കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

യാക്കോബ്‌ 2:1-26

2  എന്‍റെ സഹോദരന്മാരേ, നമ്മുടെ മഹത്ത്വവും നമ്മുടെ കർത്താവുമായ യേശുക്രിസ്‌തുവിൽ വിശ്വസിക്കുന്ന നിങ്ങൾ പക്ഷപാതം കാണിക്കുകയോ?  നിങ്ങളുടെ സഭയിലേക്ക് പൊൻമോതിരങ്ങളും വിശിഷ്ടവസ്‌ത്രവും അണിഞ്ഞ ഒരുവനും മുഷിഞ്ഞ വസ്‌ത്രം ധരിച്ച ഒരു ദരിദ്രനും കടന്നുവന്നാൽ  വിശിഷ്ടവസ്‌ത്രം ധരിച്ചവനു പ്രത്യേക പരിഗണന നൽകി അവനോട്‌, “ഇതാ, ഇവിടെ സുഖമായിട്ടിരുന്നാലും” എന്നും ദരിദ്രനോട്‌, “നീ അവിടെ നിൽക്കുക” അല്ലെങ്കിൽ, “എന്‍റെ പാദപീഠത്തിങ്കൽ വന്നിരിക്കുക” എന്നും പറയുന്നെങ്കിൽ  നിങ്ങൾക്കിടയിൽ വേർതിരിവുണ്ടെന്നും അന്യായമായ തീർപ്പുകൾ കൽപ്പിക്കുന്ന വിധികർത്താക്കളാണ്‌ നിങ്ങളെന്നുമല്ലേ അതിനർഥം?  എന്‍റെ പ്രിയസഹോദരന്മാരേ, കേൾക്കുവിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ, അവർ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്‌നേഹിക്കുന്നവർക്കു താൻ വാഗ്‌ദാനം ചെയ്‌ത രാജ്യത്തിന്‍റെ അവകാശികളും ആകേണ്ടതിന്‌ തിരഞ്ഞെടുത്തില്ലയോ?  നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു. വാസ്‌തവത്തിൽ, ധനവാന്മാർ അല്ലയോ നിങ്ങളെ ഞെരുക്കുന്നത്‌? അവരല്ലയോ നിങ്ങളെ ന്യായാസനത്തിങ്കലേക്കു വലിച്ചിഴയ്‌ക്കുന്നത്‌?  നിങ്ങൾക്കു നൽകപ്പെട്ട ശ്രേഷ്‌ഠനാമത്തെ ദുഷിക്കുന്നതും അവരല്ലയോ?  “നിന്‍റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്‌നേഹിക്കുക” എന്ന തിരുവെഴുത്തിനനുസൃതമായ രാജകീയ നിയമം പാലിക്കുന്നെങ്കിൽ നിങ്ങൾ ഉത്തമമായതു ചെയ്യുന്നു;  മറിച്ച്, പക്ഷപാതം കാണിക്കുന്നെങ്കിൽ നിങ്ങൾ പാപം ചെയ്യുന്നു; കാരണം, നിങ്ങൾ ലംഘനക്കാർ എന്ന് ന്യായപ്രമാണംതന്നെ തെളിയിക്കുന്നു. 10  ന്യായപ്രമാണം മുഴുവൻ അനുസരിക്കുന്ന ഒരുവൻ ഒന്നിൽ തെറ്റിപ്പോയാൽ അവൻ സകലത്തിലും കുറ്റക്കാരനായിത്തീരുന്നു. 11  “വ്യഭിചാരം ചെയ്യരുത്‌” എന്നു കൽപ്പിച്ചവൻ “കൊല ചെയ്യരുത്‌” എന്നും കൽപ്പിച്ചിരിക്കുന്നു. അതുകൊണ്ട് നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നുവെങ്കിൽ നീ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു. 12  സ്വതന്ത്രജനത്തിന്‍റെ പ്രമാണത്താൽ വിധിക്കപ്പെടാനുള്ളവരെപ്പോലെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുവിൻ. 13  കരുണ കാണിക്കാത്തവന്‌ കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും. കരുണ കാണിക്കുന്നവനോ ന്യായവിധിയിങ്കൽ ജയം നേടുന്നു.