കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 7:1-29

7  “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്‌ വിധിക്കാതിരിക്കുക;  എന്തെന്നാൽ നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളന്നുകൊടുക്കുന്ന അളവിനാൽത്തന്നെ നിങ്ങൾക്കും അളന്നുകിട്ടും.  നീ സഹോദരന്‍റെ കണ്ണിലെ കരട്‌ കാണുകയും എന്നാൽ സ്വന്തം കണ്ണിലെ കഴുക്കോൽ കാണാതിരിക്കുകയും ചെയ്യുന്നതെന്ത്?  അല്ല, സ്വന്തം കണ്ണിൽ കഴുക്കോലിരിക്കെ നിന്‍റെ സഹോദരനോട്‌, ‘നിൽക്കൂ, ഞാൻ നിന്‍റെ കണ്ണിൽനിന്നു കരട്‌ എടുത്തുകളയട്ടെ’ എന്നു പറയാൻ നിനക്ക് എങ്ങനെ കഴിയും?  കപടഭക്തിക്കാരാ, ആദ്യം സ്വന്തം കണ്ണിൽനിന്നു കഴുക്കോൽ എടുത്തുമാറ്റുക. അപ്പോൾ നിന്‍റെ സഹോദരന്‍റെ കണ്ണിലെ കരട്‌ എടുത്തുകളയാൻ സാധിക്കുംവിധം നിന്‍റെ കാഴ്‌ച തെളിയും.  “വിശുദ്ധമായത്‌ നായ്‌ക്കൾക്ക് ഇട്ടുകൊടുക്കരുത്‌; നിങ്ങളുടെ മുത്തുകൾ പന്നികളുടെ മുമ്പിൽ എറിയുകയുമരുത്‌; അവ ആ മുത്തുകൾ ചവിട്ടിക്കളയുകയും തിരിഞ്ഞ് നിങ്ങളെ ചീന്തിക്കളയുകയും ചെയ്‌തേക്കാം.  “ചോദിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾക്കു നൽകപ്പെടും; അന്വേഷിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും;  എന്തെന്നാൽ ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്ന ഏവനും കണ്ടെത്തുന്നു; മുട്ടുന്ന ഏവനും തുറന്നുകിട്ടുന്നു.  മകൻ അപ്പം ചോദിച്ചാൽ നിങ്ങളിൽ ആരെങ്കിലും അവനു കല്ല് കൊടുക്കുമോ? 10  മീൻ ചോദിച്ചാൽ അവനു പാമ്പിനെ കൊടുക്കുമോ? 11  മക്കൾക്കു നല്ല ദാനങ്ങൾ നൽകാൻ ദോഷികളായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ്‌ തന്നോടു ചോദിക്കുന്നവർക്ക് നന്മകൾ എത്രയധികം നൽകും! 12  “ആകയാൽ മറ്റുള്ളവർ നിങ്ങൾക്കു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ. ന്യായപ്രമാണത്തിന്‍റെയും പ്രവാചകവചനങ്ങളുടെയും സാരം ഇതുതന്നെ. 13  “ഇടുക്കുവാതിലിലൂടെ കടക്കുവിൻ; നാശത്തിലേക്കുള്ള പാത വീതിയുള്ളതും വിശാലവും ആകുന്നു. അതിലൂടെ പോകുന്നവർ അനേകരത്രേ. 14  എന്നാൽ ജീവനിലേക്കുള്ള വാതിൽ ഇടുങ്ങിയതും പാത ഞെരുക്കമുള്ളതും ആകുന്നു. അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ. 15  “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ. അവർ ചെമ്മരിയാടുകളുടെ വേഷത്തിൽ നിങ്ങളുടെ അടുക്കൽ വരുന്നു; അകമേയോ അവർ കടിച്ചുകീറുന്ന ചെന്നായ്‌ക്കളാണ്‌. 16  അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ? 17  നല്ല വൃക്ഷമൊക്കെയും നല്ല ഫലം കായ്‌ക്കുന്നു. ചീത്ത വൃക്ഷമോ ചീത്ത ഫലം കായ്‌ക്കുന്നു. 18  നല്ല വൃക്ഷത്തിനു ചീത്ത ഫലവും ചീത്ത വൃക്ഷത്തിനു നല്ല ഫലവും കായ്‌ക്കാൻ കഴിയുകയില്ല. 19  നല്ല ഫലം കായ്‌ക്കാത്ത വൃക്ഷമൊക്കെയും വെട്ടി തീയിൽ ഇടുന്നു. 20  അതെ, അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം. 21  “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന ഏവനുമല്ല, സ്വർഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്‌. 22  അന്നു പലരും എന്നോട്‌, ‘കർത്താവേ, കർത്താവേ, ഞങ്ങൾ നിന്‍റെ നാമത്തിൽ പ്രവചിച്ചില്ലയോ? നിന്‍റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കിയില്ലയോ? നിന്‍റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ ചെയ്‌തില്ലയോ?’ എന്നു പറയും. 23  എന്നാൽ ഞാൻ അവരോട്‌, ഞാൻ ഒരിക്കലും നിങ്ങളെ അറിഞ്ഞിട്ടില്ല! അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ട് പോകുവിൻ എന്നു തീർത്തുപറയും. 24  “ആകയാൽ എന്‍റെ ഈ വചനങ്ങൾ കേട്ട് അവ പ്രമാണിക്കുന്ന ഏവനും പാറമേൽ വീടു പണിത വിവേകിയായ മനുഷ്യനോടു തുല്യൻ. 25  മഴ കോരിച്ചൊരിഞ്ഞു; വെള്ളം പൊങ്ങി; കാറ്റ്‌ ആ വീടിന്മേൽ ആഞ്ഞടിച്ചു; എങ്കിലും അതു വീണില്ല; അത്‌ പാറമേൽ അടിസ്ഥാനമുള്ളതായിരുന്നു. 26  എന്നാൽ എന്‍റെ ഈ വചനങ്ങൾ കേട്ട് അവ പ്രമാണിക്കാത്ത ഏവനും മണലിൽ വീടു പണിത മൂഢനായ മനുഷ്യനോടു തുല്യൻ. 27  മഴ കോരിച്ചൊരിഞ്ഞു; വെള്ളം പൊങ്ങി; കാറ്റ്‌ ആ വീടിന്മേൽ ആഞ്ഞടിച്ചു; അതു വീണുപോയി. അതിന്‍റെ വീഴ്‌ച വലുതായിരുന്നു.” 28  യേശു ഈ വചനങ്ങൾ പറഞ്ഞുതീർന്നപ്പോൾ ജനക്കൂട്ടം അവന്‍റെ പഠിപ്പിക്കലിൽ വിസ്‌മയിച്ചു; 29  എന്തെന്നാൽ അവരുടെ ശാസ്‌ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ പഠിപ്പിച്ചത്‌.

അടിക്കുറിപ്പുകള്‍