കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മർക്കൊസ്‌ 7:1-37

7  യെരുശലേമിൽനിന്നു വന്ന പരീശന്മാരും ചില ശാസ്‌ത്രിമാരും അവനു ചുറ്റും കൂടി.  അവന്‍റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത, അതായത്‌ കഴുകാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത്‌ അവർ കണ്ടു.  (പൂർവികരുടെ പാരമ്പര്യം മുറുകെപ്പിടിച്ച് പരീശന്മാരും മറ്റു യഹൂദന്മാരും കൈകൾ മുട്ടുവരെ കഴുകാതെ ഭക്ഷണം കഴിക്കാറില്ല.  ചന്തയിൽനിന്നു തിരിച്ചെത്തുമ്പോഴും വെള്ളം തളിച്ചു ദേഹശുദ്ധിവരുത്താതെ അവർ ഭക്ഷിക്കുകയില്ല. ഇതിനുപുറമേ പാനപാത്രങ്ങളും കൂജകളും ചെമ്പുപാത്രങ്ങളും വെള്ളത്തിൽ മുക്കി ശുദ്ധീകരിക്കുന്നതുപോലുള്ള മറ്റനേകം പാരമ്പര്യങ്ങളും അവർ അനുഷ്‌ഠിച്ചുപോരുന്നു.)  അതുകൊണ്ട് ഈ പരീശന്മാരും ശാസ്‌ത്രിമാരും അവനോട്‌, “നിന്‍റെ ശിഷ്യന്മാർ പൂർവികരുടെ സമ്പ്രദായം അനുസരിക്കാതെ അശുദ്ധമായ കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതെന്ത്?” എന്നു ചോദിച്ചു.  അവനോ അവരോടു പറഞ്ഞത്‌: “കപടഭക്തരായ നിങ്ങളെക്കുറിച്ചു യെശയ്യാവ്‌ പ്രവചിച്ചത്‌ എത്രയോ ശരി! ‘ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; അവരുടെ ഹൃദയമോ എന്നിൽനിന്ന് ഏറെ അകന്നിരിക്കുന്നു.  മനുഷ്യരുടെ കൽപ്പനകൾ ഉപദേശങ്ങളായി പഠിപ്പിക്കുന്നതുകൊണ്ട് അവർ എന്നെ ആരാധിക്കുന്നതു വ്യർഥമായിട്ടത്രേ’ എന്ന് അവൻ എഴുതിയിരിക്കുന്നു.  ദൈവകൽപ്പനകൾ വിട്ടുകളഞ്ഞിട്ട് നിങ്ങൾ മനുഷ്യരുടെ പാരമ്പര്യം മുറുകെപ്പിടിക്കുന്നു.”  പിന്നെയും അവൻ അവരോടു പറഞ്ഞത്‌: “നിങ്ങളുടെ പാരമ്പര്യം നിലനിറുത്തേണ്ടതിനു നിങ്ങൾ സമർഥമായി ദൈവകൽപ്പനയെ അവഗണിക്കുന്നു. 10  ‘നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക’ എന്നും ‘അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കണം’ എന്നും മോശ പറഞ്ഞുവല്ലോ. 11  എന്നാൽ നിങ്ങളോ, ‘ഒരുവൻ തന്‍റെ അപ്പനോടോ അമ്മയോടോ, “നിങ്ങൾക്ക് ഉപകാരപ്പെടേണ്ടതായി എന്‍റെ പക്കലുള്ളതെല്ലാം കൊർബാനാണ്‌ (അതായത്‌, ദൈവത്തിനുള്ള വഴിപാടാണ്‌)” എന്നു പറഞ്ഞാൽ മതി’ എന്നു പറയുന്നു. 