കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 18:1-35

18  അപ്പോൾ ശിഷ്യന്മാർ യേശുവിന്‍റെ അടുക്കൽ വന്ന് അവനോട്‌, “സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആരാണ്‌?” എന്നു ചോദിച്ചു.  അവൻ ഒരു കൊച്ചുകുട്ടിയെ വിളിച്ച് അവരുടെ നടുവിൽ നിറുത്തി  അവരോടു പറഞ്ഞത്‌: “മനംതിരിഞ്ഞ് ശിശുക്കളെപ്പോലെ ആയിത്തീരുന്നില്ലെങ്കിൽ നിങ്ങൾ ഒരുപ്രകാരത്തിലും സ്വർഗരാജ്യത്തിൽ കടക്കുകയില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.  ആകയാൽ ഈ ശിശുവിനെപ്പോലെ സ്വയം താഴ്‌ത്തുന്നവനായിരിക്കും സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ.  ഇങ്ങനെയുള്ള ഒരു ശിശുവിനെ എന്‍റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെയും കൈക്കൊള്ളുന്നു.  എന്നാൽ എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന്‌ ആരെങ്കിലും ഇടർച്ച വരുത്തിയാലോ, കഴുത തിരിക്കുന്നതുപോലുള്ള ഒരു തിരികല്ല് കഴുത്തിൽ കെട്ടി അവനെ കടലിൽ ആഴ്‌ത്തുന്നതാണു നല്ലത്‌.  “ഇടർച്ചകൾനിമിത്തം ലോകത്തിന്‌ അയ്യോ കഷ്ടം! ഇടർച്ചകൾ വരേണ്ടതുതന്നെ; എന്നാൽ ഇടർച്ച വരുത്തുന്ന മനുഷ്യന്‌ അയ്യോ കഷ്ടം!  നിന്‍റെ കൈയോ കാലോ നിനക്ക് ഇടർച്ച വരുത്തുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക. രണ്ടുകൈയും രണ്ടുകാലും ഉള്ളവനായി നിത്യാഗ്നിയിൽ എറിയപ്പെടുന്നതിനെക്കാൾ അംഗഹീനനോ മുടന്തനോ ആയി ജീവനിലേക്കു കടക്കുന്നതാണു നിനക്കു നല്ലത്‌.  നിന്‍റെ കണ്ണു നിനക്ക് ഇടർച്ച വരുത്തുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുക. രണ്ടുകണ്ണും ഉള്ളവനായി എരിയുന്ന ഗിഹെന്നയിലേക്ക്* എറിയപ്പെടുന്നതിനെക്കാൾ ഒരു കണ്ണ് ഉള്ളവനായി ജീവനിലേക്കു കടക്കുന്നതാണു നിനക്കു നല്ലത്‌. 10  ഈ ചെറിയവരിൽ ഒരുവനെ തുച്ഛീകരിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ; എന്തെന്നാൽ സ്വർഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. 11  *—— 12  “നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യന്‌ നൂറ്‌ ആടുകൾ ഉണ്ടെന്നിരിക്കട്ടെ. അവയിൽ ഒന്നു കൂട്ടംതെറ്റിപ്പോയാൽ അയാൾ തൊണ്ണൂറ്റി ഒൻപതിനെയും മലകളിൽ വിട്ടിട്ട് തെറ്റിപ്പോയതിനെ തിരഞ്ഞുപോകുകയില്ലയോ? 