കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മർക്കൊസ്‌ 5:1-43

5  പിന്നെ അവർ കടലിനക്കരെ ഗെരസേന്യരുടെ ദേശത്തെത്തി.  അവൻ വള്ളത്തിൽനിന്ന് ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവ്‌ ബാധിച്ച ഒരു മനുഷ്യൻ ശവക്കല്ലറകൾക്കിടയിൽനിന്ന് എതിരെ വന്നു.  കല്ലറകളിലായിരുന്നു അയാളുടെ വാസം; ആർക്കും അയാളെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടാൻ കഴിഞ്ഞിരുന്നില്ല;  കാരണം, പലപ്പോഴും അയാളെ വിലങ്ങും ചങ്ങലകളുമിട്ട് ബന്ധിച്ചിരുന്നെങ്കിലും അയാൾ ചങ്ങലകൾ വലിച്ചുപൊട്ടിക്കുകയും വിലങ്ങുകൾ തകർക്കുകയും ചെയ്‌തിരുന്നു. ആർക്കും അയാളെ കീഴ്‌പെടുത്താൻതക്ക ശക്തിയില്ലായിരുന്നു.  അയാൾ രാപകലെന്നില്ലാതെ കല്ലറകളിലും മലകളിലും നിലവിളിച്ചുനടന്ന് കല്ലുകൊണ്ടു സ്വയം മുറിവേൽപ്പിച്ചുപോന്നു.  യേശുവിനെ ദൂരത്തുനിന്നു കണ്ട അയാൾ അവന്‍റെ അടുത്തേക്ക് ഓടിച്ചെന്ന് അവനെ വണങ്ങി,  “അത്യുന്നത ദൈവത്തിന്‍റെ പുത്രനായ യേശുവേ, നമുക്കു തമ്മിൽ എന്തു കാര്യം? എന്നെ ദണ്ഡിപ്പിക്കില്ലെന്നു ദൈവത്തെക്കൊണ്ട് ആണയിടാൻ ഞാൻ നിന്നോട്‌ അപേക്ഷിക്കുന്നു” എന്ന് ഉച്ചത്തിൽ നിലവിളിച്ചുപറഞ്ഞു;  എന്തെന്നാൽ, “അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ട് പോകൂ” എന്ന് യേശു കൽപ്പിച്ചിരുന്നു.  യേശു അയാളോട്‌, “നിന്‍റെ പേരെന്ത്?” എന്നു ചോദിച്ചതിന്‌ അയാൾ അവനോട്‌, “എന്‍റെ പേര്‌ ലെഗ്യോൻ;* കാരണം, ഞങ്ങൾ പലരുണ്ട്” എന്നു പറഞ്ഞു. 10  തങ്ങളെ ആ ദേശത്തുനിന്നു പുറത്താക്കരുതേയെന്ന് അയാൾ അവനോടു യാചിച്ചുകൊണ്ടിരുന്നു. 11  അപ്പോൾ അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു. 12  അവ അവനോട്‌, “ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്‌ക്കേണമേ; ഞങ്ങൾ അവയിൽ കടന്നുകൊള്ളാം” എന്നു പറഞ്ഞു. 13  അവൻ അവയ്‌ക്ക് അനുവാദം കൊടുത്തു. അങ്ങനെ, അശുദ്ധാത്മാക്കൾ പുറത്തുവന്നു പന്നിക്കൂട്ടത്തിൽ കടന്നു; അവ വിരണ്ടോടി ചെങ്കുത്തായ സ്ഥലത്തുനിന്നു കടലിലേക്കു ചാടി മുങ്ങിച്ചത്തു; അവയുടെ എണ്ണം ഏകദേശം രണ്ടായിരം ആയിരുന്നു. 14  അവയെ മേയ്‌ച്ചിരുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിൻപുറത്തും ഇത്‌ അറിയിച്ചു. സംഭവിച്ചത്‌ എന്താണെന്നു കാണാൻ ആളുകൾ വന്നുകൂടി. 