കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 12:1-50

12  ആ കാലത്ത്‌ ഒരു ശബത്തിൽ യേശു വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ കടന്നുപോകുകയായിരുന്നു. അവന്‍റെ ശിഷ്യന്മാർ വിശന്നിട്ട് ധാന്യക്കതിരുകൾ പറിച്ചു തിന്നാൻതുടങ്ങി.  ഇതു കണ്ടിട്ട് പരീശന്മാർ അവനോട്‌, “നോക്കൂ! നിന്‍റെ ശിഷ്യന്മാർ ശബത്തിൽ നിഷിദ്ധമായതു ചെയ്യുന്നു” എന്നു പറഞ്ഞു.  അതിന്‌ അവൻ അവരോട്‌ ഇങ്ങനെ പറഞ്ഞു: “ദാവീദ്‌ തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ എന്താണു ചെയ്‌തതെന്നു നിങ്ങൾ വായിച്ചിട്ടില്ലയോ?  അവൻ ദൈവാലയത്തിൽ പ്രവേശിച്ച് പുരോഹിതന്മാർക്കല്ലാതെ മറ്റാർക്കും ഭക്ഷിക്കാൻ അനുവാദമില്ലായിരുന്ന കാഴ്‌ചയപ്പം കൂടെയുള്ളവരോടൊത്തു ഭക്ഷിച്ചില്ലയോ?  അല്ല, ശബത്തിൽ ആലയത്തിലെ പുരോഹിതന്മാർ വേല ചെയ്യുന്നെങ്കിലും കുറ്റമില്ലാത്തവരായിരിക്കുന്നെന്നു ന്യായപ്രമാണത്തിൽ നിങ്ങൾ വായിച്ചിട്ടില്ലയോ?  എന്നാൽ ദൈവാലയത്തെക്കാൾ ശ്രേഷ്‌ഠതയുള്ള ഒരുവൻ ഇവിടെയുണ്ട് എന്നു ഞാൻ നിങ്ങളോടു പറയുന്നു.  ‘യാഗമല്ല, കരുണയത്രേ ഞാൻ ആഗ്രഹിക്കുന്നത്‌’ എന്നതിന്‍റെ അർഥം നിങ്ങൾ ഗ്രഹിച്ചിരുന്നെങ്കിൽ കുറ്റമില്ലാത്തവരെ നിങ്ങൾ കുറ്റംവിധിക്കുകയില്ലായിരുന്നു.  മനുഷ്യപുത്രനോ ശബത്തിനു കർത്താവാകുന്നു.”  അവിടം വിട്ട് അവൻ അവരുടെ സിനഗോഗിലേക്കു പോയി. 10  അവിടെ ശോഷിച്ച കൈയുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. യേശുവിൽ കുറ്റം ആരോപിക്കേണ്ടതിന്‌ അവർ അവനോട്‌, “ശബത്തിൽ സൗഖ്യമാക്കുന്നതു നിയമാനുസൃതമോ?” എന്നു ചോദിച്ചു. 11  അവൻ അവരോട്‌, “തന്‍റെ ഒരു ആട്‌ ശബത്തുദിവസം കുഴിയിൽ വീണാൽ അതിനെ പിടിച്ചുകയറ്റാത്ത ആരെങ്കിലും നിങ്ങൾക്കിടയിലുണ്ടോ? 12  ഒരു മനുഷ്യൻ ഒരു ആടിനെക്കാൾ എത്രയോ വിലപ്പെട്ടവൻ! ആകയാൽ ശബത്തിൽ ഒരു നല്ല കാര്യം ചെയ്യുന്നതു നിയമാനുസൃതംതന്നെ” എന്നു പറഞ്ഞു. 13  പിന്നെ അവൻ ആ മനുഷ്യനോട്‌, “നിന്‍റെ കൈ നീട്ടുക” എന്നു പറഞ്ഞു. അവൻ കൈനീട്ടി; അത്‌ സുഖപ്പെട്ടു മറ്റേ കൈപോലെയായി. 14  എന്നാൽ പരീശന്മാർ പുറത്തുപോയി അവനെ ഒടുക്കിക്കളയേണ്ടത്‌ എങ്ങനെയെന്നു കൂടിയാലോചിച്ചു. 15  യേശു ഇത്‌ അറിഞ്ഞിട്ട് അവിടം വിട്ട് പോയി. വളരെപ്പേർ അവന്‍റെ പിന്നാലെ ചെന്നു. അവൻ അവരെയെല്ലാം സൗഖ്യമാക്കി. 16  എന്നാൽ താൻ ആരാണെന്നു പ്രസിദ്ധമാക്കരുതെന്ന് അവൻ അവരോടു കർശനമായി കൽപ്പിച്ചു. 17  യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്‌തതു നിവൃത്തിയാകേണ്ടതിന്‌ ഇതു സംഭവിച്ചു: 18  “ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്‍റെ ദാസൻ. എന്‍റെ ഉള്ളം* പ്രസാദിച്ചിരിക്കുന്ന എന്‍റെ പ്രിയപ്പെട്ടവൻ! അവന്‍റെമേൽ ഞാൻ എന്‍റെ ആത്മാവിനെ വെക്കും. ന്യായം എന്തെന്ന് അവൻ ജനതകളെ അറിയിക്കും. 19  അവൻ കലഹിക്കുകയില്ല, ആർക്കുകയില്ല, ആരും തെരുവീഥികളിൽ അവന്‍റെ ശബ്ദം കേൾക്കുകയുമില്ല. 20  നീതിയെ വിജയത്തിലെത്തിക്കുംവരെ ചതഞ്ഞ ഞാങ്ങണ അവൻ ഒടിച്ചുകളയുകയില്ല; പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല. 21  ജനതകൾ അവന്‍റെ നാമത്തിൽ പ്രത്യാശവെക്കും.” 