12  അങ്ങനെ, അപ്പനോ അമ്മയ്‌ക്കോ വേണ്ടി യാതൊന്നും ചെയ്യാൻ അയാളെ അനുവദിക്കാതെ 13  നിങ്ങളുടെ പാരമ്പര്യംകൊണ്ട് നിങ്ങൾ ദൈവത്തിന്‍റെ വചനത്തെ അസാധുവാക്കുന്നു. ഇങ്ങനെ പലതും നിങ്ങൾ ചെയ്യുന്നു.” 14  ജനത്തെ വീണ്ടും അരികിലേക്കു വിളിച്ച് അവൻ അവരോടു പറഞ്ഞു: “നിങ്ങളെല്ലാവരും എന്‍റെ വാക്കു കേട്ട് അർഥം ഗ്രഹിച്ചുകൊള്ളുവിൻ. 15  പുറത്തുനിന്ന് ഒരു മനുഷ്യന്‍റെ ഉള്ളിലേക്കു പോകുന്നതൊന്നും അവനെ അശുദ്ധനാക്കുന്നില്ല. ഉള്ളിൽനിന്നു പുറപ്പെടുന്നതാണ്‌ അവനെ അശുദ്ധനാക്കുന്നത്‌.” 16  *—— 17  ജനക്കൂട്ടത്തെ വിട്ട് അവൻ ഒരു വീട്ടിൽ ചെന്നപ്പോൾ അവന്‍റെ ശിഷ്യന്മാർ ഈ ദൃഷ്ടാന്തത്തെക്കുറിച്ച് അവനോടു ചോദിച്ചു. 18  അവൻ അവരോടു പറഞ്ഞത്‌: “നിങ്ങളും അവരെപ്പോലെ ഗ്രഹണപ്രാപ്‌തിയില്ലാത്തവരോ? പുറത്തുനിന്ന് ഒരു മനുഷ്യന്‍റെ ഉള്ളിലേക്കു പോകുന്നതൊന്നും അവനെ അശുദ്ധനാക്കുന്നില്ലെന്നു നിങ്ങൾക്കറിയില്ലയോ? 19  കാരണം, അത്‌ അവന്‍റെ ഹൃദയത്തിലേക്കല്ല, ഉദരത്തിലേക്കും പിന്നെ മറപ്പുരയിലേക്കുമത്രേ പോകുന്നത്‌.” എല്ലാ ആഹാരവും ശുദ്ധമാണെന്ന് അങ്ങനെ അവൻ വ്യക്തമാക്കി. 20  പിന്നെ അവൻ പറഞ്ഞത്‌: “ഒരുവന്‍റെ ഉള്ളിൽനിന്നു പുറപ്പെടുന്നതാണ്‌ അവനെ അശുദ്ധനാക്കുന്നത്‌; 21  എന്തെന്നാൽ ഉള്ളിൽനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്നാണ്‌, ഹാനികരമായ ചിന്തകൾ ഉത്ഭവിക്കുന്നത്‌. അവയുടെ ഫലമോ പരസംഗം, മോഷണം, കൊലപാതകം, 22  വ്യഭിചാരം, ദുർമോഹം, ദുഷ്ടപ്രവൃത്തി, വഞ്ചന, ദുർന്നടപ്പ്,* അസൂയ, ദൂഷണം, ഗർവം, ഭോഷത്തം എന്നിവതന്നെ. 23  ഈ ഹീനകാര്യങ്ങളെല്ലാം ഉള്ളിൽനിന്നു പുറപ്പെട്ട് മനുഷ്യനെ അശുദ്ധനാക്കുന്നു.” 24  അനന്തരം അവൻ അവിടെനിന്ന് എഴുന്നേറ്റ്‌ സോർ-സീദോൻ പ്രദേശങ്ങളിലേക്കു പോയി. അവിടെ അവൻ ഒരു വീട്ടിൽച്ചെന്നു. ആരും അതറിയരുതെന്ന് അവൻ ആഗ്രഹിച്ചെങ്കിലും ആളുകളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ അവനു സാധിച്ചില്ല. 25  അശുദ്ധാത്മാവ്‌ ബാധിച്ച ഒരു കൊച്ചുപെൺകുട്ടിയുടെ അമ്മ അവനെക്കുറിച്ചു കേട്ട് ഉടനെ അവിടെ വന്ന് അവന്‍റെ കാൽക്കൽവീണു. 26  ആ സ്‌ത്രീ സുറൊഫൊയ്‌നീക്യദേശത്തുനിന്നുള്ള ഒരു ഗ്രീക്കുകാരിയായിരുന്നു. തന്‍റെ മകളിൽനിന്നു ഭൂതത്തെ പുറത്താക്കാൻ അവൾ അവനോട്‌ അപേക്ഷിച്ചുകൊണ്ടിരുന്നു. 