കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 21:1-46

21  അവർ യെരുശലേമിനു സമീപം ഒലിവുമലയിലെ ബേത്ത്‌ഫാഗയിൽ എത്തിയപ്പോൾ, യേശു രണ്ടുശിഷ്യന്മാരെ വിളിച്ച് ഇങ്ങനെ പറഞ്ഞുകൊണ്ട് അവരെ അയച്ചു:  “നിങ്ങൾ ആ കാണുന്ന ഗ്രാമത്തിൽ ചെല്ലുക. അവിടെ എത്തുമ്പോൾത്തന്നെ, ഒരു കഴുതയെയും അതിന്‍റെ കുട്ടിയെയും* കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും; അവയെ അഴിച്ച് എന്‍റെ അടുക്കൽ കൊണ്ടുവരുക.  ആരെങ്കിലും നിങ്ങളോടു വല്ലതും ചോദിച്ചാൽ, ‘കർത്താവിന്‌ ഇവയെക്കൊണ്ട് ആവശ്യമുണ്ട്’ എന്നു പറയുക. ഉടൻതന്നെ അവൻ അവയെ വിട്ടുതരും.”  ഇപ്രകാരം സംഭവിച്ചത്‌ പ്രവാചകനിലൂടെ അരുളിച്ചെയ്‌ത ഈ വാക്കുകൾ നിവൃത്തിയാകേണ്ടതിനായിരുന്നു:  “സീയോൻ പുത്രിയോടു പറയുക: ‘ഇതാ, നിന്‍റെ രാജാവ്‌ സൗമ്യനായി കഴുതപ്പുറത്ത്‌, ചുമട്ടുമൃഗത്തിന്‍റെ കുട്ടിയായ ചെറുകഴുതയുടെ പുറത്തുതന്നെ കയറി നിന്‍റെ അടുക്കലേക്കു വരുന്നു.’ ”  അങ്ങനെ, ശിഷ്യന്മാർ പുറപ്പെട്ട് യേശു അവരോടു കൽപ്പിച്ചതുപോലെതന്നെ ചെയ്‌തു.  അവർ കഴുതയെയും അതിന്‍റെ കുട്ടിയെയും കൊണ്ടുവന്നു; തങ്ങളുടെ മേലങ്കികൾ അവയുടെമേൽ ഇട്ടു; അവൻ അതിന്‍റെ പുറത്ത്‌ കയറിയിരുന്നു.  ജനക്കൂട്ടത്തിൽ മിക്കവരും തങ്ങളുടെ മേലങ്കികൾ വഴിയിൽ വിരിച്ചു. മറ്റു ചിലർ മരച്ചില്ലകൾ വെട്ടി വഴിയിൽ നിരത്തി.  അവനു മുമ്പിലും പിമ്പിലുമായി നടന്നിരുന്ന ജനം, “ദാവീദുപുത്രനു ഹോശന്ന!* യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ! അത്യുന്നതങ്ങളിൽ ഹോശന്ന” എന്ന് ആർത്തുവിളിച്ചുകൊണ്ടിരുന്നു. 10  അവൻ യെരുശലേമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവൻ ഇളകി, “ഇവൻ ആരാണ്‌?” എന്നു ചോദിക്കാൻതുടങ്ങി. 11  “ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശുവാണ്‌” എന്നു ജനക്കൂട്ടം പറഞ്ഞുകൊണ്ടിരുന്നു. 12  യേശു ആലയത്തിൽ പ്രവേശിച്ച് അവിടെ വിൽക്കുകയും വാങ്ങുകയും ചെയ്‌തിരുന്നവരെ ഒക്കെയും പുറത്താക്കി; നാണയമാറ്റക്കാരുടെ മേശകളും പ്രാവുവിൽപ്പനക്കാരുടെ പീഠങ്ങളും മറിച്ചിട്ടു. 13  അവൻ അവരോട്‌, “ ‘എന്‍റെ ഭവനം പ്രാർഥനാലയം എന്നു വിളിക്കപ്പെടും’ എന്ന് എഴുതിയിരിക്കുന്നു. നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കിത്തീർക്കുന്നു” എന്നു പറഞ്ഞു. 