കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മർക്കൊസ്‌ 12:1-44

12  പിന്നെ അവൻ അവരോട്‌ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് സംസാരിക്കാൻതുടങ്ങി: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു; അതിനു ചുറ്റും വേലികെട്ടി; ഒരു മുന്തിരിച്ചക്ക് ഉണ്ടാക്കി; ഒരു കാവൽഗോപുരവും പണിതു; എന്നിട്ട് അതു പാട്ടക്കാരെ ഏൽപ്പിച്ചശേഷം അന്യദേശത്തേക്കു പോയി.  വിളവെടുപ്പിനു സമയമായപ്പോൾ പാട്ടക്കാരിൽനിന്നു മുന്തിരിത്തോട്ടത്തിലെ ഫലങ്ങളുടെ ഓഹരി കിട്ടേണ്ടതിന്‌ അവൻ ഒരു അടിമയെ അവരുടെ അടുക്കലേക്ക് അയച്ചു.  എന്നാൽ അവർ അവനെ പിടിച്ചു തല്ലി വെറുങ്കൈയോടെ വിട്ടു.  വീണ്ടും അവൻ മറ്റൊരു അടിമയെ അവരുടെ അടുക്കലേക്ക് അയച്ചു. അവർ അവന്‍റെ തലയ്‌ക്കടിക്കുകയും അവനെ അപമാനിക്കുകയും ചെയ്‌തു.  അവൻ മറ്റൊരുവനെ അയച്ചു; അവർ അവനെ കൊന്നുകളഞ്ഞു. അവൻ മറ്റു പലരെയും അയച്ചു; അവരിൽ ചിലരെ അവർ തല്ലുകയും ചിലരെ കൊല്ലുകയും ചെയ്‌തു.  അയയ്‌ക്കാനായി ഇനി ഒരുവനേ ഉണ്ടായിരുന്നുള്ളൂ, അവന്‍റെ പ്രിയമകൻ. ‘എന്‍റെ മകനെ അവർ മാനിക്കും’ എന്നു പറഞ്ഞ് ഒടുവിൽ അവനെയും അയച്ചു.  എന്നാൽ ആ പാട്ടക്കാരോ, ‘ഇവനാണ്‌ അവകാശി. വരുക, നമുക്ക് ഇവനെ കൊല്ലാം; അപ്പോൾ അവകാശം നമ്മുടേതാകും’ എന്നു തമ്മിൽ പറഞ്ഞു.  അങ്ങനെ, അവർ അവനെ പിടിച്ചു കൊന്ന് മുന്തിരിത്തോട്ടത്തിനു വെളിയിൽ എറിഞ്ഞുകളഞ്ഞു.  മുന്തിരിത്തോട്ടത്തിന്‍റെ ഉടമ ഇപ്പോൾ എന്തു ചെയ്യും? അവൻ വന്ന് പാട്ടക്കാരെ നിഗ്രഹിച്ച് മുന്തിരിത്തോട്ടം മറ്റുള്ളവരെ ഏൽപ്പിക്കും. 10  ‘പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു. 11  ഇത്‌ യഹോവയാൽ സംഭവിച്ചു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു’ എന്ന തിരുവെഴുത്ത്‌ നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?” 12  അവൻ തങ്ങളെ ഉദ്ദേശിച്ചാണ്‌ ഈ ദൃഷ്ടാന്തം പറഞ്ഞതെന്നു മനസ്സിലാക്കി അവർ അവനെ പിടിക്കാൻ മാർഗം അന്വേഷിച്ചു. എന്നാൽ ജനക്കൂട്ടത്തെ ഭയപ്പെട്ടതിനാൽ അവർ അവനെ വിട്ട് പൊയ്‌ക്കളഞ്ഞു. 13  പിന്നെ അവർ അവനെ വാക്കിൽ കുടുക്കേണ്ടതിനു പരീശന്മാരിലും ഹെരോദാവിന്‍റെ പക്ഷക്കാരിലും പെട്ട ചിലരെ അവന്‍റെ അടുക്കലേക്ക് അയച്ചു. 14  അവർ വന്ന് അവനോടു പറഞ്ഞത്‌: “ഗുരോ, നീ സത്യവാനും മുഖപക്ഷമില്ലാത്തവനുമാണെന്നു ഞങ്ങൾക്കറിയാം. നീ ആരാലും സ്വാധീനിക്കപ്പെടാതെ ദൈവത്തിന്‍റെ വഴി ശരിയായി പഠിപ്പിക്കുന്നുവല്ലോ. കൈസർക്കു തലക്കരം* കൊടുക്കുന്നതു ന്യായമോ? 15  ഞങ്ങൾ അത്‌ കൊടുക്കണമോ വേണ്ടയോ?” അവരുടെ കാപട്യം തിരിച്ചറിഞ്ഞ് അവൻ അവരോട്‌, “നിങ്ങൾ എന്നെ പരീക്ഷിക്കുന്നത്‌ എന്തിന്‌? ഒരു ദിനാറെ* കൊണ്ടുവരുക, ഞാൻ നോക്കട്ടെ” എന്നു പറഞ്ഞു. 