കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മർക്കൊസ്‌ 15:1-47

15  അതിരാവിലെതന്നെ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്‌ത്രിമാരും അടങ്ങിയ ന്യായാധിപസഭ ഒന്നടങ്കം കൂടിയാലോചിച്ച് യേശുവിനെ ബന്ധിച്ചുകൊണ്ടുപോയി പീലാത്തൊസിനെ ഏൽപ്പിച്ചു.  പീലാത്തൊസ്‌ അവനോട്‌, “നീ യഹൂദന്മാരുടെ രാജാവോ?” എന്നു ചോദിച്ചതിന്‌, “നീതന്നെ അതു പറയുന്നുവല്ലോ” എന്ന് അവൻ മറുപടി പറഞ്ഞു.  എന്നാൽ മുഖ്യപുരോഹിതന്മാർ അവനെതിരെ പല ആരോപണങ്ങളും ഉന്നയിച്ചുകൊണ്ടിരുന്നു.  അപ്പോൾ പീലാത്തൊസ്‌ അവനെ വീണ്ടും ചോദ്യംചെയ്‌തുകൊണ്ട്, “നിനക്കു മറുപടിയൊന്നും പറയാനില്ലേ? നോക്കൂ! നിനക്കെതിരെ എന്തെല്ലാം ആരോപണങ്ങളാണ്‌ ഇവർ ഉന്നയിക്കുന്നത്‌” എന്നു പറഞ്ഞു.  എന്നാൽ യേശു കൂടുതലായൊന്നും പറയാതിരുന്നതുകൊണ്ട് പീലാത്തൊസ്‌ ആശ്ചര്യപ്പെട്ടു.  ഓരോ പെരുന്നാളിനും ജനം ആവശ്യപ്പെടുന്ന ഒരു തടവുകാരനെ അവൻ മോചിപ്പിക്കാറുണ്ടായിരുന്നു.  ആ സമയത്ത്‌ ബറബ്ബാസ്‌ എന്നു വിളിക്കപ്പെട്ടിരുന്ന ഒരുവനെ കലാപത്തിനിടെ കൊലനടത്തിയ മറ്റു കലാപകാരികളോടൊപ്പം അവിടെ തടവിലിട്ടിരുന്നു.  ജനം വന്ന് അവൻ തങ്ങൾക്കുവേണ്ടി പതിവായി ചെയ്യാറുള്ളതുപോലെ ചെയ്യാൻ അവനോട്‌ അപേക്ഷിച്ചു.  അതിന്‌ പീലാത്തൊസ്‌ അവരോട്‌, “യഹൂദന്മാരുടെ രാജാവിനെ ഞാൻ മോചിപ്പിച്ചുതരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?” എന്നു ചോദിച്ചു. 10  അസൂയനിമിത്തമാണ്‌ മുഖ്യപുരോഹിതന്മാർ അവനെ തനിക്ക് ഏൽപ്പിച്ചുതന്നിരിക്കുന്നതെന്ന് അവന്‌ അറിയാമായിരുന്നു. 11  എന്നാൽ യേശുവിനു പകരം ബറബ്ബാസിനെ മോചിപ്പിക്കാൻ അവനോട്‌ ആവശ്യപ്പെടുന്നതിനു മുഖ്യപുരോഹിതന്മാർ ജനക്കൂട്ടത്തെ ഉത്സാഹിപ്പിച്ചു. 12  പീലാത്തൊസ്‌ പിന്നെയും അവരോട്‌, “അങ്ങനെയെങ്കിൽ നിങ്ങൾ യഹൂദന്മാരുടെ രാജാവെന്നു വിളിക്കുന്നവനെ ഞാൻ എന്തുചെയ്യണം?” എന്നു ചോദിച്ചു. 13  “അവനെ സ്‌തംഭത്തിലേറ്റുക!” എന്നു വീണ്ടും അവർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 14  എന്നാൽ പീലാത്തൊസ്‌ അവരോട്‌, “എന്തിന്‌, ഇവൻ എന്തു ദോഷമാണു ചെയ്‌തത്‌?” എന്നു ചോദിച്ചു. അവരാകട്ടെ, “അവനെ സ്‌തംഭത്തിലേറ്റുക!” എന്നു പൂർവാധികം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 15  അപ്പോൾ പീലാത്തൊസ്‌ ജനക്കൂട്ടത്തെ തൃപ്‌തിപ്പെടുത്താൻ ആഗ്രഹിച്ച് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു. പിന്നെ യേശുവിനെ ചാട്ടയ്‌ക്കടിപ്പിച്ചശേഷം സ്‌തംഭത്തിൽ തറയ്‌ക്കാൻ ഏൽപ്പിച്ചു. 16  പടയാളികൾ അവനെ ദേശാധിപതിയുടെ അരമനയുടെ നടുമുറ്റത്തേക്കു കൊണ്ടുപോയി. അവർ പട്ടാളത്തെ മുഴുവനും വിളിച്ചുകൂട്ടി. 