കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 13:1-58

13  അന്ന് യേശു വീട്ടിൽനിന്നിറങ്ങി കടൽക്കരെച്ചെന്ന് ഇരിക്കുകയായിരുന്നു.  വലിയൊരു ജനക്കൂട്ടം അവന്‍റെ അടുക്കൽ വന്നുകൂടിയതിനാൽ അവൻ ഒരു വള്ളത്തിൽ കയറി ഇരുന്നു. ജനമൊക്കെയും കടൽക്കരെ നിന്നു.  അവൻ ദൃഷ്ടാന്തങ്ങളിലൂടെ പല കാര്യങ്ങളും അവരോടു പറഞ്ഞു: “ഒരു വിതക്കാരൻ വിതയ്‌ക്കാൻ പുറപ്പെട്ടു.  വിതയ്‌ക്കുമ്പോൾ വിത്തുകളിൽ കുറെ വഴിയരികെ വീണു. പക്ഷികൾ വന്ന് അവ തിന്നുകളഞ്ഞു.  ചിലത്‌ അധികം മണ്ണില്ലാത്ത പാറസ്ഥലങ്ങളിൽ വീണു. മണ്ണിന്‌ ആഴമില്ലാതിരുന്നതിനാൽ അവ പെട്ടെന്നു മുളച്ചുപൊങ്ങിയെങ്കിലും  സൂര്യൻ ഉദിച്ചപ്പോൾ വെയിലേറ്റു വാടുകയും വേരില്ലാത്തതുകൊണ്ട് ഉണങ്ങിപ്പോകുകയും ചെയ്‌തു.  മറ്റു ചിലത്‌ മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞു.  വേറെ ചിലത്‌ നല്ല മണ്ണിൽ വീണ്‌ ഫലം പുറപ്പെടുവിച്ചു. ചിലത്‌ നൂറും ചിലത്‌ അറുപതും വേറെ ചിലത്‌ മുപ്പതും മേനി വിളവു നൽകി.  ചെവിയുള്ളവൻ കേൾക്കട്ടെ.” 10  പിന്നെ ശിഷ്യന്മാർ അവന്‍റെ അടുക്കൽ ചെന്ന് അവനോട്‌, “നീ അവരോട്‌ ദൃഷ്ടാന്തങ്ങളിലൂടെ സംസാരിക്കുന്നതെന്ത്?” എന്നു ചോദിച്ചു. 11  അവൻ അവരോടു പറഞ്ഞത്‌: “സ്വർഗരാജ്യത്തിന്‍റെ പാവനരഹസ്യങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യം നിങ്ങൾക്കത്രേ നൽകപ്പെട്ടിരിക്കുന്നത്‌; അവർക്കോ നൽകപ്പെട്ടിട്ടില്ല. 12  ഉള്ളവനു കൂടുതൽ നൽകപ്പെടും; അവനു സമൃദ്ധിയുണ്ടാകും. എന്നാൽ ഇല്ലാത്തവന്‍റെ പക്കൽനിന്ന് ഉള്ളതുംകൂടെ എടുത്തുകളയും. 13  അവർ കാണുന്നെങ്കിലും വേണ്ടതുപോലെ കാണുകയോ കേൾക്കുന്നെങ്കിലും വേണ്ടതുപോലെ കേൾക്കുകയോ ഗ്രഹിക്കുകയോ ചെയ്യാത്തതിനാലത്രേ ഞാൻ ദൃഷ്ടാന്തങ്ങളിലൂടെ അവരോടു സംസാരിക്കുന്നത്‌. 14  ‘നിങ്ങൾ കേട്ടാലും ഗ്രഹിക്കുകയില്ല. നിങ്ങൾ നോക്കിയാലും കാണുകയില്ല; 15  എന്തെന്നാൽ ഈ ജനത്തിന്‍റെ ഹൃദയം തഴമ്പിച്ചിരിക്കുന്നു. ചെവികൊണ്ടു കേട്ടിട്ടും അവർ പ്രതികരിക്കുന്നില്ല; തങ്ങളുടെ കണ്ണ് അവർ അടച്ചുകളഞ്ഞിരിക്കുന്നു; അവർ ഒരിക്കലും തങ്ങളുടെ കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിക്കാതെയും മനംതിരിഞ്ഞുവരാതെയും ഞാൻ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിനുതന്നെ’ എന്ന യെശയ്യാവിന്‍റെ പ്രവചനത്തിന്‌ അവരിൽ നിവൃത്തിവരുന്നു. 