കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

യോഹന്നാൻ 11:1-57

11  ബെഥാന്യയിൽ പാർത്തിരുന്ന മറിയയുടെയും മാർത്തയുടെയും സഹോദരനായ ലാസർ രോഗം ബാധിച്ചു കിടപ്പിലായി.  ഈ മറിയയായിരുന്നു കർത്താവിനെ സുഗന്ധതൈലം പൂശുകയും തന്‍റെ മുടികൊണ്ട് അവന്‍റെ പാദങ്ങൾ തുടയ്‌ക്കുകയും ചെയ്‌തത്‌.  ലാസറിന്‍റെ സഹോദരിമാർ യേശുവിന്‍റെ അടുക്കൽ ആളയച്ച്, “കർത്താവേ, നിനക്കു പ്രിയനായവൻ രോഗിയായി കിടക്കുന്നു” എന്ന് അറിയിച്ചു.  അവൻ അതു കേട്ടപ്പോൾ, “ഈ രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല; പ്രത്യുത, ദൈവത്തിന്‍റെ മഹത്ത്വത്തിനും അതുവഴി ദൈവപുത്രൻ മഹത്ത്വപ്പെടുന്നതിനുംവേണ്ടി ഉള്ളതത്രേ” എന്നു പറഞ്ഞു.  യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു;  എങ്കിലും ലാസർ കിടപ്പിലായി എന്നു കേട്ടിട്ടും താൻ പാർത്തിരുന്ന സ്ഥലത്തുതന്നെ അവൻ രണ്ടുദിവസംകൂടി താമസിച്ചു.  അതിനുശേഷം അവൻ ശിഷ്യന്മാരോട്‌, “നമുക്ക് യെഹൂദ്യയിലേക്കുതന്നെ പോകാം” എന്നു പറഞ്ഞു.  ശിഷ്യന്മാർ അവനോട്‌, “റബ്ബീ, ഈയിടെ അല്ലയോ യെഹൂദ്യർ നിന്നെ കല്ലെറിയാൻ ഭാവിച്ചത്‌? നീ പിന്നെയും അവിടേക്കു പോകുന്നുവോ?” എന്നു ചോദിച്ചു.  അതിന്‌ യേശു അവരോട്‌, “പകലിന്‌ പന്ത്രണ്ടുമണിക്കൂർ ഇല്ലയോ? പകൽ നടക്കുന്നവൻ ഈ ലോകത്തിന്‍റെ വെളിച്ചം കാണുന്നതുകൊണ്ട് തട്ടിവീഴുന്നില്ല. 10  രാത്രിയിൽ നടക്കുന്നവനോ വെളിച്ചമില്ലാത്തതിനാൽ തട്ടിവീഴുന്നു” എന്നു പറഞ്ഞു. 11  ഇതു പറഞ്ഞശേഷം അവൻ പിന്നെയും അവരോട്‌, “നമ്മുടെ സ്‌നേഹിതനായ ലാസർ വിശ്രമിക്കുകയാണ്‌; അവനെ നിദ്രയിൽനിന്ന് ഉണർത്താൻ ഞാൻ അവിടേക്കു പോകുന്നു” എന്നു പറഞ്ഞു. 12  അപ്പോൾ ശിഷ്യന്മാർ അവനോട്‌, “കർത്താവേ, വിശ്രമിക്കുകയാണെങ്കിൽ അവൻ സുഖം പ്രാപിക്കും” എന്നു പറഞ്ഞു. 13  യേശുവോ അവന്‍റെ മരണത്തെക്കുറിച്ചത്രേ പറഞ്ഞത്‌. എന്നാൽ ഉറങ്ങിവിശ്രമിക്കുന്നതിനെക്കുറിച്ചാണ്‌ അവൻ പറഞ്ഞതെന്ന് അവർ കരുതി. 14  അപ്പോൾ യേശു അവരോടു സ്‌പഷ്ടമായി പറഞ്ഞു: “ലാസർ മരിച്ചുപോയി; 15  എന്നാൽ ഞാൻ അവിടെ ഇല്ലാതിരുന്നതിൽ നിങ്ങളെക്കരുതി സന്തോഷിക്കുന്നു; നിങ്ങളുടെ വിശ്വാസം വർധിക്കാൻ ഇത്‌ ഇടയാക്കുമല്ലോ; നമുക്ക് അവന്‍റെ അടുത്തേക്കു പോകാം.” 