കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 27:1-66

27  പ്രഭാതമായപ്പോൾ എല്ലാ മുഖ്യപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും യേശുവിനെ കൊല്ലാൻ അവനെതിരെ കൂടിയാലോചിച്ചു.  അവർ അവനെ ബന്ധിച്ചുകൊണ്ടുപോയി ദേശാധിപതിയായ പീലാത്തൊസിനെ ഏൽപ്പിച്ചു.  അവൻ ശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു എന്നു കണ്ടപ്പോൾ അവനെ ഒറ്റിക്കൊടുത്ത യൂദായ്‌ക്കു മനോദുഃഖം തോന്നി. അവൻ ആ മുപ്പതുവെള്ളിക്കാശ്‌ മുഖ്യപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ തിരികെ കൊണ്ടുചെന്നിട്ട്,  “ഞാൻ നീതിയുള്ള രക്തത്തെ ഒറ്റിക്കൊടുത്തു പാപം ചെയ്‌തിരിക്കുന്നു” എന്നു പറഞ്ഞു. അതിന്‌ അവർ, “അതിനു ഞങ്ങളെന്തു വേണം? അതു നിന്‍റെ കാര്യം” എന്നു പറഞ്ഞു.  അവൻ ആ വെള്ളിനാണയങ്ങൾ ആലയത്തിലേക്കെറിഞ്ഞിട്ട് പോയി തൂങ്ങിച്ചത്തു.  എന്നാൽ മുഖ്യപുരോഹിതന്മാർ ആ വെള്ളിനാണയങ്ങൾ എടുത്തുകൊണ്ട്, “ഇവ രക്തത്തിന്‍റെ വിലയായതിനാൽ വിശുദ്ധഭണ്ഡാരത്തിൽ ഇടുന്നത്‌ നിയമനിഷേധമാണ്‌” എന്നു പറഞ്ഞു.  അവർ കൂടിയാലോചിച്ചിട്ട് ആ പണംകൊണ്ട് പരദേശികളെ സംസ്‌കരിക്കാൻവേണ്ടി കുശവന്‍റെ നിലം വാങ്ങി.  ആകയാൽ ആ നിലം ഇന്നോളം, “രക്തനിലം” എന്നു വിളിക്കപ്പെട്ടുപോരുന്നു.  “ഇസ്രായേൽമക്കളിൽ ചിലർ വിലയിട്ടവന്‍റെ വിലയായ മുപ്പതുവെള്ളിക്കാശ്‌ അവർ എടുത്ത്‌ 10  യഹോവ എന്നോടു കൽപ്പിച്ചിരുന്നതുപോലെ കുശവന്‍റെ നിലത്തിനായി കൊടുത്തു” എന്നിങ്ങനെ യിരെമ്യാപ്രവാചകൻ* മുഖാന്തരം അരുളിച്ചെയ്‌തത്‌ നിവൃത്തിയായി. 11  യേശു ദേശാധിപതിയുടെ മുമ്പാകെ നിന്നു. ദേശാധിപതി യേശുവിനോട്‌, “നീ യഹൂദന്മാരുടെ രാജാവോ?” എന്നു ചോദിച്ചതിന്‌, “നീതന്നെ അതു പറയുന്നുവല്ലോ” എന്ന് അവൻ മറുപടി നൽകി. 12  മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും അവന്‍റെമേൽ കുറ്റം ആരോപിക്കവെ, അവൻ ഒന്നും ഉരിയാടിയില്ല. 13  അപ്പോൾ പീലാത്തൊസ്‌ അവനോട്‌, “നിനക്കെതിരെ ഇവർ എന്തെല്ലാം സാക്ഷ്യങ്ങളാണു പറയുന്നതെന്നു നീ കേൾക്കുന്നില്ലേ?” എന്നു ചോദിച്ചു. 14  എന്നിട്ടും അവൻ അവനോടു മറുപടിയായി ഒരു വാക്കുപോലും പറഞ്ഞില്ല. ദേശാധിപതി അത്യന്തം ആശ്ചര്യപ്പെട്ടു. 15  ഓരോ പെരുന്നാളിനും ജനം ആവശ്യപ്പെടുന്ന ഒരു തടവുകാരനെ ദേശാധിപതി മോചിപ്പിക്കുക പതിവായിരുന്നു. 16  ആ സമയത്ത്‌ ബറബ്ബാസ്‌ എന്നൊരു കുപ്രസിദ്ധ തടവുകാരനുണ്ടായിരുന്നു. 