കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 23:1-39

23  അനന്തരം യേശു ജനക്കൂട്ടത്തോടും തന്‍റെ ശിഷ്യന്മാരോടും പറഞ്ഞത്‌:  “ശാസ്‌ത്രിമാരും പരീശന്മാരും മോശയുടെ ഇരിപ്പിടത്തിൽ ഇരിക്കുന്നു.  ആകയാൽ അവർ നിങ്ങളോടു പറയുന്നതൊക്കെയും അനുസരിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്യുവിൻ. എന്നാൽ അവർ ചെയ്യുന്നതുപോലെ ചെയ്യരുത്‌. അവർ പറയുന്നത്‌ അവർ പ്രവർത്തിക്കുന്നില്ലല്ലോ.  അവർ ഭാരമുള്ള ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വെച്ചുകൊടുക്കുന്നു. എന്നാൽ സഹായിക്കാനായി ഒരു ചെറുവിരൽപോലും അനക്കാൻ അവർക്കു മനസ്സില്ല.  മനുഷ്യരെ കാണിക്കേണ്ടതിനത്രേ അവർ ഓരോന്നും ചെയ്യുന്നത്‌. അവർ, രക്ഷയായി കെട്ടിക്കൊണ്ടുനടക്കുന്ന വേദവാക്യച്ചെപ്പുകളുടെ വലുപ്പം കൂട്ടി, വസ്‌ത്രങ്ങളുടെ തൊങ്ങൽ വലുതാക്കുന്നു.  അത്താഴവിരുന്നുകളിലെ പ്രമുഖസ്ഥാനവും സിനഗോഗുകളിലെ മുൻനിരയും  ചന്തസ്ഥലങ്ങളിലെ വന്ദനവും റബ്ബീ എന്ന സംബോധനയും അവർ പ്രിയപ്പെടുന്നു.  നിങ്ങളോ റബ്ബീ എന്നു പേരെടുക്കരുത്‌. ഒരുവനത്രേ നിങ്ങളുടെ ഗുരു, നിങ്ങളോ എല്ലാവരും സഹോദരന്മാർ.  ഭൂമിയിൽ ആരെയും പിതാവ്‌ എന്നു വിളിക്കരുത്‌. ഒരുവനത്രേ നിങ്ങളുടെ പിതാവ്‌; സ്വർഗസ്ഥൻതന്നെ. 10  നിങ്ങൾ ‘നായകന്മാർ’ എന്നും പേരെടുക്കരുത്‌. ഒരുവനത്രേ നിങ്ങളുടെ നായകൻ; ക്രിസ്‌തുതന്നെ. 11  നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷകൻ ആയിരിക്കണം. 12  തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്‌ത്തപ്പെടും. തന്നെത്തന്നെ താഴ്‌ത്തുന്നവൻ ഉയർത്തപ്പെടും. 13  “കപടഭക്തരായ ശാസ്‌ത്രിമാരും പരീശന്മാരും ആയുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ മനുഷ്യർക്കു സ്വർഗരാജ്യം അടച്ചുകളയുന്നു. നിങ്ങളോ കടക്കുന്നില്ല, കടക്കാൻ ശ്രമിക്കുന്നവരെ അതിന്‌ അനുവദിക്കുന്നതുമില്ല. 14  *—— 15  “കപടഭക്തരായ ശാസ്‌ത്രിമാരും പരീശന്മാരും ആയുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കാൻ കടലും കരയും ചുറ്റിസഞ്ചരിക്കുന്നു. അവൻ ചേർന്നുകഴിയുമ്പോഴോ നിങ്ങൾ അവനെ ഗിഹെന്നയ്‌ക്ക്* നിങ്ങളെക്കാൾ ഇരട്ടി അർഹനാക്കുന്നു. 16  “ ‘ആരെങ്കിലും ആലയത്തെക്കൊണ്ട് ആണയിട്ടാൽ സാരമില്ല എന്നും ആലയത്തിലെ സ്വർണത്തെക്കൊണ്ട് ആണയിട്ടാൽ അതു നിറവേറ്റാൻ അവൻ കടപ്പെട്ടവൻ’ എന്നും പറയുന്ന അന്ധരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം! 