കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 15:1-39

15  അനന്തരം യെരുശലേമിൽനിന്നു പരീശന്മാരും ശാസ്‌ത്രിമാരും യേശുവിന്‍റെ അടുക്കൽ വന്ന് അവനോട്‌,  “നിന്‍റെ ശിഷ്യന്മാർ പൂർവികരുടെ സമ്പ്രദായം മറികടക്കുന്നതെന്ത്? അവർ ഭക്ഷണം കഴിക്കുന്നതിനുമുമ്പു കൈ കഴുകുന്നില്ലല്ലോ” എന്നു പറഞ്ഞു.  അതിന്‌ അവൻ അവരോടു പറഞ്ഞത്‌: “നിങ്ങൾ എന്തുകൊണ്ടാണു നിങ്ങളുടെ പാരമ്പര്യത്താൽ ദൈവകൽപ്പനയെ മറികടക്കുന്നത്‌?  ‘നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക’ എന്നും ‘അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കണം’ എന്നും ദൈവം പറഞ്ഞുവല്ലോ.  എന്നാൽ നിങ്ങളോ, ‘ഒരുവൻ തന്‍റെ അപ്പനോടോ അമ്മയോടോ, “നിങ്ങൾക്ക് ഉപകാരപ്പെടേണ്ടതായി എന്‍റെ പക്കലുള്ളതെല്ലാം ദൈവത്തിനുള്ള വഴിപാടാണ്‌” എന്നു പറഞ്ഞാൽ,  പിന്നെ അവൻ തന്‍റെ അപ്പനെ ബഹുമാനിക്കേണ്ടതേയില്ല’ എന്നു പറയുന്നു. അങ്ങനെ, നിങ്ങളുടെ പാരമ്പര്യത്താൽ നിങ്ങൾ ദൈവത്തിന്‍റെ വചനത്തെ അസാധുവാക്കിയിരിക്കുന്നു.  കപടഭക്തരേ, യെശയ്യാവ്‌ നിങ്ങളെക്കുറിച്ചു ശരിയായി പ്രവചിച്ചുപറഞ്ഞിരിക്കുന്നു:  ‘ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് ഏറെ അകന്നിരിക്കുന്നു.  മനുഷ്യരുടെ കൽപ്പനകൾ ഉപദേശങ്ങളായി പഠിപ്പിക്കുന്നതിനാൽ അവർ എന്നെ ആരാധിക്കുന്നതു വ്യർഥമത്രേ.’ ” 10  പിന്നെ അവൻ ജനത്തെ അരികിലേക്കു വിളിച്ച് അവരോട്‌, “കേട്ട് ഗ്രഹിച്ചുകൊള്ളുവിൻ: 11  ഒരുവന്‍റെ വായിലേക്കു പോകുന്നതല്ല അവനെ അശുദ്ധനാക്കുന്നത്‌, വായിൽനിന്നു പുറപ്പെടുന്നതത്രേ” എന്നു പറഞ്ഞു. 12  അപ്പോൾ ശിഷ്യന്മാർ വന്ന് അവനോട്‌, “നീ പറഞ്ഞതു കേട്ട് പരീശന്മാർ ഇടറിപ്പോയെന്ന് അറിയുന്നുവോ?” എന്നു ചോദിച്ചു. 13  അതിന്‌ അവൻ അവരോട്‌, “സ്വർഗസ്ഥനായ എന്‍റെ പിതാവ്‌ നട്ടതല്ലാത്ത തൈ ഒക്കെയും വേരോടെ പിഴുതുകളയപ്പെടും. 14  അവരെ വിട്ടേക്കുക. അവർ അന്ധന്മാരായ വഴികാട്ടികളാകുന്നു. അന്ധൻ അന്ധനെ വഴികാട്ടിയാൽ ഇരുവരും കുഴിയിൽ വീഴും” എന്നു പറഞ്ഞു. 15  പത്രോസ്‌ അവനോട്‌, “ആ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീകരിച്ചുതരേണം” എന്നു പറഞ്ഞു. 16  അതിന്‌ അവൻ പറഞ്ഞത്‌: “നിങ്ങൾപോലും ഇനിയും ഗ്രഹിക്കുന്നില്ലെന്നോ! 17  വായിലേക്കു പോകുന്നതെന്തും ഉദരത്തിൽ ചെന്നിട്ട് മറപ്പുരയിലേക്കു പോകുന്നുവെന്നു നിങ്ങൾക്കറിയില്ലയോ? 18  എന്നാൽ വായിൽനിന്നു വരുന്നത്‌ ഹൃദയത്തിൽനിന്നത്രേ പുറപ്പെടുന്നത്‌. അതാകുന്നു ഒരു മനുഷ്യനെ അശുദ്ധനാക്കുന്നത്‌. 19  ഹൃദയത്തിൽനിന്നു പുറപ്പെടുന്നതോ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവതന്നെ. 20  ഇവയാണ്‌ ഒരു മനുഷ്യനെ അശുദ്ധനാക്കുന്നത്‌; അല്ലാതെ കഴുകാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതല്ല.” 21  പിന്നെ യേശു അവിടം വിട്ട് സോർ-സീദോൻ പ്രദേശങ്ങളിലേക്കു പോയി. 