16  അവർ ഒരെണ്ണം കൊണ്ടുവന്നു. അവൻ അവരോട്‌, “ഈ പ്രതിരൂപവും ലിഖിതവും ആരുടേത്‌?” എന്നു ചോദിച്ചതിന്‌, “കൈസറുടേത്‌” എന്ന് അവർ പറഞ്ഞു. 17  അപ്പോൾ യേശു അവരോട്‌, “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്നു പറഞ്ഞു. അവന്‍റെ വാക്കുകളിൽ അവർ വിസ്‌മയിച്ചു. 18  അനന്തരം പുനരുത്ഥാനം ഇല്ലെന്നു പറയുന്ന സദൂക്യർ അവന്‍റെ അടുക്കൽ വന്ന് അവനോടു ചോദിച്ചു: 19  “ഗുരോ, ഒരുവൻ സന്തതി ഇല്ലാതെ മരിക്കുകയും ഭാര്യ ജീവിച്ചിരിക്കുകയും ആണെങ്കിൽ അവന്‍റെ സഹോദരൻ അവളെ ഭാര്യയായി എടുക്കുകയും തന്‍റെ സഹോദരനുവേണ്ടി സന്തതിയെ ജനിപ്പിക്കുകയും ചെയ്യേണ്ടതാണെന്നു മോശ എഴുതിയിട്ടുണ്ടല്ലോ. 20  ഒരിടത്ത്‌ ഏഴുസഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ ഒരു സ്‌ത്രീയെ വിവാഹം ചെയ്‌തു; എന്നാൽ അവൻ സന്തതി ഇല്ലാതെ മരിച്ചു. 21  രണ്ടാമൻ അവളെ സ്വീകരിച്ചു; എന്നാൽ സന്തതി ഇല്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ. 22  ഏഴുപേരും സന്തതി ഇല്ലാതെ മരിച്ചു. ഒടുവിൽ ആ സ്‌ത്രീയും മരിച്ചു. 23  പുനരുത്ഥാനത്തിൽ അവൾ അവരിൽ ആരുടെ ഭാര്യയായിരിക്കും? ഏഴുപേരും അവളെ ഭാര്യയായി സ്വീകരിച്ചിരുന്നുവല്ലോ.” 24  യേശു അവരോടു പറഞ്ഞത്‌: “തിരുവെഴുത്തുകളെയോ ദൈവത്തിന്‍റെ ശക്തിയെയോ അറിയാത്തതുകൊണ്ടല്ലയോ നിങ്ങൾക്കു തെറ്റിപ്പോയത്‌? 25  അവർ മരിച്ചവരിൽനിന്ന് ഉയിർക്കുമ്പോൾ പുരുഷന്മാർ വിവാഹം കഴിക്കുകയോ സ്‌ത്രീകൾ വിവാഹത്തിനു കൊടുക്കപ്പെടുകയോ ഇല്ല; അവർ സ്വർഗത്തിലെ ദൂതന്മാരെപ്പോലെ ആയിരിക്കും. 26  മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ചോ, മോശയുടെ പുസ്‌തകത്തിലെ മുൾപ്പടർപ്പിന്‍റെ വിവരണത്തിൽ ദൈവം അവനോട്‌, ‘ഞാൻ അബ്രാഹാമിന്‍റെ ദൈവവും യിസ്‌ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും ആകുന്നു’ എന്നു പറഞ്ഞതു നിങ്ങൾ വായിച്ചിട്ടില്ലയോ? 27  അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാകുന്നു. നിങ്ങൾക്കു വളരെ തെറ്റിപ്പോയി.” 28  അവിടെ വന്നിരുന്ന ശാസ്‌ത്രിമാരിൽ ഒരാൾ അവർ തർക്കിക്കുന്നതു കേട്ടിട്ട് അവൻ അവർക്കു നന്നായി ഉത്തരം കൊടുത്തെന്നു മനസ്സിലാക്കി അവനോട്‌, “എല്ലാറ്റിലും പ്രധാനമായ കൽപ്പന ഏതാണ്‌?” എന്നു ചോദിച്ചു. 29  അതിന്‌ യേശു ഉത്തരം പറഞ്ഞത്‌: “ഒന്നാമത്തേത്‌, ‘ഇസ്രായേലേ കേൾക്കുക, നമ്മുടെ ദൈവമായ യഹോവ ഏക യഹോവ ആകുന്നു; 30  നിന്‍റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും* മുഴുമനസ്സോടും മുഴുശക്തിയോടുംകൂടെ സ്‌നേഹിക്കണം’ എന്നാകുന്നു. 