കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 14:1-36

14  അക്കാലത്ത്‌, ഇടപ്രഭുവായ* ഹെരോദാവ്‌ യേശുവിനെക്കുറിച്ചുള്ള വർത്തമാനം കേട്ടിട്ട്,  “ഇതു യോഹന്നാൻ സ്‌നാപകനാണ്‌. അവൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടതിനാലാണ്‌ ഈ വീര്യപ്രവൃത്തികൾ നടക്കുന്നത്‌” എന്നു തന്‍റെ ഭൃത്യന്മാരോടു പറഞ്ഞു.  ഈ ഹെരോദാവാണ്‌ തന്‍റെ സഹോദരനായ ഫിലിപ്പോസിന്‍റെ ഭാര്യ ഹെരോദ്യക്കുവേണ്ടി യോഹന്നാനെ പിടിച്ചു ബന്ധിച്ച് തടവിലാക്കിയത്‌.  “നീ അവളെ ഭാര്യയാക്കി വെക്കുന്നത്‌ നിയമവിരുദ്ധമാണ്‌” എന്ന് യോഹന്നാൻ അവനോടു പറഞ്ഞിരുന്നു.  ഹെരോദാവ്‌ അവനെ കൊന്നുകളയാൻ ആഗ്രഹിച്ചിരുന്നെങ്കിലും ജനത്തെ ഭയപ്പെട്ടു; കാരണം, അവർ അവനെ ഒരു പ്രവാചകനായി കരുതിയിരുന്നു.  എന്നാൽ ഹെരോദാവിന്‍റെ ജന്മദിനാഘോഷവേളയിൽ ഹെരോദ്യയുടെ മകൾ നൃത്തംചെയ്‌ത്‌ ഹെരോദാവിനെ അതിയായി പ്രസാദിപ്പിച്ചു.  അവൾ ചോദിക്കുന്നതെന്തും അവൾക്കു കൊടുക്കാമെന്ന് അവൻ ശപഥംചെയ്‌തു.  അപ്പോൾ അവൾ അമ്മയുടെ ഉപദേശപ്രകാരം, “യോഹന്നാൻ സ്‌നാപകന്‍റെ ശിരസ്സ് ഒരു തളികയിൽ എനിക്കു തരേണം” എന്നു പറഞ്ഞു.  രാജാവ്‌ ദുഃഖിതനായെങ്കിലും താൻ ചെയ്‌ത ശപഥത്തെയും വിരുന്നുകാരെയും മാനിച്ച് അതു നൽകാൻ കൽപ്പിച്ചു. 10  അവൻ കാരാഗൃഹത്തിലേക്ക് ആളയച്ച് യോഹന്നാനെ ശിരച്ഛേദം ചെയ്യിച്ചു; 11  അവന്‍റെ ശിരസ്സ് ഒരു തളികയിൽ കൊണ്ടുവന്നു ബാലികയ്‌ക്കു നൽകി. അവൾ അത്‌ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു. 12  അനന്തരം അവന്‍റെ ശിഷ്യന്മാർ ചെന്ന് അവന്‍റെ ശരീരം എടുത്തുകൊണ്ടുപോയി അടക്കംചെയ്‌തിട്ട് വന്ന് യേശുവിനെ അറിയിച്ചു. 13  ഇതുകേട്ട് യേശു വള്ളത്തിൽ കയറി, തനിച്ചായിരിക്കാനായി ഒരു ഏകാന്തസ്ഥലത്തേക്കു പോയി. എന്നാൽ ജനക്കൂട്ടം അത്‌ അറിഞ്ഞ് പട്ടണങ്ങളിൽനിന്നു കാൽനടയായി അവന്‍റെ പിന്നാലെ ചെന്നു. 14  കരയ്‌ക്കിറങ്ങിയപ്പോൾ അവൻ വലിയൊരു ജനക്കൂട്ടത്തെ കണ്ടു. അവൻ മനസ്സലിഞ്ഞ് അവർക്കിടയിലെ രോഗികളെ സൗഖ്യമാക്കി. 15  വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്‍റെ അടുക്കൽ ചെന്ന് അവനോട്‌, “ഇതൊരു വിജനസ്ഥലമാണല്ലോ, നേരവും വൈകി. ചുറ്റുമുള്ള ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ വാങ്ങേണ്ടതിനു ജനത്തെ പറഞ്ഞയച്ചാലും” എന്നു പറഞ്ഞു. 16  എന്നാൽ യേശു അവരോട്‌, “അവർ പോകേണ്ട കാര്യമില്ല; നിങ്ങൾ എന്തെങ്കിലും അവർക്കു ഭക്ഷിക്കാൻ കൊടുക്കുക” എന്നു പറഞ്ഞു. 17  അവർ അവനോട്‌, “ഞങ്ങളുടെ പക്കൽ അഞ്ച് അപ്പവും രണ്ടുമീനും മാത്രമേയുള്ളൂ” എന്നു പറഞ്ഞു. 18  “അത്‌ എന്‍റെ അടുക്കൽ കൊണ്ടുവരുവിൻ” എന്ന് അവൻ പറഞ്ഞു. 