കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

യോഹന്നാൻ 12:1-50

12  പെസഹായ്‌ക്ക് ആറുദിവസംമുമ്പ് യേശു, മരിച്ചവരിൽനിന്നു താൻ ഉയിർപ്പിച്ച ലാസർ പാർത്തിരുന്ന ബെഥാന്യയിൽ എത്തി.  അവിടെ അവർ അവന്‌ ഒരു അത്താഴവിരുന്നൊരുക്കി; അവനോടുകൂടെ ഭക്ഷണത്തിനിരുന്നവരിൽ ലാസറും ഉണ്ടായിരുന്നു; മാർത്ത അവരെ ഉപചരിച്ചു.  അപ്പോൾ മറിയ വളരെ വിലപിടിപ്പുള്ള ഒരു റാത്തൽ* ശുദ്ധജടാമാംസിത്തൈലം എടുത്ത്‌ യേശുവിന്‍റെ പാദങ്ങളിൽ പൂശി, തന്‍റെ മുടികൊണ്ട് അവന്‍റെ പാദങ്ങൾ തുടച്ചു. സുഗന്ധതൈലത്തിന്‍റെ സൗരഭ്യംകൊണ്ടു വീടു നിറഞ്ഞു.  അവന്‍റെ ശിഷ്യന്മാരിൽ ഒരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാ ഈസ്‌കര്യോത്താ,  “ഈ സുഗന്ധതൈലം മുന്നൂറുദിനാറെക്കു* വിറ്റ്‌ ദരിദ്രർക്കു കൊടുക്കാമായിരുന്നല്ലോ” എന്നു പറഞ്ഞു.  അവൻ ഇതു പറഞ്ഞത്‌ ദരിദ്രരെക്കുറിച്ചു വിചാരമുണ്ടായിട്ടല്ല, അവൻ ഒരു കള്ളനായതുകൊണ്ടും തന്നെ ഏൽപ്പിച്ചിരുന്ന പണപ്പെട്ടിയിൽനിന്നു പണം എടുത്തുവന്നതുകൊണ്ടുമത്രേ.  യേശുവോ, “അവളെ വെറുതെ വിടുക. എന്‍റെ ശവസംസ്‌കാരത്തിനുള്ള ഒരുക്കമായി അവൾ ഇതു നിർവഹിച്ചുകൊള്ളട്ടെ.  ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ഞാനോ ഉണ്ടായിരിക്കുകയില്ല” എന്നു പറഞ്ഞു.  അവൻ അവിടെ ഉണ്ടെന്നറിഞ്ഞിട്ട് യഹൂദന്മാരുടെ ഒരു വലിയ കൂട്ടം അവിടെ വന്നു. യേശുവിനെ മാത്രമല്ല, അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ലാസറിനെക്കൂടി കാണുന്നതിനാണ്‌ അവർ വന്നത്‌. 10  ലാസർനിമിത്തം അനേകം യഹൂദന്മാർ അവിടെ ചെല്ലുകയും യേശുവിൽ വിശ്വസിക്കുകയും ചെയ്‌തതിനാൽ 11  അവനെക്കൂടെ കൊന്നുകളയുന്നതിനെപ്പറ്റി മുഖ്യപുരോഹിതന്മാർ കൂടിയാലോചിച്ചു. 12  പിറ്റേന്ന്, പെരുന്നാളിനു വന്നുകൂടിയിരുന്ന ഒരു വലിയ ജനക്കൂട്ടം യേശു യെരുശലേമിലേക്കു വരുന്നെന്നു കേട്ടിട്ട് 13  ഈന്തപ്പനയുടെ കുരുത്തോലക്കൈകളുമായി അവനെ എതിരേൽക്കാൻ ചെന്നു. “ഹോശന്ന!* ഇസ്രായേലിന്‍റെ രാജാവായി യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ” എന്ന് അവർ ആർത്തുവിളിച്ചു. 14  യേശുവോ ഒരു കഴുതക്കുട്ടിയെ* കണ്ടിട്ട് അതിന്‍റെ പുറത്ത്‌ കയറിയിരുന്നു; 15  “സീയോൻ പുത്രിയേ, ഭയപ്പെടേണ്ട. ഇതാ, നിന്‍റെ രാജാവ്‌ കഴുതക്കുട്ടിയുടെ പുറത്തു കയറിവരുന്നു” എന്ന് എഴുതിയിരിക്കുന്നപ്രകാരംതന്നെ. 