കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മർക്കൊസ്‌ 6:1-56

6  അവൻ അവിടെനിന്നു സ്വന്തം നാട്ടിലെത്തി; ശിഷ്യന്മാരും അവനോടൊപ്പം ഉണ്ടായിരുന്നു.  ശബത്തിൽ അവൻ സിനഗോഗിൽ ചെന്നു പഠിപ്പിക്കാൻതുടങ്ങി. കേൾവിക്കാരിൽ പലരും ആശ്ചര്യപ്പെട്ട്, “ഈ മനുഷ്യന്‌ ഇതെല്ലാം എവിടെനിന്നു കിട്ടി? ഈ ജ്ഞാനമെല്ലാം ഇവനു ലഭിച്ചിരിക്കുന്നതും ഇവന്‍റെ കൈയാൽ ഇത്തരം വീര്യപ്രവൃത്തികൾ നടക്കുന്നതും എങ്ങനെ?  ഇവൻ മറിയയുടെ മകനും യാക്കോബ്‌, യോസേഫ്‌, യൂദാ, ശിമോൻ എന്നിവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്‍റെ സഹോദരിമാരും ഇവിടെ നമ്മോടുകൂടെയില്ലയോ?” എന്നു പറഞ്ഞു. ഇങ്ങനെ, അവൻനിമിത്തം അവർ ഇടറിപ്പോയി.  യേശുവോ അവരോട്‌, “ഒരു പ്രവാചകൻ സ്വന്തം നാട്ടിലും ബന്ധുക്കൾക്കിടയിലും സ്വഭവനത്തിലും മാത്രമേ ബഹുമാനിക്കപ്പെടാതിരിക്കുന്നുള്ളൂ” എന്നു പറഞ്ഞു.  ഏതാനും രോഗികളുടെമേൽ കൈവെച്ച് അവരെ സുഖപ്പെടുത്തിയതല്ലാതെ മറ്റു വീര്യപ്രവൃത്തികളൊന്നും അവൻ അവിടെ ചെയ്‌തില്ല.  അവരുടെ വിശ്വാസമില്ലായ്‌മയിൽ അവൻ ആശ്ചര്യപ്പെട്ടു. അവൻ സമീപത്തുള്ള ഗ്രാമങ്ങൾതോറും സഞ്ചരിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു.  പിന്നെ അവൻ പന്തിരുവരെ അടുക്കൽ വിളിച്ച് അവരെ ഈരണ്ടായി അയച്ചുതുടങ്ങി; അവർക്ക് അശുദ്ധാത്മാക്കളുടെമേൽ അധികാരവും കൊടുത്തു.  യാത്രയ്‌ക്ക് ഒരു വടിയല്ലാതെ അപ്പമോ സഞ്ചിയോ മടിശീലയിൽ പണമോ* കരുതരുത്‌ എന്നും  ചെരിപ്പു ധരിക്കാം എന്നാൽ രണ്ടുവസ്‌ത്രം അരുത്‌ എന്നും അവൻ അവരോടു കൽപ്പിച്ചു. 10  തുടർന്ന് അവൻ അവരോടു പറഞ്ഞത്‌: “നിങ്ങൾ ഏതെങ്കിലുമൊരു വീട്ടിൽ ചെന്നാൽ അവിടം വിട്ട് പോകുന്നതുവരെ ആ വീട്ടിൽത്തന്നെ പാർക്കുക. 11  എവിടെയെങ്കിലും ആളുകൾ നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വാക്കു കേൾക്കാതെയോ വന്നാൽ പോകുമ്പോൾ അവർക്കെതിരെ ഒരു സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുക.” 12  അങ്ങനെ, അവർ പോയി ആളുകൾ മാനസാന്തരപ്പെടേണ്ടതിനായി പ്രസംഗിച്ചു. 