കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 17:1-27

17  ആറുദിവസം കഴിഞ്ഞ് യേശു പത്രോസിനെയും യാക്കോബിനെയും അവന്‍റെ സഹോദരനായ യോഹന്നാനെയും കൂട്ടിക്കൊണ്ട് ഉയർന്ന ഒരു മലയിലേക്കു പോയി.  അവൻ അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു. അവന്‍റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു; അവന്‍റെ വസ്‌ത്രങ്ങൾ വെളിച്ചംപോലെ വെണ്മയുള്ളതായിത്തീർന്നു.  അപ്പോൾ മോശയും ഏലിയാവും അവർക്കു പ്രത്യക്ഷരായി അവനോടു സംസാരിച്ചുകൊണ്ടിരുന്നു.  പത്രോസ്‌ യേശുവിനോട്‌, “കർത്താവേ, ഞങ്ങൾ ഇവിടെ ആയിരിക്കുന്നതു നല്ലത്‌. നീ ആഗ്രഹിക്കുന്നപക്ഷം ഞാൻ ഇവിടെ മൂന്നുകൂടാരം ഉണ്ടാക്കാം; ഒന്നു നിനക്കും ഒന്നു മോശയ്‌ക്കും ഒന്ന് ഏലിയാവിനും” എന്നു പറഞ്ഞു.  അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, ശോഭയേറിയ ഒരു മേഘം അവരുടെമേൽ നിഴലിട്ടു. “ഇവൻ എന്‍റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; ഇവനു ശ്രദ്ധകൊടുക്കുവിൻ” എന്നു മേഘത്തിൽനിന്ന് ഒരു ശബ്ദവുമുണ്ടായി.  ഇതുകേട്ട് ശിഷ്യന്മാർ കവിണ്ണുവീണു; അവർ അത്യന്തം ഭയപ്പെട്ടു.  അപ്പോൾ യേശു അടുത്തു ചെന്ന് അവരെ തൊട്ടു, “എഴുന്നേൽക്കുവിൻ, ഭയപ്പെടേണ്ട” എന്നു പറഞ്ഞു.  അവർ കണ്ണുകളുയർത്തി നോക്കിയപ്പോൾ യേശുവിനെയല്ലാതെ ആരെയും കണ്ടില്ല.  അവർ മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോട്‌, “മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെടുന്നതുവരെ ഈ ദർശനം ആരോടും പറയരുത്‌” എന്നു കൽപ്പിച്ചു. 10  അപ്പോൾ ശിഷ്യന്മാർ അവനോട്‌, “ഏലിയാവാണ്‌ ആദ്യം വരേണ്ടത്‌ എന്നു ശാസ്‌ത്രിമാർ പറയുന്നതെന്ത്?” എന്നു ചോദിച്ചു. 11  അതിന്‌ അവൻ അവരോടു പറഞ്ഞത്‌: “നിശ്ചയമായും ഏലിയാവാണ്‌ ആദ്യംവന്ന് എല്ലാം യഥാസ്ഥാനത്താക്കുക. 12  എന്നാൽ ഏലിയാവ്‌ വന്നുകഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു. അവരോ അവനെ തിരിച്ചറിഞ്ഞില്ല. തങ്ങൾക്കു ബോധിച്ചതെല്ലാം അവർ അവനോടു ചെയ്‌തു. അപ്രകാരംതന്നെ മനുഷ്യപുത്രനും അവരുടെ കൈകളാൽ കഷ്ടം സഹിക്കേണ്ടതാകുന്നു.” 13  അവൻ യോഹന്നാൻ സ്‌നാപകനെക്കുറിച്ചാണ്‌ തങ്ങളോടു പറഞ്ഞതെന്ന് അപ്പോൾ ശിഷ്യന്മാർ ഗ്രഹിച്ചു. 14  അവർ ജനക്കൂട്ടത്തിനടുത്തേക്കു ചെന്നപ്പോൾ ഒരു മനുഷ്യൻ അവനെ സമീപിച്ച് അവന്‍റെ മുമ്പിൽ മുട്ടുകുത്തി അവനോട്‌, 15  “കർത്താവേ, എന്‍റെ മകനോടു കനിവു തോന്നേണമേ. അവൻ അപസ്‌മാരബാധയാൽ വല്ലാതെ കഷ്ടപ്പെടുന്നു. പലപ്പോഴും അവൻ തീയിലും വെള്ളത്തിലും വീഴുന്നു. 16  ഞാൻ അവനെ നിന്‍റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു. അവർക്ക് അവനെ സുഖപ്പെടുത്താൻ കഴിഞ്ഞില്ല” എന്ന് ഉണർത്തിച്ചു. 17  അപ്പോൾ യേശു, “അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, ഞാൻ എത്രകാലം നിങ്ങളോടുകൂടെ ഇരിക്കണം? എത്രകാലം ഞാൻ നിങ്ങളെ സഹിക്കണം? അവനെ എന്‍റെ അടുക്കൽ കൊണ്ടുവരൂ” എന്നു പറഞ്ഞു. 18  യേശു ഭൂതത്തെ ശാസിച്ചു; അത്‌ അവനെ വിട്ട് പോയി. അപ്പോൾത്തന്നെ ബാലൻ സുഖം പ്രാപിച്ചു. 19  അനന്തരം ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്‍റെ അടുക്കൽ വന്ന് അവനോട്‌, “എന്തുകൊണ്ടാണ്‌ ഞങ്ങൾക്ക് അതിനെ പുറത്താക്കാൻ കഴിയാഞ്ഞത്‌?” എന്നു ചോദിച്ചു. 20  അവൻ അവരോട്‌, “നിങ്ങളുടെ അൽപ്പവിശ്വാസംനിമിത്തമത്രേ. നിങ്ങൾക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്‌, ‘ഇവിടെനിന്ന് അവിടേക്കു നീങ്ങിപ്പോകുക’ എന്നു പറഞ്ഞാൽ അതു നീങ്ങിപ്പോകും. നിങ്ങൾക്ക് ഒന്നും അസാധ്യമായിരിക്കുകയില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. 21  *—— 22  അവർ ഗലീലയിൽ ഒരുമിച്ചുകൂടിയപ്പോൾ യേശു അവരോട്‌, “മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏൽപ്പിക്കപ്പെടേണ്ടതാകുന്നു. 23  അവർ അവനെ കൊല്ലും; മൂന്നാംനാൾ അവൻ ഉയിർപ്പിക്കപ്പെടും” എന്നു പറഞ്ഞു. ഇതുകേട്ട് അവർ അത്യധികം ദുഃഖിച്ചു. 24  അവർ കഫർന്നഹൂമിൽ എത്തിയപ്പോൾ നികുതിയായി ദ്വിദ്രഹ്‌മ* പണം പിരിക്കുന്നവർ പത്രോസിനെ സമീപിച്ച് അവനോട്‌, “നിങ്ങളുടെ ഗുരു നികുതി കൊടുക്കുന്നില്ലേ?” എന്നു ചോദിച്ചു. 25  “ഉവ്വ്” എന്ന് അവൻ പറഞ്ഞു. അവൻ വീട്ടിൽ വന്നയുടനെ യേശു അവനോടു ചോദിച്ചു: “ശിമോനേ, നിനക്ക് എന്തു തോന്നുന്നു, ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ തലക്കരമോ* വാങ്ങുന്നത്‌ ആരിൽനിന്നാണ്‌? മക്കളിൽനിന്നോ അന്യരിൽനിന്നോ?” 26  “അന്യരിൽനിന്ന്” എന്ന് അവൻ പറഞ്ഞതിന്‌ യേശു അവനോട്‌, “അങ്ങനെയെങ്കിൽ മക്കൾ ഒഴിവുള്ളവരാണല്ലോ. 27  എന്നാൽ നാം അവർക്ക് ഇടർച്ച വരുത്താതിരിക്കേണ്ടതിന്‌, നീ കടലിൽ ചെന്നു ചൂണ്ടയിട്ട് ആദ്യം കിട്ടുന്ന മത്സ്യത്തെ എടുക്കുക. അതിന്‍റെ വായ്‌ തുറക്കുമ്പോൾ നീ ഒരു ചതുർദ്രഹ്‌മ* പണം കാണും. അതെടുത്ത്‌ എനിക്കും നിനക്കുംവേണ്ടി കൊടുക്കുക” എന്നു പറഞ്ഞു.

