കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

പ്രവൃത്തികൾ 9:1-43

9  കർത്താവിന്‍റെ ശിഷ്യന്മാർക്കെതിരെ അപ്പോഴും ഭീഷണി ഉയർത്തിക്കൊണ്ടിരുന്ന ശൗൽ അവരെ ഇല്ലാതാക്കാനുള്ള ആവേശത്തോടെ മഹാപുരോഹിതന്‍റെ അടുക്കൽ ചെന്ന്,  ഈ മാർഗക്കാരായ* വല്ല സ്‌ത്രീപുരുഷന്മാരെയും ദമസ്‌കൊസിൽ കണ്ടാൽ അവരെ ബന്ധിച്ച് യെരുശലേമിലേക്കു കൊണ്ടുവരേണ്ടതിന്‌ അവിടെയുള്ള സിനഗോഗുകളിലേക്കു കത്തുകൾ തന്നയയ്‌ക്കാൻ ആവശ്യപ്പെട്ടു.  അവൻ യാത്രചെയ്‌ത്‌ ദമസ്‌കൊസിന്‌ അടുത്തെത്തിയപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളിച്ചം അവനു ചുറ്റും മിന്നി;  അവൻ നിലത്തുവീണു. “ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്?” എന്നു തന്നോടു ചോദിക്കുന്ന ഒരു ശബ്ദവും അവൻ കേട്ടു.  “പ്രഭോ, നീ ആരാണ്‌?” എന്ന് അവൻ ചോദിച്ചതിന്‌, “നീ പീഡിപ്പിക്കുന്ന യേശുവാണു ഞാൻ.  എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക; നീ എന്തു ചെയ്യണമെന്ന് അവിടെവെച്ചു നിന്നോടു പറയും” എന്ന് അവൻ പറഞ്ഞു.  അവനോടുകൂടെ യാത്രചെയ്‌തിരുന്ന പുരുഷന്മാർ സ്‌തബ്ധരായി നിന്നു; അവർ ശബ്ദം കേട്ടെങ്കിലും ആരെയും കണ്ടില്ല.  ശൗൽ നിലത്തുനിന്ന് എഴുന്നേറ്റു. കണ്ണുകൾ തുറന്നിരുന്നിട്ടും അവന്‌ ഒന്നും കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ അവനെ കൈക്കുപിടിച്ചു ദമസ്‌കൊസിലേക്കു കൊണ്ടുപോയി.  മൂന്നുദിവസത്തേക്ക് അവനു കാഴ്‌ചയില്ലായിരുന്നു; അവൻ തിന്നുകയോ കുടിക്കുകയോ ചെയ്‌തില്ല. 10  ദമസ്‌കൊസിൽ അനന്യാസ്‌ എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു; കർത്താവ്‌ ഒരു ദർശനത്തിൽ അവനെ, “അനന്യാസേ” എന്നു വിളിച്ചു. “കർത്താവേ, അടിയൻ ഇതാ” എന്ന് അവൻ വിളികേട്ടു. 11  കർത്താവ്‌ അവനോട്‌, “എഴുന്നേറ്റ്‌ നേർവീഥി എന്ന തെരുവിലുള്ള യൂദായുടെ ഭവനത്തിൽച്ചെന്ന് തർസൊസിൽനിന്നുള്ള ശൗലിനെ അന്വേഷിക്കുക; അവൻ പ്രാർഥിച്ചുകൊണ്ടിരിക്കുകയാണ്‌. 