13  അവർ അനവധി ഭൂതങ്ങളെ പുറത്താക്കി; അനേകം രോഗികളെ എണ്ണ പൂശി സുഖപ്പെടുത്തി. 14  ഹെരോദാരാജാവ്‌ ഇതേക്കുറിച്ചു കേൾക്കാനിടയായി; എന്തെന്നാൽ യേശുവിന്‍റെ പേര്‌ പ്രസിദ്ധമായിത്തീർന്നിരുന്നു. “യോഹന്നാൻ സ്‌നാപകൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു; അതുകൊണ്ടത്രേ ഈ വീര്യപ്രവൃത്തികൾ നടക്കുന്നത്‌” എന്നു ജനം പറയുന്നുണ്ടായിരുന്നു. 15  ഇനി, “അത്‌ ഏലിയാവാണ്‌” എന്നു ചിലരും “പുരാതന പ്രവാചകന്മാരിൽ ഒരുവനെപ്പോലുള്ള ഒരു പ്രവാചകനാണ്‌” എന്നു വേറെ ചിലരും പറയുന്നുണ്ടായിരുന്നു. 16  ഇതുകേട്ട ഹെരോദാവാകട്ടെ, “ഞാൻ ശിരച്ഛേദം ചെയ്യിച്ച യോഹന്നാൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു. 17  യോഹന്നാനെ ബന്ധനസ്ഥനാക്കി കാരാഗൃഹത്തിലടയ്‌ക്കാൻ കൽപ്പന കൊടുത്തത്‌ ഈ ഹെരോദാവായിരുന്നു. തന്‍റെ സഹോദരനായ ഫിലിപ്പോസിന്‍റെ ഭാര്യ ഹെരോദ്യനിമിത്തമാണ്‌ അവൻ അതു ചെയ്‌തത്‌. ഹെരോദാവ്‌ അവളെ വിവാഹം ചെയ്‌തിരുന്നു. 18  “നിന്‍റെ സഹോദരന്‍റെ ഭാര്യയെ സ്വന്തമാക്കിവെച്ചിരിക്കുന്നതു നിയമവിരുദ്ധമാണ്‌” എന്ന് യോഹന്നാൻ അവനോട്‌ പറഞ്ഞിരുന്നതിനാൽ 19  ഹെരോദ്യക്ക് അവനോടു പകയുണ്ടായിരുന്നു; അവനെ കൊന്നുകളയാൻ അവൾ ആഗ്രഹിച്ചെങ്കിലും അതിനു സാധിച്ചിരുന്നില്ല. 20  യോഹന്നാൻ നീതിമാനും വിശുദ്ധനുമായ ഒരു മനുഷ്യനാണെന്ന് അറിയാമായിരുന്നതിനാൽ ഹെരോദാവ്‌ ഭയപ്പെട്ട് അവനു സംരക്ഷണം നൽകിപ്പോന്നു. അവന്‍റെ വാക്കുകൾ ഹെരോദാവിനെ ചിന്താക്കുഴപ്പത്തിലാക്കിയിരുന്നെങ്കിലും അവൻ പറയുന്നത്‌ രാജാവ്‌ താത്‌പര്യത്തോടെ കേൾക്കുക പതിവായിരുന്നു. 21  അങ്ങനെയിരിക്കെ, ഹെരോദാവിന്‍റെ ജന്മദിനത്തിൽ അവൻ തന്‍റെ ഉന്നത ഉദ്യോഗസ്ഥർക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമുഖർക്കുംവേണ്ടി ഒരു അത്താഴവിരുന്ന് ഒരുക്കി. അപ്പോൾ ഹെരോദ്യക്ക് അനുകൂലമായ ഒരു അവസരം വന്നുചേർന്നു. 