കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 26:1-75

26  ഈ വചനങ്ങളൊക്കെയും പറഞ്ഞുതീർന്നശേഷം യേശു തന്‍റെ ശിഷ്യന്മാരോട്‌,  “രണ്ടുദിവസം കഴിഞ്ഞു പെസഹാ ആണെന്നു നിങ്ങൾക്കറിയാമല്ലോ. മനുഷ്യപുത്രൻ സ്‌തംഭത്തിൽ തറയ്‌ക്കപ്പെടാനായി ഏൽപ്പിക്കപ്പെടേണ്ടതാകുന്നു” എന്നു പറഞ്ഞു.  മുഖ്യപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും മഹാപുരോഹിതനായ കയ്യഫാവിന്‍റെ അരമനയുടെ നടുമുറ്റത്ത്‌ ഒത്തുകൂടി,  യേശുവിനെ തന്ത്രപൂർവം പിടികൂടി കൊന്നുകളയാൻ കൂടിയാലോചിച്ചു;  എന്നാൽ, “ജനം ഇളകിയേക്കാം എന്നതിനാൽ പെരുന്നാളിനു വേണ്ട” എന്ന് അവർ പറയുന്നുണ്ടായിരുന്നു.  യേശു ബെഥാന്യയിൽ കുഷ്‌ഠരോഗിയായ ശിമോന്‍റെ വീട്ടിലായിരിക്കെ,  ഒരു സ്‌ത്രീ വിലയേറിയ സുഗന്ധതൈലം നിറച്ച ഒരു വെൺകൽഭരണിയുമായി അവന്‍റെ അടുക്കൽ വന്നു. അവൻ ഭക്ഷണമേശയ്‌ക്കൽ ഇരിക്കുമ്പോൾ അവൾ അത്‌ അവന്‍റെ തലയിൽ ഒഴിച്ചു.  ഇതുകണ്ട് ശിഷ്യന്മാർ അമർഷത്തോടെ, “ഈ പാഴ്‌ചെലവ്‌ എന്തിന്‌?  ഇതു നല്ല വിലയ്‌ക്കു വിറ്റ്‌ ദരിദ്രർക്കു കൊടുക്കാമായിരുന്നല്ലോ” എന്നു പറഞ്ഞു. 10  ഇതറിഞ്ഞിട്ട് യേശു അവരോടു പറഞ്ഞത്‌: “നിങ്ങൾ ഈ സ്‌ത്രീയെ അസഹ്യപ്പെടുത്തുന്നത്‌ എന്തിന്‌? അവൾ എനിക്കായി ഒരു നല്ല കാര്യമത്രേ ചെയ്‌തത്‌. 11  ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടെയുണ്ടല്ലോ; ഞാനോ ഉണ്ടായിരിക്കുകയില്ല. 12  എന്‍റെ ശവസംസ്‌കാരത്തിന്‌ എന്നെ ഒരുക്കുന്നതിനാണ്‌ ഇവൾ എന്‍റെ ശരീരത്തിൽ ഈ സുഗന്ധതൈലം പൂശിയത്‌. 13  ലോകത്തിൽ സുവിശേഷം പ്രസംഗിക്കപ്പെടുന്നിടത്തൊക്കെയും ഈ സ്‌ത്രീ ചെയ്‌തതും ഇവളുടെ സ്‌മരണയ്‌ക്കായി പ്രസ്‌താവിക്കപ്പെടും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” 14  അനന്തരം പന്തിരുവരിൽ ഒരുവനായ യൂദാ ഈസ്‌കര്യോത്താ മുഖ്യപുരോഹിതന്മാരുടെ അടുക്കൽചെന്ന്, 15  “ഞാൻ അവനെ ഒറ്റിത്തന്നാൽ നിങ്ങൾ എനിക്ക് എന്തുതരും?” എന്നു ചോദിച്ചു. മുപ്പതുവെള്ളിക്കാശ്‌ നൽകാമെന്ന് അവർ അവനുമായി പറഞ്ഞൊത്തു. 16  അപ്പോൾമുതൽ യേശുവിനെ ഒറ്റിക്കൊടുക്കാൻ അവൻ തക്കംനോക്കിയിരുന്നു. 