കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 6:1-34

6  “മനുഷ്യരെ കാണിക്കേണ്ടതിന്‌ അവരുടെ മുമ്പിൽവെച്ച് നീതിപ്രവൃത്തികൾ ചെയ്യാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. അല്ലാഞ്ഞാൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിൽനിന്നു നിങ്ങൾക്ക് ഒരു പ്രതിഫലവും ലഭിക്കുകയില്ല.  നിങ്ങൾ ദാനം ചെയ്യുമ്പോൾ, മനുഷ്യരാലുള്ള പുകഴ്‌ചയ്‌ക്കുവേണ്ടി കപടഭക്തർ സിനഗോഗുകളിലും തെരുവുകളിലും ചെയ്യുന്നതുപോലെ നിങ്ങളുടെ മുമ്പിൽ കാഹളം ഊതിക്കരുത്‌. അവർക്കു പ്രതിഫലം കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.  എന്നാൽ നിങ്ങൾ ദാനം ചെയ്യുമ്പോൾ, നിങ്ങളുടെ ദാനം രഹസ്യത്തിലായിരിക്കേണ്ടതിന്‌ നിങ്ങളുടെ വലത്തുകൈ ചെയ്യുന്നത്‌ എന്തെന്ന് ഇടത്തുകൈ അറിയാതിരിക്കട്ടെ.  അപ്പോൾ രഹസ്യത്തിൽ കാണുന്ന നിങ്ങളുടെ പിതാവ്‌ നിങ്ങൾക്കു പ്രതിഫലം തരും.  “പ്രാർഥിക്കുമ്പോൾ നിങ്ങൾ കപടഭക്തരെപ്പോലെ ആയിരിക്കരുത്‌; മനുഷ്യർ കാണേണ്ടതിന്‌ അവർ സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നുകൊണ്ടു പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്നു. അവർക്കു പ്രതിഫലം കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.  നീയോ, പ്രാർഥിക്കുമ്പോൾ നിന്‍റെ മുറിയിൽ കടന്നു വാതിലടച്ച് രഹസ്യത്തിലുള്ള നിന്‍റെ പിതാവിനോടു പ്രാർഥിക്കുക. അപ്പോൾ, രഹസ്യത്തിൽ കാണുന്ന നിന്‍റെ പിതാവ്‌ നിനക്കു പ്രതിഫലം തരും.  എന്നാൽ പ്രാർഥിക്കുമ്പോൾ, വിജാതീയർ ചെയ്യുന്നതുപോലെ ഒരേ കാര്യങ്ങൾതന്നെ ഉരുവിടരുത്‌. അതിഭാഷണത്താൽ തങ്ങളുടെ പ്രാർഥന കേൾക്കപ്പെടുമെന്നല്ലോ അവർ കരുതുന്നത്‌.  നിങ്ങൾ അവരെപ്പോലെ ആകരുത്‌; നിങ്ങൾക്കു വേണ്ടത്‌ എന്താണെന്ന് നിങ്ങൾ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ പിതാവ്‌ അറിയുന്നുവല്ലോ.  “നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുവിൻ: “ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ. 10  നിന്‍റെ രാജ്യം വരേണമേ. നിന്‍റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ. 11  ഇന്നത്തേക്കുള്ള അപ്പം ഞങ്ങൾക്ക് ഇന്നു നൽകേണമേ. 12  ഞങ്ങളോടു കടപ്പെട്ടിരിക്കുന്നവരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ. 13  ഞങ്ങളെ പ്രലോഭനത്തിൽ അകപ്പെടുത്താതെ ദുഷ്ടനിൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.’ 14  “നിങ്ങൾ മറ്റുള്ളവരുടെ പിഴവുകൾ ക്ഷമിച്ചാൽ നിങ്ങളുടെ സ്വർഗീയ പിതാവ്‌ നിങ്ങളോടും ക്ഷമിക്കും. 15  എന്നാൽ നിങ്ങൾ അവരുടെ പിഴവുകൾ ക്ഷമിക്കാതിരുന്നാലോ, നിങ്ങളുടെ പിതാവ്‌ നിങ്ങളുടെ പിഴവുകളും ക്ഷമിക്കുകയില്ല. 16  “ഉപവസിക്കുമ്പോൾ കപടഭക്തരെപ്പോലെ വാടിയ മുഖം കാണിക്കാതിരിക്കുവിൻ. തങ്ങൾ ഉപവസിക്കുകയാണെന്നു മനുഷ്യരെ കാണിക്കേണ്ടതിന്‌ അവർ തങ്ങളുടെ മുഖം വിരൂപമാക്കുന്നു. അവർക്കു പ്രതിഫലം കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 17  നീയോ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേക്കുകയും മുഖം കഴുകുകയും ചെയ്യുക; 18  നിന്‍റെ ഉപവാസം മനുഷ്യരല്ല, രഹസ്യത്തിലുള്ള നിന്‍റെ പിതാവ്‌ കാണേണ്ടതിനും രഹസ്യത്തിൽ കാണുന്ന നിന്‍റെ പിതാവ്‌ നിനക്കു പ്രതിഫലം നൽകേണ്ടതിനുംതന്നെ. 