22  ഹെരോദ്യയുടെ മകൾ അകത്തുവന്നു നൃത്തംചെയ്‌ത്‌ ഹെരോദാവിനെയും കൂടെ വിരുന്നിന്‌ ഇരുന്നവരെയും പ്രസാദിപ്പിച്ചു. രാജാവ്‌ ബാലികയോട്‌, “നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചുകൊള്ളുക; ഞാൻ അത്‌ നിനക്കു തരും” എന്നു പറഞ്ഞു. 23  “നീ എന്തു ചോദിച്ചാലും, എന്‍റെ രാജ്യത്തിന്‍റെ പകുതിയായാലും ഞാനതു തരും” എന്ന് അവൻ സത്യംചെയ്‌തു. 24  അവൾ പോയി അമ്മയോട്‌, “ഞാൻ എന്താണു ചോദിക്കേണ്ടത്‌?” എന്ന് ആരാഞ്ഞു. “യോഹന്നാൻ സ്‌നാപകന്‍റെ ശിരസ്സ്” എന്ന് അമ്മ പറഞ്ഞു. 25  ഉടനെ അവൾ രാജാവിന്‍റെ അടുക്കൽ ചെന്ന്, “ഇപ്പോൾത്തന്നെ യോഹന്നാൻ സ്‌നാപകന്‍റെ ശിരസ്സ് ഒരു തളികയിൽ എനിക്കു തരേണം” എന്നു പറഞ്ഞു. 26  രാജാവ്‌ അതിദുഃഖിതനായെങ്കിലും വിരുന്നുകാരുടെ മുമ്പിൽവെച്ചു ചെയ്‌ത ശപഥംനിമിത്തം അവളുടെ അപേക്ഷ നിരസിക്കാൻ അവനു കഴിഞ്ഞില്ല. 27  അതുകൊണ്ട് അവൻ യോഹന്നാന്‍റെ ശിരസ്സ് കൊണ്ടുവരാൻ ആജ്ഞാപിച്ച് ഉടൻതന്നെ ഒരു ഭടനെ അയച്ചു. അയാൾ കാരാഗൃഹത്തിൽ ചെന്ന് അവനെ ശിരച്ഛേദംചെയ്‌ത്‌ 28  ശിരസ്സ് ഒരു തളികയിൽ ബാലികയ്‌ക്കു നൽകി; ബാലിക അത്‌ അമ്മയ്‌ക്കു കൊടുത്തു. 29  ഈ വാർത്തയറിഞ്ഞ് അവന്‍റെ ശിഷ്യന്മാർ വന്ന് അവന്‍റെ ശരീരം എടുത്തുകൊണ്ടുപോയി ഒരു കല്ലറയിൽ വെച്ചു. 30  അപ്പൊസ്‌തലന്മാർ യേശുവിന്‍റെ അടുക്കൽ ഒരുമിച്ചുകൂടി തങ്ങൾ ചെയ്‌തതും പഠിപ്പിച്ചതുമായ കാര്യങ്ങളെല്ലാം അവനെ അറിയിച്ചു. 31  ഒട്ടേറെ ആളുകൾ വരുകയും പോകുകയും ചെയ്‌തിരുന്നതുകൊണ്ട് ഭക്ഷണം കഴിക്കാൻപോലും അവർക്കു സമയം കിട്ടിയിരുന്നില്ല. അതിനാൽ അവൻ അവരോട്‌, “നിങ്ങൾ എന്‍റെകൂടെ ഒരു ഏകാന്തസ്ഥലത്തേക്കു വേറിട്ടുവന്ന് അൽപ്പം വിശ്രമിച്ചുകൊള്ളുവിൻ” എന്നു പറഞ്ഞു. 32  അതിൻപ്രകാരം അവർ വള്ളത്തിൽ കയറി ഒരു ഏകാന്തസ്ഥലത്തേക്കു പോയി. 33  എന്നാൽ അവർ പോകുന്നത്‌ ആളുകൾ കണ്ടു; അവർ എവിടേക്കു പോകുന്നുവെന്നു പലരും അറിഞ്ഞിട്ട് എല്ലാ പട്ടണങ്ങളിൽനിന്നും ജനം ഓടി അവർക്കു മുമ്പേ അവിടെയെത്തി. 