17  പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒന്നാം ദിവസം ശിഷ്യന്മാർ യേശുവിന്‍റെ അടുക്കൽ വന്ന് അവനോട്‌, “നിനക്കു പെസഹാ ഭക്ഷിക്കാൻ ഞങ്ങൾ അത്‌ എവിടെയാണ്‌ ഒരുക്കേണ്ടത്‌?” എന്നു ചോദിച്ചു. 18  അവൻ അവരോടു പറഞ്ഞത്‌: “നിങ്ങൾ പട്ടണത്തിൽ ഇന്നയാളിന്‍റെ അടുക്കൽ ചെന്ന് അവനോടു പറയുക: ‘എന്‍റെ സമയം അടുത്തിരിക്കുന്നു. ഞാൻ എന്‍റെ ശിഷ്യന്മാരോടുകൂടെ നിന്‍റെ ഭവനത്തിൽ പെസഹാ ആചരിക്കും’ എന്നു ഗുരു പറയുന്നു.” 19  ശിഷ്യന്മാർ യേശു പറഞ്ഞതുപോലെ ചെയ്‌തു; അവർ ചെന്ന് പെസഹാ ഒരുക്കി. 20  സന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടുശിഷ്യന്മാരോടുകൂടെ മേശയ്‌ക്കൽ ഭക്ഷണത്തിനിരുന്നു. 21  അവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ, “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. 22  ഇതുകേട്ട് അവർ അതീവ ദുഃഖിതരായി ഓരോരുത്തരും അവനോട്‌, “കർത്താവേ, അതു ഞാനാണോ?” എന്നു ചോദിക്കാൻതുടങ്ങി. 23  അവൻ അവരോട്‌, “എന്നോടൊപ്പം പാത്രത്തിൽ കൈ മുക്കുന്നവൻതന്നെ എന്നെ ഒറ്റിക്കൊടുക്കും. 24  തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം. എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്‌ അയ്യോ കഷ്ടം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനു നന്നായിരുന്നു” എന്നു പറഞ്ഞു. 25  അവനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാ അവനോട്‌, “റബ്ബീ, അതു ഞാനാണോ?” എന്നു ചോദിച്ചതിന്‌, “നീതന്നെ അതു പറഞ്ഞുവല്ലോ” എന്ന് അവൻ പറഞ്ഞു. 26  അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു ഒരു അപ്പമെടുത്ത്‌ അനുഗ്രഹത്തിനായി പ്രാർഥിച്ചശേഷം നുറുക്കി അവർക്കു കൊടുത്തുകൊണ്ട്, “വാങ്ങി ഭക്ഷിക്കുവിൻ; ഇത്‌ എന്‍റെ ശരീരത്തെ അർഥമാക്കുന്നു” എന്നു പറഞ്ഞു. 27  പിന്നെ അവൻ ഒരു പാനപാത്രമെടുത്തു നന്ദിയർപ്പിച്ച് അവർക്കു കൊടുത്തുകൊണ്ട്, “നിങ്ങളെല്ലാവരും ഇതിൽനിന്നു കുടിക്കുവിൻ; 28  ഇത്‌ പാപമോചനത്തിനായി അനേകർക്കുവേണ്ടി ചൊരിയപ്പെടാനിരിക്കുന്ന എന്‍റെ ‘ഉടമ്പടിയുടെ രക്ത’ത്തെ അർഥമാക്കുന്നു. 