കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

യാക്കോബ്‌ 1:1-27

1  ദൈവത്തിന്‍റെയും കർത്താവായ യേശുക്രിസ്‌തുവിന്‍റെയും അടിമയായ യാക്കോബ്‌ ചിതറിപ്പാർക്കുന്ന പന്ത്രണ്ടുഗോത്രങ്ങൾക്കും എഴുതുന്നത്‌: നിങ്ങൾക്കു വന്ദനം!   എന്‍റെ സഹോദരന്മാരേ, വിവിധ പരീക്ഷകൾ നേരിടുമ്പോൾ,  ഇവ്വിധം ശോധനചെയ്യപ്പെട്ട വിശ്വാസം നിങ്ങളിൽ സഹിഷ്‌ണുത ഉളവാക്കുന്നു എന്നറിഞ്ഞ് അതിൽ സന്തോഷിക്കുവിൻ.  നിങ്ങൾ ഒന്നിലും കുറവില്ലാതെ, പൂർണരും എല്ലാം തികഞ്ഞവരും ആകേണ്ടതിന്‌ നിങ്ങളുടെ സഹിഷ്‌ണുത അതിന്‍റെ ധർമം പൂർത്തീകരിക്കട്ടെ.  ആകയാൽ നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അവൻ ദൈവത്തോട്‌ യാചിച്ചുകൊണ്ടേയിരിക്കട്ടെ; അപ്പോൾ അത്‌ അവനു ലഭിക്കും; അനിഷ്ടം കൂടാതെ എല്ലാവർക്കും ഉദാരമായി നൽകുന്നവനല്ലോ ദൈവം.  എന്നാൽ തെല്ലും സംശയിക്കാതെ വിശ്വാസത്തോടെ വേണം അവൻ യാചിക്കാൻ; എന്തെന്നാൽ സംശയിക്കുന്നവൻ കാറ്റിൽ ഇളകിമറിയുന്ന കടൽത്തിരയ്‌ക്കു സമനാകുന്നു.  ഇങ്ങനെയുള്ള മനുഷ്യൻ യഹോവയിൽനിന്ന് തനിക്കു വല്ലതും ലഭിക്കുമെന്നു പ്രതീക്ഷിക്കരുത്‌.  അവൻ ഇരുമനസ്സുള്ളവനും തന്‍റെ എല്ലാ വഴികളിലും അസ്ഥിരനുമാകുന്നു.  എളിയ സഹോദരൻ തന്‍റെ ഉയർച്ചയിൽ അഭിമാനിക്കട്ടെ. 10  ധനവാൻ തന്‍റെ താഴ്‌ചയിലും അഭിമാനിക്കട്ടെ; പുല്ലിന്‍റെ പൂവുപോലെ അവൻ കൊഴിഞ്ഞുപോകുമല്ലോ. 11  സൂര്യൻ കൊടുംചൂടോടെ ഉദിച്ചുയരുമ്പോൾ പുല്ലു വാടുകയും പൂവു കൊഴിഞ്ഞ് അതിന്‍റെ ഭംഗി നശിക്കുകയും ചെയ്യുന്നു. അങ്ങനെതന്നെ, ധനവാനും തന്‍റെ ജീവിതവ്യാപാരങ്ങൾക്കിടയിൽ മൺമറയുന്നു. 12  പരീക്ഷകളിൽ സഹിച്ചുനിൽക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. അവൻ യോഗ്യനെന്നു തെളിഞ്ഞശേഷം, തന്നെ സ്‌നേഹിക്കുന്നവർക്കായി യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ജീവകിരീടം പ്രാപിക്കും. 13  പരീക്ഷ നേരിടുമ്പോൾ, “ദൈവം എന്നെ പരീക്ഷിക്കുകയാകുന്നു” എന്ന് ആരും പറയാതിരിക്കട്ടെ. ദോഷങ്ങളാൽ ദൈവത്തെ ആർക്കും പരീക്ഷിക്കുക സാധ്യമല്ല; ദൈവവും ആരെയും പരീക്ഷിക്കുന്നില്ല. 14  ഓരോരുത്തനും പരീക്ഷിക്കപ്പെടുന്നത്‌ സ്വന്തമോഹത്താൽ ആകർഷിതനായി വശീകരിക്കപ്പെടുകയാലത്രേ. 15  മോഹം ഗർഭംധരിച്ച് പാപത്തെ പ്രസവിക്കുന്നു. പാപം വളർച്ചയെത്തിയിട്ട്* മരണത്തെ ജനിപ്പിക്കുന്നു. 