22  അപ്പോൾ ആ ദേശത്തുനിന്നുള്ള ഒരു ഫൊയ്‌നീക്യക്കാരി വന്ന് അവനോട്‌, “കർത്താവേ, ദാവീദുപുത്രാ, എന്നോടു കനിവു തോന്നേണമേ. എന്‍റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു. 23  അവനോ അവളോട്‌ ഒരു വാക്കും പറഞ്ഞില്ല. അതുകൊണ്ട് അവന്‍റെ ശിഷ്യന്മാർ അടുക്കൽ വന്ന് അവനോട്‌, “അവൾ നമ്മുടെ പിന്നാലെ കരഞ്ഞുകൊണ്ടു വരുന്നു; അവളെ പറഞ്ഞയയ്‌ക്കേണമേ” എന്ന് അപേക്ഷിച്ചു. 24  അതിന്‌ അവൻ, “ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ മറ്റാരുടെയും അടുക്കലേക്ക് എന്നെ അയച്ചിട്ടില്ല” എന്നു പറഞ്ഞു. 25  ആ സ്‌ത്രീ വന്ന് താണുവണങ്ങിക്കൊണ്ട് അവനോട്‌, “കർത്താവേ, എന്നെ സഹായിക്കേണമേ” എന്നു യാചിച്ചു. 26  അവനോ, “മക്കളുടെ അപ്പമെടുത്തു നായ്‌ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ” എന്നു പറഞ്ഞു. 27  അതിന്‌ അവൾ, “ഉവ്വ് കർത്താവേ, എന്നാൽ നായ്‌ക്കുട്ടികളും അവയുടെ യജമാനന്മാരുടെ മേശയിൽനിന്നു വീഴുന്ന അപ്പനുറുക്കുകൾ തിന്നുന്നുവല്ലോ” എന്നു പറഞ്ഞു. 28  അപ്പോൾ യേശു അവളോട്‌, “സ്‌ത്രീയേ, നിന്‍റെ വിശ്വാസം വലിയത്‌; നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അപ്പോൾത്തന്നെ അവളുടെ മകൾക്കു സൗഖ്യംവന്നു. 29  യേശു അവിടെനിന്നു പുറപ്പെട്ട് ഗലീലക്കടലിനരികെ വന്ന് മലയിൽ കയറി അവിടെ ഇരുന്നു. 30  വലിയ ജനക്കൂട്ടം അവന്‍റെ അടുക്കൽ വന്നുകൂടി. മുടന്തർ, വികലാംഗർ, അന്ധർ, ഊമർ തുടങ്ങി പലരെയും അവർ അവന്‍റെ കാൽക്കൽ കൊണ്ടുവന്നു. അവൻ അവരെ സൗഖ്യമാക്കി. 31  ഊമർ സംസാരിക്കുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാണുന്നതും കണ്ട് ജനം വിസ്‌മയിച്ച് ഇസ്രായേലിന്‍റെ ദൈവത്തെ മഹത്ത്വപ്പെടുത്തി. 32  യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്‌, “ഈ ജനക്കൂട്ടത്തോട്‌ എനിക്ക് അലിവു തോന്നുന്നു; മൂന്നുദിവസമായി ഇവർ എന്നോടുകൂടെയാണല്ലോ. ഇവർക്കു ഭക്ഷിക്കാൻ ഒന്നുമില്ല. വിശന്നവരായി ഇവരെ പറഞ്ഞയയ്‌ക്കാൻ എനിക്കു മനസ്സുവരുന്നില്ല. ഇവർ വഴിയിൽ തളർന്നു വീണേക്കും” എന്നു പറഞ്ഞു. 33  ശിഷ്യന്മാർ അവനോട്‌, “ഇത്ര വലിയ ഒരു ജനക്കൂട്ടത്തെ തൃപ്‌തിപ്പെടുത്താൻ മതിയായ അപ്പം ഈ വിജനസ്ഥലത്ത്‌ നമുക്ക് എവിടെനിന്നു കിട്ടും?” എന്നു ചോദിച്ചു. 34  യേശു അവരോട്‌, “നിങ്ങളുടെ പക്കൽ എത്ര അപ്പമുണ്ട്?” എന്നു ചോദിച്ചതിന്‌ അവർ, “ഏഴെണ്ണമുണ്ട്; കുറച്ചു ചെറുമീനും” എന്നു പറഞ്ഞു. 35  ജനക്കൂട്ടത്തോടു നിലത്തിരിക്കാൻ നിർദേശിച്ചശേഷം 36  അവൻ ആ ഏഴ്‌ അപ്പവും മീനും എടുത്ത്‌ നന്ദിയർപ്പിച്ചിട്ട്, നുറുക്കി ശിഷ്യന്മാരെ ഏൽപ്പിച്ചു. അവർ അത്‌ ജനത്തിനു വിതരണം ചെയ്‌തു. 37  എല്ലാവരും തിന്നുതൃപ്‌തരായി. ശേഷിച്ച അപ്പക്കഷണങ്ങൾ അവർ ഏഴു വലിയ കൊട്ട നിറച്ചെടുത്തു. 38  ഭക്ഷിച്ചവരോ സ്‌ത്രീകൾക്കും കുട്ടികൾക്കും പുറമേ നാലായിരംപുരുഷന്മാർ ആയിരുന്നു. 39  ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം അവൻ വള്ളത്തിൽ കയറി മഗദപ്രദേശത്തെത്തി.

അടിക്കുറിപ്പുകള്‍