29  എന്‍റെ പിതാവിന്‍റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതിയ വീഞ്ഞ് കുടിക്കുന്ന നാൾവരെ മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് ഇനി ഞാൻ കുടിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. 30  ഒടുവിൽ സ്‌തുതിഗീതങ്ങൾ ആലപിച്ചശേഷം അവർ ഒലിവുമലയിലേക്കു പോയി. 31  പിന്നെ യേശു അവരോടു പറഞ്ഞത്‌: “ഈ രാത്രി നിങ്ങൾ എല്ലാവരും എന്നെപ്രതി ഇടറിപ്പോകും. ‘ഞാൻ ഇടയനെ വെട്ടും; ആട്ടിൻകൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും’ എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ. 32  എന്നാൽ ഞാൻ ഉയിർപ്പിക്കപ്പെട്ടശേഷം നിങ്ങൾക്കു മുമ്പായി ഗലീലയ്‌ക്കു പോകും.” 33  പത്രോസോ അവനോട്‌, “മറ്റെല്ലാവരും നിന്നെപ്രതി ഇടറിപ്പോയാലും ഞാൻ ഒരിക്കലും ഇടറുകയില്ല” എന്നു പറഞ്ഞു. 34  അതിന്‌ യേശു അവനോട്‌, “ഈ രാത്രിയിൽ, കോഴി കൂകുംമുമ്പ് നീ മൂന്നുപ്രാവശ്യം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു. 35  പത്രോസ്‌ അവനോട്‌, “നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറയുകയില്ല” എന്നു പറഞ്ഞു. മറ്റു ശിഷ്യന്മാരും അങ്ങനെതന്നെ പറഞ്ഞു. 36  അനന്തരം യേശു അവരോടൊപ്പം ഗെത്ത്‌ശെമന എന്ന സ്ഥലത്തെത്തി. അവൻ ശിഷ്യന്മാരോട്‌, “ഞാൻ പോയി പ്രാർഥിച്ചിട്ടുവരട്ടെ; നിങ്ങൾ ഇവിടെ ഇരിക്കുവിൻ” എന്നു പറഞ്ഞു. 37  അവൻ പത്രോസിനെയും സെബെദിയുടെ രണ്ടുപുത്രന്മാരെയും കൂട്ടിക്കൊണ്ടുപോയി. അവൻ വ്യസനിക്കാനും അത്യധികം വ്യാകുലപ്പെടാനുംതുടങ്ങി. 38  അവൻ അവരോട്‌, “എന്‍റെ ഉള്ളം* അതിദുഃഖിതമായിരിക്കുന്നു; അതു മരണവേദനയാൽ ഞരങ്ങുന്നു. ഇവിടെ എന്നോടൊപ്പം ഉണർന്നിരിക്കുവിൻ” എന്നു പറഞ്ഞു. 39  പിന്നെ അവൻ അൽപ്പം മുമ്പോട്ടുപോയി കവിണ്ണുവീണ്‌, “എന്‍റെ പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്നു നീക്കേണമേ; എന്നാൽ എന്‍റെ ഇഷ്ടമല്ല, നിന്‍റെ ഇഷ്ടം നിറവേറട്ടെ” എന്നു പ്രാർഥിച്ചു. 40  അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നപ്പോൾ അവർ ഉറങ്ങുന്നതു കണ്ട് പത്രോസിനോട്‌, “നിങ്ങൾക്ക് എന്നോടുകൂടെ അൽപ്പനേരംപോലും ഉണർന്നിരിക്കാൻ കഴിയുന്നില്ലയോ? 