17  ഭോഷന്മാരും അന്ധന്മാരും ആയുള്ളോരേ, ഏതാകുന്നു വലിയത്‌? സ്വർണമോ സ്വർണത്തെ പവിത്രമാക്കുന്ന ദൈവാലയമോ? 18  ‘ആരെങ്കിലും യാഗപീഠത്തെക്കൊണ്ട് ആണയിട്ടാൽ സാരമില്ല; അതിന്മേലുള്ള വഴിപാടിനെക്കൊണ്ട് ആണയിട്ടാൽ അതു നിറവേറ്റാൻ അവൻ കടപ്പെട്ടവൻ.’ 19  അന്ധന്മാരേ, ഏതാകുന്നു വലിയത്‌? വഴിപാടോ വഴിപാടിനെ പവിത്രമാക്കുന്ന യാഗപീഠമോ? 20  ആകയാൽ യാഗപീഠത്തെക്കൊണ്ട് ആണയിടുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയുംകൊണ്ട് ആണയിടുന്നു. 21  ആലയത്തെക്കൊണ്ട് ആണയിടുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയുംകൊണ്ട് ആണയിടുന്നു. 22  സ്വർഗത്തെക്കൊണ്ട് ആണയിടുന്നവൻ ദൈവത്തിന്‍റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയുംകൊണ്ട് ആണയിടുന്നു. 23  “കപടഭക്തരായ ശാസ്‌ത്രിമാരും പരീശന്മാരും ആയുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ തുളസി, ചതകുപ്പ, ജീരകം എന്നിവയിൽ ദശാംശം കൊടുക്കുന്നു. എന്നാൽ ന്യായം, കരുണ, വിശ്വസ്‌തത എന്നിങ്ങനെ ന്യായപ്രമാണത്തിലെ ഘനമേറിയ കാര്യങ്ങൾ നിങ്ങൾ അവഗണിച്ചിരിക്കുന്നു. ആദ്യത്തേതു ചെയ്യുന്നതോടൊപ്പം നിങ്ങൾ രണ്ടാമത്തേതും അനുഷ്‌ഠിക്കേണ്ടിയിരുന്നു. 24  അന്ധരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളയുകയും ചെയ്യുന്നു! 25  “കപടഭക്തരായ ശാസ്‌ത്രിമാരും പരീശന്മാരും ആയുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ പാനപാത്രത്തിന്‍റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു. അവയുടെ അകമോ കൊള്ളയും അമിതത്വവുംകൊണ്ടു നിറഞ്ഞിരിക്കുന്നു. 26  അന്ധനായ പരീശനേ, പാനപാത്രത്തിന്‍റെയും തളികയുടെയും അകം ആദ്യം വൃത്തിയാക്കുക. അപ്പോൾ പുറവും വൃത്തിയുള്ളതായിത്തീരും. 27  “കപടഭക്തരായ ശാസ്‌ത്രിമാരും പരീശന്മാരും ആയുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ വെള്ളതേച്ച ശവക്കല്ലറകളോട്‌ ഒക്കുന്നു. അവ പുറമേ ഭംഗിയുള്ളതായി കാണപ്പെടുന്നു. അകമേയോ മരിച്ചവരുടെ അസ്ഥികളും സകലവിധ മാലിന്യങ്ങളുംകൊണ്ടു നിറഞ്ഞിരിക്കുന്നു. 28  അങ്ങനെതന്നെ, നിങ്ങളും പുറമേ നീതിമാന്മാരായി കാണപ്പെടുന്നു; അകമേയോ കാപട്യവും അധർമവും നിറഞ്ഞവരത്രേ. 29  “കപടഭക്തരായ ശാസ്‌ത്രിമാരും പരീശന്മാരും ആയുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ പ്രവാചകന്മാർക്കു ശവകുടീരങ്ങൾ പണിതും നീതിമാന്മാരുടെ കല്ലറകൾ അലങ്കരിച്ചുംകൊണ്ട്, 30  ‘പൂർവപിതാക്കന്മാരുടെ കാലത്തു ഞങ്ങൾ ഉണ്ടായിരുന്നെങ്കിൽ പ്രവാചകന്മാരുടെ രക്തത്തിൽ അവരോടൊപ്പം പങ്കാളികൾ ആകുമായിരുന്നില്ല’ എന്നു പറയുന്നു. 