16  അവന്‍റെ ശിഷ്യന്മാർ ആദ്യം ഈ കാര്യങ്ങൾ ഗ്രഹിച്ചില്ല. എന്നാൽ യേശു മഹത്ത്വീകരിക്കപ്പെട്ടശേഷം, അവനെക്കുറിച്ച് ഇങ്ങനെ എഴുതപ്പെട്ടിരുന്നുവെന്നും തങ്ങൾ അവന്‌ ഇങ്ങനെ ചെയ്‌തുവെന്നും അവർ ഓർമിച്ചു. 17  അവൻ ലാസറിനെ കല്ലറയിൽനിന്നു വിളിച്ച് അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചപ്പോൾ അവനോടുകൂടെ ഉണ്ടായിരുന്ന ജനക്കൂട്ടം അവനെക്കുറിച്ചു സാക്ഷ്യം പറയുന്നുണ്ടായിരുന്നു. 18  അവൻ ഈ അടയാളം പ്രവർത്തിച്ചെന്നു കേട്ടതിനാലുമായിരുന്നു ജനം അവനെ എതിരേൽക്കാൻ ചെന്നത്‌. 19  അപ്പോൾ പരീശന്മാർ തമ്മിൽ, “നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ലല്ലോ; ലോകം മുഴുവൻ അവന്‍റെ പിന്നാലെയാണ്‌” എന്നു പറഞ്ഞു. 20  പെരുന്നാളിൽ ആരാധനയ്‌ക്കു വന്നവരിൽ ചില ഗ്രീക്കുകാരും ഉണ്ടായിരുന്നു. 21  ഇവർ ഗലീലയിലെ ബേത്ത്‌സയിദയിൽനിന്നുള്ളവനായ ഫിലിപ്പോസിനെ സമീപിച്ച് അവനോട്‌, “യജമാനനേ, ഞങ്ങൾക്ക് യേശുവിനെ കാണണമെന്നുണ്ട്” എന്ന് അറിയിച്ചു. 22  ഫിലിപ്പോസ്‌ ചെന്ന് അത്‌ അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പോസുംകൂടെ അത്‌ യേശുവിനെ അറിയിച്ചു. 23  യേശുവോ അവരോടു പറഞ്ഞത്‌: “മനുഷ്യപുത്രൻ മഹത്ത്വീകരിക്കപ്പെടാനുള്ള സമയം വന്നിരിക്കുന്നു. 24  സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഗോതമ്പുമണി മണ്ണിൽവീണ്‌ അഴുകുന്നില്ലെങ്കിൽ* അത്‌ ഒരൊറ്റ ഗോതമ്പുമണിയായിത്തന്നെയിരിക്കും. എന്നാൽ അഴുകുന്നെങ്കിലോ അതു വളരെ വിളവു നൽകും. 25  തന്‍റെ ജീവനെ* പ്രിയപ്പെടുന്നവൻ അതിനെ ഇല്ലാതാക്കും. ഈ ലോകത്തിൽ തന്‍റെ ജീവനെ* ദ്വേഷിക്കുന്നവനോ നിത്യജീവനായി അതിനെ കാത്തുസൂക്ഷിക്കും. 26  എനിക്കു ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. ഞാൻ എവിടെയായിരിക്കുന്നുവോ അവിടെയായിരിക്കും എന്‍റെ ശുശ്രൂഷകനും. എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവ്‌ മാനിക്കും. 27  ഇപ്പോൾ എന്‍റെ ഉള്ളം കലങ്ങിയിരിക്കുന്നു. ഞാൻ എന്തു പറയേണ്ടൂ? പിതാവേ, ഈ നാഴികയിൽനിന്ന് എന്നെ രക്ഷിക്കേണമേ. അല്ല, ഇതിനുവേണ്ടിത്തന്നെയല്ലോ ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നത്‌. 