കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

യോഹന്നാൻ 1:1-51

1  ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ഒരു ദേവനായിരുന്നു.*  അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.  സകലവും അവൻ മുഖാന്തരം ഉളവായി. അവനെക്കൂടാതെ ഒന്നും ഉളവായിട്ടില്ല. അവൻ മുഖാന്തരം ഉളവായത്‌ ജീവനായിരുന്നു.  ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.  വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; അതിനെ കീഴടക്കാൻ ഇരുളിനു കഴിഞ്ഞിട്ടില്ല.  ദൈവത്തിന്‍റെ പ്രതിനിധിയായി അയയ്‌ക്കപ്പെട്ടിട്ടു വന്ന ഒരു മനുഷ്യനുണ്ടായിരുന്നു. യോഹന്നാൻ എന്നായിരുന്നു അവന്‍റെ പേര്‌.  ഈ മനുഷ്യൻ സാക്ഷ്യം വഹിക്കാനായി വന്നു; സകലതരം മനുഷ്യരും താൻ മുഖാന്തരം വിശ്വസിക്കേണ്ടതിന്‌ വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം നൽകാനായിത്തന്നെ.  അവൻ ആ വെളിച്ചമായിരുന്നില്ല; പിന്നെയോ ആ വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം നൽകേണ്ടവനായിരുന്നു.  സകലതരം മനുഷ്യർക്കും പ്രകാശം ചൊരിയാനുള്ള സത്യവെളിച്ചം ലോകത്തിലേക്കു വരാറായിരുന്നു. 10  അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരമത്രേ ഉളവായത്‌; എന്നിട്ടും ലോകം അവനെ അറിഞ്ഞില്ല. 11  അവൻ സ്വഭവനത്തിലേക്കു വന്നു; സ്വജനമോ അവനെ കൈക്കൊണ്ടില്ല. 12  എന്നാൽ അവനെ കൈക്കൊണ്ടവർക്കെല്ലാം, അവർ അവന്‍റെ നാമത്തിൽ വിശ്വസിച്ചതുകൊണ്ട് ദൈവമക്കൾ ആയിത്തീരാൻ അവൻ അവകാശം നൽകി. 13  അവർ ജനിച്ചതു രക്തത്തിൽനിന്നല്ല; ജഡത്തിന്‍റെ ഇഷ്ടത്താലും പുരുഷന്‍റെ ഇഷ്ടത്താലും അല്ല; ദൈവത്തിൽനിന്നത്രേ. 14  വചനം ജഡമായിത്തീർന്നു നമ്മുടെ ഇടയിൽ വസിച്ചു. ഞങ്ങൾ അവന്‍റെ തേജസ്സു കണ്ടു; ഏകജാതപുത്രന്‌ തന്‍റെ പിതാവിൽനിന്നു ലഭിച്ചതായ തേജസ്സുതന്നെ. അവൻ കൃപയും* സത്യവും നിറഞ്ഞവനായിരുന്നു. 15  യോഹന്നാൻ അവനെക്കുറിച്ചു സാക്ഷ്യം നൽകി. “എന്‍റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായിത്തീർന്നിരിക്കുന്നു; എന്തെന്നാൽ അവൻ എനിക്കു മുമ്പേ ഉള്ളവനായിരുന്നു” എന്ന് അവൻ ഉദ്‌ഘോഷിച്ചു. 16  അവന്‍റെ നിറവിൽനിന്നല്ലോ നമുക്കേവർക്കും മേൽക്കുമേൽ കൃപ ലഭിച്ചത്‌. 