41  പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ സദാ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ. ആത്മാവ്‌ ഒരുക്കമുള്ളത്‌; ജഡമോ ബലഹീനമത്രേ” എന്നു പറഞ്ഞു. 42  അവൻ രണ്ടാമതും പോയി, “എന്‍റെ പിതാവേ, ഞാൻ കുടിക്കാതെ ഇതു നീങ്ങിപ്പോകുക സാധ്യമല്ലെങ്കിൽ, നിന്‍റെ ഇഷ്ടം നിറവേറട്ടെ” എന്നു പ്രാർഥിച്ചു. 43  അവൻ വീണ്ടും വന്നപ്പോൾ കണ്ണുകളിലെ നിദ്രാഭാരംനിമിത്തം അവർ ഉറങ്ങുന്നതു കണ്ടു. 44  അതുകൊണ്ട് അവരെ വിട്ടിട്ട് അവൻ മൂന്നാമതും പോയി അതേ വാക്കുകൾ പറഞ്ഞു പ്രാർഥിച്ചു. 45  പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്ന് അവരോട്‌, “ഇങ്ങനെയുള്ള ഒരു സമയത്താണോ നിങ്ങൾ ഉറങ്ങി വിശ്രമിക്കുന്നത്‌? ഇതാ, മനുഷ്യപുത്രൻ ഒറ്റിക്കൊടുക്കപ്പെട്ട് പാപികളുടെ കൈകളിൽ ഏൽപ്പിക്കപ്പെടാനുള്ള സമയം അടുത്തിരിക്കുന്നു. 46  എഴുന്നേൽക്കൂ, നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്തെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. 47  അവൻ സംസാരിച്ചുകൊണ്ടിരിക്കെ, പന്തിരുവരിൽ ഒരുവനായ യൂദാ അവിടെയെത്തി. മുഖ്യപുരോഹിതന്മാരുടെയും ജനത്തിന്‍റെ മൂപ്പന്മാരുടെയും അടുക്കൽനിന്നുള്ള വലിയൊരു ജനക്കൂട്ടവും വാളുകളും വടികളുമായി അവനോടൊപ്പം ഉണ്ടായിരുന്നു. 48  അവനെ ഒറ്റിക്കൊടുക്കുന്നവൻ അവരുമായി ഒരു അടയാളം പറഞ്ഞൊത്തിരുന്നു: “ഞാൻ ആരെ ചുംബിക്കുന്നുവോ, അവൻതന്നെ. അവനെ പിടിച്ചുകൊള്ളുക.” 49  അങ്ങനെ, അവൻ നേരെ യേശുവിനെ സമീപിച്ച്, “റബ്ബീ, വന്ദനം!” എന്നു പറഞ്ഞുകൊണ്ട് വളരെ ആർദ്രമായി അവനെ ചുംബിച്ചു. 50  യേശു അവനോട്‌, “സ്‌നേഹിതാ, നീ വന്നത്‌ എന്തു കാര്യത്തിന്‌?” എന്നു ചോദിച്ചു. അപ്പോൾ അവർ വന്ന് യേശുവിനെ പിടികൂടി. 51  യേശുവിനോടൊപ്പം ഉണ്ടായിരുന്നവരിൽ ഒരുവൻ തന്‍റെ വാൾ വലിച്ചൂരി മഹാപുരോഹിതന്‍റെ ദാസനെ വെട്ടി ചെവി ഛേദിച്ചുകളഞ്ഞു. 52  യേശു അവനോട്‌, “നിന്‍റെ വാൾ ഉറയിലിടുക; വാളെടുക്കുന്നവരൊക്കെയും വാളാൽ നശിക്കും. 53  പന്ത്രണ്ടുലെഗ്യോനിലധികം* ദൂതന്മാരെ ഈ നിമിഷം എന്‍റെ അടുക്കലേക്ക് അയയ്‌ക്കാൻ എനിക്ക് എന്‍റെ പിതാവിനോട്‌ അപേക്ഷിക്കാൻ സാധിക്കുകയില്ലെന്നു നീ കരുതുന്നുവോ? 