28  പിതാവേ, നിന്‍റെ നാമത്തെ മഹത്ത്വപ്പെടുത്തേണമേ.” അപ്പോൾ സ്വർഗത്തിൽനിന്ന് ഒരു ശബ്ദമുണ്ടായി: “ഞാൻ അതിനെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തും.” 29  അവിടെ നിന്നിരുന്ന ജനക്കൂട്ടം അതു കേട്ടിട്ട് ഇടിമുഴക്കം ഉണ്ടായി എന്നു പറഞ്ഞു. മറ്റുള്ളവരോ, “ഒരു ദൂതൻ അവനോടു സംസാരിച്ചു” എന്നു പറഞ്ഞു. 30  അപ്പോൾ യേശു അവരോട്‌, “ഈ ശബ്ദം ഉണ്ടായത്‌ എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയത്രേ. 31  ഇപ്പോൾ ഈ ലോകത്തിന്‍റെ ന്യായവിധി ആകുന്നു. ഇപ്പോൾ ഈ ലോകത്തിന്‍റെ അധിപതിയെ പുറന്തള്ളും. 32  ഞാനോ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുമ്പോൾ സകലതരം മനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും” എന്നു പറഞ്ഞു. 33  തന്‍റെ മരണം ഇന്നവിധമായിരിക്കും എന്നു സൂചിപ്പിക്കാനത്രേ അവൻ ഇതു പറഞ്ഞത്‌. 34  അതിന്‌ ജനക്കൂട്ടം അവനോട്‌, “ക്രിസ്‌തു എന്നേക്കുമുള്ളവൻ എന്നത്രേ ഞങ്ങൾ ന്യായപ്രമാണത്തിൽനിന്നു കേട്ടിരിക്കുന്നത്‌. അപ്പോൾപ്പിന്നെ മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതാകുന്നു എന്നു നീ പറയുന്നതെങ്ങനെ? ഏതു മനുഷ്യപുത്രനെക്കുറിച്ചാണു നീ പറയുന്നത്‌?” എന്നു ചോദിച്ചു. 35  യേശു അവരോട്‌, “ഇനി, അൽപ്പകാലത്തേക്കുമാത്രം വെളിച്ചം നിങ്ങളോടുകൂടെയിരിക്കും. ഇരുട്ട് നിങ്ങളെ കീഴടക്കാതിരിക്കാൻ വെളിച്ചമുള്ളപ്പോൾ നടന്നുകൊള്ളുവിൻ; ഇരുട്ടിൽ നടക്കുന്നവൻ താൻ എവിടേക്കു പോകുന്നുവെന്ന് അറിയുന്നില്ലല്ലോ. 36  നിങ്ങൾ വെളിച്ചത്തിന്‍റെ പുത്രന്മാർ ആയിത്തീരേണ്ടതിന്‌ വെളിച്ചമുള്ളപ്പോൾ വെളിച്ചത്തിൽ വിശ്വാസം അർപ്പിക്കുക” എന്നു പറഞ്ഞു. ഇതു പറഞ്ഞിട്ട് യേശു അവിടം വിട്ട് പോയി, അവരുടെ ദൃഷ്ടിയിൽപ്പെടാതിരുന്നു. 37  അവർ കാൺകെ അവൻ അനവധി അടയാളങ്ങൾ ചെയ്‌തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല. 38  അങ്ങനെ, “യഹോവേ, ഞങ്ങൾ കേട്ടത്‌ ആർ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്ന യെശയ്യാപ്രവാചകന്‍റെ വചനം നിവൃത്തിയാകാൻ ഇടവന്നു. 