34  അവൻ കരയ്‌ക്കിറങ്ങിയപ്പോൾ വലിയൊരു ജനക്കൂട്ടത്തെ കണ്ടു. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരുന്നതിനാൽ അവന്‌ അവരോട്‌ അലിവു തോന്നി; അവൻ പല കാര്യങ്ങളും അവരെ പഠിപ്പിക്കാൻതുടങ്ങി. 35  നേരം വളരെ വൈകിയെന്നു കണ്ട് ശിഷ്യന്മാർ വന്ന് അവനോട്‌, “ഇതൊരു വിജനപ്രദേശമാണല്ലോ; നേരവും വൈകി. 36  ചുറ്റുമുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന് എന്തെങ്കിലും വാങ്ങി ഭക്ഷിക്കേണ്ടതിന്‌ ജനത്തെ പറഞ്ഞയച്ചാലും” എന്നു പറഞ്ഞു. 37  അതിന്‌ അവൻ, “നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കുക” എന്നു പറഞ്ഞു. അപ്പോൾ അവർ അവനോട്‌, “ഞങ്ങൾ പോയി ഇരുനൂറ്‌ ദിനാറെ* കൊടുത്ത്‌ അപ്പം വാങ്ങി ജനത്തിനു ഭക്ഷിക്കാൻ കൊടുക്കാനോ?” എന്നു ചോദിച്ചു. 38  അവൻ അവരോട്‌, “നിങ്ങളുടെ പക്കൽ എത്ര അപ്പമുണ്ട്? ചെന്നു നോക്കുവിൻ” എന്നു പറഞ്ഞു. അവർ ചെന്നു നോക്കിയിട്ട് അവനോട്‌, “അഞ്ചെണ്ണമുണ്ട്; കൂടാതെ രണ്ടുമീനും” എന്ന് അറിയിച്ചു. 39  പിന്നെ അവൻ ജനത്തോടെല്ലാം പുൽപ്പുറത്തു പന്തിപന്തിയായി ഇരിക്കാൻ ആവശ്യപ്പെട്ടു. 40  അവർ നൂറും അൻപതും പേരുള്ള കൂട്ടങ്ങളായി ഇരുന്നു. 41  അപ്പോൾ അവൻ ആ അഞ്ച് അപ്പവും രണ്ടുമീനും എടുത്ത്‌ സ്വർഗത്തിലേക്കു നോക്കി അനുഗ്രഹത്തിനായി പ്രാർഥിച്ച്, അപ്പം നുറുക്കി, വിളമ്പാനായി ശിഷ്യന്മാരെ ഏൽപ്പിച്ചു. ആ രണ്ടുമീനും അവൻ എല്ലാവർക്കുമായി പങ്കിട്ടു. 42  അങ്ങനെ, അവർ എല്ലാവരും ഭക്ഷിച്ചു തൃപ്‌തരായി; 43  ശേഷിച്ച കഷണങ്ങൾ അവർ ശേഖരിച്ചു; അതു പന്ത്രണ്ടുകൊട്ട നിറയെ ഉണ്ടായിരുന്നു; മീനും ബാക്കിവന്നു. 44  അപ്പം ഭക്ഷിച്ച പുരുഷന്മാർതന്നെ അയ്യായിരംപേരുണ്ടായിരുന്നു. 45  താൻ ജനക്കൂട്ടത്തെ പറഞ്ഞയയ്‌ക്കുമ്പോഴേക്കും, എത്രയും പെട്ടെന്ന് വള്ളത്തിൽ കയറി ബേത്ത്‌സയിദ വഴിയായി തനിക്കു മുമ്പേ മറുകരയിലേക്കു പോകാൻ അവൻ ശിഷ്യന്മാരെ നിർബന്ധിച്ചു. 