കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

യോഹന്നാൻ 10:1-42

10  “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: വാതിലിലൂടെയല്ലാതെ വേറെ വഴിയായി ആട്ടിൻതൊഴുത്തിൽ കടക്കുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു.  വാതിലിലൂടെ കടക്കുന്നവനത്രേ ആടുകളുടെ* ഇടയൻ.  വാതിൽക്കാവൽക്കാരൻ അവനു വാതിൽ തുറന്നുകൊടുക്കുന്നു. ആടുകൾ അവന്‍റെ സ്വരം ശ്രദ്ധിക്കുന്നു. അവൻ തന്‍റെ ആടുകളെ പേരു ചൊല്ലി വിളിച്ച് പുറത്തേക്കു നയിക്കുന്നു.  തനിക്കുള്ളവയെ ഒക്കെയും പുറത്തിറക്കിയിട്ട് അവൻ അവയ്‌ക്കു മുമ്പായി നടക്കുന്നു. അവന്‍റെ സ്വരം അറിയുന്നതുകൊണ്ട് ആടുകൾ അവനെ അനുഗമിക്കുന്നു.  അപരിചിതനെ അവ ഒരിക്കലും അനുഗമിക്കുകയില്ല; അവ അയാളെ വിട്ട് ഓടിപ്പോകും; എന്തെന്നാൽ അപരിചിതരുടെ സ്വരം അവയ്‌ക്കു പരിചിതമല്ല.”  യേശു ഈ സാദൃശ്യം അവരോടു പറഞ്ഞെങ്കിലും അവൻ പറഞ്ഞതിന്‍റെ അർഥം അവർക്കു മനസ്സിലായില്ല.  അതുകൊണ്ട് യേശു പിന്നെയും പറഞ്ഞത്‌: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു.  എന്‍റെ പേരെടുത്തു വന്നവരൊക്കെയും കള്ളന്മാരും കവർച്ചക്കാരുമത്രേ. ആടുകളോ അവരുടെ വാക്കു കേട്ടില്ല.  വാതിൽ ഞാൻ ആകുന്നു. എന്നിലൂടെ കടക്കുന്ന ഏവനും രക്ഷ പ്രാപിക്കും. അവൻ അകത്തു കടക്കുകയും പുറത്തു പോകുകയും മേച്ചിൽപ്പുറം കണ്ടെത്തുകയും ചെയ്യും. 10  മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനും മാത്രമാണ്‌ കള്ളൻ വരുന്നത്‌. ഞാൻ വന്നതോ അവർക്കു ജീവൻ ഉണ്ടാകേണ്ടതിനും അതു സമൃദ്ധമായി ഉണ്ടാകേണ്ടതിനുമത്രേ. 11  ഞാൻ നല്ല ഇടയനാകുന്നു. നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്‍റെ ജീവൻ വെച്ചുകൊടുക്കുന്നു. 12  എന്നാൽ ഇടയനും ആടുകളുടെ ഉടമസ്ഥനും അല്ലാത്ത കൂലിക്കാരൻ ചെന്നായ്‌ വരുന്നതു കണ്ട് ആടുകളെ വിട്ട് ഓടിക്കളയുന്നു; അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു കരുതലില്ലാത്തവനുമല്ലോ. 13  ചെന്നായ്‌ വന്ന് ആടുകളെ പിടിക്കുകയും അവയെ ചിതറിച്ചുകളയുകയും ചെയ്യുന്നു. 14  ഞാൻ നല്ല ഇടയനാകുന്നു. ഞാൻ എന്‍റെ ആടുകളെ അറിയുന്നു; എന്‍റെ ആടുകൾ എന്നെയും അറിയുന്നു; 15  പിതാവ്‌ എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെതന്നെ. ഞാൻ ആടുകൾക്കുവേണ്ടി എന്‍റെ ജീവൻ* വെച്ചുകൊടുക്കുന്നു. 