13  അതിനെ കണ്ടെത്തിയാൽ, തെറ്റിപ്പോകാത്ത തൊണ്ണൂറ്റി ഒൻപതിനെക്കുറിച്ചുള്ളതിലും അധികമായി അതിനെപ്രതി സന്തോഷിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 14  അങ്ങനെതന്നെ, ഈ ചെറിയവരിൽ ഒരുവൻപോലും നശിച്ചുപോകാൻ സ്വർഗസ്ഥനായ എന്‍റെ പിതാവ്‌ ആഗ്രഹിക്കുന്നില്ല. 15  “നിന്‍റെ സഹോദരൻ ഒരു പാപം ചെയ്‌താൽ നീ ചെന്ന് നീയും അവനും മാത്രമായി സംസാരിച്ച് അവന്‍റെ തെറ്റ്‌ അവനു മനസ്സിലാക്കിക്കൊടുക്കുക. അവൻ നിന്‍റെ വാക്കു ചെവിക്കൊള്ളുന്നെങ്കിൽ നീ നിന്‍റെ സഹോദരനെ നേടിയിരിക്കുന്നു. 16  അവൻ നിന്‍റെ വാക്കു കൂട്ടാക്കുന്നില്ലെങ്കിലോ, രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിയാൽ ഏതു കാര്യവും ഉറപ്പാക്കേണ്ടതിനു നിന്നോടുകൂടെ ഒന്നോ രണ്ടോ പേരെ കൂട്ടിക്കൊണ്ടുചെല്ലുക. 17  അവൻ അവരെ കൂട്ടാക്കുന്നില്ലെങ്കിൽ സഭയെ അറിയിക്കുക. സഭയെയും കൂട്ടാക്കുന്നില്ലെങ്കിൽ അവൻ നിനക്കു വിജാതീയനെയും ചുങ്കക്കാരനെയുംപോലെ ആയിരിക്കട്ടെ. 18  “നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെന്തും സ്വർഗത്തിൽ കെട്ടപ്പെട്ടതായിരിക്കും. നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിൽ അഴിക്കപ്പെട്ടതായിരിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 19  പ്രാധാന്യമുള്ള ഏതൊരു കാര്യവും ഭൂമിയിൽ നിങ്ങൾ രണ്ടുപേർ ഒരുമനപ്പെട്ട് അപേക്ഷിച്ചാൽ സ്വർഗസ്ഥനായ എന്‍റെ പിതാവ്‌ നിങ്ങൾക്ക് അതു ചെയ്‌തുതരും; 20  രണ്ടോ മൂന്നോ പേർ എന്‍റെ നാമത്തിൽ കൂടിവരുന്നിടത്തു ഞാൻ അവരുടെ മധ്യേ ഉണ്ട് എന്നും ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” 21  അപ്പോൾ പത്രോസ്‌ വന്ന് അവനോട്‌, “കർത്താവേ, എന്‍റെ സഹോദരൻ എന്നോടു പാപം ചെയ്‌താൽ എത്ര തവണ ഞാൻ അവനോടു ക്ഷമിക്കണം? ഏഴുതവണ മതിയോ?” എന്നു ചോദിച്ചു. 22  യേശു അവനോടു പറഞ്ഞത്‌: “ഏഴല്ല, എഴുപത്തി ഏഴു തവണ എന്നു ഞാൻ നിന്നോടു പറയുന്നു. 23  “ആകയാൽ സ്വർഗരാജ്യം തന്‍റെ ദാസന്മാരുമായി കണക്കുതീർക്കാൻ ആഗ്രഹിച്ച ഒരു രാജാവിനോടു സദൃശം. 24  അവൻ കണക്കുതീർത്തുതുടങ്ങിയപ്പോൾ, അവന്‌ പതിനായിരംതാലന്ത് [=6,00,00,000 ദിനാറെ*] കടപ്പെട്ടിരിക്കുന്ന ഒരുവനെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു. 