12  അനന്യാസ്‌ എന്നൊരാൾ അകത്തുവന്ന് തനിക്കു കാഴ്‌ച തിരിച്ചുകിട്ടേണ്ടതിനു തന്‍റെമേൽ കൈവെക്കുന്നതായി ഒരു ദർശനത്തിൽ അവൻ കണ്ടിരിക്കുന്നു” എന്നു പറഞ്ഞു. 13  എന്നാൽ അനന്യാസ്‌ അവനോട്‌, “കർത്താവേ, ഈ മനുഷ്യൻ യെരുശലേമിൽ നിന്‍റെ വിശുദ്ധന്മാർക്കു വളരെയധികം ദ്രോഹം ചെയ്‌തതായി പലരിൽനിന്നും ഞാൻ കേട്ടിരിക്കുന്നു. 14  ഇവിടെയും നിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന സകലരെയും ബന്ധനത്തിലാക്കാൻ അവനു മുഖ്യപുരോഹിതന്മാരിൽനിന്ന് അധികാരം ലഭിച്ചിരിക്കുന്നു” എന്നു പറഞ്ഞു. 15  എന്നാൽ കർത്താവ്‌ അവനോട്‌, “നീ പോകുക; വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേൽമക്കളുടെയും മുമ്പാകെ എന്‍റെ നാമം വഹിക്കാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രമാണ്‌ ഈ മനുഷ്യൻ. 16  എന്‍റെ നാമത്തിനുവേണ്ടി അവൻ എന്തെല്ലാം സഹിക്കേണ്ടതാണെന്ന് ഞാൻ അവനു വ്യക്തമായി കാണിച്ചുകൊടുക്കും” എന്നു പറഞ്ഞു. 17  അങ്ങനെ, അനന്യാസ്‌ പുറപ്പെട്ട് ആ വീട്ടിൽ ചെന്ന് അവന്‍റെമേൽ കൈവെച്ച് അവനോട്‌, “ശൗലേ, സഹോദരാ, നിനക്കു കാഴ്‌ച തിരിച്ചുകിട്ടേണ്ടതിനും നീ പരിശുദ്ധാത്മാവിനാൽ നിറയേണ്ടതിനുമായി വഴിമധ്യേ നിനക്കു പ്രത്യക്ഷനായ, കർത്താവായ യേശുവാണ്‌ എന്നെ അയച്ചിരിക്കുന്നത്‌” എന്നു പറഞ്ഞു. 18  തത്‌ക്ഷണം ചെതുമ്പൽപോലുള്ള എന്തോ അവന്‍റെ കണ്ണുകളിൽനിന്നു വീണു; അവനു കാഴ്‌ച തിരിച്ചുകിട്ടി. അവൻ എഴുന്നേറ്റു സ്‌നാനമേറ്റു; 19  ഭക്ഷണം കഴിച്ചു ബലം പ്രാപിക്കുകയും ചെയ്‌തു. കുറച്ചുദിവസം അവൻ ദമസ്‌കൊസിലെ ശിഷ്യന്മാരോടൊപ്പം താമസിച്ചു. 20  വൈകാതെതന്നെ, യേശു ദൈവപുത്രനാണെന്ന് അവൻ സിനഗോഗുകളിൽ ചെന്നു പ്രസംഗിക്കാൻതുടങ്ങി. 21  എന്നാൽ അതു കേട്ടവരെല്ലാം ആശ്ചര്യപ്പെട്ട്, “യെരുശലേമിൽ ഈ നാമം വിളിച്ചപേക്ഷിച്ചവരെ കഠിനമായി ദ്രോഹിച്ചിരുന്നത്‌ ഇവനല്ലേ? അങ്ങനെയുള്ളവരെ ബന്ധിച്ച് മുഖ്യപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകാനല്ലേ ഇവിടെയും ഇവൻ വന്നത്‌?” എന്നു പറയുന്നുണ്ടായിരുന്നു. 