46  അവരെ പറഞ്ഞയച്ചശേഷം പ്രാർഥിക്കാനായി അവൻ ഒരു മലയിലേക്കു പോയി. 47  നേരം സന്ധ്യയായപ്പോൾ വള്ളം നടുക്കടലിലും അവൻ തനിച്ച് കരയിലും ആയിരുന്നു. 48  കാറ്റ്‌ പ്രതികൂലമായിരുന്നതിനാൽ വള്ളം തുഴയാൻ അവർ പാടുപെടുന്നതു കണ്ട് അവൻ രാത്രിയുടെ നാലാം യാമത്തോടെ* കടലിന്മേൽ നടന്ന് അവരുടെ നേർക്കുവന്നു; അടുത്തെത്തിയപ്പോൾ അവൻ അവരെ കടന്നുപോകുന്നതായി ഭാവിച്ചു. 49  അവൻ കടലിന്മേൽ നടക്കുന്നതു കണ്ട് അതൊരു മായാരൂപി എന്നു വിചാരിച്ച് അവർ ഉറക്കെ നിലവിളിച്ചു; 50  അവരെല്ലാവരും അവനെ കണ്ടു പരിഭ്രമിച്ചിരുന്നു. എന്നാൽ ഉടനെ അവൻ അവരോടു സംസാരിച്ചു; “ധൈര്യമായിരിക്കുവിൻ, ഇതു ഞാനാണ്‌; ഭയപ്പെടേണ്ട” എന്നു പറഞ്ഞു. 51  അവൻ വള്ളത്തിൽ കയറി; കാറ്റ്‌ നിലച്ചു. ഇതുകണ്ട് അവർ അത്യന്തം വിസ്‌മയിച്ചു; 52  കാരണം, അപ്പത്തെക്കുറിച്ചുള്ള സംഭവത്തിന്‍റെ പൊരുൾ അവർ ഗ്രഹിച്ചിരുന്നില്ല; കാര്യങ്ങൾ ഗ്രഹിക്കുന്നതിൽ അവരുടെ ഹൃദയം പിന്നെയും മന്ദീഭവിച്ചുതന്നെയിരുന്നു. 53  അവർ മറുകരെ ഗെന്നേസരെത്തിലെത്തി വള്ളം കരയ്‌ക്കടുപ്പിച്ചു. 54  അവർ വള്ളത്തിൽനിന്ന് ഇറങ്ങിയപ്പോൾത്തന്നെ ആളുകൾ അവനെ തിരിച്ചറിഞ്ഞു. 55  അവർ ആ പ്രദേശത്തെല്ലാം ഓടിനടന്ന് അവൻ ഉണ്ടെന്നു കേട്ടിടത്തേക്കു രോഗികളെ കിടക്കയോടെ എടുത്തുകൊണ്ടുവരാൻതുടങ്ങി. 56  അവൻ ചെല്ലുന്ന ഗ്രാമങ്ങളിലും പട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലുമൊക്കെ ആളുകൾ രോഗികളെ കൊണ്ടുവന്നു ചന്തസ്ഥലങ്ങളിൽ കിടത്തുമായിരുന്നു. അവന്‍റെ മേലങ്കിയുടെ തൊങ്ങലിലെങ്കിലും തൊടാൻ അനുവദിക്കേണമേയെന്ന് അവർ അവനോടു യാചിച്ചിരുന്നു. അവന്‍റെ വസ്‌ത്രം തൊട്ടവരെല്ലാം സുഖം പ്രാപിച്ചു.

അടിക്കുറിപ്പുകള്‍

മർക്കോ 6:8* അക്ഷരാർഥം, ചെമ്പ് കാശോ
മർക്കോ 6:37മത്തായി 18:24-ന്‍റെ അടിക്കുറിപ്പു കാണുക.
മർക്കോ 6:48* വെളുപ്പിന്‌ ഏകദേശം മൂന്നുമണിമുതൽ സൂര്യോദയംവരെയുള്ള സമയം