കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ഫിലിപ്പിയർ 2:1-30

2  അതുകൊണ്ട് നിങ്ങൾക്കിടയിൽ ക്രിസ്‌തീയ പ്രോത്സാഹനമോ സ്‌നേഹത്താലുള്ള സാന്ത്വനമോ അന്യോന്യമുള്ള കരുതലോ ആർദ്രതയോ അനുകമ്പയോ ഉണ്ടെങ്കിൽ  ഒരേ മനസ്സും ഒരേ സ്‌നേഹവും ഉള്ളവരായി ഏകചിന്തയിൽ ഒരുമയോടെ* എന്‍റെ സന്തോഷം പൂർണമാക്കുവിൻ.  ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്‌മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്‌ഠരായി കരുതുവിൻ.  നിങ്ങൾ ഓരോരുത്തരും സ്വന്തം താത്‌പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്‌പര്യവുംകൂടെ നോക്കണം.  ക്രിസ്‌തുയേശുവിന്‌ ഉണ്ടായിരുന്ന അതേ മനോഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.  അവൻ ദൈവസ്വരൂപത്തിൽ ആയിരുന്നിട്ടും ദൈവത്തോടു സമത്വം സ്വന്തമാക്കണമെന്നു ചിന്തിക്കാതെ  തനിക്കുള്ളതെല്ലാം വിട്ട് ദാസരൂപം എടുത്ത്‌ മനുഷ്യനായിത്തീർന്നു.  മനുഷ്യരൂപത്തിൽ ആയിരിക്കെ അവൻ തന്നെത്തന്നെ താഴ്‌ത്തി മരണത്തോളം, ദണ്ഡനസ്‌തംഭത്തിലെ മരണത്തോളംതന്നെ അനുസരണമുള്ളവനായിത്തീർന്നു.  അതുകൊണ്ട് ദൈവവും അവനെ മുമ്പത്തെക്കാൾ ഉന്നതമായ സ്ഥാനത്തേക്ക് ഉയർത്തി അവന്‌ മറ്റെല്ലാ നാമങ്ങൾക്കും മേലായ ഒരു നാമം കനിഞ്ഞുനൽകി; 10  യേശുവിന്‍റെ നാമത്തിങ്കൽ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലുമുള്ള സകലരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും 11  എല്ലാ നാവും യേശുക്രിസ്‌തു കർത്താവ്‌ ആകുന്നുവെന്ന് പിതാവായ ദൈവത്തിന്‍റെ മഹത്ത്വത്തിനായി ഏറ്റുപറയുകയും ചെയ്യേണ്ടതിനുതന്നെ. 12  ആകയാൽ എന്‍റെ പ്രിയരേ, എല്ലായ്‌പോഴും അനുസരണം കാണിച്ചിട്ടുള്ളവരായ നിങ്ങൾ എന്‍റെ സാന്നിധ്യത്തിൽ മാത്രമല്ല, ഇപ്പോൾ ഏറ്റവും അധികമായി എന്‍റെ അസാന്നിധ്യത്തിലും ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ രക്ഷയ്‌ക്കായി പ്രയത്‌നിക്കുവിൻ. 13  നിങ്ങൾക്ക് ഇച്ഛിക്കാനും പ്രവർത്തിക്കാനും കഴിയേണ്ടതിന്‌ തന്‍റെ പ്രസാദപ്രകാരം നിങ്ങളിൽ പ്രവർത്തിക്കുന്നതു ദൈവമാകുന്നു. 14  എല്ലാ കാര്യങ്ങളും, പിറുപിറുപ്പും വാഗ്വാദവും കൂടാതെ ചെയ്യുവിൻ; 15  നിർദോഷികളും നിഷ്‌കളങ്കരുമായി, വക്രവും വഴിപിഴച്ചതുമായ തലമുറയിൽ നിങ്ങൾ കറയറ്റ ദൈവമക്കളായിത്തീരേണ്ടതിനുതന്നെ; ഇവർക്കിടയിൽ ജീവന്‍റെ വചനം മുറുകെപ്പിടിച്ചുകൊണ്ട് നിങ്ങൾ ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നുവല്ലോ. 16  അങ്ങനെ, ഞാൻ ഓടിയതും അധ്വാനിച്ചതും വ്യർഥമായിട്ടില്ലെന്ന് ക്രിസ്‌തുവിന്‍റെ നാളിൽ എനിക്ക് അഭിമാനിക്കാനാകും. 