കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 8:1-34

8  അവൻ മലയിൽനിന്ന് ഇറങ്ങിവന്നപ്പോൾ വലിയ ജനക്കൂട്ടം അവനെ പിന്തുടർന്നു.  അപ്പോൾ ഒരു കുഷ്‌ഠരോഗി വന്ന് അവനെ വണങ്ങി അവനോട്‌, “കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും” എന്നു പറഞ്ഞു.  യേശു കൈനീട്ടി അവനെ തൊട്ടുകൊണ്ട് പറഞ്ഞു: “എനിക്കു മനസ്സുണ്ട്. ശുദ്ധനാകുക.” തത്‌ക്ഷണം കുഷ്‌ഠം മാറി; അവൻ ശുദ്ധനായി.  യേശു അവനോട്‌, “ഇത്‌ ആരോടും പറയരുത്‌. എന്നാൽ നീ പോയി നിന്നെത്തന്നെ പുരോഹിതനെ കാണിച്ച് മോശ കൽപ്പിച്ച വഴിപാട്‌ അർപ്പിക്കുക; അത്‌ അവർക്കൊരു സാക്ഷ്യമായിരിക്കും” എന്നു പറഞ്ഞു.  അനന്തരം അവൻ കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ അവന്‍റെ അടുക്കൽ വന്ന് അവനോടു യാചിച്ചുപറഞ്ഞു:  “യജമാനനേ, എന്‍റെ ദാസൻ തളർവാതം പിടിപെട്ട് വീട്ടിൽ കിടന്നു വല്ലാതെ കഷ്ടപ്പെടുന്നു.”  അവൻ ശതാധിപനോട്‌, “ഞാൻ വന്ന് അവനെ സുഖപ്പെടുത്തും” എന്നു പറഞ്ഞു.  അപ്പോൾ ശതാധിപൻ അവനോട്‌, “യജമാനനേ, നീ എന്‍റെ വീട്ടിൽ വരാൻതക്ക യോഗ്യത എനിക്കില്ല. നീ ഒന്നു പറഞ്ഞാൽ മതി, എന്‍റെ ദാസനു സൗഖ്യംവരും.  ഞാൻതന്നെയും അധികാരത്തിൻകീഴിലുള്ളവനാണ്‌; മാത്രമല്ല, എന്‍റെ കീഴിലും പടയാളികളുണ്ട്. ഞാൻ ഒരുവനോട്‌, ‘പോകുക’ എന്നു പറഞ്ഞാൽ അവൻ പോകുന്നു. വേറൊരുവനോട്‌, ‘വരുക’ എന്നു പറഞ്ഞാൽ അവൻ വരുന്നു. എന്‍റെ അടിമയോട്‌, ‘ഇതു ചെയ്യുക’ എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു” എന്നു പറഞ്ഞു. 10  യേശു ഇതുകേട്ട് ആശ്ചര്യപ്പെട്ട് തന്നെ അനുഗമിക്കുന്നവരോടു പറഞ്ഞത്‌: “ഇസ്രായേല്യരിൽപ്പോലും ഇത്ര വലിയ വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു സത്യമായി നിങ്ങളോടു പറയുന്നു. 11  ഞാൻ നിങ്ങളോടു പറയുന്നു: കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്ന് അബ്രാഹാമിനോടും യിസ്‌ഹാക്കിനോടും യാക്കോബിനോടുംകൂടെ സ്വർഗരാജ്യത്തിൽ വിരുന്നിനിരിക്കും. 12  അതേസമയം രാജ്യത്തിന്‍റെ പുത്രന്മാർ പുറത്തെ ഇരുട്ടിലേക്ക് എറിയപ്പെടും; അവിടെ അവരുടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.” 13  പിന്നെ യേശു ശതാധിപനോട്‌, “പോകുക. നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ആ നിമിഷംതന്നെ അവന്‍റെ ദാസനു സൗഖ്യംവന്നു. 14  അനന്തരം യേശു പത്രോസിന്‍റെ വീട്ടിൽ ചെന്നപ്പോൾ അവന്‍റെ അമ്മായിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. 15  അവൻ അവളുടെ കൈയിൽ തൊട്ടു; അവളുടെ പനി മാറി. അവൾ എഴുന്നേറ്റ്‌ അവനെ പരിചരിച്ചു. 16  വൈകുന്നേരമായപ്പോൾ നിരവധി ഭൂതഗ്രസ്‌തരെ ആളുകൾ അവന്‍റെ അടുക്കൽ കൊണ്ടുവന്നു. അവൻ തന്‍റെ വാക്കിനാൽ ഭൂതങ്ങളെ പുറത്താക്കുകയും ദീനക്കാരെയെല്ലാം സുഖപ്പെടുത്തുകയും ചെയ്‌തു. 17  “അവൻ നമ്മുടെ രോഗങ്ങൾ ഏറ്റുവാങ്ങി, നമ്മുടെ വ്യാധികൾ ചുമന്നു” എന്ന് യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്‌തതു നിവൃത്തിയാകേണ്ടതിന്‌ ഇങ്ങനെ സംഭവിച്ചു. 