കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 24:1-51

24  യേശു ദൈവാലയം വിട്ട് പോകുമ്പോൾ, ആലയത്തിന്‍റെ നിർമിതികൾ കാണിച്ചുകൊടുക്കാൻ ശിഷ്യന്മാർ അവന്‍റെ അടുക്കൽ ചെന്നു.  അവൻ അവരോട്‌, “ഇവയെല്ലാം നിങ്ങൾ കാണുന്നുവല്ലോ. എന്നാൽ നിശ്ചയമായും കല്ലിന്മേൽ കല്ലു ശേഷിക്കാത്തവിധം ഇതൊക്കെയും ഇടിച്ചുതകർക്കപ്പെടും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.  അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ, ശിഷ്യന്മാർ സ്വകാര്യമായി അവനെ സമീപിച്ച് അവനോട്‌, “ഇവയെല്ലാം എപ്പോഴായിരിക്കും സംഭവിക്കുകയെന്നും നിന്‍റെ സാന്നിധ്യത്തിന്‍റെയും യുഗസമാപ്‌തിയുടെയും* അടയാളം എന്തായിരിക്കുമെന്നും ഞങ്ങളോടു പറയുക” എന്നു പറഞ്ഞു.  അതിന്‌ യേശു അവരോടു പറഞ്ഞത്‌: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ.  ‘ഞാൻ ക്രിസ്‌തുവാകുന്നു’ എന്നു പറഞ്ഞ് പലരും എന്‍റെ നാമത്തിൽ വന്ന് അനേകരെ വഴിതെറ്റിക്കും.  നിങ്ങൾ യുദ്ധകോലാഹലങ്ങളും യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളും കേൾക്കും; പക്ഷേ, പരിഭ്രാന്തരാകരുത്‌; അവ സംഭവിക്കേണ്ടതാകുന്നു; എന്നാൽ അത്‌ അവസാനമല്ല.  “ജനത ജനതയ്‌ക്കെതിരായും രാജ്യം രാജ്യത്തിനെതിരായും എഴുന്നേൽക്കും. ഒന്നിനു പുറകെ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ഉണ്ടാകും.  ഇവയൊക്കെയും ഈറ്റുനോവിന്‍റെ ആരംഭമത്രേ.  “അന്ന് ആളുകൾ നിങ്ങളെ ഉപദ്രവത്തിന്‌ ഏൽപ്പിക്കുകയും കൊല്ലുകയും ചെയ്യും. എന്‍റെ നാമംനിമിത്തം സകല ജനതകളും നിങ്ങളെ ദ്വേഷിക്കും. 10  അപ്പോൾ പലരും ഇടറിപ്പോകുകയും അന്യോന്യം ഒറ്റിക്കൊടുക്കുകയും പരസ്‌പരം ദ്വേഷിക്കുകയും ചെയ്യും. 11  കള്ളപ്രവാചകന്മാർ പലരും എഴുന്നേറ്റ്‌ അനേകരെ വഴിതെറ്റിക്കും. 12  അധർമം പെരുകുന്നതുകൊണ്ട് മിക്കവരുടെയും സ്‌നേഹം തണുത്തുപോകും. 13  എന്നാൽ അന്ത്യത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും. 14  രാജ്യത്തിന്‍റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അന്ത്യം വരും. 15  “അതുകൊണ്ട് ദാനിയേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്‌തതുപോലെ, ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്ത്‌ നിൽക്കുന്നതു കാണുമ്പോൾ (വായിക്കുന്നവൻ വിവേചന ഉപയോഗിക്കട്ടെ) 16  യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. 17  പുരമുകളിലുള്ളവൻ തന്‍റെ വീട്ടിലുള്ളത്‌ എടുക്കാൻ താഴെയിറങ്ങരുത്‌. 18  വയലിലായിരിക്കുന്നവൻ തന്‍റെ മേലങ്കി എടുക്കാൻ വീട്ടിലേക്കു പോകരുത്‌. 