17  ന്യായപ്രമാണം മോശ മുഖാന്തരം നൽകപ്പെട്ടു. കൃപയും സത്യവും യേശുക്രിസ്‌തു മുഖാന്തരം ഉണ്ടായി. 18  ഒരു മനുഷ്യനും ദൈവത്തെ ഒരുനാളും കണ്ടിട്ടില്ല. പിതാവിന്‍റെ മടിയിലിരിക്കുന്ന ദൈവസ്വരൂപനായ ഏകജാതൻ* അവനെക്കുറിച്ചു നമുക്കു വിവരിച്ചുതന്നിരിക്കുന്നു. 19  “നീ ആരാകുന്നു?” എന്ന് യോഹന്നാനോടു ചോദിക്കാൻ യഹൂദന്മാർ യെരുശലേമിൽനിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്‍റെ അടുക്കലേക്ക് അയച്ചപ്പോൾ, 20  “ഞാൻ ക്രിസ്‌തുവല്ല” എന്ന് ഒട്ടും മടിക്കാതെ അവൻ സമ്മതിച്ചുപറഞ്ഞു. 21  അവർ അവനോട്‌, “പിന്നെ നീ ആരാണ്‌? ഏലിയാവാണോ?” എന്നു ചോദിച്ചു. അതിന്‌ അവൻ, “അല്ല” എന്നു പറഞ്ഞു. “നീ ആ പ്രവാചകനാണോ?” എന്നതിന്‌, “അല്ല” എന്ന് അവൻ മറുപടി നൽകി. 22  അപ്പോൾ അവർ അവനോട്‌, “നീ ആരാണ്‌? ഞങ്ങളെ അയച്ചവരോടു ഞങ്ങൾ ഉത്തരം പറയണമല്ലോ. നിന്നെക്കുറിച്ച് നീ എന്തു പറയുന്നു?” എന്നു ചോദിച്ചു. 23  അതിന്‌ അവൻ, “യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ, ‘യഹോവയുടെ വഴി നിരപ്പാക്കുവിൻ’ എന്ന് മരുഭൂമിയിൽ വിളിച്ചുപറയുന്നവന്‍റെ ശബ്ദമാകുന്നു ഞാൻ” എന്നു പറഞ്ഞു. 24  പരീശന്മാരായിരുന്നു അവരെ അയച്ചത്‌. 25  അവർ അവനോട്‌, “നീ ക്രിസ്‌തുവോ ഏലിയാവോ ആ പ്രവാചകനോ അല്ലെങ്കിൽ, പിന്നെ നീ സ്‌നാനം* കഴിപ്പിക്കുന്നതെന്ത്?” എന്നു ചോദിച്ചു. 26  മറുപടിയായി യോഹന്നാൻ അവരോട്‌, “ഞാൻ വെള്ളത്താൽ സ്‌നാനം കഴിപ്പിക്കുന്നു. നിങ്ങൾ അറിയാത്ത ഒരുവൻ നിങ്ങളുടെ മധ്യേ ഉണ്ട്; 27  എന്‍റെ പിന്നാലെ വരുന്നവൻതന്നെ. അവന്‍റെ ചെരിപ്പിന്‍റെ വാറഴിക്കാൻപോലും ഞാൻ യോഗ്യനല്ല” എന്നു പറഞ്ഞു. 28  ഇതൊക്കെയും യോർദാനക്കരെ, യോഹന്നാൻ സ്‌നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബെഥാന്യയിൽ സംഭവിച്ചു. 29  പിറ്റേന്ന് യേശു തന്‍റെ അടുക്കലേക്കു വരുന്നതു കണ്ട് അവൻ പറഞ്ഞത്‌: “ഇതാ, ലോകത്തിന്‍റെ പാപം നീക്കിക്കളയുന്ന ദൈവത്തിന്‍റെ കുഞ്ഞാട്‌! 30  എനിക്കു മുമ്പനായിത്തീർന്ന ഒരുവൻ എനിക്കു പിന്നാലെ വരുന്നു. അവൻ എനിക്കു മുമ്പേ ഉള്ളവനായിരുന്നു എന്നു ഞാൻ പറഞ്ഞത്‌ ഇവനെക്കുറിച്ചത്രേ. 31  ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാൽ ഞാൻ വെള്ളത്താൽ സ്‌നാനം കഴിപ്പിക്കുന്നവനായി വന്നത്‌ ഇവൻ ഇസ്രായേലിനു വെളിപ്പെടേണ്ടതിനത്രേ.” 