17  അവർ കൂടിവന്നപ്പോൾ പീലാത്തൊസ്‌ അവരോട്‌, “ഞാൻ ആരെ വിട്ടുതരാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്‌, ബറബ്ബാസിനെയോ ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?” എന്നു ചോദിച്ചു. 18  അസൂയനിമിത്തമാണ്‌ അവർ അവനെ തനിക്ക് ഏൽപ്പിച്ചുതന്നിരിക്കുന്നതെന്ന് പീലാത്തൊസിന്‌ അറിയാമായിരുന്നു. 19  തന്നെയുമല്ല, അവൻ ന്യായാസനത്തിലിരിക്കുമ്പോൾ അവന്‍റെ ഭാര്യ ആളയച്ച് അവനോട്‌, “ആ നീതിമാന്‍റെ കാര്യത്തിൽ ഇടപെടരുത്‌. അവൻനിമിത്തം ഞാൻ ഇന്നു സ്വപ്‌നത്തിൽ വളരെ ക്ലേശമനുഭവിച്ചു” എന്ന് അറിയിക്കുകയും ചെയ്‌തിരുന്നു. 20  എന്നാൽ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ബറബ്ബാസിനെ വിട്ടുതരാനും യേശുവിനെ ഒടുക്കിക്കളയാനും ആവശ്യപ്പെടുന്നതിനു ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു. 21  അപ്പോൾ ദേശാധിപതി അവരോട്‌, “ഈ ഇരുവരിൽ ഞാൻ ആരെ വിട്ടുതരാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്‌?” എന്നു ചോദിച്ചതിന്‌ അവർ, “ബറബ്ബാസിനെ” എന്നു പറഞ്ഞു. 22  പീലാത്തൊസ്‌ അവരോട്‌, “അങ്ങനെയെങ്കിൽ ക്രിസ്‌തു എന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം?” എന്നു ചോദിച്ചു. “അവനെ സ്‌തംഭത്തിലേറ്റുക!” എന്ന് അവർ ഒന്നടങ്കം വിളിച്ചുപറഞ്ഞു. 23  “എന്തിന്‌, ഇവൻ എന്തു ദോഷമാണു ചെയ്‌തത്‌?” എന്ന് അവൻ ചോദിച്ചതിന്‌, “അവനെ സ്‌തംഭത്തിലേറ്റുക!” എന്ന് അവർ പൂർവാധികം ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. 24  ആരവം അധികമാകുന്നതല്ലാതെ പ്രയോജനമൊന്നുമില്ലെന്നു കണ്ടപ്പോൾ പീലാത്തൊസ്‌ വെള്ളമെടുത്തു ജനങ്ങളുടെ മുമ്പാകെ കൈകൾ കഴുകിക്കൊണ്ട്, “ഈ മനുഷ്യന്‍റെ രക്തത്തിൽ എനിക്കു പങ്കില്ല; നിങ്ങൾതന്നെ ആ കുറ്റം ഏറ്റുകൊള്ളുവിൻ” എന്നു പറഞ്ഞു. 25  അതിനു ജനമൊക്കെയും, “അവന്‍റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ” എന്നു പറഞ്ഞു. 26  അപ്പോൾ അവൻ ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു. യേശുവിനെയോ ചാട്ടയ്‌ക്കടിപ്പിച്ചശേഷം സ്‌തംഭത്തിൽ തറയ്‌ക്കാൻ ഏൽപ്പിച്ചു. 27  അനന്തരം ദേശാധിപതിയുടെ പടയാളികൾ യേശുവിനെ ദേശാധിപതിയുടെ അരമനയിലേക്കു കൊണ്ടുപോയി; പട്ടാളത്തെ മുഴുവനും അവനു ചുറ്റും കൂട്ടിവരുത്തി. 