19  ആ നാളുകളിൽ ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും അയ്യോ കഷ്ടം! 20  നിങ്ങളുടെ ഓടിപ്പോക്ക് ശീതകാലത്തോ ശബത്തിലോ ആകാതിരിക്കാൻ പ്രാർഥിക്കുവിൻ; 21  എന്തെന്നാൽ ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും മേലാൽ സംഭവിക്കുകയില്ലാത്തതുമായ മഹാകഷ്ടം അന്നുണ്ടാകും. 22  ആ നാളുകൾ ചുരുക്കപ്പെടുന്നില്ലെങ്കിൽ ആരും രക്ഷിക്കപ്പെടുകയില്ല. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവരെപ്രതി ആ നാളുകൾ ചുരുക്കപ്പെടും. 23  “അന്ന് ആരെങ്കിലും നിങ്ങളോട്‌, ‘ഇതാ, ക്രിസ്‌തു ഇവിടെ’ അല്ലെങ്കിൽ ‘അവിടെ’ എന്നു പറഞ്ഞാൽ അതു വിശ്വസിക്കരുത്‌; 24  എന്തെന്നാൽ കള്ളക്രിസ്‌തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്‌ സാധ്യമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കേണ്ടതിന്‌ വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. 25  ഇതാ, ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നിരിക്കുന്നു. 26  അതുകൊണ്ട് ആളുകൾ നിങ്ങളോട്‌, ‘അതാ, അവൻ മരുഭൂമിയിൽ’ എന്നു പറഞ്ഞാൽ നിങ്ങൾ പുറപ്പെടരുത്‌; ‘ഇതാ, അവൻ ഉള്ളറകളിൽ’ എന്നു പറഞ്ഞാൽ വിശ്വസിക്കുകയുമരുത്‌; 27  എന്തെന്നാൽ മിന്നൽ കിഴക്കുനിന്നു പുറപ്പെട്ടു പടിഞ്ഞാറോളം പ്രകാശിക്കുന്നതുപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്‍റെ സാന്നിധ്യവും. 28  ശവം ഉള്ളിടത്തു കഴുകന്മാർ വന്നുകൂടും. 29  “ആ നാളുകളിലെ കഷ്ടം കഴിഞ്ഞയുടൻതന്നെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ വെളിച്ചം തരുകയില്ല; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഉലയും. 30  അപ്പോൾ മനുഷ്യപുത്രന്‍റെ അടയാളം ആകാശത്തു ദൃശ്യമാകും. ഭൂമിയിലെ സകലഗോത്രങ്ങളും മാറത്തടിച്ചു വിലപിക്കും. മനുഷ്യപുത്രൻ ശക്തിയോടും വലിയ മഹത്ത്വത്തോടുംകൂടെ ആകാശമേഘങ്ങളിന്മേൽ വരുന്നത്‌ അവർ കാണും. 31  അനന്തരം അവൻ തന്‍റെ ദൂതന്മാരെ മഹാകാഹളധ്വനിയോടെ അയയ്‌ക്കും. തിരഞ്ഞെടുക്കപ്പെട്ടവരെ അവർ ആകാശത്തിന്‍റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നാലുദിക്കിൽനിന്നും* കൂട്ടിച്ചേർക്കും. 32  “അത്തിമരത്തിന്‍റെ ദൃഷ്ടാന്തത്തിൽനിന്നു പഠിക്കുവിൻ: അതിന്‍റെ ഇളങ്കൊമ്പ് തളിർക്കുമ്പോൾ വേനൽ അടുത്തിരിക്കുന്നെന്നു നിങ്ങൾ അറിയുന്നുവല്ലോ. 