16  “ഈ തൊഴുത്തിൽപ്പെടാത്ത വേറെ ആടുകളും എനിക്കുണ്ട്; അവയെയും ഞാൻ നടത്തേണ്ടതാകുന്നു. അവയും എന്‍റെ സ്വരം ശ്രദ്ധിക്കും; അങ്ങനെ, എല്ലാം ഒരേ ഇടയന്‍റെ കീഴിലുള്ള ഒരൊറ്റ ആട്ടിൻകൂട്ടമായിത്തീരും. 17  വീണ്ടും ജീവൻ പ്രാപിക്കേണ്ടതിനായി ഞാൻ എന്‍റെ ജീവൻ വെച്ചുകൊടുക്കുന്നു. അതുകൊണ്ട് പിതാവ്‌ എന്നെ സ്‌നേഹിക്കുന്നു. 18  ആരും അത്‌ എന്നിൽനിന്ന് എടുക്കുന്നതല്ല; ഞാൻ അത്‌ സ്വമേധയാ വെച്ചുകൊടുക്കുന്നതാകുന്നു. ജീവൻ വെച്ചുകൊടുക്കാനും വീണ്ടും ജീവൻ പ്രാപിക്കാനും എനിക്ക് അധികാരമുണ്ട്. ഇതേക്കുറിച്ച് എന്‍റെ പിതാവ്‌ എന്നോടു കൽപ്പിച്ചിരിക്കുന്നു.” 19  ഈ വാക്കുകൾനിമിത്തം യഹൂദന്മാർക്കിടയിൽ വീണ്ടും ഭിന്നിപ്പുണ്ടായി. 20  അവരിൽ പലരും, “ഇവനിൽ ഭൂതമുണ്ട്! ഇവനു ഭ്രാന്താണ്‌! നിങ്ങൾ ഇവൻ പറയുന്നതു ശ്രദ്ധിക്കുന്നതെന്തിന്‌?” എന്നു ചോദിച്ചു. 21  മറ്റുള്ളവരോ, “ഇത്‌ ഭൂതഗ്രസ്‌തന്‍റെ വാക്കുകളല്ല. ഒരു ഭൂതത്തിന്‌ അന്ധരുടെ കണ്ണുകൾ തുറക്കാൻ കഴിയുമോ?” എന്നു ചോദിച്ചു. 22  യെരുശലേമിൽ അത്‌ സമർപ്പണോത്സവത്തിന്‍റെ സമയമായിരുന്നു. അത്‌ ശീതകാലവുമായിരുന്നു. 23  യേശു ദൈവാലയത്തിൽ ശലോമോന്‍റെ മണ്ഡപത്തിലൂടെ നടക്കുമ്പോൾ 24  യഹൂദന്മാർ വന്ന് അവനെ വളഞ്ഞ് അവനോട്‌, “നീ എത്രകാലം ഞങ്ങളെ സംശയത്തിൽ നിറുത്തും? നീ ക്രിസ്‌തുവാണെങ്കിൽ അതു ഞങ്ങളോടു തുറന്നുപറയുക” എന്നു പറഞ്ഞു. 25  അതിന്‌ യേശു അവരോടു പറഞ്ഞത്‌: “ഞാൻ പറഞ്ഞിട്ടും നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. എന്‍റെ പിതാവിന്‍റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾതന്നെ എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു. 26  നിങ്ങളോ വിശ്വസിക്കുന്നില്ല; എന്തെന്നാൽ നിങ്ങൾ എന്‍റെ ആടുകളല്ല. 27  എന്‍റെ ആടുകൾ എന്‍റെ സ്വരം ശ്രദ്ധിക്കുന്നു. ഞാൻ അവയെ അറിയുന്നു; അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു. 