28  അവർ അവന്‍റെ വസ്‌ത്രം ഉരിഞ്ഞുമാറ്റി, കടുഞ്ചുവപ്പുനിറമുള്ള ഒരു മേലങ്കി ധരിപ്പിച്ചു. 29  മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവർ അവനെ ചൂടിച്ചു; അവന്‍റെ വലത്തുകയ്യിൽ ഒരു ഞാങ്ങണത്തണ്ടും പിടിപ്പിച്ചു. പിന്നെ അവർ അവന്‍റെ മുമ്പിൽ മുട്ടുകുത്തി, “യഹൂദന്മാരുടെ രാജാവേ, ജയ! ജയ!” എന്നു പറഞ്ഞ് അവനെ പരിഹസിച്ചു. 30  അവർ അവനെ തുപ്പുകയും ആ ഞാങ്ങണത്തണ്ടു വാങ്ങി അവന്‍റെ തലയ്‌ക്കടിക്കുകയും ചെയ്‌തു. 31  ഇങ്ങനെ അവനെ പരിഹസിച്ചശേഷം ഒടുവിൽ അവർ അവന്‍റെ മേലങ്കി അഴിച്ചുമാറ്റി അവനെ സ്വന്തവസ്‌ത്രം ധരിപ്പിച്ച് സ്‌തംഭത്തിൽ തറയ്‌ക്കാനായി കൊണ്ടുപോയി. 32  അവർ പോകുമ്പോൾ ശിമോൻ എന്നു പേരുള്ള ഒരു കുറേനക്കാരനെ കണ്ടു. അവർ അയാളെക്കൊണ്ട് അവന്‍റെ ദണ്ഡനസ്‌തംഭം ചുമപ്പിച്ചു.* 33  തലയോടിടം എന്നർഥമുള്ള ഗൊൽഗോഥ എന്ന സ്ഥലത്തെത്തിയപ്പോൾ 34  അവർ അവന്‌ കയ്‌പു കലർത്തിയ വീഞ്ഞ് കുടിക്കാൻ കൊടുത്തു. അവനോ അതു രുചിച്ചുനോക്കിയിട്ട് കുടിക്കാൻ വിസമ്മതിച്ചു. 35  അവനെ സ്‌തംഭത്തിൽ തറച്ചശേഷം അവർ നറുക്കിട്ട് അവന്‍റെ വസ്‌ത്രങ്ങൾ വീതിച്ചെടുത്തു. 36  പിന്നെ അവർ അവിടെ അവനു കാവലിരുന്നു. 37  “ഇത്‌ യഹൂദന്മാരുടെ രാജാവായ യേശു” എന്ന കുറ്റകാരണം അവർ അവന്‍റെ തലയ്‌ക്കു മുകളിലായി എഴുതിവെക്കുകയും ചെയ്‌തു. 38  പിന്നെ രണ്ടുകവർച്ചക്കാരെ, ഒരുത്തനെ അവന്‍റെ വലത്തും മറ്റവനെ അവന്‍റെ ഇടത്തുമായി സ്‌തംഭങ്ങളിലേറ്റി. 39  അതിലേ കടന്നുപോയിരുന്നവർ തലകുലുക്കിക്കൊണ്ട്, 40  “ഹേ, ആലയം ഇടിച്ചുകളഞ്ഞ് മൂന്നുദിവസത്തിനകം പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക! നീ ദൈവപുത്രനാണെങ്കിൽ സ്‌തംഭത്തിൽനിന്ന് ഇറങ്ങിവാ” എന്ന് അവനെ നിന്ദിച്ചുപറഞ്ഞു. 41  അങ്ങനെതന്നെ, മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരോടും മൂപ്പന്മാരോടും ചേർന്ന് അവനെ പരിഹസിച്ചുകൊണ്ട്, 42  “മറ്റുള്ളവരെ ഇവൻ രക്ഷിച്ചു. എന്നാൽ സ്വയം രക്ഷിക്കാൻ ഇവനു കഴിയുന്നില്ല! ഇവൻ ഇസ്രായേലിന്‍റെ രാജാവാണല്ലോ. ഇപ്പോൾ ഇവൻ ദണ്ഡനസ്‌തംഭത്തിൽനിന്ന് ഇറങ്ങിവരട്ടെ; എങ്കിൽ നമുക്ക് ഇവനിൽ വിശ്വസിക്കാം. 43  ഇവൻ ദൈവത്തിൽ ആശ്രയിക്കുന്നു. ദൈവം ഇവനിൽ പ്രസാദിക്കുന്നെങ്കിൽ ഇപ്പോൾ ഇവനെ വിടുവിക്കട്ടെ, ‘ഞാൻ ദൈവപുത്രനാണ്‌’ എന്നല്ലയോ ഇവൻ പറഞ്ഞത്‌?” എന്നു പറഞ്ഞു. 44  അവനോടുകൂടെ സ്‌തംഭത്തിലേറ്റിയ കവർച്ചക്കാരും അങ്ങനെതന്നെ അവനെ നിന്ദിച്ചു. 