16  “എന്നാൽ നിങ്ങളുടെ കണ്ണുകൾ കാണുന്നതുകൊണ്ടും ചെവികൾ കേൾക്കുന്നതുകൊണ്ടും അനുഗ്രഹിക്കപ്പെട്ടവ; 17  എന്തെന്നാൽ അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നതു കാണാൻ ആഗ്രഹിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതു കേൾക്കാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 18  “ഇപ്പോൾ വിതക്കാരന്‍റെ ദൃഷ്ടാന്തം കേട്ടുകൊള്ളുവിൻ. 19  ഒരുവൻ രാജ്യത്തിന്‍റെ വചനം കേട്ടിട്ട് ഗ്രഹിക്കാതിരിക്കുമ്പോൾ ദുഷ്ടനായവൻ വന്ന് അവന്‍റെ ഹൃദയത്തിൽ വിതയ്‌ക്കപ്പെട്ടത്‌ അപഹരിക്കുന്നു. ഇതത്രേ വഴിയരികെ വിതയ്‌ക്കപ്പെട്ടത്‌. 20  പാറസ്ഥലങ്ങളിൽ വിതയ്‌ക്കപ്പെട്ടത്‌ ഇതാണ്‌: ഒരുവൻ വചനം കേൾക്കുന്ന ഉടൻതന്നെ സന്തോഷത്തോടെ അത്‌ സ്വീകരിക്കുന്നു. 21  എന്നാൽ വേരില്ലാത്തതുകൊണ്ട് അൽപ്പസമയത്തേക്കു മാത്രമേ നിൽക്കുന്നുള്ളൂ. വചനംനിമിത്തം കഷ്ടതയോ പീഡനമോ ഉണ്ടാകുമ്പോൾ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു. 22  മുൾച്ചെടികൾക്കിടയിൽ വിതയ്‌ക്കപ്പെട്ടതോ, ഒരുവൻ വചനം കേൾക്കുന്നെങ്കിലും ഈ ലോകത്തിന്‍റെ* ആകുലതകളും ധനത്തിന്‍റെ വഞ്ചകശക്തിയും വചനത്തെ ഞെരുക്കിയിട്ട് അവൻ ഫലം നൽകാതിരിക്കുന്നതാകുന്നു. 23  നല്ല മണ്ണിൽ വിതയ്‌ക്കപ്പെട്ടതോ, ഒരുവൻ വചനം കേട്ടു ഗ്രഹിക്കുന്നതത്രേ. അതു ഫലം കായ്‌ച്ച് ചിലത്‌ നൂറും ചിലത്‌ അറുപതും വേറെ ചിലത്‌ മുപ്പതും മേനി വിളവു നൽകുന്നു.” 24  അവൻ അവരോടു മറ്റൊരു ദൃഷ്ടാന്തം പറഞ്ഞത്‌: “സ്വർഗരാജ്യം, തന്‍റെ വയലിൽ നല്ല വിത്തു വിതച്ച ഒരു മനുഷ്യനോടു സദൃശം. 25  ആളുകൾ ഉറക്കമായപ്പോൾ അവന്‍റെ ശത്രു വന്ന് ഗോതമ്പിന്‍റെ ഇടയിൽ കള വിതച്ചിട്ടു പൊയ്‌ക്കളഞ്ഞു. 26  ഗോതമ്പു മുളച്ചുവളർന്നു കതിരായപ്പോൾ കളയും പ്രത്യക്ഷപ്പെട്ടു. 27  വീട്ടുടയവന്‍റെ വേലക്കാർ വന്ന് അവനോട്‌, ‘യജമാനനേ, നീ നല്ല വിത്തല്ലയോ വയലിൽ വിതച്ചത്‌? പിന്നെ കളകൾ എങ്ങനെ വന്നു?’ എന്നു ചോദിച്ചു. 28  അവൻ അവരോട്‌, ‘ഇത്‌ ഒരു ശത്രു ചെയ്‌തതാകുന്നു’ എന്നു പറഞ്ഞു. അപ്പോൾ അവർ, ‘ഞങ്ങൾ ചെന്ന് അത്‌ പറിച്ചുകൂട്ടട്ടെയോ?’ എന്നു ചോദിച്ചു. 29  അതിന്‌ അവൻ പറഞ്ഞതെന്തെന്നാൽ: ‘അതുവേണ്ട; കളകൾ പറിക്കുമ്പോൾ ഗോതമ്പുകൂടെ പിഴുതുപോരും. 30  കൊയ്‌ത്തുകാലംവരെ രണ്ടും ഒന്നിച്ചുവളരട്ടെ. അപ്പോൾ ഞാൻ കൊയ്‌ത്തുകാരോട്‌, ആദ്യം കളകൾ പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന്‌ കെട്ടുകളാക്കുവിൻ എന്നും പിന്നെ ഗോതമ്പ് എന്‍റെ കളപ്പുരയിൽ കൂട്ടിവെക്കുവിൻ എന്നും കൽപ്പിക്കും.’ ” 31  പിന്നെയും അവൻ അവരോട്‌ ഒരു ദൃഷ്ടാന്തം പറഞ്ഞു: “സ്വർഗരാജ്യം ഒരു കടുകുമണിയോടു സദൃശം. ഒരു മനുഷ്യൻ അതെടുത്ത്‌ തന്‍റെ വയലിൽ നട്ടു. 32  എല്ലാ വിത്തുകളിലുംവെച്ചു ചെറുതാണെങ്കിലും അതു വളർന്ന് സസ്യങ്ങളിൽ ഏറ്റവും വലുതായി ആകാശത്തിലെ പക്ഷികൾ വന്ന് അതിന്‍റെ കൊമ്പുകളിൽ ചേക്കേറാൻ തക്കവിധം ഒരു മരമായിത്തീരുന്നു.” 33  വേറെയും ഒരു ദൃഷ്ടാന്തം അവൻ അവരോടു പറഞ്ഞു: “സ്വർഗരാജ്യം പുളിമാവിനോടു സദൃശം. ഒരു സ്‌ത്രീ അതെടുത്ത്‌ മൂന്നുപറ മാവിൽ, അതു മുഴുവൻ പുളിച്ചുവരേണ്ടതിനായി കലർത്തിവെച്ചു.” 34  യേശു ഇതൊക്കെയും ജനക്കൂട്ടത്തോട്‌ ദൃഷ്ടാന്തങ്ങളിലൂടെ സംസാരിച്ചു. ദൃഷ്ടാന്തങ്ങളിലൂടെയല്ലാതെ അവൻ അവരോട്‌ ഒന്നും പറയുമായിരുന്നില്ല. 35  “ഞാൻ ദൃഷ്ടാന്തങ്ങളിലൂടെ സംസാരിക്കും. ലോകസ്ഥാപനംമുതൽ നിഗൂഢമായിരിക്കുന്നവ ഞാൻ പ്രസിദ്ധമാക്കും” എന്നു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്‌തതു നിവൃത്തിയാകേണ്ടതിന്‌ ഇതു സംഭവിച്ചു. 36  ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം അവൻ വീട്ടിലേക്കു പോയി. അവന്‍റെ ശിഷ്യന്മാർ ചെന്ന് അവനോട്‌, “വയലിലെ കളകളുടെ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീകരിച്ചു തരേണം” എന്നു പറഞ്ഞു. 37  അപ്പോൾ അവൻ അവരോടു പറഞ്ഞത്‌: “നല്ല വിത്ത്‌ വിതയ്‌ക്കുന്നവൻ മനുഷ്യപുത്രൻ. 38  വയൽ ലോകം. നല്ല വിത്ത്‌ രാജ്യത്തിന്‍റെ പുത്രന്മാർ. കളകളോ ദുഷ്ടനായവന്‍റെ പുത്രന്മാർ. 39  അവ വിതച്ച ശത്രു പിശാച്‌. കൊയ്‌ത്ത്‌ യുഗസമാപ്‌തി.* കൊയ്യുന്നവർ ദൂതന്മാർ. 40  ആകയാൽ കളകൾ പറിച്ചുകൂട്ടി തീയിലിട്ടു ചുട്ടുകളയുന്നതുപോലെതന്നെ യുഗസമാപ്‌തിയിൽ സംഭവിക്കും. 41  മനുഷ്യപുത്രൻ തന്‍റെ ദൂതന്മാരെ അയയ്‌ക്കും; അവർ അവന്‍റെ രാജ്യത്തിൽനിന്ന് ഇടർച്ചയ്‌ക്ക് ഇടയാക്കുന്ന എല്ലാറ്റിനെയും അധർമം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്ത്‌ 42  തീച്ചൂളയിൽ എറിഞ്ഞുകളയും. അവിടെ അവരുടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. 43  അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്‍റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ. 44  “സ്വർഗരാജ്യം വയലിൽ മറഞ്ഞിരിക്കുന്ന ഒരു നിധിയോടു സദൃശം. ഒരു മനുഷ്യൻ അതു കണ്ടെത്തി ഒളിപ്പിച്ചുവെച്ചിട്ട് സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ്‌ ആ വയൽ വാങ്ങി. 