കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മർക്കൊസ്‌ 13:1-37

13  അവൻ ആലയത്തിൽനിന്നു പുറത്തേക്കു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരാൾ അവനോട്‌, “ഗുരോ, നോക്കൂ! എങ്ങനെയുള്ള കല്ലുകൾ, എങ്ങനെയുള്ള സൗധങ്ങൾ” എന്നു പറഞ്ഞു.  എന്നാൽ യേശു അവനോട്‌, “ഈ മഹാസൗധങ്ങൾ നീ കാണുന്നുവല്ലോ. നിശ്ചയമായും ഇവിടെ കല്ലിന്മേൽ കല്ലു ശേഷിക്കാത്തവിധം ഇതൊക്കെയും ഇടിച്ചുതകർക്കപ്പെടും” എന്നു പറഞ്ഞു.  പിന്നെ അവൻ ആലയത്തിനഭിമുഖമായി ഒലിവുമലയിൽ ഇരിക്കുമ്പോൾ പത്രോസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോട്‌,  “ഇവയെല്ലാം എപ്പോഴായിരിക്കും സംഭവിക്കുകയെന്നും ഈ കാര്യങ്ങളുടെയെല്ലാം സമാപ്‌തിക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന കാലത്തിന്‍റെ അടയാളം എന്തായിരിക്കുമെന്നും ഞങ്ങളോടു പറയുക” എന്നു പറഞ്ഞു.  അപ്പോൾ യേശു അവരോടു പറഞ്ഞത്‌: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ.  ‘ഞാൻ അവനാണ്‌’ എന്നു പറഞ്ഞു പലരും എന്‍റെ നാമത്തിൽ വന്ന് അനേകരെ വഴിതെറ്റിക്കും.  നിങ്ങൾ യുദ്ധകോലാഹലങ്ങളും യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളും കേൾക്കുമ്പോൾ പരിഭ്രാന്തരാകരുത്‌; ഇവ സംഭവിക്കേണ്ടതാകുന്നു; എന്നാൽ അത്‌ അവസാനമല്ല.  “ജനത ജനതയ്‌ക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും; ഒന്നിനു പുറകെ ഒന്നായി പല സ്ഥലങ്ങളിൽ ഭൂകമ്പങ്ങളുണ്ടാകും; ഭക്ഷ്യക്ഷാമങ്ങളുണ്ടാകും; ഇവയൊക്കെയും ഈറ്റുനോവിന്‍റെ ആരംഭമത്രേ.  “നിങ്ങളോ ജാഗ്രതയോടെയിരിക്കുവിൻ. ആളുകൾ നിങ്ങളെ ന്യായാധിപസഭകൾക്ക്* ഏൽപ്പിച്ചുകൊടുക്കും; നിങ്ങളെ സിനഗോഗുകളിൽവെച്ചു തല്ലുകയും എന്‍റെ നാമംനിമിത്തം ദേശാധിപതികളുടെയും രാജാക്കന്മാരുടെയും മുമ്പാകെ നിറുത്തുകയും ചെയ്യും; അത്‌ അവർക്കൊരു സാക്ഷ്യത്തിനായി ഉതകും. 10  എന്നാൽ ആദ്യംതന്നെ സുവിശേഷം സകല ജനതകളോടും പ്രസംഗിക്കപ്പെടേണ്ടതാകുന്നു. 11  അവർ നിങ്ങളെ ഏൽപ്പിച്ചുകൊടുക്കാൻ കൊണ്ടുപോകുമ്പോൾ, എന്തു പറയുമെന്നു മുൻകൂട്ടി ചിന്തിച്ച് ആകുലപ്പെടേണ്ട. ആ സമയത്തു നിങ്ങൾക്കു നൽകപ്പെടുന്നതെന്തോ അതു പറയുക; എന്തെന്നാൽ സംസാരിക്കുന്നതു നിങ്ങളല്ല, പരിശുദ്ധാത്മാവത്രേ. 12  കൂടാതെ സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്‌ ഏൽപ്പിക്കും; മക്കൾ അമ്മയപ്പന്മാർക്കെതിരെ എഴുന്നേൽക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും. 13  എന്‍റെ നാമംനിമിത്തം സകലരും നിങ്ങളെ ദ്വേഷിക്കും. എന്നാൽ അന്ത്യത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും. 14  “എന്നാൽ ശൂന്യമാക്കുന്ന മ്ലേച്ഛത നിൽക്കരുതാത്തിടത്ത്‌ നിൽക്കുന്നതു കാണുമ്പോൾ (വായിക്കുന്നവൻ വിവേചന ഉപയോഗിക്കട്ടെ) യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. 15  പുരമുകളിലുള്ളവൻ താഴെയിറങ്ങുകയോ തന്‍റെ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാൻ അകത്തു കടക്കുകയോ ചെയ്യരുത്‌. 16  വയലിലായിരിക്കുന്നവൻ തന്‍റെ മേലങ്കി എടുക്കാൻ തിരിച്ചുപോകരുത്‌. 17  ആ നാളുകളിൽ ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും അയ്യോ കഷ്ടം! 