കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 16:1-28

16  അവനെ പരീക്ഷിക്കേണ്ടതിന്‌ പരീശന്മാരും സദൂക്യരും വന്ന് ആകാശത്തുനിന്ന് ഒരു അടയാളം കാണിക്കാൻ അവനോട്‌ ആവശ്യപ്പെട്ടു.  അപ്പോൾ അവൻ അവരോടു പറഞ്ഞത്‌: “[സന്ധ്യാസമയത്ത്‌, ‘ആകാശം ചുവന്നിരിക്കയാൽ കാലാവസ്ഥ നല്ലതായിരിക്കും’ എന്നും  രാവിലെ, ‘ആകാശം ചുവന്നും ഇരുണ്ടും ഇരിക്കയാൽ ഇന്ന് തണുപ്പും മഴയും ഉണ്ടാകും’ എന്നും നിങ്ങൾ പറയാറുണ്ടല്ലോ. ആകാശത്തിന്‍റെ ഭാവഭേദങ്ങൾ വിവേചിക്കാൻ നിങ്ങൾക്കറിയാം. എന്നാൽ കാലത്തിന്‍റെ അടയാളങ്ങൾ വിവേചിക്കാൻ നിങ്ങൾക്കു കഴിയുന്നതുമില്ല.]*  ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ യോനായുടെ അടയാളമല്ലാതെ മറ്റൊരു അടയാളവും അതിനു നൽകപ്പെടുകയില്ല.” ഇങ്ങനെ പറഞ്ഞിട്ട് അവൻ അവരെ വിട്ട് പോയി.  മറുകരയിലെത്തിയപ്പോൾ തങ്ങൾ അപ്പം എടുക്കാൻ മറന്നുപോയ കാര്യം ശിഷ്യന്മാർ മനസ്സിലാക്കി.  യേശു അവരോട്‌, “സൂക്ഷിച്ചുകൊള്ളുവിൻ! പരീശന്മാരുടെയും സദൂക്യരുടെയും പുളിമാവിനെക്കുറിച്ചു ജാഗ്രതയോടെയിരിക്കുവിൻ” എന്നു പറഞ്ഞു.  അവരോ, “നാം അപ്പമൊന്നും എടുക്കാഞ്ഞതുകൊണ്ടായിരിക്കും” എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.  ഇതു മനസ്സിലാക്കി യേശു അവരോടു പറഞ്ഞത്‌: “അൽപ്പവിശ്വാസികളേ, അപ്പം ഇല്ലാത്തതിനെക്കുറിച്ചു നിങ്ങൾ തമ്മിൽത്തമ്മിൽ പറയുന്നതെന്തിന്‌?  ഇനിയും നിങ്ങൾ മനസ്സിലാക്കുന്നില്ലെന്നോ? അഞ്ച് അപ്പം അയ്യായിരംപേർക്കു കൊടുത്തിട്ട് എത്ര കൊട്ടകളിൽ നിറച്ചെടുത്തു എന്നതു നിങ്ങൾ ഓർക്കുന്നില്ലയോ? 10  അല്ല, ഏഴ്‌ അപ്പം നാലായിരംപേർക്കു കൊടുത്തിട്ട് എത്ര കൊട്ടകളിൽ നിറച്ചെടുത്തു എന്നതും നിങ്ങൾ ഓർക്കുന്നില്ലയോ? 11  ഞാൻ നിങ്ങളോടു സംസാരിച്ചത്‌ അപ്പത്തിന്‍റെ കാര്യമല്ല, പരീശന്മാരുടെയും സദൂക്യരുടെയും പുളിമാവിനെക്കുറിച്ചു ജാഗ്രതയോടെയിരിക്കാനാണ്‌ എന്നു നിങ്ങൾ വിവേചിക്കാത്തതെന്ത്?” 12  അങ്ങനെ, അപ്പത്തിന്‍റെ പുളിമാവിന്‍റെ കാര്യമല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശത്തെക്കുറിച്ചു ജാഗ്രതയോടെയിരിക്കാനാണ്‌ അവൻ പറഞ്ഞതെന്ന് അവർ ഗ്രഹിച്ചു. 13  കൈസര്യഫിലിപ്പി പ്രദേശത്ത്‌ എത്തിയപ്പോൾ യേശു തന്‍റെ ശിഷ്യന്മാരോട്‌, “മനുഷ്യപുത്രൻ ആരാണെന്നാണു ജനം പറയുന്നത്‌?” എന്നു ചോദിച്ചു. 14  “ചിലർ യോഹന്നാൻ സ്‌നാപകൻ എന്നും മറ്റു ചിലർ ഏലിയാവ്‌ എന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുവനോ എന്നും പറയുന്നു” എന്ന് അവർ പറഞ്ഞു. 15  അവൻ അവരോട്‌, “എന്നാൽ ഞാൻ ആരാണെന്നാണു നിങ്ങൾ പറയുന്നത്‌?” എന്നു ചോദിച്ചു. 16  അതിനു ശിമോൻ പത്രോസ്‌, “നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്‌തുവാകുന്നു”* എന്നു മറുപടി നൽകി. 