22  പിന്നെ അവർ ഭൂതബാധിതനായ ഒരു മനുഷ്യനെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു. അന്ധനും ഊമനുമായിരുന്ന ആ മനുഷ്യനെ അവൻ സുഖപ്പെടുത്തി. അവനു സംസാരിക്കാനും കാണാനും കഴിഞ്ഞു. 23  അപ്പോൾ ജനമെല്ലാം വിസ്‌മയിച്ച്, “ഇവൻതന്നെയായിരിക്കുമോ ദാവീദുപുത്രൻ?” എന്നു ചോദിക്കാൻതുടങ്ങി. 24  പരീശന്മാരോ ഇതുകേട്ട്, “ഇവൻ ഭൂതങ്ങളുടെ അധിപനായ ബെയെത്‌സെബൂലിനെക്കൊണ്ടത്രേ ഭൂതങ്ങളെ പുറത്താക്കുന്നത്‌” എന്നു പറഞ്ഞു. 25  അവരുടെ നിരൂപണങ്ങൾ മനസ്സിലാക്കി അവൻ അവരോടു പറഞ്ഞത്‌: “ഛിദ്രിച്ചിരിക്കുന്ന ഏതൊരു രാജ്യവും നശിച്ചുപോകും. ഛിദ്രിച്ചിരിക്കുന്ന ഒരു പട്ടണമോ ഭവനമോ നിലനിൽക്കുകയില്ല. 26  അങ്ങനെതന്നെ, സാത്താൻ സാത്താനെ പുറത്താക്കുന്നെങ്കിൽ അവൻ തന്നിൽത്തന്നെ ഛിദ്രിച്ചിരിക്കുന്നുവല്ലോ. അപ്പോൾപ്പിന്നെ അവന്‍റെ രാജ്യം നിലനിൽക്കുന്നത്‌ എങ്ങനെ? 27  ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത്‌ ബെയെത്‌സെബൂലിനെക്കൊണ്ടാണെങ്കിൽ നിങ്ങളുടെ പുത്രന്മാർ ആരെക്കൊണ്ടാണ്‌ അവയെ പുറത്താക്കുന്നത്‌? ആകയാൽ അവർ നിങ്ങൾക്കു വിധികർത്താക്കളായിരിക്കും. 28  എന്നാൽ ദൈവാത്മാവിനാലാണ്‌ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ, ദൈവരാജ്യം നിങ്ങളെ കടന്നുപോയിരിക്കുന്നു നിശ്ചയം. 29  ബലവാനായ ഒരുവനെ പിടിച്ചുകെട്ടാതെ അവന്‍റെ വീട്ടിൽ കടന്നു സാധനങ്ങൾ കൊള്ളയടിക്കാൻ ആർക്കെങ്കിലും കഴിയുമോ? അവനെ പിടിച്ചുകെട്ടിയാൽ പക്ഷേ, അതിനു കഴിയും. 30  എനിക്ക് അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലമാകുന്നു; എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചുകളയുന്നു. 31  “ആകയാൽ ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യരുടെ ഏതൊരു പാപവും ദൂഷണവും അവരോടു ക്ഷമിക്കും. എന്നാൽ ആത്മാവിനെതിരെയുള്ള ദൂഷണമോ ക്ഷമിക്കുകയില്ല. 32  മനുഷ്യപുത്രന്‌ എതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാൽ അത്‌ അവനോടു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിനെതിരെ ആരെങ്കിലും സംസാരിച്ചാൽ അത്‌ അവനോടു ക്ഷമിക്കുകയില്ല; ഈ ലോകത്തിലെന്നല്ല* വരുവാനുള്ള ലോകത്തിലും. 33  “ഒന്നുകിൽ വൃക്ഷം നല്ലത്‌, ഫലവും നല്ലത്‌; അല്ലെങ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത. വൃക്ഷത്തെ അതിന്‍റെ ഫലംകൊണ്ടല്ലോ അറിയുന്നത്‌. 34  അണലിസന്തതികളേ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ല കാര്യങ്ങൾ സംസാരിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ഹൃദയത്തിന്‍റെ നിറവിൽനിന്നല്ലയോ വായ്‌ സംസാരിക്കുന്നത്‌? 35  നല്ല മനുഷ്യൻ തന്‍റെ നല്ല നിക്ഷേപത്തിൽനിന്നു നല്ല കാര്യങ്ങൾ പുറപ്പെടുവിക്കുന്നു. ദുഷ്ടനാകട്ടെ, തന്‍റെ ദുർനിക്ഷേപത്തിൽനിന്നു ദുഷിച്ച കാര്യങ്ങൾ പുറപ്പെടുവിക്കുന്നു. 