കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 9:1-38

9  അങ്ങനെ, അവൻ വള്ളത്തിൽ കയറി മറുകരയിൽ സ്വന്തം പട്ടണത്തിലെത്തി.  ഏതാനുംപേർ ചേർന്ന് ഒരു തളർവാതരോഗിയെ കിടക്കയോടെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ട് യേശു തളർവാതരോഗിയോട്‌, “മകനേ, ധൈര്യമായിരിക്കുക. നിന്‍റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു.  അപ്പോൾ ചില ശാസ്‌ത്രിമാർ, “ഇവൻ ദൈവദൂഷണം പറയുന്നു” എന്ന് ഉള്ളിൽ പറഞ്ഞു.  അവരുടെ മനോവിചാരം മനസ്സിലാക്കി യേശു അവരോടു ചോദിച്ചു: “നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നതെന്ത്?  നിന്‍റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം?  എന്നാൽ ഭൂമിയിൽ പാപങ്ങൾ മോചിക്കാൻ മനുഷ്യപുത്രന്‌ അധികാരമുണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്‌—” അവൻ തളർവാതരോഗിയോട്‌, “എഴുന്നേറ്റു കിടക്കയെടുത്തു വീട്ടിലേക്കു പോകുക” എന്നു പറഞ്ഞു.  അവൻ എഴുന്നേറ്റ്‌ വീട്ടിലേക്കു പോയി.  ജനക്കൂട്ടം ഇതുകണ്ട് ഭയപ്പെട്ടു. മനുഷ്യർക്ക് ഇത്തരം അധികാരം നൽകിയ ദൈവത്തെ അവർ മഹത്ത്വപ്പെടുത്തി.  അവിടെനിന്നു പോകുംവഴി, മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ ചുങ്കസ്ഥലത്ത്‌ ഇരിക്കുന്നതു കണ്ട് യേശു അവനോട്‌, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. ഉടനെ അവൻ എഴുന്നേറ്റ്‌ അവനെ അനുഗമിച്ചു. 10  പിന്നീട്‌ യേശു അവന്‍റെ വീട്ടിൽ വിരുന്നിനിരിക്കുമ്പോൾ അനേകം ചുങ്കക്കാരും പാപികളും വന്ന് അവനോടും ശിഷ്യന്മാരോടുംകൂടെ ഭക്ഷണത്തിനിരുന്നു. 11  എന്നാൽ പരീശന്മാർ ഇതു കണ്ടിട്ട് അവന്‍റെ ശിഷ്യന്മാരോട്‌, “നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടുംകൂടെ ഭക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു. 12  ഇതു കേട്ടപ്പോൾ അവൻ അവരോടു പറഞ്ഞത്‌: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. 13  ‘യാഗമല്ല, കരുണയാണ്‌ ഞാൻ ആഗ്രഹിക്കുന്നത്‌’ എന്നതിന്‍റെ അർഥമെന്തെന്നു പോയി പഠിക്കുവിൻ. ഞാൻ നീതിമാന്മാരെയല്ല, പാപികളെയത്രേ വിളിക്കാൻ വന്നത്‌.” 14  അനന്തരം യോഹന്നാന്‍റെ ശിഷ്യന്മാർ അവന്‍റെ അടുക്കൽ വന്ന് അവനോട്‌, “ഞങ്ങളും പരീശന്മാരും പതിവായി ഉപവസിക്കുന്നു. എന്നാൽ നിന്‍റെ ശിഷ്യന്മാർ ഉപവസിക്കാത്തതെന്ത്?” എന്നു ചോദിച്ചു. 15  അതിന്‌ യേശു അവരോടു പറഞ്ഞത്‌: “മണവാളൻ കൂടെയുള്ളിടത്തോളം തോഴന്മാർ ദുഃഖിക്കേണ്ടതുണ്ടോ? എന്നാൽ മണവാളൻ അവരിൽനിന്ന് എടുക്കപ്പെടുന്ന നാൾ വരും; അന്ന് അവർ ഉപവസിക്കും. 16  ആരും പഴയ വസ്‌ത്രത്തിൽ കോടിത്തുണിക്കഷണം തുന്നിച്ചേർക്കാറില്ല; കാരണം, ആ തുണിക്കഷണം വസ്‌ത്രത്തിൽനിന്നു വലിഞ്ഞ് കീറൽ ഏറെ വലുതാകും. 17  അതുപോലെ, ആരും പുതുവീഞ്ഞ് പഴയ തുരുത്തിയിൽ ഒഴിച്ചുവെക്കാറില്ല. അങ്ങനെചെയ്‌താൽ തുരുത്തി പിളർന്ന് വീഞ്ഞ് ഒഴുകിപ്പോകും, തുരുത്തിയും നശിക്കും; പുതുവീഞ്ഞ് പുതിയ തുരുത്തിയിലാണ്‌ ഒഴിച്ചുവെക്കുന്നത്‌. അപ്പോൾ രണ്ടും ഭദ്രമായിരിക്കും.” 