16  ദിദിമോസ്‌ എന്ന് മറുപേരുള്ള തോമാസ്‌ സഹശിഷ്യന്മാരോട്‌, “അവനോടൊപ്പം മരിക്കേണ്ടതിനു നമുക്കും പോകാം” എന്നു പറഞ്ഞു. 17  അവിടെ എത്തിയപ്പോൾ അവനെ കല്ലറയിൽ വെച്ചിട്ട് നാലുദിവസമായെന്ന് യേശു മനസ്സിലാക്കി. 18  ബെഥാന്യ യെരുശലേമിന്‌ അടുത്തായിരുന്നു. അവിടെനിന്ന് യെരുശലേമിലേക്ക് ഏകദേശം രണ്ടുമൈൽ ദൂരമേ ഉണ്ടായിരുന്നുള്ളൂ. 19  മാർത്തയെയും മറിയയെയും അവരുടെ സഹോദരന്‍റെ വേർപാടിൽ ആശ്വസിപ്പിക്കാനായി ഒട്ടേറെ യഹൂദന്മാർ അവരുടെ അടുക്കൽ വന്നിരുന്നു. 20  യേശു വരുന്നു എന്നു കേട്ടിട്ട് മാർത്ത അവനെ എതിരേൽക്കാൻ ചെന്നു. മറിയയോ വീട്ടിൽത്തന്നെ ഇരുന്നു. 21  മാർത്ത യേശുവിനോട്‌, “കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്‍റെ സഹോദരൻ മരിക്കുകയില്ലായിരുന്നു; 22  എന്നാൽ ഇപ്പോൾപ്പോലും നീ ദൈവത്തോട്‌ ചോദിക്കുന്നതെന്തും അവൻ നിനക്കു തരുമെന്ന് എനിക്കറിയാം” എന്നു പറഞ്ഞു. 23  യേശു അവളോട്‌, “നിന്‍റെ സഹോദരൻ ഉയിർത്തെഴുന്നേൽക്കും” എന്നു പറഞ്ഞു. 24  മാർത്ത അവനോട്‌, “അവസാനനാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേൽക്കുമെന്ന് എനിക്കറിയാം” എന്നു പറഞ്ഞു. 25  അപ്പോൾ യേശു അവളോടു പറഞ്ഞത്‌: “ഞാൻതന്നെ പുനരുത്ഥാനവും ജീവനും ആകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവനിലേക്കു വരും. 26  ജീവിച്ചിരുന്ന് എന്നിൽ വിശ്വസിക്കുന്നവനാകട്ടെ ഒരുനാളും മരിക്കുകയുമില്ല. നീ ഇതു വിശ്വസിക്കുന്നുവോ?” 27  അവൾ അവനോട്‌, “ഉവ്വ് കർത്താവേ, ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്‌തു നീയാകുന്നു എന്നു ഞാൻ വിശ്വസിക്കുന്നു” എന്നു പറഞ്ഞു. 28  ഇതു പറഞ്ഞിട്ട് അവൾ പോയി തന്‍റെ സഹോദരിയായ മറിയയെ വിളിച്ച് സ്വകാര്യമായി അവളോട്‌, “ഗുരു വന്നിട്ടുണ്ട്; നിന്നെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു. 29  അവൾ അതു കേട്ടപ്പോൾ തിടുക്കത്തിൽ എഴുന്നേറ്റ്‌ അവന്‍റെ അടുക്കലേക്കു പോയി. 30  യേശു അപ്പോഴും ഗ്രാമത്തിൽ എത്തിയിരുന്നില്ല; അവൻ മാർത്ത അവനെ എതിരേറ്റ സ്ഥലത്തുതന്നെ ആയിരുന്നു. 31  മറിയയെ ആശ്വസിപ്പിച്ചുകൊണ്ട് അവളോടുകൂടെ വീട്ടിലുണ്ടായിരുന്ന യഹൂദന്മാർ അവൾ തിടുക്കത്തിൽ എഴുന്നേറ്റ്‌ പുറത്തേക്കു പോകുന്നതു കണ്ടിട്ട് അവൾ കല്ലറയ്‌ക്കൽ കരയാൻ പോകുന്നു എന്നു വിചാരിച്ച് പിന്നാലെ ചെന്നു. 