15  തുടർന്ന് അവർ യേശുവിന്‍റെ അടുക്കൽ ചെന്നു; ലെഗ്യോൻ ബാധിച്ചിരുന്ന ഭൂതബാധിതനായ മനുഷ്യൻ വസ്‌ത്രം ധരിച്ചു സുബോധത്തോടെ ഇരിക്കുന്നതു കണ്ടു; അവരിൽ ഭയം നിറഞ്ഞു. 16  ഭൂതബാധിതനും പന്നിക്കൂട്ടത്തിനും സംഭവിച്ചതെല്ലാം നേരിൽ കണ്ടവരും അതൊക്കെ അവരോടു വിവരിച്ചു. 17  ആ പ്രദേശം വിട്ട് പോകാൻ അവർ അവനോട്‌ അപേക്ഷിച്ചു. 18  അവൻ വള്ളത്തിൽ കയറുമ്പോൾ, ഭൂതഗ്രസ്‌തനായിരുന്ന മനുഷ്യൻ തന്നെയും കൂടെക്കൊണ്ടുപോകാൻ അവനോട്‌ അപേക്ഷിച്ചു. 19  എന്നാൽ അവൻ അയാളെ അതിന്‌ അനുവദിക്കാതെ ഇപ്രകാരം പറഞ്ഞു: “നീ നിന്‍റെ വീട്ടുകാരുടെ അടുത്തേക്കു പോയി യഹോവ നിനക്കു ചെയ്‌തിരിക്കുന്നതും നിന്നോടു കരുണ കാണിച്ചതും പറയുക.” 20  അങ്ങനെ, അവൻ ദെക്കപ്പൊലിയിൽ ചെന്ന് യേശു തനിക്കു ചെയ്‌തതൊക്കെയും ഘോഷിച്ചു; ജനമെല്ലാം ആശ്ചര്യപ്പെട്ടു. 21  യേശു തിരിച്ച് വള്ളത്തിൽ ഇക്കരെയെത്തിയപ്പോൾ വലിയൊരു ജനക്കൂട്ടം അവന്‍റെ അടുക്കൽ വന്നുകൂടി. അവനോ കടൽക്കരയിൽ നിന്നു. 22  അപ്പോൾ സിനഗോഗിലെ പ്രമാണിമാരിൽ ഒരുവനായ യായീറൊസ്‌ അവിടെ വന്നു. അവനെ കണ്ടയുടനെ അവൻ അവന്‍റെ കാൽക്കൽ വീണ്‌, 23  “എന്‍റെ കുഞ്ഞുമകൾ അത്യാസന്നനിലയിലാണ്‌. അവൾ സുഖം പ്രാപിച്ചു ജീവിക്കേണ്ടതിന്‌ നീ വന്ന് അവളുടെമേൽ കൈവെക്കേണമേ” എന്ന് അപേക്ഷിക്കാൻതുടങ്ങി. 24  അവൻ അയാളോടൊപ്പം പോയി. ഒരു വലിയ ജനക്കൂട്ടം തിക്കിത്തിരക്കി അവന്‍റെ പിന്നാലെ ചെന്നു. 25  പന്ത്രണ്ടുവർഷമായി രക്തസ്രാവത്താൽ വലഞ്ഞിരുന്ന ഒരു സ്‌ത്രീ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു; 26  പല വൈദ്യന്മാരുടെയും അടുത്തു പോയി വളരെ കഷ്ടപ്പെടുകയും തനിക്കുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്‌തിട്ടും അവളുടെ സ്ഥിതി വഷളായതല്ലാതെ പ്രയോജനമൊന്നും ഉണ്ടായില്ല. 27  യേശുവിനെക്കുറിച്ചു കേട്ടിരുന്ന അവൾ ജനക്കൂട്ടത്തിനിടയിലൂടെ അവന്‍റെ പിന്നിലെത്തി മേലങ്കിയിൽ തൊട്ടു. 28  “അവന്‍റെ വസ്‌ത്രത്തിലൊന്നു തൊട്ടാൽ മതി ഞാൻ സുഖം പ്രാപിക്കും” എന്ന് അവളുടെ മനസ്സു പറഞ്ഞു. 29  ക്ഷണത്തിൽ അവളുടെ രക്തസ്രാവം നിലച്ചു; തന്നെ കഠിനമായി വലച്ചിരുന്ന രോഗം വിട്ടുമാറിയത്‌ അവൾ അറിഞ്ഞു. 30  തന്നിൽനിന്നു ശക്തി പുറപ്പെട്ടതായി അപ്പോൾത്തന്നെ യേശുവും തിരിച്ചറിഞ്ഞു; ജനമധ്യേ തിരിഞ്ഞുനിന്ന് അവൻ, “ആരാണ്‌ എന്‍റെ വസ്‌ത്രത്തിൽ തൊട്ടത്‌?” എന്നു ചോദിച്ചു. 