17  അപ്പോൾ യേശു അവനോടു പറഞ്ഞത്‌: “യോനായുടെ മകനായ ശിമോനേ, നീ ഭാഗ്യവാൻ. ജഡരക്തങ്ങൾ അല്ല, സ്വർഗസ്ഥനായ എന്‍റെ പിതാവത്രേ നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്‌. 18  ഞാൻ നിന്നോടു പറയുന്നു: നീ പത്രോസ്‌ ആകുന്നു; ഈ പാറമേൽ ഞാൻ എന്‍റെ സഭയെ പണിയും. പാതാളത്തിന്‍റെ* കവാടങ്ങൾ അതിനെ ജയിക്കുകയില്ല. 19  സ്വർഗരാജ്യത്തിന്‍റെ താക്കോലുകൾ ഞാൻ നിനക്കു തരും. നീ ഭൂമിയിൽ കെട്ടുന്നതെന്തും സ്വർഗത്തിൽ കെട്ടപ്പെട്ടതായിരിക്കും. നീ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിൽ അഴിക്കപ്പെട്ടതായിരിക്കും.” 20  പിന്നെ അവൻ, താൻ ക്രിസ്‌തുവാണെന്ന് ആരോടും പറയരുതെന്ന് അവരോടു കർശനമായി കൽപ്പിച്ചു. 21  ആ സമയംമുതൽ യേശു, താൻ യെരുശലേമിലേക്കു പോകേണ്ടതാണെന്നും മൂപ്പന്മാർ,* മുഖ്യപുരോഹിതന്മാർ, ശാസ്‌ത്രിമാർ എന്നിവരാൽ പലതും സഹിച്ച് കൊല്ലപ്പെടേണ്ടതാണെന്നും മൂന്നാംനാൾ ഉയിർപ്പിക്കപ്പെടേണ്ടതാണെന്നും ശിഷ്യന്മാരോടു വിശദീകരിച്ചുതുടങ്ങി. 22  എന്നാൽ പത്രോസ്‌ അവനെ മാറ്റിനിറുത്തി ശാസിച്ചുകൊണ്ട്, “കർത്താവേ, അങ്ങനെ പറയരുതേ; നിനക്ക് ഒരിക്കലും അതു ഭവിക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. 23  അപ്പോൾ അവൻ പത്രോസിനു പുറംതിരിഞ്ഞ്, “സാത്താനേ, എന്നെ വിട്ട് പോകൂ! നീ എനിക്ക് ഇടർച്ചയാകുന്നു. നിന്‍റെ ചിന്തകൾ ദൈവത്തിന്‍റെ ചിന്തകളല്ല, മനുഷ്യരുടേതത്രേ” എന്നു പറഞ്ഞു. 24  പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്‌: “എന്‍റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ ത്യജിച്ച് തന്‍റെ ദണ്ഡനസ്‌തംഭമെടുത്ത്‌ സദാ എന്നെ പിന്തുടരട്ടെ. 25  ആരെങ്കിലും തന്‍റെ ജീവൻ* രക്ഷിക്കാൻ ആഗ്രഹിച്ചാൽ അവൻ അതു നഷ്ടപ്പെടുത്തും. എന്നാൽ ആരെങ്കിലും എനിക്കുവേണ്ടി തന്‍റെ ജീവൻ* നഷ്ടപ്പെടുത്തിയാൽ അവൻ അതു കണ്ടെത്തും. 26  ഒരു മനുഷ്യൻ ലോകം മുഴുവൻ നേടിയാലും തന്‍റെ ജീവൻ നഷ്ടപ്പെടുത്തിയാൽ അവന്‌ എന്തു പ്രയോജനം? അല്ല, ഒരു മനുഷ്യൻ തന്‍റെ ജീവനു പകരമായി എന്തു കൊടുക്കും? 27  മനുഷ്യപുത്രൻ തന്‍റെ പിതാവിന്‍റെ മഹത്ത്വത്തിൽ തന്‍റെ ദൂതന്മാരോടൊപ്പം വരേണ്ടതാകുന്നു. അപ്പോൾ അവൻ ഓരോരുത്തനും അവനവന്‍റെ പ്രവൃത്തിക്കുതക്ക പ്രതിഫലം നൽകും. 28  മനുഷ്യപുത്രൻ തന്‍റെ രാജ്യത്തിൽ വരുന്നതു ദർശിക്കുംവരെ മരണം കാണുകയില്ലാത്ത ചിലർ ഇവിടെ നിൽക്കുന്നവരിലുണ്ട് എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”

അടിക്കുറിപ്പുകള്‍

മത്താ 16:3* വലയങ്ങൾക്കുള്ളിലെ ഭാഗം, ചില പുരാതന കയ്യെഴുത്തുപ്രതികളിൽ വിട്ടുകളഞ്ഞിരിക്കുന്നതും മറ്റു ചിലതിൽ ഉൾപ്പെടുത്തിയിരിക്കുന്നതുമായ പാഠത്തെ സൂചിപ്പിക്കുന്നു.
മത്താ 16:16* അഭിഷിക്തൻ എന്നർഥം.
മത്താ 16:18* അനുബന്ധം 9 കാണുക.
മത്താ 16:21* അല്ലെങ്കിൽ, പ്രായമേറിയ പുരുഷന്മാർ
മത്താ 16:25* ഗ്രീക്കിൽ, സൈക്കി
മത്താ 16:25* ഗ്രീക്കിൽ, സൈക്കി