39  അവർക്കു വിശ്വസിക്കാൻ കഴിയാഞ്ഞതിന്‍റെ കാരണത്തെക്കുറിച്ചോ യെശയ്യാവ്‌ വീണ്ടും, 40  “അവൻ അവരുടെ കണ്ണുകൾ അടച്ചുകളഞ്ഞിരിക്കുന്നു; അവരുടെ ഹൃദയങ്ങൾ കഠിനമാക്കിയിരിക്കുന്നു; അവർ തങ്ങളുടെ കണ്ണുകൊണ്ടു കാണാതെയും ഹൃദയംകൊണ്ടു ഗ്രഹിക്കാതെയും മനംതിരിഞ്ഞുവരാതെയും ഞാൻ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിനുതന്നെ” എന്നു പറഞ്ഞിരിക്കുന്നു. 41  യെശയ്യാവ്‌ അവന്‍റെ മഹത്ത്വം കണ്ട് അവനെക്കുറിച്ചു സംസാരിച്ചപ്പോഴത്രേ ഇങ്ങനെ പറഞ്ഞത്‌. 42  പ്രമാണിമാരിൽ അനേകർ അവനിൽ വിശ്വസിച്ചെങ്കിലും പരീശന്മാർനിമിത്തം പള്ളിഭ്രഷ്ടരാകുമെന്നു ഭയന്ന് അവർ അവനെ അംഗീകരിച്ചുപറഞ്ഞില്ല. 43  അവർ ദൈവത്തിൽനിന്നുള്ള മാനത്തെക്കാൾ മനുഷ്യരിൽനിന്നുള്ള പ്രശംസ കാംക്ഷിച്ചു. 44  യേശു വിളിച്ചുപറഞ്ഞത്‌: “എന്നിൽ വിശ്വസിക്കുന്നവൻ എന്നിൽ മാത്രമല്ല, എന്നെ അയച്ചവനിലും വിശ്വസിക്കുന്നു. 45  എന്നെ കാണുന്നവൻ എന്നെ അയച്ചവനെയും കാണുന്നു. 46  എന്നിൽ വിശ്വസിക്കുന്ന ആരും ഇരുട്ടിൽ വസിക്കാതിരിക്കേണ്ടതിന്‌ ഞാൻ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു. 47  എന്‍റെ വചനം കേട്ടിട്ട് പ്രമാണിക്കാത്തവനെ ഞാൻ വിധിക്കുന്നില്ല; എന്തെന്നാൽ ഞാൻ വന്നത്‌ ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനത്രേ. 48  എന്‍റെ വചനങ്ങൾ കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ വിധിക്കുന്ന ഒരുവനുണ്ട്. ഞാൻ സംസാരിച്ച വചനംതന്നെ അവസാനനാളിൽ അവനെ വിധിക്കും; 49  എന്തെന്നാൽ ഞാൻ സ്വന്തമായി ഒന്നും സംസാരിച്ചിട്ടില്ല; എന്തു പറയണം, എന്തു സംസാരിക്കണം എന്ന് എന്നെ അയച്ച പിതാവുതന്നെ എന്നോടു കൽപ്പിച്ചിരിക്കുന്നു. 50  അവന്‍റെ കൽപ്പന നിത്യജീവൻ ആകുന്നുവെന്നു ഞാൻ അറിയുകയും ചെയ്യുന്നു. ആകയാൽ ഞാൻ സംസാരിക്കണമെന്നു പിതാവ്‌ എന്നോട്‌ അരുളിച്ചെയ്‌തതുപോലെതന്നെ ഞാൻ സംസാരിക്കുന്നു.”

അടിക്കുറിപ്പുകള്‍

യോഹ 12:3* ഏകദേശം 327 ഗ്രാം
യോഹ 12:5മത്തായി 18:24-ന്‍റെ അടിക്കുറിപ്പു കാണുക.
യോഹ 12:13മർക്കോസ്‌ 11:9-ന്‍റെ അടിക്കുറിപ്പു കാണുക.
യോഹ 12:14മത്തായി 21:2-ന്‍റെ അടിക്കുറിപ്പു കാണുക.
യോഹ 12:24* അക്ഷരാർഥം, ചാകുന്നില്ലെങ്കിൽ
യോഹ 12:25* ഗ്രീക്കിൽ, സൈക്കി
യോഹ 12:25* ഗ്രീക്കിൽ, സൈക്കി