54  പക്ഷേ, അങ്ങനെചെയ്‌താൽ, ഇപ്രകാരം സംഭവിക്കണമെന്നുള്ള തിരുവെഴുത്തുകൾ എങ്ങനെ നിവൃത്തിയാകും?” എന്നു പറഞ്ഞു. 55  അനന്തരം യേശു ജനക്കൂട്ടത്തോട്‌, “ഒരു കള്ളന്‍റെനേരെ എന്നപോലെ വാളും വടിയുമായി നിങ്ങൾ എന്നെ പിടികൂടാൻ വന്നിരിക്കുന്നുവോ? ഞാൻ ദിവസവും ആലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നിട്ടും നിങ്ങൾ എന്നെ പിടികൂടിയില്ല. 56  എന്നാൽ പ്രവാചകലിഖിതങ്ങൾ നിവൃത്തിയാകേണ്ടതിനത്രേ ഇതൊക്കെയും സംഭവിച്ചത്‌” എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി. 57  യേശുവിനെ പിടികൂടിയവർ അവനെ മഹാപുരോഹിതനായ കയ്യഫാവിന്‍റെ അടുക്കലേക്കു കൊണ്ടുപോയി. അവിടെ ശാസ്‌ത്രിമാരും മൂപ്പന്മാരും ഒത്തുകൂടിയിരുന്നു. 58  എന്നാൽ പത്രോസ്‌ കുറെ അകലെയായി, മഹാപുരോഹിതന്‍റെ അരമനയുടെ നടുമുറ്റംവരെ അവനെ അനുഗമിച്ചു; എന്നിട്ട് എന്തു സംഭവിക്കുമെന്നറിയാൻ അവൻ അരമനയിലെ പരിചാരകരോടൊപ്പം ഇരുന്നു. 59  ഇതേസമയം മുഖ്യപുരോഹിതന്മാരും ന്യായാധിപസഭ മുഴുവനും യേശുവിനെ വധിക്കേണ്ടതിന്‌ അവനെതിരെ കള്ളത്തെളിവുകൾ അന്വേഷിച്ചുകൊണ്ടിരുന്നു. 60  കള്ളസാക്ഷികൾ പലരും മുമ്പോട്ടുവന്നെങ്കിലും അവർക്ക് ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ രണ്ടുപേർ വന്ന്, 61  “ ‘ദൈവാലയം ഇടിച്ചുകളഞ്ഞ് മൂന്നുദിവസത്തിനകം അതു പണിയാൻ എനിക്കു കഴിയും’ എന്ന് ഈ മനുഷ്യൻ പറഞ്ഞു” എന്നു ബോധിപ്പിച്ചു. 62  അപ്പോൾ മഹാപുരോഹിതൻ എഴുന്നേറ്റുനിന്ന് അവനോട്‌, “നിനക്കു മറുപടിയൊന്നുമില്ലേ? നിനക്കെതിരെ ഇവർ പറയുന്ന ഈ സാക്ഷ്യങ്ങളൊക്കെ എന്താണ്‌?” എന്നു ചോദിച്ചു. 63  യേശുവോ മിണ്ടാതിരുന്നു. അതുകൊണ്ട് മഹാപുരോഹിതൻ അവനോടു പറഞ്ഞു: “നീ ദൈവപുത്രനായ ക്രിസ്‌തുവാണോയെന്ന് ജീവനുള്ള ദൈവത്തെക്കൊണ്ടു ഞങ്ങളോട്‌ ആണയിട്ടു പറയാൻ ഞാൻ നിന്നോട്‌ ആവശ്യപ്പെടുന്നു.” 64  യേശു അവനോട്‌, “നീതന്നെ അതു പറഞ്ഞുവല്ലോ; എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ഇനി മനുഷ്യപുത്രൻ ശക്തനായവന്‍റെ* വലത്തുഭാഗത്തിരിക്കുന്നതും ആകാശമേഘങ്ങളിന്മേൽ വരുന്നതും നിങ്ങൾ കാണും” എന്നു പറഞ്ഞു. 