36  മനുഷ്യർ പറയുന്ന ഏതൊരു വ്യർഥവാക്കിനും ന്യായവിധിദിവസത്തിൽ അവർ കണക്കുബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 37  നിന്‍റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്‍റെ വാക്കുകളാൽത്തന്നെ നീ കുറ്റംവിധിക്കപ്പെടുകയും ചെയ്യും.” 38  അപ്പോൾ ശാസ്‌ത്രിമാരിലും പരീശന്മാരിലും ചിലർ അവനോട്‌, “ഗുരോ, നിന്നിൽനിന്ന് ഒരു അടയാളം കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു. 39  അതിന്‌ അവൻ അവരോടു പറഞ്ഞത്‌: “ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ യോനാപ്രവാചകന്‍റെ അടയാളമല്ലാതെ മറ്റൊരടയാളവും അതിനു നൽകപ്പെടുകയില്ല. 40  യോനാ മൂന്നുരാവും മൂന്നുപകലും ഒരു മഹാമത്സ്യത്തിന്‍റെ വയറ്റിൽ ആയിരുന്നതുപോലെതന്നെ മനുഷ്യപുത്രൻ മൂന്നുരാവും മൂന്നുപകലും ഭൂമിയുടെ ഉള്ളിലായിരിക്കും. 41  നിനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടൊപ്പം എഴുന്നേറ്റ്‌ ഇതിനെ കുറ്റംവിധിക്കും; അവർ യോനായുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടുവല്ലോ. എന്നാൽ ഇവിടെയിതാ, യോനായെക്കാൾ വലിയവൻ. 42  തെക്കേദേശത്തെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോടൊപ്പം എഴുന്നേറ്റ്‌ ഇതിനെ കുറ്റംവിധിക്കും; അവൾ ശലോമോന്‍റെ ജ്ഞാനം കേൾക്കാൻ ഭൂമിയുടെ അറുതികളിൽനിന്നു വന്നുവല്ലോ. എന്നാൽ ഇവിടെയിതാ, ശലോമോനെക്കാൾ വലിയവൻ. 43  “ഒരു അശുദ്ധാത്മാവ്‌ ഒരു മനുഷ്യനെ വിട്ട് പുറത്തുവരുമ്പോൾ അതു വരണ്ട സ്ഥലങ്ങളിലൂടെ ഒരു വിശ്രമസ്ഥാനം തേടി അലയുന്നു; ഒന്നും കണ്ടെത്തുന്നതുമില്ല. 44  അപ്പോൾ അത്‌, ‘ഞാൻ വിട്ടുപോന്ന വീട്ടിലേക്കുതന്നെ മടങ്ങിച്ചെല്ലും’ എന്നു പറയുന്നു. അവിടെ എത്തുമ്പോൾ ആ വീട്‌ ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു. 45  അപ്പോൾ അതു പുറപ്പെട്ട് തന്നെക്കാൾ ദുഷ്ടരായ വേറെ ഏഴ്‌ ആത്മാക്കളെ കൂട്ടിക്കൊണ്ടുവന്ന് അവിടെ കയറി വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്‍റെ സ്ഥിതി മുമ്പത്തേതിനെക്കാൾ ഏറെ വഷളായിത്തീരുന്നു. ഈ ദുഷ്ടതലമുറയുടെ അവസ്ഥയും അങ്ങനെതന്നെ ആയിരിക്കും.” 46  അവൻ ഇങ്ങനെ ജനക്കൂട്ടത്തോടു സംസാരിച്ചുകൊണ്ടിരിക്കെ, അവന്‍റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിക്കാൻ ആഗ്രഹിച്ച് പുറത്തു നിന്നു. 47  അപ്പോൾ ഒരുവൻ അവനോട്‌, “ഇതാ, നിന്‍റെ അമ്മയും നിന്‍റെ സഹോദരന്മാരും നിന്നോടു സംസാരിക്കാനായി പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു. 48  അതു പറഞ്ഞവനോട്‌ അവൻ, “ആരാണ്‌ എന്‍റെ അമ്മയും എന്‍റെ സഹോദരന്മാരും?” എന്നു ചോദിച്ചു. 49  പിന്നെ അവൻ ശിഷ്യന്മാരുടെനേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞത്‌: “ഇതാ, എന്‍റെ അമ്മയും എന്‍റെ സഹോദരന്മാരും! 50  സ്വർഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവരത്രേ എന്‍റെ സഹോദരനും സഹോദരിയും അമ്മയും.”

അടിക്കുറിപ്പുകള്‍

മത്താ 12:18* ഗ്രീക്കിൽ, സൈക്കി
മത്താ 12:32* അല്ലെങ്കിൽ, ഈ വ്യവസ്ഥിതിയിലെന്നല്ല