18  അവൻ അവരോട്‌ ഇക്കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ, ഒരു പ്രമാണി അവനെ സമീപിച്ച് താണുവണങ്ങിക്കൊണ്ട് അവനോട്‌, “എന്‍റെ മകൾ ഇപ്പോൾ മരിച്ചുകാണും; എന്നാലും നീ വന്ന് അവളുടെമേൽ കൈവെക്കേണമേ; എങ്കിൽ അവൾ ജീവിക്കും” എന്നു പറഞ്ഞു. 19  യേശു എഴുന്നേറ്റ്‌ അവനോടൊപ്പം പോയി. അവന്‍റെ ശിഷ്യന്മാരും കൂടെ ചെന്നു. 20  അവർ പോകുമ്പോൾ, പന്ത്രണ്ടുവർഷമായി രക്തസ്രാവത്താൽ കഷ്ടപ്പെട്ടിരുന്ന ഒരു സ്‌ത്രീ പിന്നിലൂടെ വന്ന് അവന്‍റെ മേലങ്കിയുടെ വിളുമ്പിൽ തൊട്ടു. 21  “അവന്‍റെ വസ്‌ത്രത്തിലൊന്നു തൊട്ടാൽ മതി, ഞാൻ സുഖം പ്രാപിക്കും” എന്ന് അവളുടെ മനസ്സു പറയുന്നുണ്ടായിരുന്നു. 22  യേശു തിരിഞ്ഞ് അവളെ കണ്ടിട്ട് അവളോട്‌, “മകളേ, ധൈര്യമായിരിക്കുക. നിന്‍റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ആ നിമിഷംതന്നെ അവൾ സുഖം പ്രാപിച്ചു. 23  അവൻ പ്രമാണിയുടെ വീട്ടിലെത്തി. കുഴലൂത്തുകാരെയും ബഹളംകൂട്ടുന്ന ജനക്കൂട്ടത്തെയും കണ്ട് 24  യേശു അവരോട്‌, “ഇവിടെനിന്നു പോകുവിൻ. ബാലിക മരിച്ചിട്ടില്ല, അവൾ ഉറങ്ങുകയാണ്‌” എന്നു പറഞ്ഞു. ഇതുകേട്ട് അവർ അവനെ പരിഹസിക്കാൻതുടങ്ങി. 25  ജനക്കൂട്ടം പുറത്തുപോയ ഉടൻ അവൻ അകത്തു ചെന്ന് ബാലികയുടെ കൈയിൽ പിടിച്ചു; അവൾ എഴുന്നേറ്റു. 26  ഈ വാർത്ത ദേശത്തെങ്ങും പരന്നു. 27  യേശു അവിടെനിന്നു പോകുംവഴി, അന്ധരായ രണ്ടുപേർ, “ദാവീദുപുത്രാ, ഞങ്ങളോടു കനിവു തോന്നേണമേ” എന്നു നിലവിളിച്ചുകൊണ്ട് അവന്‍റെ പിന്നാലെ ചെന്നു. 28  അവൻ വീട്ടിലെത്തിയപ്പോൾ അന്ധന്മാർ അവന്‍റെ അടുക്കലെത്തി. യേശു അവരോട്‌, “എനിക്ക് ഇതു ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?” എന്നു ചോദിച്ചു. “ഉവ്വ് കർത്താവേ” എന്ന് അവർ മറുപടി നൽകി. 29  അപ്പോൾ അവൻ അവരുടെ കണ്ണുകളിൽ തൊട്ടുകൊണ്ട്, “നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. 30  അവർക്കു കാഴ്‌ച കിട്ടി. “ആരും ഇത്‌ അറിയാനിടയാകരുത്‌” എന്ന് യേശു അവരോടു കർശനമായി കൽപ്പിച്ചു. 31  അവരോ അവിടെനിന്നു പുറപ്പെട്ട് അവനെക്കുറിച്ചുള്ള വാർത്ത ദേശത്തെങ്ങും പ്രചരിപ്പിച്ചു. 32  അവർ പോകുമ്പോൾ ഭൂതബാധിതനായ ഒരു ഊമനെ ആളുകൾ അവന്‍റെ അടുക്കൽ കൊണ്ടുവന്നു. 33  ഭൂതത്തെ പുറത്താക്കിയപ്പോൾ ഊമൻ സംസാരിച്ചു. ജനം ആശ്ചര്യപ്പെട്ട്, “ഇങ്ങനെയൊന്ന് ഇതിനുമുമ്പ് ഇസ്രായേലിൽ കണ്ടിട്ടില്ല” എന്നു പറഞ്ഞു. 34  എന്നാൽ പരീശന്മാർ, “ഇവൻ ഭൂതങ്ങളുടെ അധിപനെക്കൊണ്ടാണ്‌ ഭൂതങ്ങളെ പുറത്താക്കുന്നത്‌” എന്നു പറയാൻതുടങ്ങി. 35  യേശുവാകട്ടെ അവരുടെ സിനഗോഗുകളിൽ ഉപദേശിച്ചും രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിച്ചും സകലതരം രോഗങ്ങളും വ്യാധികളും സൗഖ്യമാക്കിയുംകൊണ്ട് എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ചു. 36  ജനക്കൂട്ടത്തെ കണ്ട് അവന്‍റെ മനസ്സലിഞ്ഞു; എന്തെന്നാൽ അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ ദ്രോഹിക്കപ്പെട്ടവരും* ചിതറിക്കപ്പെട്ടവരും ആയിരുന്നു. 37  പിന്നെ അവൻ തന്‍റെ ശിഷ്യന്മാരോട്‌, “കൊയ്‌ത്തു വളരെയുണ്ട്; വേലക്കാരോ ചുരുക്കം; 38  അതുകൊണ്ട് കൊയ്‌ത്തിലേക്കു വേലക്കാരെ അയയ്‌ക്കാൻ കൊയ്‌ത്തിന്‍റെ യജമാനനോടു യാചിക്കുവിൻ” എന്നു പറഞ്ഞു.

അടിക്കുറിപ്പുകള്‍

മത്താ 9:36* അക്ഷരാർഥം, തോലുരിക്കപ്പെട്ടവരും