14  അന്ധരും മുടന്തരും ആലയത്തിൽ അവന്‍റെ അടുക്കൽ വന്നു; അവൻ അവരെ സൗഖ്യമാക്കി. 15  അവൻ ചെയ്‌ത വിസ്‌മയകാര്യങ്ങളും “ദാവീദുപുത്രനു ഹോശന്ന” എന്ന് ദൈവാലയത്തിൽ ബാലന്മാർ ആർത്തുവിളിക്കുന്നതും കണ്ടപ്പോൾ മുഖ്യപുരോഹിതന്മാരും ശാസ്‌ത്രിമാരും നീരസപ്പെട്ട് 16  അവനോട്‌, “ഇവർ പറയുന്നതു നീ കേൾക്കുന്നുവോ?” എന്നു ചോദിച്ചു. യേശു അവരോട്‌, “ഉവ്വ്. ‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ സ്‌തുതി പൊഴിക്കുന്നു’ എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്നു ചോദിച്ചു. 17  പിന്നെ അവൻ അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബെഥാന്യയിൽ ചെന്ന് അവിടെ രാപാർത്തു. 18  അതിരാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുമ്പോൾ അവനു വിശന്നു. 19  വഴിയരികെ ഒരു അത്തിവൃക്ഷം കണ്ട് അവൻ അതിന്‍റെ അടുത്തു ചെന്നു; എന്നാൽ അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. അവൻ അതിനോട്‌, “നിന്നിൽനിന്ന് ഇനിയൊരിക്കലും ഫലമുണ്ടാകാതെ പോകട്ടെ” എന്നു പറഞ്ഞു. ക്ഷണത്തിൽ അത്തിവൃക്ഷം ഉണങ്ങിപ്പോയി. 20  ഇതു കണ്ടപ്പോൾ ശിഷ്യന്മാർ വിസ്‌മയിച്ച്, “ഈ അത്തിവൃക്ഷം ഇത്ര പെട്ടെന്ന് ഉണങ്ങിപ്പോയത്‌ എങ്ങനെ?” എന്നു ചോദിച്ചു. 21  അതിന്‌ യേശു അവരോടു പറഞ്ഞത്‌: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: സംശയിക്കാതെ വിശ്വസിക്കുന്നപക്ഷം ഞാൻ ഈ അത്തിവൃക്ഷത്തോടു ചെയ്‌തതു നിങ്ങളും ചെയ്യും. മാത്രമല്ല, നിങ്ങൾ ഈ മലയോട്‌, ‘ഇളകിപ്പോയി കടലിൽ പതിക്കുക’ എന്നു പറഞ്ഞാൽ അതും സംഭവിക്കും. 22  വിശ്വാസത്തോടെ നിങ്ങൾ പ്രാർഥനയിൽ യാചിക്കുന്നതൊക്കെയും നിങ്ങൾക്കു ലഭിക്കും.” 23  അവൻ ആലയത്തിലേക്കു ചെന്ന് അവിടെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, മുഖ്യപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും അവന്‍റെ അടുക്കൽ വന്ന് അവനോട്‌, “നീ എന്ത് അധികാരത്താലാണ്‌ ഇതൊക്കെ ചെയ്യുന്നത്‌? ആരാണ്‌ നിനക്ക് ഈ അധികാരം തന്നത്‌?” എന്നു ചോദിച്ചു. 