കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

യാക്കോബ്‌ 5:1-20

5  ധനികരേ, നിങ്ങൾക്കു വരാനിരിക്കുന്ന ദുരിതങ്ങൾനിമിത്തം കരഞ്ഞ് അലമുറയിടുവിൻ.  നിങ്ങളുടെ സമ്പത്ത്‌ കെട്ടുപോയിരിക്കുന്നു; നിങ്ങളുടെ വസ്‌ത്രങ്ങൾ പുഴുവരിച്ചിരിക്കുന്നു.  നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചിരിക്കുന്നു. ആ കറ നിങ്ങൾക്കെതിരെ ഒരു സാക്ഷ്യമായിരിക്കും. അതു നിങ്ങളുടെ മാംസത്തെ തിന്നുകളയും. അവസാന നാളുകളിലേക്കായി നിങ്ങൾ തീ കൂട്ടിയിരിക്കുന്നു.  ഇതാ, നിങ്ങളുടെ നിലങ്ങൾ കൊയ്‌ത വേലക്കാരിൽനിന്നു നിങ്ങൾ പിടിച്ചുവെച്ച കൂലി നിലവിളിക്കുന്നു. സഹായത്തിനായുള്ള കൊയ്‌ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ യഹോവയുടെ കാതുകളിൽ എത്തിയിരിക്കുന്നു.  നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെ സുഖിച്ചുപുളച്ചു. കശാപ്പുദിനത്തിലേക്ക് മൃഗങ്ങളെയെന്നപോലെ സ്വന്തഹൃദയങ്ങളെ നിങ്ങൾ കൊഴുപ്പിച്ചിരിക്കുന്നു.  നിങ്ങൾ നീതിമാനെ കുറ്റംവിധിക്കുകയും കൊല്ലുകയും ചെയ്‌തിരിക്കുന്നു. അവൻ നിങ്ങളോട്‌ എതിർത്തുനിന്നിരിക്കുന്നു.  സഹോദരന്മാരേ, കർത്താവിന്‍റെ സാന്നിധ്യംവരെ ക്ഷമയോടെയിരിക്കുവിൻ. ഒരു കർഷകൻ മുൻമഴയും പിൻമഴയും കിട്ടുന്നതുവരെ ഭൂമിയിലെ വിലയേറിയ ഫലങ്ങൾക്കായി ക്ഷമയോടെ കാത്തിരിക്കുന്നുവല്ലോ.  നിങ്ങളും ക്ഷമയോടെയിരിക്കുവിൻ. കർത്താവിന്‍റെ സാന്നിധ്യം സമീപിച്ചിരിക്കുകയാൽ നിങ്ങളുടെ ഹൃദയങ്ങളെ ഉറപ്പിക്കുവിൻ.  സഹോദരന്മാരേ, നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്‌ ഒരുവൻ മറ്റൊരുവനെതിരെ പിറുപിറുക്കരുത്‌. ഇതാ, ന്യായാധിപൻ വാതിൽക്കൽ നിൽക്കുന്നു. 10  സഹോദരന്മാരേ, യഹോവയുടെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ സഹനത്തിനും ക്ഷമയ്‌ക്കും മാതൃകകളായി സ്വീകരിക്കുവിൻ. 11  സഹിഷ്‌ണുത കാണിച്ചവരെ ഭാഗ്യവാന്മാരെന്നു നാം പ്രകീർത്തിക്കുന്നു. നിങ്ങൾ ഇയ്യോബിന്‍റെ സഹിഷ്‌ണുതയെക്കുറിച്ചു കേൾക്കുകയും യഹോവ വരുത്തിയ ശുഭാന്ത്യം കാണുകയും ചെയ്‌തിരിക്കുന്നു. ഇങ്ങനെ, യഹോവ വാത്സല്യവും കരുണയും നിറഞ്ഞവനെന്നു നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നുവല്ലോ. 12  സർവോപരി, എന്‍റെ സഹോദരന്മാരേ, സ്വർഗത്തെയോ ഭൂമിയെയോ മറ്റെന്തിനെയുമോ ചൊല്ലി നിങ്ങൾ ഇനി ആണയിടരുത്‌. നിങ്ങൾ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കാൻ നിങ്ങളുടെ ഉവ്വ് എന്നത്‌ ഉവ്വ് എന്നും ഇല്ല എന്നത്‌ ഇല്ല എന്നും ആയിരിക്കട്ടെ. 13  നിങ്ങളിൽ കഷ്ടത സഹിക്കുന്നവൻ പ്രാർഥനയിൽ ഉറ്റിരിക്കട്ടെ. സന്തോഷം അനുഭവിക്കുന്നവൻ സ്‌തുതിഗീതങ്ങൾ ആലപിക്കട്ടെ. 14  നിങ്ങളിൽ രോഗിയായി ആരെങ്കിലുമുണ്ടെങ്കിൽ അവൻ സഭയിലെ മൂപ്പന്മാരെ വിളിക്കട്ടെ. അവർ യഹോവയുടെ നാമത്തിൽ അവന്‍റെമേൽ എണ്ണ പൂശി അവനുവേണ്ടി പ്രാർഥിക്കട്ടെ. 15  വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിക്കു സൗഖ്യം നൽകും. യഹോവ അവനെ എഴുന്നേൽപ്പിക്കും. അവൻ പാപം ചെയ്‌തിട്ടുണ്ടെങ്കിൽ അത്‌ അവനോടു ക്ഷമിക്കും. 16  ആകയാൽ നിങ്ങൾ സൗഖ്യം പ്രാപിക്കേണ്ടതിന്‌ അന്യോന്യം പാപങ്ങൾ ഏറ്റുപറയുകയും ഒരുവനുവേണ്ടി മറ്റൊരുവൻ പ്രാർഥിക്കുകയും വേണം. നീതിമാന്‍റെ പ്രാർഥന ഫലിക്കുന്നു എന്നതിനാൽ അതിനു വലിയ ശക്തിയുണ്ട്. 17  നമ്മെപ്പോലെതന്നെയുള്ള ഒരു മനുഷ്യനായിരുന്നു ഏലിയാവ്‌. എന്നിട്ടും മഴ പെയ്യാതിരിക്കാൻ അവൻ തീക്ഷ്ണതയോടെ പ്രാർഥിച്ചപ്പോൾ മൂന്നരവർഷത്തേക്ക് ദേശത്തു മഴ പെയ്‌തില്ല. 18  അവൻ വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശം മഴ നൽകുകയും ഭൂമി ഫലം പുറപ്പെടുവിക്കുകയും ചെയ്‌തു. 19  എന്‍റെ സഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യത്തിൽനിന്നു വ്യതിചലിക്കുകയും മറ്റൊരുവൻ അവനെ തിരികെക്കൊണ്ടുവരുകയും ചെയ്‌താൽ 20  പാപിയെ നേർവഴിക്കാക്കുന്നവൻ അവനെ* മരണത്തിൽനിന്നു രക്ഷിക്കുകയും അനവധിയായ പാപങ്ങൾ മറയ്‌ക്കുകയും ചെയ്യുമെന്ന് അറിഞ്ഞുകൊള്ളുവിൻ.

അടിക്കുറിപ്പുകള്‍

യാക്കോ 5:20* ഗ്രീക്കിൽ, സൈക്കി