻ പത്രോസ്‌ അവനോട്‌, “അവൻ ആരെക്കുറിച്ചാണ്‌ ഇതു പറഞ്ഞതെന്നു ചോദിക്കുക” എന്ന് ആംഗ്യം കാണിച്ചു. 25  അപ്പോൾ അവൻ യേശുവിന്‍റെ മാറിലേക്കു ചാഞ്ഞ്, “കർത്താവേ, അത്‌ ആരാണ്‌?” എന്നു ചോദിച്ചു. 26  അതിന്‌ യേശു, “ഞാൻ അപ്പക്കഷണം മുക്കി ആർക്കു കൊടുക്കുന്നുവോ, അവൻതന്നെ” എന്ന് ഉത്തരം നൽകി. അവൻ അപ്പക്കഷണം മുക്കി ശിമോൻ ഈസ്‌കര്യോത്തായുടെ മകനായ യൂദായ്‌ക്കു കൊടുത്തു. 27  അപ്പക്കഷണം വാങ്ങിയ ഉടനെ സാത്താൻ അവനിൽ കടന്നു. യേശു അവനോട്‌, “നീ ചെയ്യുന്നതു വേഗത്തിൽ ചെയ്‌തുതീർക്കുക” എന്നു പറഞ്ഞു. 28  എന്നാൽ യേശു ഇത്‌ അവനോട്‌ എന്തിനു പറഞ്ഞുവെന്ന് ഭക്ഷണത്തിനിരുന്നവരിൽ ആർക്കും മനസ്സിലായില്ല. 29  പണപ്പെട്ടി യൂദായുടെ പക്കലായിരുന്നതിനാൽ, “പെരുന്നാളിനു വേണ്ടത്‌ വാങ്ങുക” എന്നോ ദരിദ്രർക്ക് എന്തെങ്കിലും കൊടുക്കുക എന്നോ ആണ്‌ യേശു അവനോടു പറയുന്നതെന്നു ചിലർ വിചാരിച്ചു. 30  അപ്പക്കഷണം വാങ്ങിയ ഉടനെ അവൻ പുറത്തേക്കുപോയി. അപ്പോൾ രാത്രിയായിരുന്നു. 31  അവൻ പോയശേഷം യേശു പറഞ്ഞത്‌: “ഇപ്പോൾ മനുഷ്യപുത്രൻ മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നു. അവൻ മുഖാന്തരം ദൈവത്തിനും മഹത്ത്വം കൈവന്നിരിക്കുന്നു. 32  ദൈവംതന്നെ അവനെ മഹത്ത്വപ്പെടുത്തും; പെട്ടെന്നുതന്നെ അവനെ മഹത്ത്വപ്പെടുത്തും. 33  കുഞ്ഞുങ്ങളേ, ഞാൻ ഇനി അൽപ്പസമയം മാത്രമേ നിങ്ങളോടുകൂടെയിരിക്കുകയുള്ളൂ. നിങ്ങൾ എന്നെ അന്വേഷിക്കും; ‘ഞാൻ പോകുന്നിടത്തേക്കു നിങ്ങൾക്കു വരാൻ കഴിയുകയില്ല’ എന്നു ഞാൻ യഹൂദന്മാരോടു പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു. 34  ഞാൻ നിങ്ങൾക്ക് ഒരു പുതിയ കൽപ്പന നൽകുന്നു; നിങ്ങൾ തമ്മിൽത്തമ്മിൽ സ്‌നേഹിക്കണം എന്നുതന്നെ. ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്‌നേഹിക്കണം. 35  നിങ്ങൾക്കു പരസ്‌പരം സ്‌നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്‍റെ ശിഷ്യന്മാരാകുന്നുവെന്ന് എല്ലാവരും അറിയും.” 36  അപ്പോൾ ശിമോൻ പത്രോസ്‌, “കർത്താവേ, നീ എവിടേക്കു പോകുന്നു?” എന്നു ചോദിച്ചതിന്‌ യേശു, “ഞാൻ പോകുന്നിടത്തേക്ക് ഇപ്പോൾ നിനക്ക് എന്നെ അനുഗമിക്കാൻ കഴിയുകയില്ല; എന്നാൽ പിന്നീട്‌ നീ അനുഗമിക്കും” എന്നു പറഞ്ഞു. 37  പത്രോസ്‌ അവനോട്‌, “കർത്താവേ, ഇപ്പോൾ എനിക്കു നിന്നെ അനുഗമിക്കാൻ കഴിയുകയില്ലാത്തതെന്ത്? ഞാൻ നിനക്കുവേണ്ടി എന്‍റെ ജീവൻപോലും വെച്ചുതരും” എന്നു പറഞ്ഞു. 38  അപ്പോൾ യേശു, “നീ എനിക്കുവേണ്ടി നിന്‍റെ ജീവൻ* വെച്ചുതരുമോ? സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു: കോഴി കൂകുംമുമ്പ്, നീ മൂന്നുപ്രാവശ്യം എന്നെ തള്ളിപ്പറയും” എന്നു പറഞ്ഞു.

അടിക്കുറിപ്പുകള്‍

യോഹ 13:38* ഗ്രീക്കിൽ, സൈക്കി