25  അതു കൊടുത്തുതീർക്കാൻ അവനു വകയില്ലാതിരുന്നതിനാൽ അവന്‍റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവനുള്ളതൊക്കെയും വിറ്റു കടംവീട്ടാൻ കൽപ്പിച്ചു. 26  അപ്പോൾ ദാസൻ അവന്‍റെ മുമ്പാകെ കവിണ്ണുവീണ്‌ അവനോട്‌, ‘എനിക്ക് അൽപ്പം സമയം തരേണമേ; ഞാൻ സകലതും തന്നുതീർത്തുകൊള്ളാം’ എന്നു പറഞ്ഞു. 27  യജമാനൻ മനസ്സലിഞ്ഞ് ആ ദാസനെ വിട്ടയച്ചു; അവന്‍റെ കടവും റദ്ദാക്കിക്കൊടുത്തു. 28  എന്നാൽ ആ ദാസൻ പോയി, തനിക്കു നൂറുദിനാറെ കടപ്പെട്ടിരിക്കുന്ന ഒരു സഹദാസനെ കണ്ടു. അവൻ അവനെ പിടിച്ച് കഴുത്തു ഞെരിച്ച്, ‘നീ കടപ്പെട്ടിരിക്കുന്നതു തന്നുതീർക്കുക’ എന്നു പറഞ്ഞു. 29  അപ്പോൾ സഹദാസൻ അവന്‍റെ മുമ്പാകെ വീണ്‌ അവനോട്‌, ‘എനിക്ക് അൽപ്പം സമയം തരേണമേ; ഞാൻ തന്നുതീർത്തുകൊള്ളാം’ എന്നു കരഞ്ഞുപറഞ്ഞു. 30  എന്നാൽ അതിനു മനസ്സില്ലാതെ, അവൻ പോയി തനിക്കു കടപ്പെട്ടിരിക്കുന്നതു തന്നുതീർക്കുന്നതുവരെ അവനെ കാരാഗൃഹത്തിലാക്കി. 31  ഇതു കണ്ടിട്ട് അവന്‍റെ സഹദാസന്മാർ അതീവ ദുഃഖിതരായി. അവർ ചെന്ന് സംഭവിച്ചതൊക്കെയും തങ്ങളുടെ യജമാനനെ അറിയിച്ചു. 32  അപ്പോൾ യജമാനൻ അവനെ വിളിപ്പിച്ച് അവനോട്‌, ‘ദുഷ്ടദാസനേ, നീ എന്നോടു കരഞ്ഞുപറഞ്ഞപ്പോൾ ഞാൻ നിന്‍റെ കടമൊക്കെയും റദ്ദാക്കിത്തന്നുവല്ലോ. 33  എനിക്കു നിന്നോടു കരുണ തോന്നിയതുപോലെതന്നെ നിന്‍റെ സഹദാസനോടു നിനക്കും കരുണ തോന്നേണ്ടതല്ലായിരുന്നോ?’ എന്നു ചോദിച്ചു. 34  യജമാനൻ അത്യധികം കോപിച്ചു; തന്‍റെ കടം മുഴുവൻ തന്നുതീർക്കുന്നതുവരെ അവനെ കാരാഗൃഹപ്രമാണിമാർക്ക് ഏൽപ്പിച്ചുകൊടുത്തു. 35  നിങ്ങൾ ഓരോരുത്തനും തന്‍റെ സഹോദരനോടു ഹൃദയപൂർവം ക്ഷമിക്കാതിരുന്നാൽ ഇങ്ങനെതന്നെ എന്‍റെ സ്വർഗീയപിതാവ്‌ നിങ്ങളോടും ചെയ്യും.”

അടിക്കുറിപ്പുകള്‍

മത്താ 18:9* അനുബന്ധം 10 കാണുക.
മത്താ 18:11* ഈ വാക്യം ഏറ്റവും പുരാതനമായ ചില ഗ്രീക്ക് കയ്യെഴുത്തുപ്രതികളിൽ കാണുന്നില്ല. എന്നാൽ ചില ബൈബിൾ ഭാഷാന്തരങ്ങളിൽ ഈ വാക്യം ഇങ്ങനെ കാണുന്നു: ‘എന്തെന്നാൽ നഷ്ടപ്പെട്ടതിനെ വീണ്ടെടുക്കാനാണ്‌ മനുഷ്യപുത്രൻ വന്നത്‌.’
മത്താ 18:24* ദിനാറെ: ഒരു റോമൻ വെള്ളിനാണയം; 3.85 ഗ്രാം തൂക്കം; ഒരു ദിവസത്തെ വേതനത്തിനു തുല്യം.