16  എന്‍റെ പ്രിയസഹോദരന്മാരേ, നിങ്ങൾ വഴിതെറ്റിപ്പോകരുത്‌. 17  എല്ലാ നല്ല ദാനങ്ങളും തികഞ്ഞ വരങ്ങൾ ഒക്കെയും ഉയരത്തിൽനിന്ന്, ആകാശത്തിലെ വെളിച്ചങ്ങളുടെ* പിതാവിൽനിന്നുതന്നെ, വരുന്നു. അവൻ മാറിക്കൊണ്ടിരിക്കുന്ന നിഴൽപോലെയല്ല; അവൻ മാറ്റമില്ലാത്തവനത്രേ. 18  തന്‍റെ സൃഷ്ടികളിൽ നാം ഒരു തരത്തിലുള്ള ആദ്യഫലമാകാൻ തിരുമനസ്സായിട്ട് ദൈവം സത്യവചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു. 19  എന്‍റെ പ്രിയസഹോദരന്മാരേ, നിങ്ങൾ ഇതു മനസ്സിലാക്കിയാലും: ഏതു മനുഷ്യനും കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും കാണിക്കട്ടെ; അവൻ കോപത്തിനു താമസമുള്ളവനും ആയിരിക്കട്ടെ; 20  എന്തെന്നാൽ മനുഷ്യന്‍റെ കോപം ദൈവത്തിന്‍റെ നീതി നിവർത്തിക്കുന്നില്ല. 21  അതിനാൽ സകല മാലിന്യവും നിർഗുണമായ ദുഷ്ടതയും പരിത്യജിച്ച് നിങ്ങളുടെ ജീവരക്ഷയ്‌ക്ക് ഉതകുന്ന വചനം നിങ്ങളിൽ ഉൾനടുവാൻ വിനയപൂർവം അനുവദിക്കുവിൻ. 22  എന്നാൽ വചനം കേൾക്കുന്നവർമാത്രം ആയിരിക്കാതെ അതു പ്രവർത്തിക്കുന്നവരും ആയിരിക്കുവിൻ; സത്യവിരുദ്ധമായ വാദങ്ങളാൽ സ്വയം വഞ്ചിക്കരുത്‌. 23  വചനം കേൾക്കുന്നവനെങ്കിലും അതിൻപ്രകാരം പ്രവർത്തിക്കാത്തവൻ കണ്ണാടിയിൽ മുഖം നോക്കിയിട്ട് തന്‍റെ രൂപം മറന്നുപോകുന്നവനു സദൃശൻ. 24  അവൻ തന്നെത്തന്നെ കണ്ടിട്ട് പുറപ്പെടുന്നു. എന്നാൽ തന്‍റെ രൂപം ഇന്നതായിരുന്നുവെന്ന് ഉടൻതന്നെ മറന്നുപോകുന്നു. 25  സ്വാതന്ത്ര്യമേകുന്ന തികവുറ്റ പ്രമാണത്തിൽ ഉറ്റുനോക്കി അതിൽ നിലനിൽക്കുന്നവനോ, കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായതുകൊണ്ട് തന്‍റെ പ്രവൃത്തിയിൽ സന്തോഷിക്കും. 26  ഒരുവൻ ദൈവത്തെ ആരാധിക്കുന്നുവെന്ന് നിരൂപിക്കുകയും എന്നാൽ തന്‍റെ നാവിന്‌ കടിഞ്ഞാണിടാതിരിക്കുകയും ചെയ്‌താൽ അവൻ സ്വന്തഹൃദയത്തെ വഞ്ചിക്കുകയാണ്‌; ഇങ്ങനെയുള്ളവന്‍റെ ആരാധന വ്യർഥമത്രേ. 27  നമ്മുടെ ദൈവവും പിതാവുമായവന്‍റെ ദൃഷ്ടിയിൽ ശുദ്ധവും നിർമലവുമായ ആരാധനയോ, അനാഥരെയും വിധവമാരെയും അവരുടെ കഷ്ടങ്ങളിൽ സംരക്ഷിക്കുന്നതും ലോകത്താലുള്ള കളങ്കം പറ്റാതെ നമ്മെത്തന്നെ കാത്തുകൊള്ളുന്നതും ആകുന്നു.

അടിക്കുറിപ്പുകള്‍

യാക്കോ 1:15* അല്ലെങ്കിൽ, പാപം ചെയ്‌തുകൊണ്ട് അതു പൂർത്തീകരണത്തിലെത്തുമ്പോൾ
യാക്കോ 1:17* സൂര്യചന്ദ്രനക്ഷത്രാദികളെ കുറിക്കുന്നു.