32  യോഹന്നാൻ പിന്നെയും സാക്ഷ്യം നൽകിക്കൊണ്ടു പറഞ്ഞത്‌: “ആത്മാവ്‌* പ്രാവുപോലെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു; അത്‌ അവന്‍റെമേൽ ആവസിച്ചു. 33  ഞാനും അവനെ അറിഞ്ഞിരുന്നില്ല; എന്നാൽ വെള്ളത്താൽ സ്‌നാനം കഴിപ്പിക്കാൻ എന്നെ അയച്ചവൻ എന്നോട്‌, ‘ആത്മാവ്‌ ഇറങ്ങിവന്ന് ആരുടെമേൽ ആവസിക്കുന്നതായി നീ കാണുന്നുവോ അവനാകുന്നു പരിശുദ്ധാത്മാവിനാൽ സ്‌നാനം കഴിപ്പിക്കുന്നവൻ’ എന്നു പറഞ്ഞു. 34  ഞാൻ അതു കാണുകയും ഇവൻ ദൈവപുത്രനാകുന്നു എന്നു സാക്ഷ്യം നൽകുകയും ചെയ്‌തിരിക്കുന്നു.” 35  പിറ്റേന്ന് യോഹന്നാൻ തന്‍റെ രണ്ടുശിഷ്യന്മാരോടൊപ്പം നിൽക്കുമ്പോൾ 36  യേശു നടന്നുവരുന്നതു കണ്ടിട്ട്, “ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്‌” എന്നു പറഞ്ഞു. 37  അതുകേട്ട് ആ രണ്ടുശിഷ്യന്മാർ യേശുവിനെ അനുഗമിച്ചു. 38  യേശു തിരിഞ്ഞുനോക്കിയപ്പോൾ അവർ തന്‍റെ പിന്നാലെ വരുന്നതു കണ്ടിട്ട് അവരോട്‌, “നിങ്ങൾ എന്താണ്‌ അന്വേഷിക്കുന്നത്‌?” എന്നു ചോദിച്ചു. അവർ അവനോട്‌, “റബ്ബീ, (ഗുരോ എന്നർഥം) നീ എവിടെയാണു പാർക്കുന്നത്‌?” എന്നു ചോദിച്ചു. 39  അവൻ അവരോട്‌, “വന്നു കാണുവിൻ” എന്നു പറഞ്ഞു. അതിൻപ്രകാരം അവർ ചെന്ന് അവൻ പാർക്കുന്ന സ്ഥലം കണ്ടു. അന്ന് അവർ അവനോടൊപ്പം താമസിച്ചു. അപ്പോൾ ഏകദേശം പത്താം മണി* ആയിരുന്നു. 40  യോഹന്നാൻ പറഞ്ഞതു കേട്ട് യേശുവിനെ അനുഗമിച്ച രണ്ടുപേരിൽ ഒരുവൻ ശിമോൻ പത്രോസിന്‍റെ സഹോദരനായ അന്ത്രെയാസ്‌ ആയിരുന്നു. 41  അവൻ ആദ്യം തന്‍റെ സഹോദരനായ ശിമോനെ തേടിച്ചെന്ന് അവനോട്‌, “ഞങ്ങൾ മിശിഹായെ (എന്നുവെച്ചാൽ ക്രിസ്‌തുവിനെ*) കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. 42  അവൻ ശിമോനെ യേശുവിന്‍റെ അടുത്തേക്കു കൂട്ടിക്കൊണ്ടുപോയി. യേശു അവനെ നോക്കി അവനോട്‌, “നീ യോഹന്നാന്‍റെ മകനായ ശിമോൻ ആകുന്നു. നീ കേഫാ (എന്നുവെച്ചാൽ പത്രോസ്‌*) എന്നു വിളിക്കപ്പെടും” എന്നു പറഞ്ഞു. 43  പിറ്റേന്ന് യേശു ഗലീലയിലേക്കു പോകാൻ ആഗ്രഹിച്ചു. അവൻ ഫിലിപ്പോസിനെ കണ്ടപ്പോൾ, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. 44  ഫിലിപ്പോസ്‌, അന്ത്രെയാസിന്‍റെയും പത്രോസിന്‍റെയും പട്ടണമായ ബേത്ത്‌സയിദയിൽനിന്നുള്ളവൻ ആയിരുന്നു. 