24  യേശു അവരോടു പറഞ്ഞത്‌: “ഞാനും നിങ്ങളോട്‌ ഒരു കാര്യം ചോദിക്കും. അതു നിങ്ങൾ എന്നോടു പറഞ്ഞാൽ ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നത്‌ എന്ത് അധികാരത്താലാണെന്നു ഞാനും പറയാം: 25  യോഹന്നാനാലുള്ള സ്‌നാനം എവിടെനിന്നായിരുന്നു? സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?” അപ്പോൾ അവർ പരസ്‌പരം പറഞ്ഞു: “ ‘സ്വർഗത്തിൽനിന്ന്’ എന്നു പറഞ്ഞാൽ, ‘പിന്നെ നിങ്ങൾ എന്തുകൊണ്ട് അവനെ വിശ്വസിച്ചില്ല?’ എന്ന് അവൻ നമ്മോടു ചോദിക്കും. 26  ‘മനുഷ്യരിൽനിന്ന്’ എന്നു പറഞ്ഞാലോ, ജനമെല്ലാം യോഹന്നാനെ ഒരു പ്രവാചകനായി കണക്കാക്കുന്നതിനാൽ നാം അവരെ ഭയക്കേണ്ടിയിരിക്കുന്നു.” 27  അതുകൊണ്ട് അവർ യേശുവിനോട്‌, “ഞങ്ങൾക്ക് അറിയില്ല” എന്നു പറഞ്ഞു. അപ്പോൾ അവൻ അവരോടു പറഞ്ഞത്‌: “എങ്കിൽ ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നത്‌ എന്ത് അധികാരത്താലാണെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല. 28  “നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യന്‌ രണ്ടുപുത്രന്മാർ ഉണ്ടായിരുന്നു. അവൻ ഒന്നാമത്തവന്‍റെ അടുത്തു ചെന്ന് അവനോട്‌, ‘മകനേ, നീ ഇന്ന് മുന്തിരിത്തോട്ടത്തിൽ പോയി വേലചെയ്യുക’ എന്നു പറഞ്ഞു. 29  അവനാകട്ടെ, ‘ഞാൻ പോകാം അപ്പാ’ എന്നു പറഞ്ഞെങ്കിലും പോയില്ല. 30  അവൻ രണ്ടാമത്തവന്‍റെ അടുത്തു ചെന്ന് അങ്ങനെതന്നെ പറഞ്ഞു. ‘ഞാൻ പോകുകയില്ല’ എന്ന് അവൻ പറഞ്ഞെങ്കിലും പശ്ചാത്താപം തോന്നി അവൻ പോയി. 31  ഈ രണ്ടുപേരിൽ ആരാണ്‌ പിതാവിന്‍റെ ഇഷ്ടം ചെയ്‌തത്‌?” “രണ്ടാമത്തവൻ” എന്ന് അവർ പറഞ്ഞതിന്‌ യേശു അവരോട്‌, “ചുങ്കക്കാരും വേശ്യകളും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിലേക്കു പോകുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു; 32  എന്തെന്നാൽ യോഹന്നാൻ നീതിയുടെ മാർഗം പഠിപ്പിച്ചുകൊണ്ട് നിങ്ങളുടെ അടുക്കൽ വന്നു; നിങ്ങൾ അവനെ വിശ്വസിച്ചില്ല. എന്നാൽ ചുങ്കക്കാരും വേശ്യകളും അവനെ വിശ്വസിച്ചു. അതു കണ്ടിട്ടും അവനിൽ വിശ്വസിക്കത്തക്കവണ്ണം നിങ്ങൾ പശ്ചാത്തപിച്ചില്ല. 33  “മറ്റൊരു ദൃഷ്ടാന്തം കേൾക്കുവിൻ: ഒരു വീട്ടുടയവൻ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു; അതിനു ചുറ്റും വേലികെട്ടി; ഒരു മുന്തിരിച്ചക്ക് ഉണ്ടാക്കി; ഒരു കാവൽഗോപുരവും പണിതു. എന്നിട്ട് അതു പാട്ടക്കാരെ ഏൽപ്പിച്ചശേഷം അന്യദേശത്തേക്കു പോയി. 