27  എന്നാൽ അവൻ അവളോട്‌, “ആദ്യം മക്കൾക്കു തൃപ്‌തിവരട്ടെ; മക്കളുടെ അപ്പമെടുത്തു നായ്‌ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ” എന്നു പറഞ്ഞു. 28  അവളോ അവനോട്‌, “ഉവ്വ് യജമാനനേ, എന്നാൽ മേശയുടെ കീഴിലുള്ള നായ്‌ക്കുട്ടികളും കുഞ്ഞുങ്ങളുടെ കൈയിൽനിന്നു വീഴുന്ന അപ്പനുറുക്കുകൾ തിന്നുന്നുവല്ലോ” എന്നു മറുപടി പറഞ്ഞു. 29  അതിന്‌ അവൻ അവളോട്‌, “ഈ പറഞ്ഞതുനിമിത്തം പൊയ്‌ക്കൊള്ളുക; ഭൂതം നിന്‍റെ മകളെ വിട്ട് പോയിരിക്കുന്നു” എന്നു പറഞ്ഞു. 30  അവൾ വീട്ടിൽ ചെന്നപ്പോൾ കുട്ടി കിടക്കയിൽ കിടക്കുന്നതു കണ്ടു; ഭൂതം അവളെ വിട്ട് പോയിരുന്നു. 31  പിന്നെ അവൻ സോർപ്രദേശങ്ങൾ വിട്ട് സീദോൻവഴി ദെക്കപ്പൊലിദേശത്തുകൂടെ തിരിച്ച് ഗലീലക്കടലിങ്കലേക്കു പോയി. 32  അവർ ബധിരനും സംസാരത്തിനു തടസ്സമുണ്ടായിരുന്നവനുമായ ഒരു മനുഷ്യനെ അവന്‍റെ അടുക്കൽ കൊണ്ടുവന്ന് അവന്‍റെമേൽ കൈവെക്കേണമേയെന്നു യാചിച്ചു. 33  അവൻ ആ മനുഷ്യനെ ജനക്കൂട്ടത്തിൽനിന്നു മാറ്റിനിറുത്തി അയാളുടെ ചെവികളിൽ വിരലുകളിട്ടു. പിന്നെ തുപ്പിയിട്ട് അയാളുടെ നാവിൽ തൊട്ടു. 34  എന്നിട്ട് സ്വർഗത്തിലേക്കു നോക്കി ഒരു ദീർഘനിശ്വാസത്തോടെ അയാളോട്‌, “തുറക്കപ്പെടട്ടെ” എന്നർഥമുള്ള “എഫ്‌ഫഥാ” എന്നു പറഞ്ഞു. 35  അയാളുടെ ചെവികൾ തുറന്നു; നാവിന്‍റെ തടസ്സം നീങ്ങി* അയാൾ സ്‌ഫുടമായി സംസാരിക്കാൻതുടങ്ങി. 36  ഇത്‌ ആരോടും പറയരുതെന്ന് അവൻ അവരോടു കൽപ്പിച്ചു. എന്നാൽ അവൻ എത്രയേറെ വിലക്കിയോ അത്രയേറെ അവർ അതു പ്രസിദ്ധമാക്കി. 37  അവർ അത്യന്തം ആശ്ചര്യപ്പെട്ട്, “അവൻ സകലവും നന്നായി ചെയ്‌തിരിക്കുന്നു. അവൻ ബധിരർക്കു കേൾവിശക്തിയും ഊമർക്കു സംസാരശേഷിയും നൽകുന്നു” എന്നു പറഞ്ഞു.

അടിക്കുറിപ്പുകള്‍

മർക്കോ 7:16* ഈ വാക്യം ഏറ്റവും പഴയ ഗ്രീക്ക് കയ്യെഴുത്തുപ്രതികളോട്‌ പറ്റിനിൽക്കുന്ന, വെസ്റ്റ്കോട്ടിന്‍റെയും ഹോർട്ടിന്‍റെയും ഗ്രീക്കുപാഠത്തിൽ കാണുന്നില്ല. എന്നാൽ ചില ബൈബിൾ ഭാഷാന്തരങ്ങളിൽ അത്‌ ഇങ്ങനെ കാണുന്നു: “കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”
മർക്കോ 7:22ഗലാത്യർ 5:19-ന്‍റെ അടിക്കുറിപ്പു കാണുക.
മർക്കോ 7:35* അക്ഷരാർഥം, നാവിന്‍റെ കെട്ടഴിഞ്ഞു