22  ശൗലാകട്ടെ, ദൈവത്തിൽനിന്നു മേൽക്കുമേൽ ശക്തിയാർജിക്കുകയും യേശുതന്നെയാണു ക്രിസ്‌തുവെന്ന് യുക്തിയുക്തം തെളിയിച്ചുകൊണ്ട്, ദമസ്‌കൊസിൽ പാർത്തിരുന്ന യഹൂദന്മാരെ നിശ്ശബ്ദരാക്കുകയും ചെയ്‌തു. 23  കുറെദിവസം കഴിഞ്ഞപ്പോൾ യഹൂദന്മാർ അവനെ കൊല്ലാൻ കൂടിയാലോചിച്ചു. 24  എന്നാൽ അവരുടെ ഗൂഢാലോചനയെക്കുറിച്ച് ശൗൽ അറിയാനിടയായി. അവരാകട്ടെ, അവനെ കൊല്ലുന്നതിനായി രാവും പകലും കവാടങ്ങളിൽ കാത്തുനിന്നിരുന്നു. 25  അതുകൊണ്ട് രാത്രിയിൽ അവന്‍റെ ശിഷ്യന്മാർ അവനെ ഒരു കൊട്ടയിലാക്കി നഗരമതിലിന്‍റെ കിളിവാതിലിലൂടെ ഇറക്കിവിട്ടു. 26  യെരുശലേമിൽ എത്തിയപ്പോൾ ശൗൽ ശിഷ്യന്മാരോടൊപ്പം ചേരാൻ ശ്രമിച്ചു; അവരോ അവനെ ഭയപ്പെട്ടു; കാരണം, അവൻ ഒരു ശിഷ്യനായി എന്ന് അവർ വിശ്വസിച്ചില്ല. 27  അപ്പോൾ ബർന്നബാസ്‌ അവന്‍റെ സഹായത്തിനെത്തി; അവൻ ശൗലിനെ അപ്പൊസ്‌തലന്മാരുടെ അടുത്തേക്കു കൂട്ടിക്കൊണ്ടുപോയി; അവൻ വഴിയിൽവെച്ചു കർത്താവിനെ കണ്ടതും അവൻ അവനോടു സംസാരിച്ചതും ദമസ്‌കൊസിൽ അവൻ യേശുവിന്‍റെ നാമത്തിൽ സധൈര്യം പ്രസംഗിച്ചതും വിശദമായി അവരോടു പറഞ്ഞു. 28  പിന്നെ അവൻ അവരോടൊപ്പം പാർത്ത്‌ കർത്താവിന്‍റെ നാമത്തിൽ സധൈര്യം സംസാരിച്ചുകൊണ്ട് യെരുശലേമിൽ യഥേഷ്ടം സഞ്ചരിച്ചു. 29  അവൻ ഗ്രീക്കുഭാഷക്കാരായ യഹൂദന്മാരോടു സംസാരിക്കുകയും അവരുമായി പ്രതിവാദം നടത്തുകയും ചെയ്‌തുപോന്നു. അവരോ അവനെ വകവരുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. 30  സഹോദരന്മാർ ഇതു മനസ്സിലാക്കിയപ്പോൾ അവനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടുവന്നിട്ട് തർസൊസിലേക്ക് അയച്ചു. 31  അനന്തരം യെഹൂദ്യ, ഗലീല, ശമര്യ എന്നിവിടങ്ങളിലെല്ലാം സഭയ്‌ക്ക് ഒരു കാലത്തേക്കു സമാധാനം ഉണ്ടായി; അത്‌ അഭിവൃദ്ധി പ്രാപിച്ചു. പരിശുദ്ധാത്മാവിനാലുള്ള ആശ്വാസം കൈക്കൊണ്ട് യഹോവാഭയത്തിൽ നടക്കവെ, അത്‌ എണ്ണത്തിൽ വർധിച്ചുകൊണ്ടിരുന്നു. 32  പത്രോസ്‌ ചുറ്റിസഞ്ചരിക്കുന്നതിനിടയിൽ ലുദ്ദയിൽ വസിച്ചിരുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു. 