65  അപ്പോൾ മഹാപുരോഹിതൻ തന്‍റെ മേലങ്കി കീറിക്കൊണ്ടു പറഞ്ഞത്‌: “ഇവൻ ദൈവദൂഷണം പറഞ്ഞിരിക്കുന്നു! ഇനി സാക്ഷികളെക്കൊണ്ട് എന്താവശ്യം? ഇതാ, നിങ്ങൾതന്നെ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ. 66  നിങ്ങൾക്ക് എന്തു തോന്നുന്നു?” അതിന്‌ അവർ, “ഇവൻ മരണയോഗ്യൻ” എന്നു മറുപടി നൽകി. 67  പിന്നെ അവർ അവന്‍റെ മുഖത്തു തുപ്പുകയും അവനെ മുഷ്ടിചുരുട്ടി ഇടിക്കുകയും ചെയ്‌തു. മറ്റുള്ളവർ അവന്‍റെ ചെകിട്ടത്തടിച്ച് 68  അവനോട്‌, “ക്രിസ്‌തുവേ, നിന്നെ അടിച്ചത്‌ ആർ എന്നു ഞങ്ങളോടു പ്രവചിക്കുക” എന്നു പറഞ്ഞു. 69  പത്രോസ്‌ പുറത്തു നടുമുറ്റത്ത്‌ ഇരിക്കുകയായിരുന്നു. പരിചാരികയായ ഒരു പെൺകുട്ടി അവന്‍റെ അടുക്കൽ വന്ന് അവനോട്‌, “ഗലീലക്കാരനായ യേശുവിന്‍റെകൂടെ നീയും ഉണ്ടായിരുന്നല്ലോ” എന്നു പറഞ്ഞു. 70  എന്നാൽ അവരുടെയെല്ലാം മുമ്പാകെ അതു നിഷേധിച്ചുകൊണ്ട് അവൻ, “നീ പറയുന്നത്‌ എനിക്കു മനസ്സിലാകുന്നില്ല” എന്നു പറഞ്ഞു. 71  അവൻ പുറത്തു പടിപ്പുരയിലേക്കു പോയപ്പോൾ മറ്റൊരു പെൺകുട്ടി അവനെ കണ്ട് അവിടെയുള്ളവരോട്‌, “ഈ മനുഷ്യൻ നസറായനായ യേശുവിനോടൊപ്പം ഉണ്ടായിരുന്നവനാണ്‌” എന്നു പറഞ്ഞു. 72  അപ്പോൾ അവൻ പിന്നെയും, “ആ മനുഷ്യനെ ഞാൻ അറിയുകയില്ല” എന്ന് ആണയിട്ട് നിഷേധിച്ചു. 73  അൽപ്പനേരം കഴിഞ്ഞപ്പോൾ അവിടെ നിന്നിരുന്നവർ അടുത്തു വന്ന് പത്രോസിനോട്‌, “നീ അവരിൽ ഒരുവനാണ്‌ തീർച്ച; നിന്‍റെ സംസാരരീതിതന്നെ അതു വെളിപ്പെടുത്തുന്നുവല്ലോ” എന്നു പറഞ്ഞു. 74  അപ്പോൾ അവൻ സ്വയം ശപിച്ചുകൊണ്ട്, “ആ മനുഷ്യനെ ഞാൻ അറിയുകയില്ല” എന്ന് ആണയിട്ടു പറഞ്ഞു. ഉടൻതന്നെ കോഴി കൂകി. 75  “കോഴി കൂകുംമുമ്പ് നീ മൂന്നുപ്രാവശ്യം എന്നെ തള്ളിപ്പറയും” എന്ന് യേശു പറഞ്ഞത്‌ പത്രോസ്‌ ഓർത്തു. അവൻ പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു.

അടിക്കുറിപ്പുകള്‍

മത്താ 26:38* ഗ്രീക്കിൽ, സൈക്കി
മത്താ 26:53* പുരാതന റോമൻ സൈന്യത്തിന്‍റെ മുഖ്യവിഭാഗം. ഇവിടെ ലെഗ്യോൻ എന്ന പദം ഒരു വലിയ ഗണത്തെ സൂചിപ്പിക്കുന്നു.
മത്താ 26:64* അക്ഷരാർഥം, ശക്തിയുടെ