33  അതുപോലെ, ഇവയെല്ലാം നിങ്ങൾ കാണുമ്പോൾ അവൻ അടുത്ത്‌, വാതിൽക്കൽ എത്തിയിരിക്കുന്നെന്നു മനസ്സിലാക്കിക്കൊള്ളുക. 34  ഇവയെല്ലാം സംഭവിക്കുവോളം ഈ തലമുറ ഒരുപ്രകാരത്തിലും നീങ്ങിപ്പോകുകയില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 35  ആകാശവും ഭൂമിയും നീങ്ങിപ്പോകും; എന്‍റെ വചനങ്ങളോ നീങ്ങിപ്പോകുകയില്ല. 36  “ആ നാളും നാഴികയും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല. 37  നോഹയുടെ നാളുകൾപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്‍റെ സാന്നിധ്യവും. 38  ജലപ്രളയത്തിനു മുമ്പുള്ള നാളുകളിൽ, നോഹ പെട്ടകത്തിൽ കയറിയ ദിവസംവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുക്കപ്പെട്ടും പോന്നു. 39  ജലപ്രളയം വന്ന് അവരെ എല്ലാവരെയും നീക്കിക്കളയുവോളം അവർ ഗൗനിച്ചതേയില്ല. മനുഷ്യപുത്രന്‍റെ സാന്നിധ്യവും അങ്ങനെതന്നെ ആയിരിക്കും. 40  അന്ന് രണ്ടുപുരുഷന്മാർ വയലിലായിരിക്കും: ഒരുവനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും. 41  രണ്ടുസ്‌ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും: ഒരുവളെ കൈക്കൊള്ളും; മറ്റവളെ ഉപേക്ഷിക്കും. 42  ആകയാൽ സദാ ജാഗരൂകരായിരിക്കുവിൻ; നിങ്ങളുടെ കർത്താവ്‌ ഏതു ദിവസം വരുമെന്നു നിങ്ങൾ അറിയുന്നില്ലല്ലോ. 43  “കള്ളൻ വരുന്ന യാമം ഏതെന്നു വീട്ടുടയവൻ അറിയുന്നുവെങ്കിൽ അവൻ ഉണർന്നിരുന്ന് തന്‍റെ വീടു കവർച്ചചെയ്യപ്പെടാതെ നോക്കുമെന്ന് നിങ്ങൾ അറിയുന്നുവല്ലോ. 44  അങ്ങനെതന്നെ, നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്‌ എന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുവിൻ. 45  “വീട്ടുകാർക്കു തക്കസമയത്ത്‌ ഭക്ഷണം കൊടുക്കേണ്ടതിന്‌ യജമാനൻ അവരുടെമേൽ നിയോഗിച്ച വിശ്വസ്‌തനും വിവേകിയുമായ അടിമ ആർ? 46  യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്‌തുകാണുന്ന ആ അടിമ ഭാഗ്യവാൻ! 47  യജമാനൻ അവനെ തന്‍റെ സകല സ്വത്തുക്കളുടെമേലും വിചാരകനായി നിയമിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 48  “എന്നാൽ ആ അടിമ ദുഷ്ടനായിത്തീർന്ന്: ‘എന്‍റെ യജമാനൻ വരാൻ താമസിക്കുന്നു’ എന്നു ഹൃദയത്തിൽ പറഞ്ഞ് 49  കൂടെയുള്ള അടിമകളെ അടിക്കാനും കുടിയന്മാരോടുകൂടെ തിന്നുകുടിക്കാനും തുടങ്ങുന്നെങ്കിൽ, 50  അവൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത സമയത്തും അവന്‍റെ യജമാനൻ വന്ന് 51  അവനെ കഠിനമായി ശിക്ഷിച്ച് കപടഭക്തരുടെ കൂട്ടത്തിലേക്കു തള്ളും. അവിടെ അവന്‍റെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.

അടിക്കുറിപ്പുകള്‍

മത്താ 24:3* അല്ലെങ്കിൽ, വ്യവസ്ഥിതിയുടെ അവസാനത്തിന്‍റെയും
മത്താ 24:31* അക്ഷരാർഥം, നാലുകാറ്റിൽനിന്ന്