19  പിന്നെ അവൻ ജനക്കൂട്ടത്തോട്‌ പുൽപ്പുറത്ത്‌ ഇരിക്കാൻ കൽപ്പിച്ചു; എന്നിട്ട് അഞ്ച് അപ്പവും രണ്ടുമീനും എടുത്ത്‌ സ്വർഗത്തിലേക്കു നോക്കി അനുഗ്രഹത്തിനായി പ്രാർഥിച്ചു. പിന്നെ അപ്പം നുറുക്കി ശിഷ്യന്മാരെ ഏൽപ്പിച്ചു; അവർ അത്‌ ജനത്തിനു വിതരണംചെയ്‌തു. 20  അങ്ങനെ, എല്ലാവരും തിന്നുതൃപ്‌തരായി. ശേഷിച്ച കഷണങ്ങൾ അവർ ശേഖരിച്ചു; അതു പന്ത്രണ്ടുകൊട്ട നിറയെ ഉണ്ടായിരുന്നു. 21  ഭക്ഷിച്ചവരോ സ്‌ത്രീകളെയും കുട്ടികളെയും കൂടാതെ ഏകദേശം അയ്യായിരംപുരുഷന്മാർ ആയിരുന്നു. 22  അവൻ ജനക്കൂട്ടത്തെ പറഞ്ഞയയ്‌ക്കുന്നതിനിടയിൽത്തന്നെ, വള്ളത്തിൽ തനിക്കു മുമ്പായി മറുകരയിലേക്കു പോകാൻ ശിഷ്യന്മാരെ നിർബന്ധിച്ചു. 23  ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം പ്രാർഥിക്കാനായി അവൻ തനിയെ ഒരു മലയിലേക്കു പോയി. നേരം വളരെ വൈകിയിട്ടും അവൻ അവിടെ ഏകനായി ഇരുന്നു. 24  കാറ്റ്‌ പ്രതികൂലമായിരുന്നതിനാൽ അതിനോടകം വള്ളം തിരകളിൽപ്പെട്ട് ഉലഞ്ഞ് കരയിൽനിന്ന് ഏറെദൂരം പോയിരുന്നു. 25  എന്നാൽ രാത്രിയുടെ നാലാം യാമത്തോടെ* അവൻ കടലിന്മേൽ നടന്ന് അവരുടെ നേർക്കു വന്നു. 26  അവൻ കടലിന്മേൽ നടക്കുന്നതു കണ്ട് ശിഷ്യന്മാർ പരിഭ്രമിച്ച്, “അയ്യോ! ഒരു മായാരൂപി!” എന്നു പറഞ്ഞ് ഭയന്നു നിലവിളിച്ചു. 27  എന്നാൽ ഉടനെ യേശു അവരോട്‌, “ധൈര്യമായിരിക്കുവിൻ, ഇതു ഞാനാണ്‌; ഭയപ്പെടേണ്ട” എന്നു പറഞ്ഞു. 28  അതിനു പത്രോസ്‌, “കർത്താവേ, അതു നീയാണെങ്കിൽ, വെള്ളത്തിന്മീതെ നടന്ന് നിന്‍റെ അടുക്കൽ വരാൻ എന്നോടു കൽപ്പിക്കേണമേ” എന്നു പറഞ്ഞു. 29  “വരുക” എന്ന് അവൻ പറഞ്ഞു. അപ്പോൾ പത്രോസ്‌ വള്ളത്തിൽനിന്നിറങ്ങി വെള്ളത്തിന്മീതെകൂടെ യേശുവിന്‍റെ അടുത്തേക്കു നടന്നു. 30  എന്നാൽ ശക്തമായ കാറ്റുകണ്ട് അവൻ ഭയന്നു. മുങ്ങുവാൻ തുടങ്ങിയ അവൻ, “കർത്താവേ, എന്നെ രക്ഷിക്കേണമേ” എന്നു നിലവിളിച്ചു. 31  യേശു ഉടനെ കൈനീട്ടി അവനെ പിടിച്ച് അവനോട്‌, “അൽപ്പവിശ്വാസിയേ, നീ എന്തിനു സംശയിച്ചു?” എന്നു ചോദിച്ചു. 32  അവർ വള്ളത്തിൽ കയറിയപ്പോൾ കാറ്റു നിലച്ചു. 33  അപ്പോൾ വള്ളത്തിലുള്ളവർ, “നീ സത്യമായും ദൈവപുത്രനാകുന്നു” എന്നു പറഞ്ഞ് അവനെ വണങ്ങി. 34  അവർ മറുകരെയുള്ള ഗെന്നേസരെത്തിലെത്തി. 35  അവിടത്തെ ആളുകൾ അവനെ തിരിച്ചറിഞ്ഞ് ചുറ്റുമുള്ള നാട്ടിലെല്ലാം വിവരം അറിയിച്ചു. ജനങ്ങൾ രോഗികളായ സകലരെയും അവന്‍റെ അടുക്കൽ കൊണ്ടുവന്നു. 36  അവന്‍റെ മേലങ്കിയുടെ തൊങ്ങലിലെങ്കിലും തൊടാൻ അനുവദിക്കേണമേയെന്ന് അവർ അവനോടു യാചിച്ചു. അതു തൊട്ടവരെല്ലാം പൂർണസൗഖ്യം പ്രാപിച്ചു.

അടിക്കുറിപ്പുകള്‍

മത്താ 14:1* പ്രവിശ്യയുടെ നാലിലൊരു ഭാഗത്തിന്‍റെ ഭരണാധികാരി.
മത്താ 14:25* വെളുപ്പിന്‌ ഏകദേശം മൂന്നുമണിമുതൽ സൂര്യോദയംവരെയുള്ള സമയം