അടിക്കുറിപ്പുകള്‍

മത്താ 17:21* ഈ വാക്യം ഏറ്റവും പഴയ ഗ്രീക്ക് കയ്യെഴുത്തുപ്രതികളോടു പറ്റിനിൽക്കുന്ന, വെസ്റ്റ്കോട്ടിന്‍റെയും ഹോർട്ടിന്‍റെയും ഗ്രീക്കുപാഠത്തിൽ കാണുന്നില്ല. എന്നാൽ ചില ബൈബിൾ ഭാഷാന്തരങ്ങളിൽ അത്‌ ഇങ്ങനെ കാണുന്നു: “പ്രാർഥനയാലും ഉപവാസത്താലുമല്ലാതെ ഈ വക ഒഴിഞ്ഞുപോകുകയില്ല.”
മത്താ 17:24* ഒരു ഗ്രീക്ക് വെള്ളിനാണയം; 6.8 ഗ്രാം തൂക്കം; ഏകദേശം രണ്ടുദിവസത്തെ വേതനത്തിനു തുല്യം.
മത്താ 17:25* അതായത്‌, ആളാംപ്രതി കൊടുക്കേണ്ടിയിരുന്ന നികുതി
മത്താ 17:27* ഒരു ഗ്രീക്ക് വെള്ളിനാണയം; 13.6 ഗ്രാം തൂക്കം