കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ഫിലിപ്പിയർ 4:1-23

4  ആകയാൽ ഞാൻ കാണാൻ വാഞ്‌ഛയോടെ കാത്തിരിക്കുന്ന എന്‍റെ പ്രിയ സഹോദരന്മാരേ, എന്‍റെ സന്തോഷവും കിരീടവുമായവരേ, ഇങ്ങനെ കർത്താവിൽ ഉറച്ചുനിൽക്കുവിൻ.  കർത്താവിൽ ഏകമനസ്‌കരായിരിക്കാൻ യുവൊദ്യയെയും സുന്തുകയെയും ഞാൻ ഉദ്‌ബോധിപ്പിക്കുന്നു.  എന്‍റെ വിശ്വസ്‌ത കൂട്ടുവേലക്കാരാ, ഈ സ്‌ത്രീകൾക്കു സഹായമായിരിക്കണമെന്നു ഞാൻ നിന്നോടും അഭ്യർഥിക്കുന്നു; ജീവപുസ്‌തകത്തിൽ പേരുള്ള ക്ലേമന്തിനോടും എന്‍റെ മറ്റു കൂട്ടുവേലക്കാരോടുംകൂടെ സുവിശേഷത്തിനുവേണ്ടി ഇവർ എന്നോടൊപ്പം ചേർന്നു പോരാടിയവരാണല്ലോ.  കർത്താവിൽ എപ്പോഴും സന്തോഷിക്കുവിൻ! ഞാൻ വീണ്ടും പറയുന്നു: സന്തോഷിക്കുവിൻ!  നിങ്ങളുടെ ന്യായബോധം സകല മനുഷ്യരും അറിയട്ടെ. കർത്താവ്‌ അടുക്കൽത്തന്നെയുണ്ട്;  ഒന്നിനെക്കുറിച്ചും ഉത്‌കണ്‌ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്‌തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക;  അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശു മുഖാന്തരം കാത്തുകൊള്ളും.  ഒടുവിൽ സഹോദരന്മാരേ, സത്യമായതൊക്കെയും ഘനമായതൊക്കെയും നീതിയായതൊക്കെയും നിർമലമായതൊക്കെയും സ്‌നേഹാർഹമായതൊക്കെയും സത്‌കീർത്തിയായതൊക്കെയും ഉത്‌കൃഷ്ടവും പ്രശംസാർഹവുമായതൊക്കെയും ചിന്തിച്ചുകൊള്ളുവിൻ.  നിങ്ങൾ എന്നിൽ കാണുകയും എന്നിൽനിന്നു പഠിക്കുകയും സ്വീകരിക്കുകയും കേൾക്കുകയും ചെയ്‌തതിന്‌ അനുസൃതമായി പ്രവർത്തിക്കുവിൻ; അപ്പോൾ സമാധാനത്തിന്‍റെ ദൈവം നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. 10  നിങ്ങൾ എനിക്കുവേണ്ടി വീണ്ടും കരുതൽ കാണിക്കുന്നതിൽ ഞാൻ കർത്താവിൽ അതിയായി ആനന്ദിക്കുന്നു. മുമ്പും നിങ്ങൾ കരുതലുള്ളവർ ആയിരുന്നു; എന്നാൽ ഇടക്കാലത്തു നിങ്ങൾക്ക് അവസരം ലഭിച്ചില്ലെന്നേയുള്ളൂ. 11  എനിക്ക് എന്തിനെങ്കിലും മുട്ടുണ്ടായിട്ടല്ല ഞാൻ ഇതു പറയുന്നത്‌; ഏതു സാഹചര്യത്തിലും തൃപ്‌തനായിരിക്കാൻ ഞാൻ പഠിച്ചിട്ടുണ്ട്. 