കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 5:1-48

5  ജനക്കൂട്ടത്തെ കണ്ട് അവൻ മലയിൽ കയറി. അവൻ ഇരുന്നപ്പോൾ ശിഷ്യന്മാർ അവന്‍റെ അടുക്കൽ ചെന്നു.  അവരെ പഠിപ്പിച്ചുകൊണ്ട് അവൻ അവരോടു പറഞ്ഞത്‌:  “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ അനുഗൃഹീതർ; എന്തെന്നാൽ സ്വർഗരാജ്യം അവർക്കുള്ളത്‌.  “വിലപിക്കുന്നവർ അനുഗൃഹീതർ; എന്തെന്നാൽ അവർ ആശ്വസിപ്പിക്കപ്പെടും.  “സൗമ്യതയുള്ളവർ അനുഗൃഹീതർ; എന്തെന്നാൽ അവർ ഭൂമിയെ അവകാശമാക്കും.  “നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ; എന്തെന്നാൽ അവർ തൃപ്‌തരാക്കപ്പെടും.  “കരുണയുള്ളവർ അനുഗൃഹീതർ; എന്തെന്നാൽ അവർക്കു കരുണ ലഭിക്കും.  “ഹൃദയശുദ്ധിയുള്ളവർ അനുഗൃഹീതർ; എന്തെന്നാൽ അവർ ദൈവത്തെ കാണും.  “സമാധാനം ഉണ്ടാക്കുന്നവർ അനുഗൃഹീതർ; എന്തെന്നാൽ അവർ, ‘ദൈവത്തിന്‍റെ പുത്രന്മാർ’ എന്നു വിളിക്കപ്പെടും. 10  “നീതിനിമിത്തം പീഡിപ്പിക്കപ്പെടുന്നവർ അനുഗൃഹീതർ; എന്തെന്നാൽ സ്വർഗരാജ്യം അവർക്കുള്ളത്‌. 11  “എന്നെപ്രതി ആളുകൾ നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ കളവായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ അനുഗൃഹീതർ. 12  സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകയാൽ ആനന്ദിക്കുകയും സന്തോഷത്താൽ തുള്ളിച്ചാടുകയും ചെയ്യുവിൻ. നിങ്ങൾക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ പീഡിപ്പിച്ചുവല്ലോ. 13  “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. എന്നാൽ ഉപ്പ് ഉറകെട്ടുപോയാൽ എങ്ങനെ അതിനു വീണ്ടും ഉപ്പുരസം വരുത്തും? പുറത്തേക്ക് എറിഞ്ഞുകളയാനും മനുഷ്യർക്കു ചവിട്ടിത്തേക്കാനും അല്ലാതെ മറ്റൊന്നിനും അതു കൊള്ളുകയില്ല. 14  “നിങ്ങൾ ലോകത്തിന്‍റെ വെളിച്ചമാകുന്നു. മലമുകളിലുള്ള ഒരു പട്ടണത്തിനു മറഞ്ഞിരിക്കുക സാധ്യമല്ല. 15  വിളക്കു കത്തിച്ച് ആരും പറയുടെ കീഴിൽ വെക്കാറില്ല; വിളക്കുതണ്ടിന്മേലത്രേ വെക്കുന്നത്‌. അപ്പോൾ അത്‌ വീട്ടിലുള്ള എല്ലാവർക്കും പ്രകാശം നൽകും. 16  അങ്ങനെതന്നെ, മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. 17  “ന്യായപ്രമാണത്തെയോ പ്രവാചകവചനങ്ങളെയോ നീക്കിക്കളയാനാണ്‌ ഞാൻ വന്നതെന്നു വിചാരിക്കരുത്‌; നീക്കിക്കളയാനല്ല, നിവർത്തിക്കാനാണു ഞാൻ വന്നത്‌. 18  ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും സകലവും നിവൃത്തിയാകുന്നതുവരെ ന്യായപ്രമാണത്തിന്‍റെ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റംവരുകയില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 19  അതുകൊണ്ട് ഈ കൽപ്പനകളിൽ ഏറ്റവും ലഘുവായ ഒന്നുപോലും ലംഘിക്കുകയും ലംഘിക്കാൻ മനുഷ്യരെ പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിനു യോഗ്യനായിരിക്കുകയില്ല. എന്നാൽ അവ പിൻപറ്റുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിനു യോഗ്യനായിരിക്കും. 20  നിങ്ങളുടെ നീതി ശാസ്‌ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ ഒരുപ്രകാരത്തിലും സ്വർഗരാജ്യത്തിൽ കടക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 21  “ ‘കൊല ചെയ്യരുത്‌; കൊല ചെയ്യുന്നവൻ നീതിപീഠത്തിനു മുമ്പാകെ കണക്കുബോധിപ്പിക്കേണ്ടിവരും’ എന്നു പൂർവികരോടു പറഞ്ഞതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 22  ഞാനോ നിങ്ങളോടു പറയുന്നു: തന്‍റെ സഹോദരനോടു ക്രോധം വെച്ചുകൊണ്ടിരിക്കുന്നവനെല്ലാം നീതിപീഠത്തിനു മുമ്പാകെ കണക്കുബോധിപ്പിക്കേണ്ടിവരും. സഹോദരനെ ഒരു നിന്ദാവാക്കിനാൽ സംബോധന ചെയ്യുന്നവനാകട്ടെ പരമോന്നത നീതിപീഠത്തിനു മുമ്പാകെ കണക്കുബോധിപ്പിക്കേണ്ടിവരും. ‘മൂഢാ’ എന്നു വിളിക്കുന്നവനോ എരിയുന്ന ഗിഹെന്നയ്‌ക്ക്* അർഹനാകും. 23  “ആകയാൽ നീ യാഗപീഠത്തിങ്കൽ വഴിപാടു കൊണ്ടുവരുമ്പോൾ നിന്‍റെ സഹോദരന്‌ നിനക്കെതിരെ എന്തെങ്കിലും ഉണ്ടെന്ന് അവിടെവെച്ച് ഓർമ വന്നാൽ 24  നിന്‍റെ വഴിപാട്‌ യാഗപീഠത്തിനു മുമ്പിൽ വെച്ചിട്ട് ആദ്യം പോയി നിന്‍റെ സഹോദരനുമായി രമ്യതയിലാകുക. പിന്നെ വന്ന് നിന്‍റെ വഴിപാട്‌ അർപ്പിക്കുക. 25  “പരാതിക്കാരനുമൊത്തു നീതിപീഠത്തിങ്കലേക്കു പോകുമ്പോൾ വഴിയിൽവെച്ചുതന്നെ അവനുമായി രമ്യതയിലായിക്കൊള്ളുക. അല്ലാത്തപക്ഷം പരാതിക്കാരൻ നിന്നെ ന്യായാധിപനും ന്യായാധിപൻ നിന്നെ സേവകനും ഏൽപ്പിച്ചുകൊടുത്തിട്ട് നീ തടവിലാക്കപ്പെടും. 26  അവസാനത്തെ ചില്ലിക്കാശും കൊടുത്തുതീർക്കാതെ നീ അവിടെനിന്നു പുറത്തുകടക്കുകയില്ല എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു. 27  “ ‘വ്യഭിചാരം ചെയ്യരുത്‌’ എന്നു പറഞ്ഞിരിക്കുന്നതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 28  ഞാനോ നിങ്ങളോടു പറയുന്നു: ഒരു സ്‌ത്രീയോടു മോഹം തോന്നത്തക്കവിധം അവളെ നോക്കിക്കൊണ്ടിരിക്കുന്നവൻ തന്‍റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു. 29  ആകയാൽ നിന്‍റെ വലത്തുകണ്ണ് നിനക്ക് ഇടർച്ച വരുത്തുന്നെങ്കിൽ അത്‌ ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുക; നിന്‍റെ ശരീരം മുഴുവനും ഗിഹെന്നയിലേക്ക് എറിയപ്പെടുന്നതിനെക്കാൾ നിന്‍റെ അവയവങ്ങളിൽ ഒന്ന് നഷ്ടമാകുന്നതാണു നിനക്കു നല്ലത്‌. 30  നിന്‍റെ വലത്തുകൈ നിനക്ക് ഇടർച്ച വരുത്തുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക; നിന്‍റെ ശരീരം മുഴുവനും ഗിഹെന്നയിൽ പതിക്കുന്നതിനെക്കാൾ നിന്‍റെ അവയവങ്ങളിൽ ഒന്നു നഷ്ടമാകുന്നതാണു നിനക്കു നല്ലത്‌. 31  “ ‘ഭാര്യയെ ഉപേക്ഷിക്കുന്നവൻ* അവൾക്ക് ഉപേക്ഷണപത്രം കൊടുക്കട്ടെ’ എന്നു പറയപ്പെട്ടിട്ടുണ്ടല്ലോ. 32  ഞാനോ നിങ്ങളോടു പറയുന്നു: പരസംഗംനിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവൾ വ്യഭിചാരം ചെയ്യാൻ ഇടവരുത്തുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം ചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു. 33  “ ‘സത്യംചെയ്‌തതു ലംഘിക്കരുത്‌; യഹോവയ്‌ക്കു നേർന്നത്‌ നിവർത്തിക്കണം’ എന്ന് പൂർവികരോടു പറഞ്ഞതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 34  ഞാനോ നിങ്ങളോടു പറയുന്നു: സത്യംചെയ്യുകയേ അരുത്‌. സ്വർഗത്തെക്കൊണ്ട് അരുത്‌; അത്‌ ദൈവത്തിന്‍റെ സിംഹാസനം. 35  ഭൂമിയെക്കൊണ്ട് അരുത്‌; അത്‌ അവന്‍റെ പാദപീഠം. യെരുശലേമിനെക്കൊണ്ട് അരുത്‌; അത്‌ മഹാരാജാവിന്‍റെ നഗരം. 36  നിങ്ങളുടെ തലയെക്കൊണ്ടും സത്യംചെയ്യരുത്‌; ഒരു മുടിനാരുപോലും വെളുപ്പിക്കാനോ കറുപ്പിക്കാനോ നിങ്ങൾക്കു കഴിയില്ലല്ലോ. 37  നിങ്ങളുടെ വാക്ക് ഉവ്വ് എന്നത്‌ ഉവ്വ് എന്നും ഇല്ല എന്നത്‌ ഇല്ല എന്നും ആയിരിക്കട്ടെ; ഇതിലധികമായത്‌ ദുഷ്ടനിൽനിന്നു വരുന്നു. 38  “ ‘കണ്ണിനു കണ്ണ്, പല്ലിനു പല്ല്’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 39  ഞാനോ നിങ്ങളോടു പറയുന്നു: ദുഷ്ടനോട്‌ എതിർത്തുനിൽക്കരുത്‌; നിന്‍റെ വലത്തെ ചെകിട്ടത്ത്‌ അടിക്കുന്നവന്‌ മറ്റേ ചെകിടും കാണിച്ചുകൊടുക്കുക. 40  നിനക്കെതിരെ ന്യായപീഠത്തിങ്കൽ ചെന്ന് നിന്‍റെ ഉള്ളങ്കി കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവന്‌ നിന്‍റെ മേലങ്കികൂടെ വിട്ടുകൊടുക്കുക; 41  അധികാരത്തിലുള്ള ആരെങ്കിലും നിന്നെ ഒരു മൈൽ പോകാൻ നിർബന്ധിച്ചാൽ* അവനോടുകൂടെ രണ്ടുമൈൽ പോകുക. 42  നിന്നോടു ചോദിക്കുന്നവനു കൊടുക്കുക. നിന്നോടു വായ്‌പ വാങ്ങാൻ ആഗ്രഹിക്കുന്നവനിൽനിന്ന് ഒഴിഞ്ഞുമാറരുത്‌. 43  “ ‘നീ നിന്‍റെ അയൽക്കാരനെ സ്‌നേഹിക്കുകയും ശത്രുവിനെ വെറുക്കുകയും വേണം’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44  ഞാനോ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ; 45  സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനു നിങ്ങൾ പുത്രന്മാരായിത്തീരേണ്ടതിനുതന്നെ; ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും അവൻ തന്‍റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കുകയും ചെയ്യുന്നുവല്ലോ. 46  നിങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നതുകൊണ്ട് നിങ്ങൾക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാരും അങ്ങനെതന്നെ ചെയ്യുന്നില്ലയോ? 47  നിങ്ങളുടെ സഹോദരന്മാരെമാത്രം വന്ദനംചെയ്‌താൽ നിങ്ങൾ എന്തു വിശേഷകാര്യം ചെയ്യുന്നു? വിജാതീയരും അങ്ങനെതന്നെ ചെയ്യുന്നില്ലയോ? 48  നിങ്ങളുടെ സ്വർഗീയ പിതാവ്‌ പരിപൂർണൻ ആയിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ.

അടിക്കുറിപ്പുകള്‍

മത്താ 5:22* അനുബന്ധം 10 കാണുക.
മത്താ 5:31* ഇതിന്‍റെ ഗ്രീക്ക് പദം നിയമാനുസൃതമായി വിവാഹബന്ധം വേർപെടുത്തുന്നതിനെ കുറിക്കുന്നു.
മത്താ 5:41* അഥവാ, നിർബന്ധിത വേല ചെയ്യാൻ ആവശ്യപ്പെട്ടാൽ