18  തനിക്കു ചുറ്റുമുള്ള ജനക്കൂട്ടത്തെ കണ്ടപ്പോൾ മറുകരയ്‌ക്കു പോകാൻ യേശു ശിഷ്യന്മാർക്കു നിർദേശം നൽകി. 19  ഒരു ശാസ്‌ത്രി വന്ന് അവനോട്‌, “ഗുരോ, നീ പോകുന്നിടത്തൊക്കെയും ഞാൻ നിന്നെ അനുഗമിക്കും” എന്നു പറഞ്ഞു. 20  എന്നാൽ യേശു അവനോട്‌, “കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളുമുണ്ട്; മനുഷ്യപുത്രനോ തലചായ്‌ക്കാൻ ഇടമില്ല” എന്നു പറഞ്ഞു. 21  അപ്പോൾ ശിഷ്യന്മാരിൽ മറ്റൊരുവൻ അവനോട്‌, “കർത്താവേ, ആദ്യം പോയി എന്‍റെ അപ്പനെ അടക്കംചെയ്യാൻ എന്നെ അനുവദിച്ചാലും” എന്നു പറഞ്ഞു. 22  യേശു അവനോട്‌, “നീ എന്നെ അനുഗമിക്കുക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ” എന്നു പറഞ്ഞു. 23  അവൻ വള്ളത്തിൽ കയറി ശിഷ്യന്മാരോടൊപ്പം യാത്രതിരിച്ചു. 24  പെട്ടെന്ന് കടൽ പ്രക്ഷുബ്ധമായി; തിരമാലകളിൽപ്പെട്ടു വള്ളം മുങ്ങാറായി. അവനോ ഉറങ്ങുകയായിരുന്നു. 25  അവർ അടുത്തു ചെന്ന്, “കർത്താവേ, ഞങ്ങളെ രക്ഷിക്കേണമേ; ഞങ്ങൾ നശിക്കാൻ പോകുന്നു” എന്നു പറഞ്ഞ് അവനെ ഉണർത്തി. 26  അവനോ, “അൽപ്പവിശ്വാസികളേ, നിങ്ങൾ പരിഭ്രമിക്കുന്നത്‌ എന്തിന്‌?” എന്ന് അവരോടു ചോദിച്ചിട്ട് എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചു. ഒരു വലിയ ശാന്തതയുണ്ടായി. 27  ആ പുരുഷന്മാർ ആശ്ചര്യപ്പെട്ട്, “ഇതെന്തൊരു മനുഷ്യൻ! കാറ്റും കടലുംപോലും ഇവനെ അനുസരിക്കുന്നല്ലോ” എന്നു പറഞ്ഞു. 28  അവൻ മറുകരയിൽ ഗദരേനരുടെ* ദേശത്തെത്തിയപ്പോൾ ഭൂതബാധിതരായ രണ്ടുപേർ ശവക്കല്ലറകൾക്കിടയിൽനിന്ന് ഇറങ്ങി അവന്‍റെനേരെ ചെന്നു. ആർക്കും ആ വഴി സഞ്ചരിക്കാനാകാത്തവിധം അവർ അത്ര ഭയങ്കരന്മാരായിരുന്നു. 29  അവർ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട്, “ദൈവപുത്രാ, നമുക്കു തമ്മിൽ എന്തുകാര്യം? സമയത്തിനു മുമ്പേ നീ ഞങ്ങളെ ദണ്ഡിപ്പിക്കാൻ വന്നുവോ?” എന്നു ചോദിച്ചു. 30  കുറെ അകലെയായി ഒരു വലിയ പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു. 31  ഭൂതങ്ങൾ അവനോട്‌, “നീ ഞങ്ങളെ പുറത്താക്കുകയാണെങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്‌ക്കേണമേ” എന്ന് അപേക്ഷിച്ചു. 32  അപ്പോൾ അവൻ അവയോട്‌, “പോകുവിൻ” എന്നു പറഞ്ഞു. അവ പുറത്തുവന്ന് ആ പന്നിക്കൂട്ടത്തിൽ കടന്നു. പന്നിക്കൂട്ടം മുഴുവനും വിരണ്ടോടി ചെങ്കുത്തായ സ്ഥലത്തുനിന്ന് കടലിലേക്കു ചാടി മുങ്ങിച്ചത്തു. 33  പന്നികളെ മേയ്‌ക്കുന്നവർ ഓടി പട്ടണത്തിൽച്ചെന്ന് ഭൂതഗ്രസ്‌തരുടെ കാര്യം ഉൾപ്പെടെ നടന്നതെല്ലാം അറിയിച്ചു. 34  പട്ടണം ഒന്നടങ്കം യേശുവിന്‍റെ അടുക്കലേക്കു പുറപ്പെട്ടു. അവനെ കണ്ടപ്പോൾ ആ ദേശം വിട്ട് പോകണമേയെന്ന് അവർ അവനോട്‌ അപേക്ഷിച്ചു.

അടിക്കുറിപ്പുകള്‍

മത്താ 8:28മർക്കോസ്‌ 5:1-ലും ലൂക്കോസ്‌ 8:26-ലും ഗെരസേന്യരുടെ ദേശം എന്നു കാണുന്നു.