34  വിളവെടുപ്പിനു സമയമായപ്പോൾ തനിക്കുള്ള ഓഹരി കിട്ടേണ്ടതിന്‌ അവൻ പാട്ടക്കാരുടെ അടുത്തേക്കു തന്‍റെ അടിമകളെ അയച്ചു. 35  എന്നാൽ പാട്ടക്കാർ അവന്‍റെ അടിമകളെ പിടിച്ച് ഒരുത്തനെ തല്ലുകയും മറ്റൊരുത്തനെ കൊല്ലുകയും വേറൊരുത്തനെ കല്ലെറിയുകയും ചെയ്‌തു. 36  വീണ്ടും അവൻ മുമ്പത്തേതിലും കൂടുതൽ അടിമകളെ അയച്ചു. അവർ അവരോടും അങ്ങനെതന്നെ ചെയ്‌തു. 37  ഒടുവിൽ, ‘എന്‍റെ മകനെ അവർ മാനിക്കും’ എന്നു പറഞ്ഞ് അവൻ തന്‍റെ മകനെ അയച്ചു. 38  മകനെ കണ്ടപ്പോൾ പാട്ടക്കാർ, ‘ഇവനാണ്‌ അവകാശി. വരുക, നമുക്ക് ഇവനെ കൊന്ന് ഇവന്‍റെ അവകാശം കൈക്കലാക്കാം’ എന്നു തമ്മിൽ പറഞ്ഞു. 39  അങ്ങനെ, അവർ അവനെ പിടിച്ച് മുന്തിരിത്തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നുകളഞ്ഞു. 40  ആകയാൽ മുന്തിരിത്തോട്ടത്തിന്‍റെ ഉടമ വരുമ്പോൾ അവൻ ആ പാട്ടക്കാരോട്‌ എന്തു ചെയ്യും?” 41  അവർ അവനോട്‌, “അവർ ദുഷ്ടന്മാരാകയാൽ അവൻ അവരെ നിഗ്രഹിച്ച് യഥാകാലം തനിക്കു ഫലം നൽകുന്ന മറ്റു പാട്ടക്കാരെ മുന്തിരിത്തോട്ടം ഏൽപ്പിക്കും” എന്നു പറഞ്ഞു. 42  അപ്പോൾ യേശു അവരോടു പറഞ്ഞത്‌: “ ‘പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു. ഇതു യഹോവയാൽ സംഭവിച്ചു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു’ എന്നു തിരുവെഴുത്തുകളിൽ നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ? 43  അതുകൊണ്ട് ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്ത്‌ അതിന്‍റെ ഫലം പുറപ്പെടുവിക്കുന്ന ഒരു ജനതയ്‌ക്കു കൊടുക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു. 44  ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും. അത്‌ ആരുടെയെങ്കിലുംമേൽ വീണാൽ അവനെ പൊടിയാക്കിക്കളയും.” 45  മുഖ്യപുരോഹിതന്മാരും പരീശന്മാരും അവൻ പറഞ്ഞ ദൃഷ്ടാന്തങ്ങൾ കേട്ടപ്പോൾ അവൻ തങ്ങളെക്കുറിച്ചാണു പറയുന്നതെന്ന് അവർക്കു മനസ്സിലായി. 46  അവർ അവനെ പിടിക്കാൻ മാർഗം അന്വേഷിച്ചെങ്കിലും ജനം അവനെ ഒരു പ്രവാചകനായി കരുതിയതിനാൽ അവർ ഭയപ്പെട്ടു.

അടിക്കുറിപ്പുകള്‍

മത്താ 21:2* വളർച്ചയെത്തിയതെങ്കിലും തള്ളയുടെ അടുത്തുനിന്നു മാറ്റിയിട്ടില്ലാത്ത കഴുത.
മത്താ 21:9* “ദാവീദുപുത്രനെ രക്ഷിച്ചാലും” എന്നർഥം.