32  മറിയ യേശു നിന്നിരുന്ന സ്ഥലത്തെത്തി അവനെ കണ്ടപ്പോൾ അവന്‍റെ കാൽക്കൽ വീണ്‌ അവനോട്‌, “കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്‍റെ സഹോദരൻ മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു. 33  അവളും അവളോടുകൂടെ വന്ന യഹൂദന്മാരും കരയുന്നതു കണ്ടപ്പോൾ യേശുവിന്‍റെ ഉള്ളം നൊന്തുകലങ്ങി. 34  “നിങ്ങൾ അവനെ വെച്ചത്‌ എവിടെ?” എന്ന് അവൻ ചോദിച്ചതിന്‌ അവർ അവനോട്‌, “കർത്താവേ, വന്നു കണ്ടാലും” എന്നു പറഞ്ഞു. 35  യേശു കണ്ണുനീർ വാർത്തു. 36  യഹൂദന്മാർ ഇതു കണ്ടിട്ട്, “നോക്കൂ! അവൻ ലാസറിനെ എത്രമാത്രം സ്‌നേഹിച്ചിരുന്നു” എന്നു പറഞ്ഞു. 37  എന്നാൽ അവരിൽ ചിലർ, “അന്ധനായവന്‍റെ കണ്ണുകൾ തുറന്ന ഈ മനുഷ്യന്‌ അവൻ മരിക്കാതെ നോക്കാൻ കഴിഞ്ഞില്ലേ?” എന്നു ചോദിച്ചു. 38  യേശു പിന്നെയും ദുഃഖവിവശനായി; അവൻ കല്ലറയ്‌ക്കൽ ചെന്നു. അതൊരു ഗുഹയായിരുന്നു; ഗുഹാമുഖത്ത്‌ ഒരു കല്ലും വെച്ചിരുന്നു. 39  “ഈ കല്ല് എടുത്തുമാറ്റുക” എന്ന് യേശു പറഞ്ഞു. അപ്പോൾ, മരിച്ചവന്‍റെ സഹോദരിയായ മാർത്ത അവനോട്‌, “കർത്താവേ, നാലുദിവസമായല്ലോ; ഇപ്പോൾ അവനു നാറ്റംവെച്ചിട്ടുണ്ടാകും” എന്നു പറഞ്ഞു. 40  യേശു അവളോട്‌, “വിശ്വസിച്ചാൽ നീ ദൈവത്തിന്‍റെ മഹത്ത്വം കാണുമെന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ?” എന്നു ചോദിച്ചു. 41  അവർ കല്ല് എടുത്തുമാറ്റി. അപ്പോൾ യേശു കണ്ണുകളുയർത്തി പറഞ്ഞത്‌: “പിതാവേ, നീ എന്‍റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിനക്കു നന്ദി നൽകുന്നു. 42  നീ എപ്പോഴും എന്‍റെ അപേക്ഷ കേൾക്കുന്നുവെന്ന് എനിക്കറിയാം. എന്നാൽ നീ എന്നെ അയച്ചുവെന്ന് ചുറ്റും നിൽക്കുന്ന ഈ ജനം വിശ്വസിക്കേണ്ടതിന്‌ അവർനിമിത്തം ഞാൻ ഇതു പറഞ്ഞിരിക്കുന്നു.” 43  ഇങ്ങനെ പറഞ്ഞിട്ട് അവൻ, “ലാസറേ, പുറത്തുവരുക” എന്ന് ഉറക്കെ വിളിച്ചു. 44  മരിച്ചവൻ പുറത്തുവന്നു. അവന്‍റെ കൈകാലുകളിൽ ശീല ചുറ്റിയിരുന്നു; മുഖം തുണികൊണ്ടു മൂടിയുമിരുന്നു. യേശു അവരോട്‌, “അവന്‍റെ കെട്ടഴിക്കുക; അവൻ പോകട്ടെ” എന്നു പറഞ്ഞു. 45  മറിയയുടെ അടുക്കൽ വന്ന യഹൂദന്മാരിൽ അനേകർ അവൻ ചെയ്‌തതു കണ്ടിട്ട് അവനിൽ വിശ്വസിച്ചു. 