31  രണ്ടാമത്തേത്‌, ‘നിന്‍റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം’ എന്നാകുന്നു. ഇവയെക്കാൾ വലിയ മറ്റൊരു കൽപ്പനയുമില്ല.” 32  ആ ശാസ്‌ത്രി അവനോട്‌, “ഗുരോ, നീ പറഞ്ഞതു സത്യം: ‘അവൻ ഏകൻ; അവൻ അല്ലാതെ മറ്റൊരുത്തനുമില്ല.’ 33  അവനെ ഒരുവന്‍റെ മുഴുഹൃദയത്തോടും മുഴുഗ്രഹണപ്രാപ്‌തിയോടും മുഴുശക്തിയോടുംകൂടെ സ്‌നേഹിക്കുന്നതും ഒരുവന്‍റെ അയൽക്കാരനെ തന്നെപ്പോലെതന്നെ സ്‌നേഹിക്കുന്നതും സകല സർവാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും ഏറെ ശ്രേഷ്‌ഠം” എന്നു പറഞ്ഞു. 34  അവൻ ബുദ്ധിപൂർവം ഉത്തരം പറഞ്ഞു എന്നു മനസ്സിലാക്കി യേശു അവനോട്‌, “നീ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല” എന്നു പറഞ്ഞു. പിന്നെ ആരും അവനോട്‌ ഒന്നും ചോദിക്കാൻ ധൈര്യപ്പെട്ടില്ല. 35  എന്നാൽ ആലയത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കെ, യേശു പിന്നെയും അവരോടു പറഞ്ഞത്‌: “ക്രിസ്‌തു ദാവീദിന്‍റെ പുത്രനാണെന്നു ശാസ്‌ത്രിമാർ പറയുന്നത്‌ എങ്ങനെ? 36  പരിശുദ്ധാത്മാവിനാൽ ദാവീദുതന്നെയും, ‘യഹോവ എന്‍റെ കർത്താവിനോട്‌, “ഞാൻ നിന്‍റെ ശത്രുക്കളെ നിന്‍റെ കാൽക്കീഴാക്കുവോളം എന്‍റെ വലത്തുഭാഗത്ത്‌ ഇരിക്കുക” എന്ന് അരുളിച്ചെയ്‌തു’ എന്നു പറഞ്ഞുവല്ലോ. 37  ദാവീദ്‌ അവനെ ‘കർത്താവ്‌’ എന്നു വിളിക്കുന്നെങ്കിൽ അവൻ ദാവീദിന്‍റെ പുത്രനാകുന്നത്‌ എങ്ങനെ?” ആ വലിയ ജനക്കൂട്ടം അവൻ പറയുന്നത്‌ ഉത്സാഹത്തോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. 38  അവരെ പഠിപ്പിച്ചുകൊണ്ട് അവൻ തുടർന്നു: “നിലയങ്കികൾ ധരിച്ചു ചുറ്റിനടക്കാനും ചന്തസ്ഥലങ്ങളിൽ അഭിവാദനം ലഭിക്കാനും 39  സിനഗോഗുകളിൽ മുൻനിരയിലിരിക്കാനും അത്താഴവിരുന്നുകളിൽ പ്രമുഖസ്ഥാനങ്ങൾ അലങ്കരിക്കാനും ആഗ്രഹിക്കുന്ന ശാസ്‌ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ. 40  അവർ വിധവമാരുടെ വീടുകൾ വിഴുങ്ങുകയും നാട്യരൂപേണ ദീർഘമായി പ്രാർഥിക്കുകയും ചെയ്യുന്നു. അവർക്ക് ഏറെ കഠിനമായ ശിക്ഷാവിധി ലഭിക്കും.” 41  ജനങ്ങൾ ഭണ്ഡാരങ്ങളിൽ പണമിടുന്നതും നോക്കിക്കൊണ്ട് യേശു ഇരിക്കുകയായിരുന്നു. ധനവാന്മാർ പലരും വളരെ നാണയങ്ങൾ ഇടുന്നുണ്ടായിരുന്നു. 42  അപ്പോൾ ദരിദ്രയായ ഒരു വിധവ വന്ന് മൂല്യംകുറഞ്ഞ രണ്ടു ചെറുതുട്ടുകൾ* ഇട്ടു. 43  അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്‌, “ഞാൻ സത്യമായി നിങ്ങളോടു പറയുന്നു: ഭണ്ഡാരങ്ങളിൽ മറ്റെല്ലാവരും ഇട്ടതിനെക്കാളധികം ദരിദ്രയായ ഈ വിധവ ഇട്ടിരിക്കുന്നു. 44  അവരെല്ലാം ഇട്ടത്‌ അവരുടെ സമൃദ്ധിയിൽനിന്നത്രേ; ഇവളോ തന്‍റെ ഇല്ലായ്‌മയിൽനിന്ന് തനിക്കുള്ളതെല്ലാം, തന്‍റെ ഉപജീവനത്തിനുള്ള വക മുഴുവനും ഇട്ടിരിക്കുന്നു” എന്നു പറഞ്ഞു.

അടിക്കുറിപ്പുകള്‍

മർക്കോ 12:14* അതായത്‌, ആളാംപ്രതി കൊടുക്കേണ്ടിയിരുന്ന നികുതി
മർക്കോ 12:15മത്തായി 18:24-ന്‍റെ അടിക്കുറിപ്പു കാണുക.
മർക്കോ 12:30* ഗ്രീക്കിൽ, സൈക്കി
മർക്കോ 12:42*അക്ഷരാർഥം, രണ്ടുലെപ്‌റ്റ, ഒരു ദിവസത്തെ വേതനത്തിന്‍റെ 1/64