കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

മത്തായി 10:1-42

10  പിന്നെ അവൻ തന്‍റെ പന്ത്രണ്ടുശിഷ്യന്മാരെ വിളിച്ച് അശുദ്ധാത്മാക്കളെ പുറത്താക്കാനും സകലവിധ രോഗങ്ങളും വ്യാധികളും സൗഖ്യമാക്കാനും അവർക്ക് അധികാരം നൽകി.  പന്ത്രണ്ട് അപ്പൊസ്‌തലന്മാരുടെ പേരുകളോ: പത്രോസ്‌ എന്നു വിളിക്കപ്പെട്ട ശിമോൻ, അവന്‍റെ സഹോദരനായ അന്ത്രെയാസ്‌, സെബെദിയുടെ മകനായ യാക്കോബ്‌, യാക്കോബിന്‍റെ സഹോദരനായ യോഹന്നാൻ,  ഫിലിപ്പോസ്‌, ബർത്തൊലൊമായി, തോമാസ്‌, ചുങ്കക്കാരനായ മത്തായി, അൽഫായിയുടെ മകനായ യാക്കോബ്‌, തദ്ദായി,  കനാന്യനായ ശിമോൻ, യേശുവിനെ പിന്നീട്‌ ഒറ്റിക്കൊടുത്ത യൂദാ ഈസ്‌കര്യോത്താ.  ഈ പന്ത്രണ്ടുപേരെയും അയയ്‌ക്കുമ്പോൾ യേശു അവരോടു കൽപ്പിച്ചത്‌: “വിജാതീയരുടെ അടുക്കലേക്കു പോകുകയോ ശമര്യക്കാരുടെ പട്ടണത്തിൽ കടക്കുകയോ അരുത്‌;  ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കുതന്നെ പോകുവിൻ.  നിങ്ങൾ പോകുമ്പോൾ, ‘സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്നു പ്രസംഗിക്കുവിൻ.  രോഗികളെ സൗഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിക്കുവിൻ; കുഷ്‌ഠരോഗികളെ ശുദ്ധരാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ. സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുവിൻ.  നിങ്ങളുടെ മടിശീലയിൽ പൊന്നോ വെള്ളിയോ ചെമ്പോ കരുതരുത്‌; 10  യാത്രയ്‌ക്കു ഭക്ഷണസഞ്ചിയോ രണ്ടുവസ്‌ത്രമോ ചെരിപ്പോ വടിയോ എടുക്കുകയുമരുത്‌; വേലക്കാരൻ തന്‍റെ ആഹാരത്തിന്‌ അർഹനാണല്ലോ. 11  “നിങ്ങൾ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ ചെല്ലുമ്പോൾ അവിടെ അർഹതയുള്ളവൻ ആരെന്ന് അന്വേഷിക്കുവിൻ; അവിടം വിട്ട് പോകുന്നതുവരെ അവിടെ അവനോടൊപ്പം പാർക്കുവിൻ. 12  നിങ്ങൾ ഒരു വീട്ടിൽ ചെല്ലുമ്പോൾ, വീട്ടുകാർക്കു വന്ദനം പറയുവിൻ. 13  ആ വീടിന്‌ അർഹതയുണ്ടെങ്കിൽ നിങ്ങൾ ആശംസിക്കുന്ന സമാധാനം അതിന്മേൽ വരട്ടെ. അതിന്‌ അർഹതയില്ലെങ്കിലോ, ആ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ. 14  ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയോ നിങ്ങളുടെ വാക്കുകൾ കേൾക്കാതെയോ വന്നാൽ, ആ വീടോ പട്ടണമോ വിട്ട് പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുക. 15  ന്യായവിധിദിവസം ആ പട്ടണത്തെക്കാളധികം സൊദോം-ഗൊമോറ ദേശങ്ങൾക്കു സഹിക്കാവുന്നതായിരിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 16  “ഇതാ, ഞാൻ നിങ്ങളെ അയയ്‌ക്കുന്നു; ചെന്നായ്‌ക്കൾക്കിടയിലെ ആടുകളെപ്പോലെയത്രേ നിങ്ങൾ. ആകയാൽ പാമ്പുകളെപ്പോലെ ജാഗ്രതയുള്ളവരും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരും ആയിരിക്കുവിൻ. 17  മനുഷ്യരെ സൂക്ഷിച്ചുകൊള്ളുക; അവർ നിങ്ങളെ ന്യായാധിപസംഘങ്ങൾക്ക്* ഏൽപ്പിച്ചുകൊടുക്കുകയും തങ്ങളുടെ സിനഗോഗുകളിൽവെച്ച് നിങ്ങളെ ചാട്ടയ്‌ക്കടിക്കുകയും ചെയ്യും. 18  എന്നെപ്രതി നിങ്ങളെ ദേശാധിപതികളുടെയും രാജാക്കന്മാരുടെയും മുമ്പാകെ കൊണ്ടുപോകും. അത്‌ അവർക്കും വിജാതീയർക്കും ഒരു സാക്ഷ്യത്തിന്‌ ഉതകും. 19  എന്നാൽ അവർ നിങ്ങളെ ഏൽപ്പിച്ചുകൊടുക്കുമ്പോൾ എന്തു പറയണം, എങ്ങനെ പറയണം എന്നു ചിന്തിച്ച് ആകുലപ്പെടരുത്‌. നിങ്ങൾക്കു പറയാനുള്ളത്‌ ആ സമയത്തു നിങ്ങൾക്കു നൽകപ്പെടും; 20  എന്തെന്നാൽ സംസാരിക്കുന്നതു നിങ്ങളല്ല, നിങ്ങളുടെ പിതാവിന്‍റെ ആത്മാവത്രേ. 21  കൂടാതെ, സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്‌ ഏൽപ്പിക്കും. മക്കൾ അമ്മയപ്പന്മാർക്കെതിരെ എഴുന്നേൽക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും. 22  എന്‍റെ നാമംനിമിത്തം സകലരും നിങ്ങളെ ദ്വേഷിക്കും. എന്നാൽ അന്ത്യത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും. 23  ഒരു പട്ടണത്തിൽ അവർ നിങ്ങളെ പീഡിപ്പിക്കുമ്പോൾ മറ്റൊന്നിലേക്ക് ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം ഇസ്രായേൽപട്ടണങ്ങളെല്ലാം ഒരുപ്രകാരത്തിലും നിങ്ങൾ സഞ്ചരിച്ചുതീർക്കുകയില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 24  “ശിഷ്യൻ ഗുരുവിനെക്കാൾ വലിയവനല്ല; അടിമ യജമാനനെക്കാൾ വലിയവനുമല്ല. 25  ശിഷ്യൻ ഗുരുവിനെപ്പോലെയായാൽ മതി; അടിമ യജമാനനെപ്പോലെയും. അവർ വീട്ടുടയവനെ ബെയെത്‌സെബൂൽ എന്നു വിളിച്ചെങ്കിൽ വീട്ടുകാരെ എത്രയധികം! 26  ആകയാൽ അവരെ ഭയപ്പെടേണ്ട. മറച്ചുവെച്ചിരിക്കുന്നതൊന്നും മറനീക്കപ്പെടാതെയും രഹസ്യമായതൊന്നും വെളിപ്പെടാതെയും ഇരിക്കുകയില്ല. 27  ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നത്‌ നിങ്ങൾ വെളിച്ചത്തു പ്രസ്‌താവിക്കുവിൻ. ചെവിയിൽ മന്ത്രിച്ചു കേൾക്കുന്നത്‌ നിങ്ങൾ പുരമുകളിൽനിന്നു ഘോഷിക്കുവിൻ. 28  ജീവനെ* നശിപ്പിക്കാൻ കഴിയാതെ, ശരീരത്തെമാത്രം കൊല്ലുന്നവരെ ഭയപ്പെടേണ്ട. ജീവനും* ശരീരവും ഗിഹെന്നയിൽ* നശിപ്പിക്കാൻ കഴിയുന്നവനെത്തന്നെ ഭയപ്പെടുവിൻ. 29  ഒരു നാണയത്തുട്ടിനു* രണ്ടുകുരുവികളെ വിൽക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവ്‌ അറിയാതെ നിലത്തു വീഴുകയില്ല. 30  നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു. 