17  അവർ അവനെ ധൂമ്രവസ്‌ത്രം അണിയിച്ചു; മുള്ളുകൊണ്ടു മെടഞ്ഞ ഒരു കിരീടവും ചൂടിച്ചു. 18  “യഹൂദന്മാരുടെ രാജാവേ, ജയ! ജയ!” എന്ന് അവർ വിളിച്ചുപറഞ്ഞു. 19  അവർ ഞാങ്ങണത്തണ്ടുകൊണ്ട് അവന്‍റെ തലയ്‌ക്കടിക്കുകയും അവനെ തുപ്പുകയും മുട്ടുകുത്തി അവനെ നമസ്‌കരിക്കുകയും ചെയ്‌തു. 20  ഇങ്ങനെ അവനെ പരിഹസിച്ചശേഷം അവർ ധൂമ്രവസ്‌ത്രം അഴിച്ചുമാറ്റി അവനെ സ്വന്തവസ്‌ത്രം ധരിപ്പിച്ചു. പിന്നെ അവർ അവനെ സ്‌തംഭത്തിൽ തറയ്‌ക്കാനായി കൊണ്ടുപോയി. 21  അലക്‌സന്തറിന്‍റെയും രൂഫൊസിന്‍റെയും അപ്പനായ ശിമോൻ എന്നു പേരുള്ള കുറേനക്കാരൻ നാട്ടിൻപുറത്തുനിന്നു വന്ന് അതുവഴി കടന്നുപോകുകയായിരുന്നു. അവർ അയാളെക്കൊണ്ട് അവന്‍റെ ദണ്ഡനസ്‌തംഭം ചുമപ്പിച്ചു.* 22  അങ്ങനെ അവർ അവനെ തലയോടിടം എന്നർഥമുള്ള ഗൊൽഗോഥ എന്ന സ്ഥലത്തുകൊണ്ടുചെന്നു. 23  അവർ അവനു മീറ* കലർത്തിയ വീഞ്ഞു നൽകാൻ ശ്രമിച്ചെങ്കിലും അവൻ അതു സ്വീകരിച്ചില്ല. 24  അവനെ സ്‌തംഭത്തിൽ തറച്ചശേഷം അവർ നറുക്കിട്ട് അവന്‍റെ വസ്‌ത്രങ്ങൾ വീതിച്ചെടുത്തു. 25  അവർ അവനെ സ്‌തംഭത്തിൽ തറച്ചപ്പോൾ അത്‌ മൂന്നാം മണി* ആയിരുന്നു. 26  “യഹൂദന്മാരുടെ രാജാവ്‌” എന്ന കുറ്റകാരണം അവന്‍റെ തലയ്‌ക്കു മുകളിലായി എഴുതിവെച്ചിരുന്നു. 27  കൂടാതെ അവർ രണ്ടുകവർച്ചക്കാരെ, ഒരുത്തനെ അവന്‍റെ വലത്തും മറ്റവനെ അവന്‍റെ ഇടത്തുമായി സ്‌തംഭങ്ങളിലേറ്റി. 28  *—— 29  അതിലേ കടന്നുപോയിരുന്നവർ തലകുലുക്കിക്കൊണ്ട്, “ഹേ! ആലയം ഇടിച്ചുകളഞ്ഞ് മൂന്നുദിവസത്തിനകം പണിയുന്നവനേ, 30  നിന്നെത്തന്നെ രക്ഷിച്ച് സ്‌തംഭത്തിൽനിന്ന് ഇറങ്ങിവാ” എന്നു നിന്ദിച്ചുപറഞ്ഞു. 31  അങ്ങനെതന്നെ, മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരും അവനെ പരിഹസിച്ചുകൊണ്ട്, “മറ്റുള്ളവരെ ഇവൻ രക്ഷിച്ചു; എന്നാൽ സ്വയം രക്ഷിക്കാൻ ഇവനു കഴിയുന്നില്ല! 32  നാം കണ്ടു വിശ്വസിക്കേണ്ടതിന്‌ ഇസ്രായേലിന്‍റെ രാജാവായ ക്രിസ്‌തു ഇപ്പോൾ ദണ്ഡനസ്‌തംഭത്തിൽനിന്ന് ഇറങ്ങിവരട്ടെ” എന്നു തമ്മിൽ പറഞ്ഞു. അവനോടുകൂടെ സ്‌തംഭത്തിലേറ്റപ്പെട്ടവരും അവനെ നിന്ദിച്ചു. 33  ആറാം മണിമുതൽ* ഒൻപതാം മണിവരെ* ദേശത്തെങ്ങും ഇരുട്ടുപരന്നു. 34  ഒൻപതാം മണി* ആയപ്പോൾ യേശു, “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?” എന്നർഥംവരുന്ന “ഏലീ, ഏലീ, ലമാ ശബക്താനീ?” എന്ന് ഉച്ചത്തിൽ നിലവിളിച്ചുപറഞ്ഞു. 35  അരികെ നിന്നിരുന്നവരിൽ ചിലർ ഇതുകേട്ട്, “നോക്കൂ! അവൻ ഏലിയാവിനെ വിളിക്കുന്നു” എന്നു പറഞ്ഞു. 36  ഒരുത്തൻ ഓടിച്ചെന്ന് നീർപ്പഞ്ഞി പുളിച്ച വീഞ്ഞിൽ മുക്കി ഒരു ഞാങ്ങണത്തണ്ടിന്മേൽവെച്ച് അവനു കൊടുത്തുകൊണ്ട്, “ആകട്ടെ, അവനെ താഴെയിറക്കാൻ ഏലിയാവ്‌ വരുമോയെന്നു നമുക്കു നോക്കാം” എന്നു പറഞ്ഞു. 