12  ഇല്ലായ്‌മയിൽ കഴിയാനും സമൃദ്ധിയിൽ കഴിയാനും എനിക്കറിയാം. മതിവന്നവനായോ വിശന്നവനായോ ഇരുന്നാലും സമൃദ്ധിയിലോ ദാരിദ്ര്യത്തിലോ കഴിഞ്ഞാലും ഏതു കാര്യത്തിലും ഏതു സാഹചര്യത്തിലും തൃപ്‌തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. 13  എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം സകലവും ചെയ്യാൻ ഞാൻ പ്രാപ്‌തനാണ്‌. 14  എങ്കിലും എന്‍റെ ക്ലേശങ്ങളിൽ കൂട്ടായ്‌മ കാണിക്കാൻ നിങ്ങൾ മനസ്സുകാട്ടിയല്ലോ. 15  ഫിലിപ്പിയരേ, നിങ്ങൾക്ക് അറിവുള്ളതുപോലെ എന്‍റെ സുവിശേഷവേലയുടെ ആരംഭത്തിൽ ഞാൻ മാസിഡോണിയയിൽനിന്നു പുറപ്പെട്ടപ്പോൾ നിങ്ങളല്ലാതെ മറ്റൊരു സഭയും കൊടുക്കൽവാങ്ങലുകളിൽ എന്നോടു പങ്കുചേർന്നില്ല. 16  ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾപ്പോലും എന്‍റെ ആവശ്യങ്ങൾക്കായി നിങ്ങൾ ഒന്നുരണ്ടു തവണ സഹായം എത്തിച്ചുതന്നുവല്ലോ. 17  ഞാൻ ദാനം ആഗ്രഹിക്കുന്നു എന്നു വിചാരിക്കരുത്‌; നിങ്ങളുടെ നിക്ഷേപത്തിന്‍റെ വർധനയ്‌ക്ക് ഇടയാക്കുന്ന നല്ല ഫലങ്ങൾ ഉണ്ടാകണമെന്നത്രേ ഞാൻ ആഗ്രഹിക്കുന്നത്‌. 18  എനിക്ക് ഇപ്പോൾ എല്ലാം ആവശ്യത്തിനും അതിലധികവും ഉണ്ട്. എപ്പഫ്രൊദിത്തോസിന്‍റെ കൈവശം നിങ്ങൾ കൊടുത്തയച്ച ദാനങ്ങൾ സ്വീകരിച്ച് ഇപ്പോൾ ഞാൻ തൃപ്‌തനായിരിക്കുന്നു. അവ ദൈവത്തിനു പ്രസാദകരമായ സൗരഭ്യവാസനയും സ്വീകാര്യയാഗവും ആകുന്നു. 19  എന്‍റെ ദൈവമോ തന്‍റെ മഹിമാധനത്തിനൊത്തവണ്ണം ക്രിസ്‌തുയേശു മുഖാന്തരം നിങ്ങളുടെ ആവശ്യങ്ങളൊക്കെയും നിറവേറ്റിത്തരും. 20  നമ്മുടെ ദൈവവും പിതാവുമായവന്‌ എന്നുമെന്നേക്കും മഹത്ത്വം. ആമേൻ. 21  ക്രിസ്‌തുയേശുവിലുള്ള ഓരോ വിശുദ്ധനെയും എന്‍റെ സ്‌നേഹാന്വേഷണം അറിയിക്കുക. എന്നോടുകൂടെയുള്ള സഹോദരന്മാർ നിങ്ങളെ സ്‌നേഹം അറിയിക്കുന്നു. 22  വിശുദ്ധന്മാർ എല്ലാവരും, വിശിഷ്യ കൈസറുടെ അരമനയിലുള്ളവർ, നിങ്ങളെ അന്വേഷണം അറിയിക്കുന്നു. 23  കർത്താവായ യേശുക്രിസ്‌തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ* ഇരിക്കുമാറാകട്ടെ.

അടിക്കുറിപ്പുകള്‍

ഫിലി 4:23* അല്ലെങ്കിൽ, നിങ്ങൾ കാണിക്കുന്ന മനോഭാവം