46  എന്നാൽ അവരിൽ ചിലർ പരീശന്മാരുടെ അടുക്കൽ ചെന്ന് യേശു ചെയ്‌ത കാര്യങ്ങൾ അവരെ അറിയിച്ചു. 47  തന്നിമിത്തം മുഖ്യപുരോഹിതന്മാരും പരീശന്മാരും ന്യായാധിപസഭ വിളിച്ചുകൂട്ടി, “നാം എന്താണു ചെയ്യേണ്ടത്‌? ഈ മനുഷ്യൻ ഒട്ടേറെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. 48  ഇവനെ ഇങ്ങനെ വിട്ടാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമാക്കാർ വന്ന് നമ്മുടെ സ്ഥലത്തെയും* ജനതയെയും കൈവശപ്പെടുത്തുകയും ചെയ്യും” എന്നു പറഞ്ഞു. 49  അപ്പോൾ അവരിൽ ഒരുവനും ആ വർഷത്തെ മഹാപുരോഹിതനുമായ കയ്യഫാവ്‌ അവരോട്‌, “നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ. 50  ജനത ഒന്നടങ്കം നശിക്കുന്നതിനെക്കാൾ ജനത്തിനുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതാണു നല്ലതെന്നു നിങ്ങൾ മനസ്സിലാക്കുന്നുമില്ല” എന്നു പറഞ്ഞു. 51  ഇത്‌ അവൻ സ്വന്തമായി പറഞ്ഞതല്ല; പിന്നെയോ അവൻ ആ വർഷത്തെ മഹാപുരോഹിതനായിരുന്നതിനാൽ, യേശു ജനതയ്‌ക്കുവേണ്ടിയും 52  ജനതയ്‌ക്കുവേണ്ടി മാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒന്നായി ചേർക്കുന്നതിനുവേണ്ടിയും മരിക്കേണ്ടതാണെന്ന് അവൻ പ്രവചിക്കുകയായിരുന്നു. 53  അന്നുമുതൽ അവർ അവനെ കൊല്ലാൻ ആലോചനതുടങ്ങി. 54  അതുകൊണ്ട് യേശു പിന്നെ യഹൂദന്മാരുടെ ഇടയിൽ പരസ്യമായി സഞ്ചരിച്ചില്ല. അവൻ അവിടം വിട്ട് മരുഭൂമിക്കരികെയുള്ള എഫ്രയീം എന്ന പട്ടണത്തിൽ ചെന്ന് ശിഷ്യന്മാരോടുകൂടെ അവിടെ പാർത്തു. 55  യഹൂദന്മാരുടെ പെസഹാപ്പെരുന്നാൾ അടുത്തിരുന്നു. പെസഹായ്‌ക്കുമുമ്പ് തങ്ങളെത്തന്നെ ആചാരപരമായി ശുദ്ധീകരിക്കുന്നതിന്‌ വളരെപ്പേർ നാട്ടിൽനിന്ന് യെരുശലേമിലേക്കു പോയി. 56  അവർ യേശുവിനെ അന്വേഷിച്ചുകൊണ്ടിരുന്നു. ദൈവാലയത്തിൽവെച്ച് അവർ, “നിങ്ങൾക്കെന്തു തോന്നുന്നു? ഇനി, അവൻ പെരുന്നാളിനു വരാതിരിക്കുമോ?” എന്നു തമ്മിൽ ചോദിച്ചു. 57  അവൻ എവിടെയുണ്ടെന്ന് ആർക്കെങ്കിലും അറിവു കിട്ടിയാൽ അവനെ പിടികൂടേണ്ടതിനായി വിവരം തങ്ങളെ അറിയിക്കണമെന്ന് മുഖ്യപുരോഹിതന്മാരും പരീശന്മാരും കൽപ്പന പുറപ്പെടുവിച്ചിരുന്നു.

അടിക്കുറിപ്പുകള്‍

യോഹ 11:48* അതായത്‌, “നമ്മുടെ ആരാധനാസ്ഥലത്തെ” അഥവാ, “ആലയത്തെ”