31  ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും നിങ്ങൾ വിലയേറിയവരല്ലോ. 32  “മനുഷ്യരുടെ മുമ്പാകെ എന്നെ അംഗീകരിച്ചുപറയുന്ന ഏവനെയും സ്വർഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുമ്പാകെ ഞാനും അംഗീകരിച്ചുപറയും. 33  മനുഷ്യരുടെ മുമ്പാകെ എന്നെ തള്ളിപ്പറയുന്നവനെയോ സ്വർഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുമ്പാകെ ഞാനും തള്ളിപ്പറയും. 34  ഞാൻ ഭൂമിയിൽ സമാധാനം വരുത്താൻ വന്നു എന്നു ചിന്തിക്കരുത്‌. സമാധാനമല്ല, വാളത്രേ വരുത്താൻ ഞാൻ വന്നത്‌; 35  മനുഷ്യനെ തന്‍റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മായിയമ്മയോടും ഭിന്നിപ്പിക്കുവാൻതന്നെ. 36  മനുഷ്യന്‍റെ വീട്ടുകാർതന്നെ അവന്‍റെ ശത്രുക്കളാകും. 37  എന്നെക്കാളധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവൻ എന്‍റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല. എന്നെക്കാളധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എന്‍റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല. 38  തന്‍റെ ദണ്ഡനസ്‌തംഭം എടുത്ത്‌ എന്നെ അനുഗമിക്കാത്തവനും എന്‍റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല. 39  തന്‍റെ ജീവനെ* കണ്ടെത്തുന്നവൻ അതിനെ നഷ്ടപ്പെടുത്തും. എന്നെപ്രതി തന്‍റെ ജീവനെ* നഷ്ടപ്പെടുത്തുന്നവനോ അതിനെ കണ്ടെത്തും. 40  “നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെയും കൈക്കൊള്ളുന്നു. എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെയും കൈക്കൊള്ളുന്നു. 41  ഒരു പ്രവാചകനെ അവൻ പ്രവാചകനാണെന്ന കാരണത്താൽ കൈക്കൊള്ളുന്നവന്‌ പ്രവാചകന്‍റെ പ്രതിഫലം ലഭിക്കും. ഒരു നീതിമാനെ അവൻ നീതിമാനാണെന്ന കാരണത്താൽ കൈക്കൊള്ളുന്നവന്‌ നീതിമാന്‍റെ പ്രതിഫലം ലഭിക്കും. 42  ഈ ചെറിയവരിൽ ഒരുത്തന്‌ അവൻ ഒരു ശിഷ്യനാണെന്ന കാരണത്താൽ ഒരു പാത്രം വെള്ളമെങ്കിലും കുടിക്കാൻ കൊടുക്കുന്നവന്‌ പ്രതിഫലം ലഭിക്കാതെ പോകുകയില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”

അടിക്കുറിപ്പുകള്‍

മത്താ 10:17* പ്രാദേശിക കോടതികൾ; ചെറിയ സൻഹെദ്രിമുകളെ അർഥമാക്കുന്നു.
മത്താ 10:28* ഗ്രീക്കിൽ, സൈക്കി
മത്താ 10:28* ഗ്രീക്കിൽ, സൈക്കി
മത്താ 10:28* അനുബന്ധം 10 കാണുക.
മത്താ 10:29* ഒരു നാണയം: ഒരു ദിനാറെയുടെ പതിനാറിലൊന്ന്
മത്താ 10:39* ഗ്രീക്കിൽ, സൈക്കി
മത്താ 10:39* ഗ്രീക്കിൽ, സൈക്കി