കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

യാക്കോബ്‌ 3:1-18

3  എന്‍റെ സഹോദരന്മാരേ, ഉപദേഷ്ടാക്കളായവർ കൂടുതൽ കർശനമായി വിധിക്കപ്പെടുമെന്നറിഞ്ഞ് നിങ്ങളിൽ അധികം പേർ അങ്ങനെയാകാൻ തുനിയരുത്‌.  നാമെല്ലാം പലതിലും തെറ്റിപ്പോകുന്നുവല്ലോ. വാക്കിൽ തെറ്റാത്തവനായി ആരെങ്കിലും ഉണ്ടെങ്കിൽ അവൻ തന്‍റെ ശരീരത്തെ മുഴുവൻ കടിഞ്ഞാണിട്ടു നിയന്ത്രിക്കാൻ പ്രാപ്‌തനായ പൂർണമനുഷ്യൻ ആകുന്നു.  കുതിരയെ അനുസരിപ്പിക്കാൻ നാം അതിന്‍റെ വായിൽ കടിഞ്ഞാണിടുമ്പോൾ അതിന്‍റെ ശരീരം മുഴുവൻ നമ്മുടെ നിയന്ത്രണത്തിലാകുന്നു.  കപ്പലിന്‍റെ കാര്യവും നോക്കുക. അതു വളരെ വലുപ്പമുള്ളതും ശക്തമായ കാറ്റിനാൽ ഓടുന്നതും ആണെങ്കിലും അമരക്കാരൻ ചെറിയ ഒരു ചുക്കാൻകൊണ്ട് അതിനെ തിരിച്ച് താൻ ആഗ്രഹിക്കുന്ന ദിക്കിലേക്കു കൊണ്ടുപോകുന്നു.  അങ്ങനെതന്നെ, നാവും ചെറിയ ഒരു അവയവം ആണെങ്കിലും ഏറെ വമ്പു പറയുന്നു. ചെറിയൊരു തീപ്പൊരി എത്ര വലിയ കാട്‌ കത്തിക്കുന്നു!  നാവും ഒരു തീതന്നെ; നമ്മുടെ അവയവങ്ങളുടെ കൂട്ടത്തിൽ തിന്മയുടെ ഒരു ലോകം. അത്‌ ശരീരത്തെ മുഴുവൻ കളങ്കപ്പെടുത്തുന്നു. ഗിഹെന്നയിലെ* അഗ്നിയാൽ ജ്വലിക്കുന്ന അത്‌ ഒരുവന്‍റെ ജീവചക്രത്തെ ദഹിപ്പിക്കുന്നു.  എല്ലാത്തരം വന്യമൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും സമുദ്രജീവികളെയും മനുഷ്യനു മെരുക്കാം; അവൻ അവയെ മെരുക്കിയിട്ടുമുണ്ട്.  എന്നാൽ നാവിനെയോ ഒരു മനുഷ്യനും മെരുക്കാനാവില്ല. മനുഷ്യനു വരുതിയിൽ നിറുത്താനാകാത്ത അത്‌ തിന്മ വിതയ്‌ക്കുന്നതും മാരകവിഷം നിറഞ്ഞതും ആകുന്നു.  ഒരേ നാവുകൊണ്ടു നാം പിതാവായ യഹോവയെ സ്‌തുതിക്കുകയും “ദൈവത്തിന്‍റെ സാദൃശ്യത്തിൽ” സൃഷ്ടിക്കപ്പെട്ട മനുഷ്യരെ ശപിക്കുകയും ചെയ്യുന്നു. 10  ഒരേ വായിൽനിന്നുതന്നെ സ്‌തുതിയും ശാപവും പുറപ്പെടുന്നു. എന്‍റെ സഹോദരന്മാരേ, ഇത്‌ ഇങ്ങനെ ആയിരിക്കുന്നതു നന്നല്ല. 11  ഒരേ ഉറവക്കണ്ണിൽനിന്നു മധുരമുള്ള വെള്ളവും കയ്‌പുള്ള വെള്ളവും പുറപ്പെടുമോ? 12  എന്‍റെ സഹോദരന്മാരേ, അത്തിവൃക്ഷത്തിൽ ഒലിവുപഴവും മുന്തിരിവള്ളിയിൽ അത്തിപ്പഴവും കായ്‌ക്കുമോ? ഉപ്പുറവയിൽനിന്ന് ഒരിക്കലും ശുദ്ധജലവും പുറപ്പെടില്ല. 13  നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? നല്ല പെരുമാറ്റത്താൽ, ജ്ഞാനലക്ഷണമായ സൗമ്യതയോടുകൂടിയ പ്രവൃത്തിയിലൂടെ അവൻ അതു തെളിയിക്കട്ടെ. 14  എന്നാൽ നിങ്ങളുടെ ഉള്ളിൽ കടുത്ത അസൂയയും കലഹവാസനയും ഉണ്ടെങ്കിൽ സത്യത്തിനു വിരുദ്ധമായി ആത്മപ്രശംസ നടത്തിക്കൊണ്ട് നിങ്ങൾ ഭോഷ്‌കു പറയരുത്‌. 15  ഇത്‌ ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല; പിന്നെയോ ഭൗമികവും ജഡികവും പൈശാചികവുമത്രേ. 16  അസൂയയും കലഹവും ഉള്ളിടത്ത്‌ കലക്കവും സകലവിധ തിന്മകളും ഉണ്ട്. 17  ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമലമാകുന്നു; കൂടാതെ അതു സമാധാനം പ്രിയപ്പെടുന്നതും ന്യായബോധമുള്ളതും അനുസരിക്കാൻ സന്നദ്ധമായതും കരുണയും സത്‌ഫലങ്ങളും നിറഞ്ഞതുമാകുന്നു; അതു പക്ഷപാതം കാണിക്കാത്തതും കാപട്യം ഇല്ലാത്തതുമാണ്‌. 18  സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതച്ച് നീതിഫലം കൊയ്യും.

അടിക്കുറിപ്പുകള്‍

യാക്കോ 3:6* അനുബന്ധം 10 കാണുക.