45  ഫിലിപ്പോസ്‌ നഥനയേലിനെ തേടിച്ചെന്ന് അവനോട്‌, “മോശയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്‌തകങ്ങളിലും എഴുതപ്പെട്ടിരിക്കുന്നവനെ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു; യോസേഫിന്‍റെ മകനായ നസറെത്തിൽനിന്നുള്ള യേശുവാണ്‌ അവൻ” എന്നു പറഞ്ഞു. 46  നഥനയേലോ അവനോട്‌, “നസറെത്തിൽനിന്നു വല്ല നന്മയും വരുമോ?” എന്നു ചോദിച്ചു. അപ്പോൾ ഫിലിപ്പോസ്‌ അവനോട്‌, “വന്നു കാണുക” എന്നു പറഞ്ഞു. 47  നഥനയേൽ തന്‍റെ അടുത്തേക്കു വരുന്നതു കണ്ട് യേശു അവനെക്കുറിച്ച്, “ഇതാ, സാക്ഷാൽ ഇസ്രായേല്യൻ; ഇവനിൽ ഒരു കാപട്യവും ഇല്ല” എന്നു പറഞ്ഞു. 48  നഥനയേൽ യേശുവിനോട്‌, “നിനക്കെങ്ങനെ എന്നെ അറിയാം?” എന്നു ചോദിച്ചതിന്‌ അവൻ അവനോട്‌, “ഫിലിപ്പോസ്‌ നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ ആ അത്തിയുടെ ചുവട്ടിലായിരിക്കുമ്പോൾത്തന്നെ ഞാൻ നിന്നെ കണ്ടു” എന്നു മറുപടി നൽകി. 49  അപ്പോൾ നഥനയേൽ, “റബ്ബീ, നീ ദൈവപുത്രൻതന്നെ; ഇസ്രായേലിന്‍റെ രാജാവ്‌” എന്നു പറഞ്ഞു. 50  അപ്പോൾ യേശു അവനോട്‌, “അത്തിയുടെ ചുവട്ടിൽ ഞാൻ നിന്നെ കണ്ടു എന്നു പറഞ്ഞതുകൊണ്ടാണോ നീ വിശ്വസിക്കുന്നത്‌? ഇവയെക്കാൾ വലിയ കാര്യങ്ങൾ നീ കാണും” എന്നു പറഞ്ഞു. 51  പിന്നെ അവൻ അവനോട്‌, “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗം തുറന്നിരിക്കുന്നതും ദൈവദൂതന്മാർ അവിടേക്കു കയറിപ്പോകുന്നതും മനുഷ്യപുത്രന്‍റെ അടുത്തേക്ക് ഇറങ്ങിവരുന്നതും നിങ്ങൾ കാണും” എന്നു പറഞ്ഞു.

അടിക്കുറിപ്പുകള്‍

യോഹ 1:1* ദൈവത്തെപ്പോലെയിരിക്കുന്നവൻ, ദിവ്യൻ എന്നൊക്കെ അർഥം.
യോഹ 1:14* കൃപ: ഗ്രീക്കിൽ, ഖാരിസ്‌. സ്വീകർത്താവ്‌ തന്‍റെ യോഗ്യതയാൽ നേടിയെടുക്കുന്നതല്ല, ദാതാവ്‌ തന്‍റെ ഉദാരതയാൽ ദാനമായി നൽകുന്നതാണ്‌ എന്ന ആശയത്തെ ദ്യോതിപ്പിക്കുന്ന പദം.
യോഹ 1:18* അഥവാ, ദൈവത്താൽ നേരിട്ടു സൃഷ്ടിക്കപ്പെട്ടവനും ദൈവത്തിന്‍റെ സവിശേഷതകളുള്ളവനുമായ ഏകജാതൻ
യോഹ 1:25* ജലനിമജ്ജനത്തെ അർഥമാക്കുന്നു.
യോഹ 1:32* അനുബന്ധം 8 കാണുക.
യോഹ 1:39* അക്ഷരാർഥം, പത്താം മണിക്കൂർ: ഉച്ചകഴിഞ്ഞ് ഏകദേശം നാലുമണി
യോഹ 1:41* അഭിഷിക്തൻ എന്നർഥം.
യോഹ 1:42* പാറക്കഷണം എന്നർഥം.