19  “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ തുരന്നു മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുന്നതു മതിയാക്കുവിൻ; 20  പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കുകയോ കള്ളന്മാർ തുരന്നു മോഷ്ടിക്കുകയോ ചെയ്യുകയില്ലാത്ത സ്വർഗത്തിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുവിൻ. 21  നിന്‍റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്‍റെ ഹൃദയവും. 22  “ശരീരത്തിന്‍റെ വിളക്ക് കണ്ണാകുന്നു. നിന്‍റെ കണ്ണ് തെളിച്ചമുള്ളതെങ്കിൽ* ശരീരം മുഴുവനും പ്രകാശിതമായിരിക്കും. 23  നിന്‍റെ കണ്ണ് ദോഷമുള്ളതെങ്കിലോ നിന്‍റെ ശരീരം മുഴുവൻ ഇരുണ്ടതായിരിക്കും. നിന്നിലുള്ള വെളിച്ചംതന്നെ ഇരുട്ടാണെങ്കിൽ ആ ഇരുട്ട് എത്ര വലിയത്‌! 24  “രണ്ടുയജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയുകയില്ല. ഒന്നുകിൽ അവൻ ഒന്നാമനെ ദ്വേഷിച്ച് മറ്റവനെ സ്‌നേഹിക്കും; അല്ലെങ്കിൽ ഒന്നാമനോടു പറ്റിച്ചേർന്ന് മറ്റവനെ നിന്ദിക്കും. നിങ്ങൾക്ക് ഒരേസമയം ദൈവത്തെയും ധനത്തെയും സേവിക്കുക സാധ്യമല്ല. 25  “ആകയാൽ ഞാൻ നിങ്ങളോടു പറയുന്നു: എന്തു തിന്നും, എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവനെക്കുറിച്ചും* എന്ത് ഉടുക്കും എന്നു നിങ്ങളുടെ ശരീരത്തെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടുന്നതു മതിയാക്കുവിൻ. ആഹാരത്തെക്കാൾ ജീവനും വസ്‌ത്രത്തെക്കാൾ ശരീരവും പ്രധാനമല്ലയോ? 26  ആകാശത്തിലെ പക്ഷികളെ നിരീക്ഷിക്കുവിൻ. അവ വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളിൽ കൂട്ടിവെക്കുന്നുമില്ല; എങ്കിലും നിങ്ങളുടെ സ്വർഗീയ പിതാവ്‌ അവയെ പോറ്റുന്നു. നിങ്ങൾ അവയെക്കാൾ വിലപ്പെട്ടവരല്ലയോ? 27  ഉത്‌കണ്‌ഠപ്പെടുന്നതിനാൽ ആയുസ്സിനോട്‌ ഒരു മുഴം കൂട്ടാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? 28  വസ്‌ത്രത്തെക്കുറിച്ചു നിങ്ങൾ ഉത്‌കണ്‌ഠപ്പെടുന്നതെന്തിന്‌? വയലിലെ ലില്ലികളെ നോക്കി പഠിക്കുവിൻ: അവ എങ്ങനെ വളരുന്നു? അവ അധ്വാനിക്കുന്നില്ല, നൂൽക്കുന്നതുമില്ല; 29  എന്നാൽ ഒന്നു ഞാൻ നിങ്ങളോടു പറയുന്നു: ശലോമോൻപോലും തന്‍റെ സകല പ്രതാപത്തിലും ഇവയിലൊന്നിനോളം ചമഞ്ഞിരുന്നില്ല. 30  ഇന്നുള്ളതും നാളെ അടുപ്പിലിടുന്നതുമായ വയൽച്ചെടികളെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അൽപ്പവിശ്വാസികളേ, നിങ്ങളെ എത്രയധികം! 31  അതിനാൽ, ‘ഞങ്ങൾ എന്തു തിന്നും?’ ‘ഞങ്ങൾ എന്തു കുടിക്കും?’ ‘ഞങ്ങൾ എന്ത് ഉടുക്കും?’ എന്നിങ്ങനെ ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്‌. 32  ഈവകയൊക്കെയും വ്യഗ്രതയോടെ അന്വേഷിക്കുന്നത്‌ ജാതികളത്രേ. ഇവയെല്ലാം നിങ്ങൾക്ക് ആവശ്യമെന്ന് നിങ്ങളുടെ സ്വർഗീയപിതാവ്‌ അറിയുന്നുവല്ലോ. 33  “ആകയാൽ ഒന്നാമത്‌ രാജ്യവും അവന്‍റെ നീതിയും അന്വേഷിക്കുവിൻ;* അതോടുകൂടെ ഈവക കാര്യങ്ങളൊക്കെയും നിങ്ങൾക്കു നൽകപ്പെടും. 34  അതുകൊണ്ട് നാളെയെക്കുറിച്ച് ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്‌; നാളത്തെ ദിവസത്തിന്‌ അതിന്‍റേതായ ഉത്‌കണ്‌ഠകൾ ഉണ്ടായിരിക്കുമല്ലോ. അതതു ദിവസത്തിന്‌ അന്നന്നത്തെ ക്ലേശങ്ങൾതന്നെ ധാരാളം.

അടിക്കുറിപ്പുകള്‍

മത്താ 6:22* ഒരു കാര്യത്തിൽമാത്രം കേന്ദ്രീകൃതമായത്‌ എന്നർഥം.
മത്താ 6:25* ഗ്രീക്കിൽ, സൈക്കി
മത്താ 6:33* മൂലപാഠത്തിൽ തുടർച്ചയായ ക്രിയയെ സൂചിപ്പിച്ചിരിക്കുന്നു.