37  എന്നാൽ യേശു ഉറക്കെ നിലവിളിച്ച് ജീവൻ വെടിഞ്ഞു. 38  വിശുദ്ധമന്ദിരത്തിലെ തിരശ്ശീല മുകളിൽനിന്നു താഴെവരെ രണ്ടായി ചീന്തിപ്പോയി. 39  അപ്പോൾ അവന്‍റെ അടുത്തായി നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ മരിച്ചതു കണ്ടിട്ട്, “ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു നിശ്ചയം” എന്നു പറഞ്ഞു. 40  ഇതെല്ലാം കണ്ടുകൊണ്ട് അകലെയായി കുറെ സ്‌ത്രീകളും നിന്നിരുന്നു. മഗ്‌ദലന മറിയയും ചെറിയ യാക്കോബിന്‍റെയും യോസെയുടെയും അമ്മയായ മറിയയും ശലോമയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. 41  അവൻ ഗലീലയിലായിരുന്നപ്പോൾ അവനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്‌തവരാണ്‌ ഇവർ. അവനോടൊപ്പം യെരുശലേമിലേക്കു വന്ന മറ്റു പല സ്‌ത്രീകളും അവിടെയുണ്ടായിരുന്നു. 42  നേരം വൈകിയതുകൊണ്ടും ശബത്തിന്‍റെ തലേന്നായ ഒരുക്കനാൾ ആയതുകൊണ്ടും, 43  ന്യായാധിപസഭയിലെ ബഹുമാന്യനായ ഒരു അംഗവും ദൈവരാജ്യത്തിനായി കാത്തിരുന്നവനുമായ അരിമഥ്യക്കാരൻ യോസേഫ്‌ ധൈര്യപൂർവം പീലാത്തോസിന്‍റെ അടുക്കൽ ചെന്ന് യേശുവിന്‍റെ ശരീരം ചോദിച്ചു. 44  എന്നാൽ ഇത്രവേഗം അവൻ മരിച്ചുവോ എന്നു പീലാത്തോസ്‌ അത്ഭുതപ്പെട്ടു; സൈന്യാധിപനെ വിളിച്ച് അവൻ മരിച്ചുവോയെന്ന് അന്വേഷിച്ചു. 45  സൈന്യാധിപനോടു ചോദിച്ച് ഉറപ്പാക്കിയശേഷം അവൻ ശരീരം യോസേഫിനു വിട്ടുകൊടുത്തു. 46  അനന്തരം യോസേഫ്‌ മേൽത്തരമായ ഒരു കച്ച വാങ്ങി; അവനെ താഴെയിറക്കി കച്ചയിൽപ്പൊതിഞ്ഞ് പാറയിൽ വെട്ടിയുണ്ടാക്കിയ ഒരു കല്ലറയിൽവെച്ചു; കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലും ഉരുട്ടിവെച്ചു. 47  മഗ്‌ദലന മറിയയും യോസെയുടെ അമ്മ മറിയയും അവനെ വെച്ച സ്ഥലം നോക്കിക്കണ്ടു.

അടിക്കുറിപ്പുകള്‍

മർക്കോ 15:21മത്തായി 27:32-ന്‍റെ അടിക്കുറിപ്പു കാണുക.
മർക്കോ 15:23* മത്തുപിടിപ്പിക്കാൻ കഴിവുള്ള പദാർഥം
മർക്കോ 15:25* അക്ഷരാർഥം, മൂന്നാം മണിക്കൂർ: രാവിലെ ഏകദേശം ഒൻപതുമണി
മർക്കോ 15:28* പഴക്കമുള്ളതും കൂടുതൽ ആശ്രയയോഗ്യവുമായ കയ്യെഴുത്തുപ്രതികൾ ഈ വാക്യം വിട്ടുകളഞ്ഞിരിക്കുന്നു. എന്നാൽ ചില കയ്യെഴുത്തുപ്രതികൾ ‘ “അധർമികളുടെ കൂട്ടത്തിൽ അവൻ എണ്ണപ്പെട്ടു” എന്ന തിരുവെഴുത്ത്‌ നിവൃത്തിയായി’ എന്ന ഒരു വാക്യം കൂട്ടിച്ചേർത്തിരിക്കുന്നു.
മർക്കോ 15:33* അക്ഷരാർഥം, ആറാം മണിക്കൂർ: ഉച്ചയ്‌ക്ക് ഏകദേശം പന്ത്രണ്ടുമണി
മർക്കോ 15:33* അക്ഷരാർഥം, ഒൻപതാം മണിക്കൂർ: ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണി
മർക്കോ 15:34* അക്ഷരാർഥം, ഒൻപതാം മണിക്കൂർ: ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണി