കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 4:1-25

4  അനന്തരം ആത്മാവ്‌ യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു. അവിടെ അവൻ പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടേണ്ടിയിരുന്നു.  നാൽപ്പതുരാവും നാൽപ്പതുപകലും ഉപവസിച്ചുകഴിഞ്ഞപ്പോൾ അവനു വിശന്നു.  അപ്പോൾ പ്രലോഭകൻ വന്ന് അവനോട്‌, “നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലുകളോട്‌ അപ്പമായിത്തീരാൻ കൽപ്പിക്കുക” എന്നു പറഞ്ഞു.  അതിന്‌ അവൻ, “ ‘മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, യഹോവയുടെ വായിൽനിന്നു വരുന്ന സകല വചനംകൊണ്ടും ജീവിക്കേണ്ടതാകുന്നു’വെന്ന് എഴുതിയിരിക്കുന്നു” എന്നു മറുപടി നൽകി.  പിന്നെ പിശാച്‌ അവനെ വിശുദ്ധനഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ദൈവാലയമതിലിന്മേൽ നിറുത്തി  അവനോടു പറഞ്ഞു: “നീ ദൈവപുത്രനാണെങ്കിൽ താഴേക്കു ചാടുക. ‘നിന്നെക്കുറിച്ച് അവൻ തന്‍റെ ദൂതന്മാരോടു കൽപ്പിക്കും; നിന്‍റെ കാൽ കല്ലിൽ തട്ടാതവണ്ണം അവർ നിന്നെ കൈകളിൽ താങ്ങും’ എന്ന് എഴുതിയിരിക്കുന്നുവല്ലോ.”  യേശു അവനോട്‌, “ ‘നിന്‍റെ ദൈവമായ യഹോവയെ നീ പരീക്ഷിക്കരുത്‌’ എന്നുകൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.  വീണ്ടും, പിശാച്‌ അവനെ അസാധാരണമാംവിധം ഉയരമുള്ള ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളും അവയുടെ മഹത്ത്വവും അവനു കാണിച്ചുകൊടുത്തിട്ട്  അവനോട്‌, “നീ എന്‍റെ മുമ്പാകെ വീണ്‌ എന്നെയൊന്നു നമസ്‌കരിച്ചാൽ ഈ കാണുന്നതൊക്കെയും ഞാൻ നിനക്കു തരാം” എന്നു പറഞ്ഞു. 10  യേശു അവനോട്‌, “സാത്താനേ, ദൂരെപ്പോകൂ! ‘നിന്‍റെ ദൈവമായ യഹോവയെയാണ്‌ നീ ആരാധിക്കേണ്ടത്‌; അവനെ മാത്രമേ നീ സേവിക്കാവൂ*’ എന്ന് എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു. 11  അപ്പോൾ പിശാച്‌ അവനെ വിട്ട് പോയി. ദൈവദൂതന്മാർ വന്ന് അവനെ പരിചരിച്ചു. 12  യോഹന്നാൻ ബന്ധനസ്ഥനായെന്നു കേട്ടപ്പോൾ അവൻ ഗലീലയിലേക്കു പോയി. 13  പിന്നീട്‌ നസറെത്തിൽ ചെന്നശേഷം അവൻ അവിടം വിട്ട് സെബുലൂന്‍റെയും നഫ്‌താലിയുടെയും പ്രദേശത്ത്‌ കടൽക്കരെയുള്ള കഫർന്നഹൂമിൽ ചെന്നുപാർത്തു. 14  ഇങ്ങനെ സംഭവിച്ചത്‌ യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്‌തതു നിവൃത്തിയാകേണ്ടതിനത്രേ: 15  “കടലിലേക്കുള്ള വഴിയിൽ യോർദാനു പടിഞ്ഞാറുള്ള സെബുലൂൻ-നഫ്‌താലി ദേശങ്ങളേ, വിജാതീയരുടെ ഗലീലയേ! 16  ഇരുട്ടിൽ കഴിയുന്ന ജനം വലിയൊരു വെളിച്ചം കണ്ടു; മരണത്തിന്‍റെ നിഴൽവീണ ദേശത്തു വസിക്കുന്നവരുടെമേൽ പ്രകാശം ഉദിച്ചു.” 17  അപ്പോൾമുതൽ യേശു, “സ്വർഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്നു പ്രസംഗിച്ചുതുടങ്ങി. 18  അവൻ ഗലീലക്കടൽപ്പുറത്തുകൂടി നടക്കുമ്പോൾ രണ്ടുസഹോദരന്മാർ, പത്രോസ്‌ എന്നു വിളിക്കപ്പെടുന്ന ശിമോനും അവന്‍റെ സഹോദരനായ അന്ത്രെയാസും, കടലിൽ വലവീശുന്നതു കണ്ടു. അവർ മീൻപിടിത്തക്കാരായിരുന്നു. 19  അവൻ അവരോട്‌, “എന്നെ അനുഗമിക്കുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു. 20  അപ്പോൾത്തന്നെ അവർ വലകൾ ഉപേക്ഷിച്ച് അവനെ അനുഗമിച്ചു. 21  അവിടെനിന്നു പോകുമ്പോൾ അവൻ യാക്കോബ്‌, യോഹന്നാൻ എന്നിങ്ങനെ വേറെ രണ്ടുസഹോദരന്മാർ തങ്ങളുടെ അപ്പനായ സെബെദിയോടൊപ്പം വള്ളത്തിലിരുന്നു വല നന്നാക്കുന്നതു കണ്ടു. അവൻ അവരെയും വിളിച്ചു. 22  ഉടനെ അവർ വള്ളം ഉപേക്ഷിച്ച്, തങ്ങളുടെ അപ്പനെയും വിട്ട് അവനെ അനുഗമിച്ചു. 23  പിന്നെ അവൻ ഗലീലയിലൊക്കെയും ചുറ്റിസഞ്ചരിച്ച് അവരുടെ സിനഗോഗുകളിൽ പഠിപ്പിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുകയും ജനങ്ങളുടെ സകലതരം രോഗങ്ങളും വ്യാധികളും സൗഖ്യമാക്കുകയും ചെയ്‌തു. 24  അവനെക്കുറിച്ചുള്ള വാർത്ത സിറിയയിലെങ്ങും പരന്നു. നാനാവിധ രോഗങ്ങളാലും കഠിനവേദനയാലും വലഞ്ഞിരുന്നവർ, ഭൂതഗ്രസ്‌തർ, അപസ്‌മാരരോഗികൾ, തളർവാതക്കാർ എന്നിങ്ങനെ ദുരിതമനുഭവിച്ചിരുന്ന സകലരെയും ജനം അവന്‍റെ അടുക്കൽ കൊണ്ടുവന്നു. അവൻ അവരെ സൗഖ്യമാക്കി. 25  തന്നിമിത്തം ഗലീല, ദെക്കപ്പൊലി,* യെരുശലേം, യെഹൂദ്യ, യോർദാനക്കരെ എന്നിവിടങ്ങളിൽനിന്നു വലിയ ജനക്കൂട്ടം അവനെ പിന്തുടർന്നു.

അടിക്കുറിപ്പുകള്‍

മത്താ 4:10* അഥവാ, അവനു മാത്രമേ നീ വിശുദ്ധസേവനം അനുഷ്‌ഠിക്കാവൂ.
മത്താ 4:25* അഥവാ, പത്തുപട്ടണം