31  അങ്ങനെ, പ്രവാചകന്മാരെ കൊന്നവരുടെ പുത്രന്മാരെന്ന് നിങ്ങൾക്കെതിരെ നിങ്ങൾതന്നെ സാക്ഷ്യം നൽകുന്നു. 32  ആകയാൽ നിങ്ങളുടെ പൂർവികരുടെ പാപത്തിന്‍റെ അളവ്‌ നിങ്ങൾ തികച്ചുകൊള്ളുവിൻ. 33  “സർപ്പങ്ങളേ, അണലിസന്തതികളേ, നിങ്ങൾ ഗിഹെന്നാവിധിയിൽനിന്ന് എങ്ങനെ രക്ഷപ്പെടും? 34  ആകയാൽ ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ഉപദേഷ്ടാക്കളെയും നിങ്ങളുടെ അടുത്തേക്ക് അയയ്‌ക്കുന്നു. അവരിൽ ചിലരെ നിങ്ങൾ കൊല്ലുകയും സ്‌തംഭത്തിലേറ്റുകയും ചെയ്യും. മറ്റുചിലരെ നിങ്ങൾ സിനഗോഗുകളിൽവെച്ച് ചാട്ടയ്‌ക്കടിക്കുകയും പട്ടണന്തോറും വേട്ടയാടുകയും ചെയ്യും. 35  അങ്ങനെ, നീതിമാനായ ഹാബേലിന്‍റെ രക്തംമുതൽ വിശുദ്ധമന്ദിരത്തിനും യാഗപീഠത്തിനും ഇടയ്‌ക്കുവെച്ചു നിങ്ങൾ കൊന്നുകളഞ്ഞ ബെരെഖ്യാവിന്‍റെ മകനായ സെഖര്യാവിന്‍റെ രക്തംവരെ, ഭൂമിയിൽ ചൊരിയപ്പെട്ട നീതിയുള്ള രക്തമൊക്കെയും നിങ്ങളുടെമേൽ വരേണ്ടതാകുന്നു. 36  ഇതൊക്കെയും ഈ തലമുറയുടെമേൽ വരും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 37  “യെരുശലേമേ, യെരുശലേമേ, പ്രവാചകന്മാരെ കൊല്ലുകയും തന്‍റെ അടുക്കലേക്ക് അയയ്‌ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുന്നതുപോലെ നിന്‍റെ മക്കളെ ചേർത്തുകൊള്ളാൻ എനിക്ക് എത്രവട്ടം മനസ്സായിരുന്നു! പക്ഷേ, നിങ്ങൾ സമ്മതിച്ചില്ല. 38  ഇതാ, നിങ്ങളുടെ ഈ ഭവനം ഉപേക്ഷിക്കപ്പെട്ടതായി നിങ്ങൾക്കു മുമ്പിൽ ശേഷിക്കുന്നു! 39  ‘യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുന്നതുവരെ നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

അടിക്കുറിപ്പുകള്‍

മത്താ 23:14* ഈ വാക്യം ഏറ്റവും പഴയ ഗ്രീക്ക് കയ്യെഴുത്തുപ്രതികളോടു പറ്റിനിൽക്കുന്ന, വെസ്റ്റ്കോട്ടിന്‍റെയും ഹോർട്ടിന്‍റെയും ഗ്രീക്കുപാഠത്തിൽ കാണുന്നില്ല. എന്നാൽ ചില ബൈബിൾ ഭാഷാന്തരങ്ങളിൽ അത്‌ ഇങ്ങനെ കാണുന്നു: “കപടഭക്തരായ ശാസ്‌ത്രിമാരും പരീശന്മാരും ആയുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ വിധവമാരുടെ വീടുകൾ വിഴുങ്ങുകയും നാട്യരൂപേണ ദീർഘമായി പ്രാർഥിക്കുകയും ചെയ്യുന്നു. ഇതുനിമിത്തം നിങ്ങൾക്ക് കൂടുതലായ ശിക്ഷാവിധി ലഭിക്കും.”
മത്താ 23:15* അനുബന്ധം 10 കാണുക.