17  വിശ്വാസത്താൽ നിങ്ങൾ അർപ്പിക്കുന്ന ശുശ്രൂഷയിന്മേൽ എന്നെത്തന്നെ ഒരു പാനീയയാഗമായി ചൊരിയേണ്ടിവന്നാലും ഞാൻ സന്തോഷിക്കും; നിങ്ങൾ ഏവരോടുമൊപ്പം ഞാൻ ആനന്ദിക്കും. 18  അങ്ങനെതന്നെ, നിങ്ങളും എന്നോടുകൂടെ സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുവിൻ. 19  നിങ്ങളുടെ വിവരങ്ങൾ അറിഞ്ഞു സന്തോഷിക്കേണ്ടതിന്‌ തിമൊഥെയൊസിനെ വേഗത്തിൽ നിങ്ങളുടെ അടുത്തേക്ക് അയയ്‌ക്കാമെന്നു കർത്താവായ യേശുവിൽ ഞാൻ ആശിക്കുന്നു; 20  എന്തെന്നാൽ നിങ്ങളുടെ കാര്യത്തിൽ ആത്മാർഥതാത്‌പര്യം കാണിക്കുമെന്ന് എനിക്ക് ഉറപ്പുള്ള മറ്റൊരാൾ ഇവിടെയില്ല. 21  മറ്റുള്ളവരെല്ലാം ക്രിസ്‌തുയേശുവിന്‍റെ താത്‌പര്യമല്ല, സ്വന്തം താത്‌പര്യമത്രേ അന്വേഷിക്കുന്നത്‌. 22  തിമൊഥെയൊസോ, ഒരു മകൻ അപ്പനോടൊപ്പം എന്നപോലെ സുവിശേഷഘോഷണത്തിൽ എന്നോടൊപ്പം അധ്വാനിച്ചുകൊണ്ട് തന്‍റെ യോഗ്യത തെളിയിച്ചതു നിങ്ങൾക്കറിയാമല്ലോ. 23  അതുകൊണ്ട് എന്‍റെ കാര്യങ്ങൾ എങ്ങനെയാകുമെന്ന് അറിഞ്ഞാലുടനെ, അവനെ നിങ്ങളുടെ അടുത്തേക്ക് അയയ്‌ക്കാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. 24  എനിക്കും ഉടനെതന്നെ നിങ്ങളുടെ അടുത്തേക്കു വരാൻ കഴിയുമെന്നു കർത്താവിൽ ഞാൻ പ്രത്യാശിക്കുന്നു. 25  എന്നിരുന്നാലും എന്‍റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങൾ അയച്ചിട്ട് എന്‍റെ ആവശ്യങ്ങളിൽ എന്നെ സഹായിക്കാൻ വന്നെത്തിയവനുമായ എപ്പഫ്രൊദിത്തോസിനെ നിങ്ങളുടെ അടുക്കലേക്കു തിരിച്ചയയ്‌ക്കേണ്ടത്‌ ആവശ്യമാണെന്നു ഞാൻ കരുതുന്നു; 26  എന്തെന്നാൽ അവൻ നിങ്ങളെ ഏവരെയും വന്നുകാണാൻ അതിയായി ആഗ്രഹിച്ചും തന്‍റെ രോഗവിവരം നിങ്ങൾ അറിഞ്ഞതിൽ വളരെ വിഷമിച്ചും ഇരിക്കുകയാണ്‌. 27  അതെ, അവൻ രോഗിയായി മരിക്കാറായിരുന്നു; എന്നാൽ ദൈവം അവനോടു കരുണ കാണിച്ചു; അവനോടു മാത്രമല്ല, എന്നോടും. അല്ലെങ്കിൽ എനിക്കു ദുഃഖത്തിന്മേൽ ദുഃഖം ഉണ്ടാകുമായിരുന്നു. 28  നിങ്ങൾ അവനെ വീണ്ടും കണ്ട് സന്തോഷിക്കാനും അങ്ങനെ എന്‍റെ മനോവിഷമം ഒട്ടൊന്നു ശമിക്കാനുമായി അവനെ ഞാൻ ധൃതിപ്പെട്ട് അവിടേക്ക് അയയ്‌ക്കുന്നു. 29  കർത്താവിലുള്ളവരെ നിങ്ങൾ കൈക്കൊള്ളാറുള്ളതുപോലെ അത്യാനന്ദത്തോടെ അവനെയും സ്വീകരിക്കുവിൻ; ഇങ്ങനെയുള്ളവരെ ആദരിക്കുവിൻ. 30  കർത്താവിന്‍റെ വേലയ്‌ക്കായി തന്‍റെ പ്രാണനെപ്പോലും* കരുതാതെ അധ്വാനിച്ചവനാണല്ലോ അവൻ; നിങ്ങൾക്ക് ഇവിടെവന്നു നൽകാൻ കഴിയാതെപോയ സഹായം എനിക്കു ചെയ്‌തുതരാനായി സ്വന്തം ജീവൻപോലും അവൻ അപകടത്തിലാക്കി.

അടിക്കുറിപ്പുകള്‍

ഫിലി 2:2* ഗ്രീക്കിൽ, സൈക്കി
ഫിലി 2:30* ഗ്രീക്കിൽ, സൈക്കി