18  അത്‌ ശീതകാലത്തു സംഭവിക്കാതിരിക്കാൻ പ്രാർഥിക്കുവിൻ; 19  എന്തെന്നാൽ ദൈവം ലോകത്തെ സൃഷ്ടിച്ചതുമുതൽ അന്നുവരെ സംഭവിച്ചിട്ടില്ലാത്തതും മേലാൽ സംഭവിക്കുകയില്ലാത്തതുമായ കഷ്ടത്തിന്‍റെ നാളുകളായിരിക്കും അവ. 20  യഹോവ ആ നാളുകൾ ചുരുക്കുന്നില്ലെങ്കിൽ ആരും രക്ഷിക്കപ്പെടുകയില്ല. എന്നാൽ താൻ തിരഞ്ഞെടുത്തിരിക്കുന്നവരെപ്രതി അവൻ ആ നാളുകൾ ചുരുക്കും. 21  “അന്ന് ആരെങ്കിലും നിങ്ങളോട്‌, ‘ഇതാ, ക്രിസ്‌തു ഇവിടെ’ എന്നോ ‘അതാ, അവൻ അവിടെ’ എന്നോ പറഞ്ഞാൽ വിശ്വസിക്കരുത്‌; 22  എന്തെന്നാൽ കള്ളക്രിസ്‌തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്‌ സാധ്യമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കേണ്ടതിന്‌ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. 23  നിങ്ങളോ സൂക്ഷിച്ചുകൊള്ളുവിൻ. എല്ലാം ഞാൻ മുൻകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. 24  “എന്നാൽ ഈ കഷ്ടങ്ങൾക്കുശേഷം, അന്നാളുകളിൽ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ വെളിച്ചം തരുകയില്ല. 25  നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഉലയും. 26  അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും മഹത്ത്വത്തോടുംകൂടെ മേഘങ്ങളിൽ വരുന്നത്‌ അവർ കാണും. 27  അനന്തരം അവൻ ദൂതന്മാരെ അയച്ച് താൻ തിരഞ്ഞെടുത്തിരിക്കുന്നവരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്‍റെ അറുതിവരെ നാലുദിക്കിൽനിന്നും* കൂട്ടിച്ചേർക്കും. 28  “അത്തിമരത്തിന്‍റെ ദൃഷ്ടാന്തത്തിൽനിന്നു പഠിക്കുവിൻ: അതിന്‍റെ ഇളങ്കൊമ്പ് തളിർക്കുമ്പോൾ വേനൽ അടുത്തിരിക്കുന്നെന്നു നിങ്ങൾ അറിയുന്നുവല്ലോ. 29  അതുപോലെ, ഈ കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ അവൻ അടുത്ത്‌, വാതിൽക്കൽ എത്തിയിരിക്കുന്നെന്നു മനസ്സിലാക്കിക്കൊള്ളുക. 30  ഇവയെല്ലാം സംഭവിക്കുവോളം ഈ തലമുറ ഒരുപ്രകാരത്തിലും നീങ്ങിപ്പോകുകയില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 31  ആകാശവും ഭൂമിയും നീങ്ങിപ്പോകും; എന്‍റെ വചനങ്ങളോ നീങ്ങിപ്പോകുകയില്ല. 32  “ആ നാളും നാഴികയും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല. 33  ആകയാൽ സൂക്ഷിച്ചുകൊള്ളുവിൻ; ഉണർന്നിരിക്കുവിൻ; നിശ്ചയിക്കപ്പെട്ട സമയം എപ്പോഴാണെന്നു നിങ്ങൾക്ക് അറിയില്ലല്ലോ. 34  ഒരു മനുഷ്യൻ തന്‍റെ ഭവനത്തിന്‍റെ ചുമതല ദാസന്മാരെ ഏൽപ്പിച്ചിട്ട് അന്യദേശത്തേക്കു പോകുന്നതുപോലെയാണ്‌ അത്‌; അവൻ തന്‍റെ ദാസന്മാർക്ക് ഓരോരുത്തർക്കും ഓരോ വേല നൽകുകയും ജാഗ്രതയോടെയിരിക്കാൻ വാതിൽക്കാവൽക്കാരനോടു കൽപ്പിക്കുകയും ചെയ്യുന്നു. 35  വീടിന്‍റെ യജമാനൻ സന്ധ്യയ്‌ക്കോ അർധരാത്രിക്കോ കോഴികൂകുന്ന നേരത്തോ അതിരാവിലെയോ, എപ്പോഴാണു വരുന്നതെന്ന് അറിയായ്‌കയാൽ നിങ്ങളും സദാ ജാഗരൂകരായിരിക്കുവിൻ; 36  അവൻ പെട്ടെന്നു വന്നെത്തുമ്പോൾ നിങ്ങളെ ഉറങ്ങുന്നവരായി കാണാതിരിക്കേണ്ടതിനുതന്നെ. 37  എന്നാൽ നിങ്ങളോടു പറയുന്നതുതന്നെ ഞാൻ എല്ലാവരോടും പറയുന്നു: സദാ ജാഗരൂകരായിരിക്കുവിൻ.”

അടിക്കുറിപ്പുകള്‍

മർക്കോ 13:9* അതായത്‌, പ്രാദേശിക കോടതികൾക്ക്
മർക്കോ 13:27* അക്ഷരാർഥം, നാലുകാറ്റിൽനിന്നും