* 14  എന്‍റെ സഹോദരന്മാരേ, ഒരുവൻ തനിക്കു വിശ്വാസം ഉണ്ടെന്നു പറയുകയും പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്‌താൽ എന്തു പ്രയോജനം? ആ വിശ്വാസം അവനെ രക്ഷിക്കുമോ? 15  ഉണ്ണാനും ഉടുക്കാനും വകയില്ലാത്ത ഒരു സഹോദരനോ സഹോദരിയോ നിങ്ങൾക്കിടയിൽ ഉണ്ടെന്നിരിക്കട്ടെ. 16  നിങ്ങളിൽ ഒരുവൻ അവരോട്‌, “സമാധാനത്തോടെ പോയി തീ കായുക; ഭക്ഷിച്ചു തൃപ്‌തരാകുക” എന്നു പറയുന്നതല്ലാതെ അവർക്കു ശാരീരികമായി ആവശ്യമുള്ളതൊന്നും കൊടുക്കുന്നില്ലെങ്കിൽ എന്തു പ്രയോജനം? 17  അങ്ങനെ, വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ നിർജീവമായിരിക്കും. 18  എന്നാൽ ഒരുവൻ, “നിനക്കു വിശ്വാസമുണ്ട്; എനിക്കു പ്രവൃത്തികളുണ്ട്. നിന്‍റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിക്കുക; എന്‍റെ വിശ്വാസം പ്രവൃത്തികളാൽ ഞാനും കാണിക്കാം” എന്നു പറഞ്ഞേക്കാം. 19  ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവല്ലോ. നല്ല കാര്യം! എന്തിന്‌, ഭൂതങ്ങൾപോലും അതു വിശ്വസിക്കുകയും നടുങ്ങുകയും ചെയ്യുന്നു. 20  വ്യർഥമനുഷ്യാ, പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം നിഷ്‌ഫലമാകുന്നുവെന്നു നിനക്കു തെളിയിച്ചുതരട്ടെയോ? 21  നമ്മുടെ പിതാവായ അബ്രാഹാം തന്‍റെ മകനായ യിസ്‌ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചപ്പോൾ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടത്‌? 22  അവന്‍റെ വിശ്വാസത്തോടൊപ്പം പ്രവൃത്തികളും ഉണ്ടായിരുന്നു എന്നും പ്രവൃത്തികളാൽ അവന്‍റെ വിശ്വാസം പൂർണമായി എന്നും നീ കാണുന്നുവല്ലോ. 23  അങ്ങനെ, “അബ്രാഹാം യഹോവയിൽ വിശ്വസിച്ചു; അത്‌ അവനു നീതിയായി കണക്കിട്ടു” എന്ന തിരുവെഴുത്തിനു നിവൃത്തി വന്നു; അവൻ “യഹോവയുടെ സ്‌നേഹിതൻ” എന്നു വിളിക്കപ്പെടുകയും ചെയ്‌തു. 24  ആകയാൽ ഒരുവൻ നീതീകരിക്കപ്പെടുന്നത്‌ വിശ്വാസത്താൽ മാത്രമല്ല, പ്രവൃത്തികളാലുമാണ്‌ എന്നറിയുക. 25  അതുപോലെ, രാഹാബ്‌ എന്ന വേശ്യയും ദൂതന്മാരെ കൈക്കൊള്ളുകയും മറ്റൊരു വഴിയായി പറഞ്ഞയയ്‌ക്കുകയും ചെയ്‌തപ്പോൾ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടത്‌? 26  അങ്ങനെ, ആത്മാവില്ലാത്ത ശരീരം നിർജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജീവമാകുന്നു.

അടിക്കുറിപ്പുകള്‍

യാക്കോ 2:13* അക്ഷരാർഥം, കരുണ ന്യായവിധിയുടെമേൽ ജയം നേടുന്നു.