28  ഞാൻ അവയ്‌ക്കു നിത്യജീവൻ നൽകുന്നു. അവ ഒരുനാളും നശിച്ചുപോകുകയില്ല. ആരും അവയെ എന്‍റെ കൈയിൽനിന്നു പിടിച്ചുപറിക്കുകയുമില്ല. 29  എന്‍റെ പിതാവ്‌ എനിക്കു തന്നിരിക്കുന്നത്‌ മറ്റെല്ലാറ്റിനെക്കാളും വിലപ്പെട്ടത്‌; പിതാവിന്‍റെ കൈയിൽനിന്ന് അവയെ പിടിച്ചുപറിക്കാൻ ആർക്കും കഴിയുകയില്ല. 30  ഞാനും പിതാവും ഒന്നാണ്‌.” 31  യഹൂദന്മാർ വീണ്ടും അവനെ എറിയാൻ കല്ലെടുത്തു. 32  യേശു അവരോട്‌, “പിതാവിൽനിന്നുള്ള അനേകം നല്ല പ്രവൃത്തികൾ ഞാൻ നിങ്ങൾക്കു കാണിച്ചുതന്നു. അവയിൽ ഏതു പ്രവൃത്തിനിമിത്തമാകുന്നു നിങ്ങൾ എന്നെ കല്ലെറിയുന്നത്‌?” എന്നു ചോദിച്ചു. 33  അതിന്‌ യഹൂദന്മാർ അവനോട്‌, “ഏതെങ്കിലും നല്ല പ്രവൃത്തിനിമിത്തമല്ല, ദൈവദൂഷണംനിമിത്തമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നത്‌; നീ ഒരു മനുഷ്യനായിരിക്കെ, നിന്നെത്തന്നെ ദൈവം ആക്കുന്നുവല്ലോ” എന്നു പറഞ്ഞു. 34  അപ്പോൾ യേശു അവരോടു പറഞ്ഞത്‌: “ ‘ “നിങ്ങൾ ദേവന്മാർ ആകുന്നു” എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിട്ടില്ലയോ? 35  ദൈവത്തിന്‍റെ അരുളപ്പാടു ലഭിച്ചവരെ ‘ദേവന്മാർ’ എന്ന് അവൻ വിളിച്ചുവെങ്കിൽ—തിരുവെഴുത്തിനു നീക്കം വന്നുകൂടല്ലോ— 36  പിതാവ്‌ വിശുദ്ധീകരിച്ചു ലോകത്തിലേക്ക് അയച്ചവനായ എന്നോട്‌, ‘ഞാൻ ദൈവത്തിന്‍റെ പുത്രൻ’ എന്നു പറഞ്ഞതിനാൽ, ‘നീ ദൈവദൂഷണം പറയുന്നു’ എന്നു നിങ്ങൾ പറയുന്നതെങ്ങനെ? 37  ഞാൻ എന്‍റെ പിതാവിന്‍റെ പ്രവൃത്തികൾ ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ട. 38  ഞാൻ അവ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവൃത്തികളെ വിശ്വസിക്കുക. അങ്ങനെ, പിതാവ്‌ എന്നോടും ഞാൻ പിതാവിനോടും ഏകീഭവിച്ചിരിക്കുന്നുവെന്ന് നിങ്ങൾ അറിയുകയും ആ അറിവിൽ വളരുകയും ചെയ്യും.” 39  അപ്പോൾ അവർ വീണ്ടും അവനെ പിടിക്കാൻ ശ്രമിച്ചു. അവനോ പിടികൊടുക്കാതെ മാറിപ്പോയി. 40  അവൻ യോർദാനക്കരെ യോഹന്നാൻ ആദ്യം സ്‌നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്ത്‌ വീണ്ടും ചെന്ന് അവിടെ പാർത്തു. 41  അനേകർ അവന്‍റെ അടുക്കൽ വന്ന്, “യോഹന്നാൻ അടയാളമൊന്നും ചെയ്‌തില്ലെങ്കിലും ഈ മനുഷ്യനെപ്പറ്റി അവൻ പറഞ്ഞതൊക്കെയും സത്യമായിരുന്നു” എന്നു പറഞ്ഞു. 42  അവിടെ അനേകർ അവനിൽ വിശ്വസിച്ചു.

അടിക്കുറിപ്പുകള്‍

യോഹ 10:2* അക്ഷരാർഥം, ചെമ്മരിയാടുകളുടെ
യോഹ 10:15* ഗ്രീക്കിൽ, സൈക്കി