33  അവിടെ എട്ടുവർഷമായി തളർവാതം പിടിപെട്ടു കിടപ്പിലായിരുന്ന ഐനെയാസ്‌ എന്നു പേരുള്ള ഒരാളെ അവൻ കണ്ടു. 34  പത്രോസ്‌ അവനോട്‌, “ഐനെയാസേ, യേശുക്രിസ്‌തു നിന്നെ സൗഖ്യമാക്കുന്നു; എഴുന്നേറ്റു നിന്‍റെ കിടക്ക വിരിക്കുക” എന്നു പറഞ്ഞു. ഉടനടി അവൻ എഴുന്നേറ്റു. 35  ലുദ്ദയിലും ശാരോൻ സമതലത്തിലും വസിച്ചിരുന്നവരെല്ലാം അവനെ കണ്ടു; അവർ കർത്താവിലേക്കു തിരിഞ്ഞു. 36  യോപ്പയിൽ പേടമാൻ* എന്ന് അർഥം വരുന്ന തബീഥ എന്നു പേരുള്ള ഒരു ശിഷ്യ ഉണ്ടായിരുന്നു. അവൾ വളരെ സത്‌പ്രവൃത്തികളും ദാനധർമങ്ങളും ചെയ്‌തുപോന്നു. 37  ആയിടയ്‌ക്ക് അവൾ രോഗം പിടിപെട്ടു മരിച്ചു. അവർ അവളെ കുളിപ്പിച്ച് മുകളിലത്തെ മുറിയിൽ കിടത്തി. 38  യോപ്പയുടെ സമീപപട്ടണമായ ലുദ്ദയിൽ പത്രോസ്‌ ഉണ്ടെന്നു ശിഷ്യന്മാർ കേട്ടപ്പോൾ, “നീ ഒട്ടും വൈകാതെ ഞങ്ങളുടെ അടുക്കലോളം വരേണമേ” എന്ന അപേക്ഷയുമായി രണ്ടുപുരുഷന്മാരെ അവന്‍റെ അടുത്തേക്ക് അയച്ചു. 39  അപ്പോൾ പത്രോസ്‌ എഴുന്നേറ്റ്‌ അവരോടൊപ്പം ചെന്നു. അവിടെ എത്തിയപ്പോൾ അവർ അവനെ മുകളിലത്തെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ കൂടിയിരുന്ന വിധവമാരെല്ലാം ഡോർക്കസ്‌ തങ്ങളോടൊപ്പമുള്ളപ്പോൾ ഉണ്ടാക്കിയ അനേകം അങ്കികളും മറ്റു വസ്‌ത്രങ്ങളും അവനെ കാണിച്ച് വിലപിച്ചു. 40  എന്നാൽ പത്രോസ്‌ എല്ലാവരെയും പുറത്തിറക്കിയിട്ട് മുട്ടുകുത്തി പ്രാർഥിച്ചു. എന്നിട്ട് മൃതശരീരത്തിനുനേരെ തിരിഞ്ഞ്, “തബീഥേ, എഴുന്നേൽക്കുക” എന്നു പറഞ്ഞു. അവൾ കണ്ണുതുറന്നു; പത്രോസിനെ കണ്ട് എഴുന്നേറ്റിരുന്നു. 41  അവൻ അവളെ കൈക്കുപിടിച്ച് എഴുന്നേൽപ്പിച്ചു. അവൻ വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ച് അവളെ ജീവനുള്ളവളായി ഏൽപ്പിച്ചുകൊടുത്തു. 42  ഇത്‌ യോപ്പയിലെങ്ങും പ്രസിദ്ധമായി; അനേകർ കർത്താവിൽ വിശ്വസിച്ചു. 43  പിന്നെ അവൻ തോൽപ്പണിക്കാരനായ ശിമോന്‍റെകൂടെ യോപ്പയിൽ കുറെദിവസം താമസിച്ചു.

അടിക്കുറിപ്പുകള്‍

പ്രവൃ 9:2* അതായത്‌, ക്രിസ്‌തീയ മാർഗക്കാരായ
പ്രവൃ 9:36* ഗ്രീക്കിൽ, ഡോർക്കസ്‌; അരമായയിൽ, തബീഥ