45  ആറാം മണിമുതൽ* ഒൻപതാം മണിവരെ* ദേശത്തെങ്ങും ഇരുട്ടുപരന്നു. 46  ഏകദേശം ഒൻപതാം മണി* ആയപ്പോൾ യേശു, “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?” എന്നർഥംവരുന്ന, “ഏലീ, ഏലീ, ലമാ ശബക്താനീ?” എന്ന് ഉച്ചത്തിൽ നിലവിളിച്ചുപറഞ്ഞു. 47  ഇതുകേട്ട്, അരികെ നിന്നിരുന്ന ചിലർ, “ഇവൻ ഏലിയാവിനെ വിളിക്കുന്നു” എന്നു പറഞ്ഞു. 48  ഉടനെ അവരിൽ ഒരുത്തൻ ഓടിച്ചെന്ന് നീർപ്പഞ്ഞി പുളിച്ച വീഞ്ഞിൽ മുക്കി ഒരു ഞാങ്ങണത്തണ്ടിന്മേൽവെച്ച് അവനു കുടിക്കാൻ കൊടുത്തു. 49  അപ്പോൾ മറ്റുള്ളവർ, “നിൽക്കൂ, അവനെ താഴെയിറക്കാൻ ഏലിയാവ്‌ വരുമോയെന്നു നമുക്കു നോക്കാം” എന്നു പറഞ്ഞു. [മറ്റൊരുത്തൻ ഒരു കുന്തമെടുത്ത്‌ അവന്‍റെ വിലാപ്പുറത്തു കുത്തി; അപ്പോൾ രക്തവും വെള്ളവും പുറത്തുവന്നു.]* 50  യേശു വീണ്ടും ഉറക്കെ നിലവിളിച്ചുകൊണ്ട് തന്‍റെ ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു. 51  അപ്പോൾ വിശുദ്ധമന്ദിരത്തിലെ തിരശ്ശീല മുകളിൽനിന്നു താഴെവരെ രണ്ടായി ചീന്തിപ്പോയി. ഭൂമി കുലുങ്ങി; പാറകൾ പിളർന്നു; 52  കല്ലറകൾ തുറക്കപ്പെട്ടു; നിദ്ര പ്രാപിച്ചിരുന്ന പല വിശുദ്ധന്മാരുടെയും ജഡങ്ങൾ പുറത്തുവന്നു; 53  അവ അനേകർക്കും കാണുമാറായി. (അവൻ ഉയിർപ്പിക്കപ്പെട്ടശേഷം, കല്ലറകൾ സന്ദർശിച്ചിട്ടു വന്നവർ വിശുദ്ധനഗരത്തിൽ ചെന്നു.)* 54  യേശുവിനു കാവൽനിന്നിരുന്ന സൈന്യാധിപനും കൂടെയുള്ളവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ടപ്പോൾ ഏറ്റവും ഭയപ്പെട്ട്, “ഇവൻ ദൈവപുത്രനായിരുന്നു നിശ്ചയം” എന്നു പറഞ്ഞു. 55  യേശുവിനു ശുശ്രൂഷ ചെയ്‌തുകൊണ്ട് ഗലീലയിൽനിന്ന് അവനെ അനുഗമിച്ച കുറെ സ്‌ത്രീകൾ ഇതെല്ലാം കണ്ടുകൊണ്ട് അകലെയായി നിൽപ്പുണ്ടായിരുന്നു. 56  മഗ്‌ദലന മറിയയും യാക്കോബിന്‍റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. 57  വൈകുന്നേരമായപ്പോൾ യോസേഫ്‌ എന്നു പേരുള്ള അരിമഥ്യക്കാരനായ ഒരു ധനികൻ അവിടെയെത്തി. അവനും യേശുവിന്‍റെ ഒരു ശിഷ്യനായിത്തീർന്നിരുന്നു. 58  അവൻ പീലാത്തൊസിന്‍റെ അടുക്കൽ ചെന്ന് യേശുവിന്‍റെ ശരീരം ചോദിച്ചു. അത്‌ അവനു വിട്ടുകൊടുക്കാൻ പീലാത്തൊസ്‌ കൽപ്പിച്ചു. 59  അനന്തരം യോസേഫ്‌ ശരീരം എടുത്ത്‌ നിർമലമായ ഒരു മേൽത്തരം കച്ചയിൽ പൊതിഞ്ഞ്, 60  താൻ പാറയിൽ വെട്ടിച്ചിരുന്ന ഒരു പുതിയ കല്ലറയിൽ വെച്ചു. കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവെച്ചിട്ട് അവൻ അവിടെനിന്നു പോയി. 