കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

ഫിലിപ്പിയർ 1:1-30

1  ക്രിസ്‌തുയേശുവിന്‍റെ അടിമകളായ പൗലോസും തിമൊഥെയൊസും, മേൽവിചാരകന്മാരും ശുശ്രൂഷാദാസന്മാരും ഉൾപ്പെടെ ഫിലിപ്പിയിൽ ക്രിസ്‌തുയേശുവിലുള്ള സകല വിശുദ്ധന്മാർക്കും എഴുതുന്നത്‌:  നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്‌തുവിൽനിന്നും നിങ്ങൾക്ക് കൃപയും* സമാധാനവും ഉണ്ടാകുമാറാകട്ടെ.  നിങ്ങളെ ഓർക്കുമ്പോഴെല്ലാം ഞാൻ എന്‍റെ ദൈവത്തിനു നന്ദി നൽകുന്നു.  നിങ്ങൾക്കേവർക്കുംവേണ്ടിയുള്ള എന്‍റെ ഓരോ യാചനയും സന്തോഷത്തോടെയാണ്‌ ഞാൻ അർപ്പിക്കുന്നത്‌.  സുവിശേഷത്തിനുവേണ്ടി ആദ്യദിവസംമുതൽ ഈ നിമിഷംവരെയും നിങ്ങൾ നൽകിയിട്ടുള്ള സംഭാവനനിമിത്തമത്രേ അത്‌.  നിങ്ങളിൽ നല്ല വേല തുടങ്ങിവെച്ച ദൈവം യേശുക്രിസ്‌തുവിന്‍റെ നാളിൽ താൻ അതു പൂർത്തിയാക്കുവോളം അതു തുടരുമെന്നും എനിക്കുറപ്പുണ്ട്.  എന്‍റെ ബന്ധനങ്ങളിലെന്നപോലെ സുവിശേഷത്തിന്‍റെ പ്രതിവാദത്തിലും അതിന്‍റെ നിയമപരമായ സ്ഥിരീകരണത്തിലും എന്നോടൊപ്പം ദൈവകൃപയിൽ പങ്കാളികളായ നിങ്ങളെ ഏവരെയും ഞാൻ എന്‍റെ ഹൃദയത്തിൽ വെച്ചിരിക്കുകയാൽ നിങ്ങളെപ്പറ്റി ഇങ്ങനെ ചിന്തിക്കുന്നത്‌ യുക്തമല്ലോ.  ക്രിസ്‌തുയേശുവിന്‍റെ വാത്സല്യത്തോടെ നിങ്ങളെ ഏവരെയും കാണാൻ ഞാൻ എത്ര വാഞ്‌ഛിക്കുന്നു എന്നതിന്‌ ദൈവം സാക്ഷി.  പരിജ്ഞാനത്തോടും തികഞ്ഞ വിവേകത്തോടുമൊപ്പം നിങ്ങളുടെ സ്‌നേഹവും മേൽക്കുമേൽ വർധിച്ചുവരട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു; 10  അങ്ങനെ നിങ്ങൾ, പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കാൻ കഴിവുള്ളവരായി ക്രിസ്‌തുവിന്‍റെ നാൾവരെ കുറ്റമറ്റവരും മറ്റുള്ളവർക്ക് ഇടർച്ച വരുത്താത്തവരും 11  ദൈവത്തിന്‍റെ മഹത്ത്വത്തിനും പുകഴ്‌ചയ്‌ക്കുംവേണ്ടി യേശുക്രിസ്‌തുവിനാലുള്ള നീതിഫലങ്ങൾ നിറഞ്ഞവരുമായിത്തീരട്ടെ. 12  ഇപ്പോൾ സഹോദരന്മാരേ, എനിക്കു ഭവിച്ചത്‌ സുവിശേഷത്തിന്‍റെ പ്രചാരണത്തിനു സഹായകമായി എന്നു നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. 13  എന്‍റെ ബന്ധനങ്ങൾ ക്രിസ്‌തുനിമിത്തം ആകുന്നുവെന്ന് ചക്രവർത്തിയുടെ അകമ്പടിപ്പട്ടാളവും മറ്റുള്ളവരും വ്യക്തമായി അറിഞ്ഞിരിക്കുന്നു. 14  കർത്താവിലുള്ള സഹോദരന്മാർ മിക്കവരും എന്‍റെ ബന്ധനംനിമിത്തം മനോബലമുള്ളവരായി, ദൈവവചനം നിർഭയം സംസാരിക്കാൻ ഏറെ ധൈര്യം കാണിച്ചിരിക്കുന്നു. 15  ചിലർ അസൂയയോടെയും മത്സരബുദ്ധിയോടെയും മറ്റു ചിലർ സന്മനസ്സോടെയും ക്രിസ്‌തുവിനെക്കുറിച്ചു പ്രസംഗിക്കുന്നു. 16  ഈ രണ്ടാമത്തെ കൂട്ടർ ഞാൻ സുവിശേഷത്തിന്‍റെ പ്രതിവാദത്തിനായി ഇവിടെ ആയിരിക്കുന്നുവെന്നു മനസ്സിലാക്കി സ്‌നേഹത്താൽ ക്രിസ്‌തുവിനെ ഘോഷിക്കുന്നു. 