45  “വീണ്ടും, സ്വർഗരാജ്യം മേന്മയേറിയ മുത്തുകൾ തേടി സഞ്ചരിക്കുന്ന ഒരു വ്യാപാരിയോടു സദൃശം. 46  അവൻ വിലയേറിയ ഒരു മുത്ത്‌ കണ്ടെത്തിയപ്പോൾ പോയി ഉടൻതന്നെ തനിക്കുള്ളതെല്ലാം വിറ്റ്‌ അതു വാങ്ങി. 47  “വീണ്ടും, സ്വർഗരാജ്യം കടലിൽ ഇടുന്നതും എല്ലാത്തരം മത്സ്യങ്ങളെയും പിടിക്കുന്നതുമായ ഒരു വലയോടു സദൃശം. 48  അതു നിറഞ്ഞപ്പോൾ അവർ അതു വലിച്ചു കരയ്‌ക്കു കയറ്റി. പിന്നെ അവർ അവിടെയിരുന്ന് കൊള്ളാവുന്നവയെ എല്ലാം പാത്രങ്ങളിൽ ശേഖരിച്ച് കൊള്ളാത്തവയെ എറിഞ്ഞുകളഞ്ഞു. 49  അങ്ങനെതന്നെ യുഗസമാപ്‌തിയിൽ* സംഭവിക്കും: ദൂതന്മാർ പുറപ്പെട്ട് നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിച്ച് 50  തീച്ചൂളയിൽ എറിഞ്ഞുകളയും. അവിടെ അവരുടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും. 51  “ഈ കാര്യങ്ങളെല്ലാം നിങ്ങൾ ഗ്രഹിച്ചുവോ?” എന്ന് അവൻ ചോദിച്ചതിന്‌, “ഉവ്വ്” എന്ന് അവർ പറഞ്ഞു. 52  അവൻ അവരോട്‌, “അങ്ങനെയെങ്കിൽ, സ്വർഗരാജ്യത്തെക്കുറിച്ചു പഠിപ്പിക്കപ്പെട്ട ഏതൊരു ഉപദേഷ്ടാവും തന്‍റെ നിക്ഷേപത്തിൽനിന്നു പുതിയതും പഴയതും ആയവ പുറത്തെടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു” എന്നു പറഞ്ഞു. 53  ഈ ദൃഷ്ടാന്തങ്ങൾ പറഞ്ഞുതീർന്നശേഷം യേശു അവിടെനിന്നു പോയി. 54  അനന്തരം അവൻ സ്വന്തം നാട്ടിലെത്തി. അവൻ സിനഗോഗിൽ ചെന്ന് അവരെ പഠിപ്പിക്കാൻതുടങ്ങി. അവർ ആശ്ചര്യപ്പെട്ട്, “ഇവന്‌ ഈ ജ്ഞാനവും വീര്യപ്രവൃത്തികൾ ചെയ്യാനുള്ള കഴിവും എവിടെനിന്നു കിട്ടി? 55  ഇവൻ ആ തച്ചന്‍റെ മകനല്ലയോ? ഇവന്‍റെ അമ്മ മറിയയല്ലയോ? ഇവന്‍റെ സഹോദരന്മാർ യാക്കോബ്‌, യോസേഫ്‌, ശിമോൻ, യൂദാ എന്നിവരല്ലയോ? 56  ഇവന്‍റെ സഹോദരിമാർ എല്ലാവരും നമ്മോടുകൂടെയില്ലയോ? പിന്നെ, ഇവന്‌ ഇതൊക്കെയും എവിടെനിന്നു കിട്ടി?” എന്നു പറഞ്ഞ് 57  അവൻനിമിത്തം ഇടറിപ്പോയി. എന്നാൽ യേശു അവരോട്‌, “ഒരു പ്രവാചകൻ സ്വന്തം നാട്ടിലും സ്വഭവനത്തിലും മാത്രമേ ബഹുമാനിക്കപ്പെടാതിരിക്കുന്നുള്ളൂ” എന്നു പറഞ്ഞു. 58  അവരുടെ വിശ്വാസമില്ലായ്‌മനിമിത്തം അവൻ അവിടെ അധികം വീര്യപ്രവൃത്തികൾ ചെയ്‌തില്ല.

അടിക്കുറിപ്പുകള്‍

മത്താ 13:22* അല്ലെങ്കിൽ, ഈ വ്യവസ്ഥിതിയുടെ
മത്താ 13:39* അല്ലെങ്കിൽ, വ്യവസ്ഥിതിയുടെ അവസാനം
മത്താ 13:49* അല്ലെങ്കിൽ, വ്യവസ്ഥിതിയുടെ അവസാനത്തിൽ