61  എന്നാൽ മഗ്‌ദലന മറിയയും മറ്റേ മറിയയും കല്ലറയ്‌ക്ക് അഭിമുഖമായി അവിടെത്തന്നെ ഇരുന്നു. 62  അടുത്ത ദിവസം, അതായത്‌ ഒരുക്കനാളിന്‍റെ പിറ്റേന്ന്, മുഖ്യപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്‍റെ മുമ്പാകെ ഒത്തുകൂടി, 63  “യജമാനനേ, ‘മൂന്നുദിവസം കഴിഞ്ഞ് ഞാൻ ഉയിർപ്പിക്കപ്പെടേണ്ടതാണ്‌’ എന്ന് ആ വഞ്ചകൻ ജീവനോടിരുന്നപ്പോൾ പറഞ്ഞതു ഞങ്ങൾ ഓർക്കുന്നു. 64  അതിനാൽ മൂന്നാം ദിവസംവരെ കല്ലറ ഭദ്രമാക്കി സൂക്ഷിക്കാൻ കൽപ്പിക്കേണം. അല്ലാത്തപക്ഷം അവന്‍റെ ശിഷ്യന്മാർ വന്ന് അവനെ മോഷ്ടിച്ചിട്ട്, ‘അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു’ എന്ന് ജനങ്ങളോടു പറയും. അങ്ങനെ, ഈ ചതിവ്‌ ആദ്യത്തേതിനെക്കാൾ ദോഷകരമായിത്തീരും” എന്നു പറഞ്ഞു. 65  പീലാത്തൊസ്‌ അവരോട്‌, “നിങ്ങൾക്ക് ഒരു കാവൽസൈന്യമുണ്ടല്ലോ; പോയി നിങ്ങളാലാകുന്നതുപോലെ അതു ഭദ്രമാക്കിക്കൊള്ളുക” എന്നു പറഞ്ഞു. 66  അങ്ങനെ, അവർ പോയി കല്ലിനു മുദ്രവെച്ച്, കാവൽ ഏർപ്പെടുത്തി കല്ലറ ഭദ്രമാക്കി.

അടിക്കുറിപ്പുകള്‍

മത്താ 27:10* ഈ ഉദ്ധരണി വാസ്‌തവത്തിൽ, സെഖര്യാവ്‌ 11:12, 13-നെ അധികരിച്ചുള്ളതാണ്‌. മത്തായിയുടെ കാലത്ത്‌ യിരെമ്യാവിന്‍റെ പുസ്‌തകം പ്രവാചകപുസ്‌തകങ്ങളിൽ ആദ്യത്തേതായി കണക്കാക്കപ്പെട്ടിരുന്നു. അതുകൊണ്ട്, സെഖര്യാവിന്‍റെ പുസ്‌തകം ഉൾപ്പെടെയുള്ള പ്രവാചകപുസ്‌തകങ്ങളുടെ മുഴുസമാഹാരവും ‘യിരെമ്യാവ്‌’ എന്ന പേരിൽ പരാമർശിക്കപ്പെട്ടിരുന്നിരിക്കാം. ലൂക്കോസ്‌ 24:44 താരതമ്യം ചെയ്യുക.
മത്താ 27:32* അഥവാ, നിർബന്ധിതസേവനമായി അയാളെക്കൊണ്ട് ദണ്ഡനസ്‌തംഭം ചുമപ്പിച്ചു.
മത്താ 27:45* അക്ഷരാർഥം, ആറാം മണിക്കൂർ: ഉച്ചയ്‌ക്ക് ഏകദേശം പന്ത്രണ്ടുമണി
മത്താ 27:45* അക്ഷരാർഥം, ഒൻപതാം മണിക്കൂർ: ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണി
മത്താ 27:46* അക്ഷരാർഥം, ഒൻപതാം മണിക്കൂർ: ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണി
മത്താ 27:49* ചതുരവലയങ്ങൾക്കുള്ളിലെ ഭാഗം, ചില പുരാതന കയ്യെഴുത്തുപ്രതികളിൽ വിട്ടുകളഞ്ഞിരിക്കുന്നതും മറ്റു ചിലതിൽ ഉൾപ്പെടുത്തിയിരിക്കുന്നതുമായ പാഠത്തെ സൂചിപ്പിക്കുന്നു.
മത്താ 27:53* വലയങ്ങൾക്കുള്ളിലെ ഭാഗം, പിന്നീടു നടന്ന സംഭവങ്ങളെ സൂചിപ്പിക്കുന്നു.