31  ശിഷ്യന്മാരോ അവനോട്‌, “ജനം നിന്നെ തിക്കുന്നതു കാണുന്നില്ലേ; എന്നിട്ടും, ‘എന്നെ തൊട്ടത്‌ ആരാണ്‌?’ എന്നു നീ ചോദിക്കുന്നുവോ” എന്നു പറഞ്ഞു. 32  അവനോ അതു ചെയ്‌തവളെ കാണാനായി ചുറ്റും നോക്കിക്കൊണ്ടിരുന്നു. 33  തനിക്കു സംഭവിച്ചതെന്തെന്നു മനസ്സിലാക്കിയ സ്‌ത്രീ ഭയന്നുവിറച്ച് അവന്‍റെ കാൽക്കൽ വീണ്‌ സത്യം മുഴുവൻ തുറന്നുപറഞ്ഞു. 34  അവൻ അവളോട്‌, “മകളേ, നിന്‍റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു. സമാധാനത്തോടെ പൊയ്‌ക്കൊള്ളുക; നിന്നെ വലച്ചിരുന്ന കഠിന രോഗത്തിൽനിന്നു സ്വതന്ത്രയായി ആരോഗ്യത്തോടെ ജീവിക്കുക” എന്നു പറഞ്ഞു. 35  അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ സിനഗോഗിലെ പ്രമാണിയുടെ വീട്ടിൽനിന്നു ചിലർ വന്ന്, “നിന്‍റെ മകൾ മരിച്ചുപോയി! ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്‌ എന്തിന്‌?” എന്നു ചോദിച്ചു. 36  എന്നാൽ അതു കേൾക്കാനിടയായ യേശു സിനഗോഗിലെ പ്രമാണിയോട്‌, “ഭയപ്പെടേണ്ട, വിശ്വസിക്കുകമാത്രം ചെയ്യുക” എന്നു പറഞ്ഞു. 37  പത്രോസും യാക്കോബും യാക്കോബിന്‍റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ പോരാൻ അവൻ അനുവദിച്ചില്ല. 38  അങ്ങനെ, അവർ സിനഗോഗിലെ പ്രമാണിയുടെ വീട്ടിലെത്തി; അവിടെ ആളുകൾ കരഞ്ഞും നിലവിളിച്ചും ബഹളമുണ്ടാക്കുന്നത്‌ അവൻ കണ്ടു. 39  അകത്തുചെന്ന് അവൻ അവരോട്‌, “നിങ്ങൾ ഇങ്ങനെ കരഞ്ഞുബഹളംവെക്കുന്നത്‌ എന്തിന്‌? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്‌” എന്നു പറഞ്ഞു. 40  അവരോ അവനെ പരിഹസിക്കാൻതുടങ്ങി. എന്നാൽ അവൻ അവരെയെല്ലാം പുറത്താക്കിയിട്ട് കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ട് അവളെ കിടത്തിയിരുന്നിടത്തേക്കു ചെന്നു. 41  അവൻ കുട്ടിയുടെ കൈപിടിച്ച് അവളോട്‌, “ബാലികേ, എഴുന്നേൽക്കുക എന്നു ഞാൻ നിന്നോടു പറയുന്നു” എന്നർഥമുള്ള “തലീഥാ കൂമി” എന്നു പറഞ്ഞു. 42  ഉടൻതന്നെ ബാലിക എഴുന്നേറ്റു നടന്നു. അവൾക്കു പന്ത്രണ്ടുവയസ്സായിരുന്നു. അവർ അത്യധികം ആഹ്ലാദിച്ചു. 43  എന്നാൽ സംഭവിച്ചത്‌ ആരോടും പറയരുതെന്ന് അവൻ അവരോട്‌ ആവർത്തിച്ച് പറഞ്ഞു; അവൾക്കു ഭക്ഷിക്കാൻ എന്തെങ്കിലും കൊടുക്കണമെന്നും പറഞ്ഞു.

അടിക്കുറിപ്പുകള്‍

മർക്കോ 5:9മത്തായി 26:53-ന്‍റെ അടിക്കുറിപ്പു കാണുക.