17  ആദ്യത്തവരോ സദുദ്ദേശ്യത്തോടെയല്ല, എന്‍റെ ബന്ധനാവസ്ഥയിൽ എനിക്കു ക്ലേശം വരുത്താൻ ഉദ്ദേശിച്ച് കലഹബുദ്ധിയോടെയത്രേ അതു ചെയ്യുന്നത്‌. 18  എങ്കിലെന്ത്? കാപട്യത്തോടെ ആയാലും ആത്മാർഥതയോടെ ആയാലും ക്രിസ്‌തു ഘോഷിക്കപ്പെടുന്നുവല്ലോ; അതിൽ ഞാൻ ആനന്ദിക്കുന്നു; ഇനിയും ആനന്ദിക്കും; 19  എന്തെന്നാൽ നിങ്ങളുടെ യാചനയാലും എന്‍റെമേൽ ചൊരിയപ്പെടുന്ന യേശുക്രിസ്‌തുവിന്‍റെ ആത്മാവിനാലും* ഇത്‌ എനിക്കു രക്ഷാകാരണമായിത്തീരുമെന്നു ഞാൻ അറിയുന്നു. 20  ഒരു കാരണവശാലും എനിക്കു ലജ്ജിക്കേണ്ടിവരുകയില്ലെന്നു ഞാൻ പ്രതീക്ഷിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു; ഞാൻ ജീവിച്ചിരുന്നാലും ശരി, മരിക്കേണ്ടിവന്നാലും ശരി, പൂർണധൈര്യത്തോടെയുള്ള എന്‍റെ പ്രസംഗം മുഖേന എപ്പോഴുമെന്നപോലെ ഇപ്പോഴും ക്രിസ്‌തു എന്‍റെ ശരീരത്താൽ മഹിമപ്പെടും. 21  എന്നെ സംബന്ധിച്ചിടത്തോളം ജീവിക്കുകയെന്നാൽ ക്രിസ്‌തുവും മരിക്കുകയെന്നാൽ നേട്ടവും ആകുന്നു. 22  ഞാൻ തുടർന്നും ജഡത്തിൽ ജീവിക്കുന്നെങ്കിൽ എന്‍റെ വേലയ്‌ക്കു കൂടുതൽ ഫലമുണ്ടാകും. എന്നാൽ ഏതു തിരഞ്ഞെടുക്കുമെന്നു ഞാൻ പറയുന്നില്ല. 23  ഇവ രണ്ടിനുമിടയിൽ ഞാൻ ഞെരുങ്ങുന്നു; എന്നാൽ മോചനവും ക്രിസ്‌തുവിനോടൊത്തുള്ള വാസവുമത്രേ ഞാൻ ആഗ്രഹിക്കുന്നത്‌; അതല്ലോ അത്യുത്തമം. 24  എന്നിരുന്നാലും നിങ്ങൾനിമിത്തം ഞാൻ ജഡത്തിൽ ഇരിക്കേണ്ടത്‌ അധികം ആവശ്യം. 25  ഈ ബോധ്യമുള്ളതിനാൽ ഞാൻ ജീവനോടിരിക്കുമെന്നും നിങ്ങളുടെ അഭിവൃദ്ധിക്കും വിശ്വാസത്താലുള്ള സന്തോഷത്തിനുമായി നിങ്ങളോടൊപ്പം വസിക്കുമെന്നും ഞാൻ അറിയുന്നു. 26  അങ്ങനെ, ഞാൻ വീണ്ടും നിങ്ങളോടുകൂടെ ആയിരിക്കുമ്പോൾ ഞാൻനിമിത്തം ക്രിസ്‌തുയേശുവിലുള്ള നിങ്ങളുടെ സന്തോഷം കവിഞ്ഞൊഴുകാൻ ഇടവരട്ടെ. 27  ഞാൻ അവിടെ വന്നു നിങ്ങളെ കണ്ടാലും നിങ്ങളിൽനിന്നു ദൂരെ ആയിരുന്നാലും നിങ്ങൾ ഏകാത്മാവിൽ ഏകമനസ്സോടെ* ഉറച്ചുനിന്ന് സുവിശേഷത്തിലെ വിശ്വാസത്തിനുവേണ്ടി തോളോടുതോൾ ചേർന്നു പോരാടുന്നുവെന്നു കേൾക്കാൻ ഇടയാകേണ്ടതിന്‌ ക്രിസ്‌തുവിന്‍റെ സുവിശേഷത്തിനു യോഗ്യമാംവണ്ണംമാത്രം വർത്തിക്കുവിൻ. 28  ഒരു കാര്യത്തിലും എതിരാളികളെ ഭയപ്പെടാതെ നിങ്ങൾ നിൽക്കുന്നുവെന്നത്‌ അവരുടെ നാശത്തിനും നിങ്ങളുടെ രക്ഷയ്‌ക്കുമായുള്ള ദൈവദത്തമായ ഒരടയാളമാകുന്നു. 29  ക്രിസ്‌തുവിൽ വിശ്വസിക്കാൻ മാത്രമല്ല, അവനുവേണ്ടി കഷ്ടം അനുഭവിക്കാനും നിങ്ങൾക്കു പദവി ലഭിച്ചിരിക്കുന്നു. 30  എനിക്ക് ഉണ്ടായിരുന്നതായി നിങ്ങൾ കണ്ടതും ഇപ്പോൾ ഉള്ളതായി നിങ്ങൾ കേൾക്കുന്നതുമായ അതേ പോരാട്ടം നിങ്ങൾക്കും ഉണ്ടല്ലോ.

അടിക്കുറിപ്പുകള്‍

ഫിലി 1:2യോഹന്നാൻ 1:14-ന്‍റെ അടിക്കുറിപ്പു കാണുക.
ഫിലി 1:19* അനുബന്ധം 8 കാണുക.
ഫിലി 1:27* ഗ്രീക്കിൽ, സൈക്കി