കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

പ്രവൃത്തികൾ 7:1-60

7  അപ്പോൾ മഹാപുരോഹിതൻ, “ഇതെല്ലാം സത്യമാണോ?” എന്നു ചോദിച്ചു.  അതിന്‌ അവൻ പറഞ്ഞത്‌: “സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾക്കുക. നമ്മുടെ പൂർവപിതാവായ അബ്രാഹാം ഹാരാനിൽ വന്നു പാർക്കുന്നതിനുമുമ്പ് മെസൊപ്പൊട്ടേമിയയിൽ ആയിരുന്നപ്പോൾ തേജോമയനായ ദൈവം അവനു പ്രത്യക്ഷനായി  അവനോട്‌, ‘നിന്‍റെ ദേശത്തെയും ബന്ധുക്കളെയും വിട്ട് ഞാൻ നിന്നെ കാണിക്കാനിരിക്കുന്ന ദേശത്തേക്കു വരുക’ എന്നു പറഞ്ഞു.  അങ്ങനെ, അവൻ കൽദയരുടെ ദേശം വിട്ട് ഹാരാനിൽ ചെന്നു താമസിച്ചു. അവന്‍റെ പിതാവിന്‍റെ മരണശേഷം ദൈവം അവനെ നിങ്ങൾ ഇപ്പോൾ വസിക്കുന്ന ഈ ദേശത്തു കൊണ്ടുവന്നു പാർപ്പിച്ചു.  ആ സമയത്ത്‌ ദൈവം അവന്‌ അവിടെ ഒരു അവകാശവും കൊടുത്തില്ല, ഒരടി മണ്ണുപോലും. എന്നാൽ അവനും അവന്‍റെശേഷം അവന്‍റെ സന്തതിക്കും പിന്നീട്‌ അത്‌ കൈവശമായി കൊടുക്കുമെന്ന് അവനു സന്തതിയില്ലാതിരുന്നപ്പോൾത്തന്നെ ദൈവം വാഗ്‌ദാനം ചെയ്‌തു.  അവന്‍റെ സന്തതി ഒരു അന്യദേശത്തു പരദേശികളായിരിക്കുമെന്നും അവർ അവരെ അടിമകളാക്കുമെന്നും നാനൂറുവർഷം അവരെ പീഡിപ്പിക്കുമെന്നും ദൈവം അരുളിച്ചെയ്‌തു.  ‘അവർ അടിമകളായി സേവിക്കുന്ന ആ ജനതയെ ഞാൻ ന്യായംവിധിക്കും’ എന്നും ‘അതിനുശേഷം അവർ പുറപ്പെട്ടുവന്ന് ഈ സ്ഥലത്ത്‌ എന്നെ സേവിക്കും*’ എന്നും ദൈവം അരുളിച്ചെയ്‌തു.  “അവൻ അബ്രാഹാമിനു പരിച്ഛേദനയുടെ ഉടമ്പടിയും നൽകി. അങ്ങനെ അവൻ, തനിക്ക് യിസ്‌ഹാക്ക് ജനിച്ചതിന്‍റെ എട്ടാം ദിവസം അവനെ പരിച്ഛേദന ചെയ്‌തു. യിസ്‌ഹാക്ക് യാക്കോബിനെയും യാക്കോബ്‌ പന്ത്രണ്ടുഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.  ഗോത്രപിതാക്കന്മാർ യോസേഫിനോട്‌ അസൂയപ്പെട്ട് അവനെ ഈജിപ്‌റ്റിലേക്കു വിറ്റുകളഞ്ഞു. എന്നാൽ ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു. 10  അവന്‍റെ എല്ലാ കഷ്ടതകളിൽനിന്നും ദൈവം അവനെ വിടുവിക്കുകയും ഈജിപ്‌റ്റിലെ രാജാവായ ഫറവോന്‍റെ പ്രീതിക്കു പാത്രമാക്കുകയും അവന്‍റെ ദൃഷ്ടിയിൽ ജ്ഞാനിയാക്കുകയും ചെയ്‌തു. അങ്ങനെ, ഫറവോൻ അവനെ ഈജിപ്‌റ്റിനും തന്‍റെ മുഴുഗൃഹത്തിനും അധിപതിയായി നിയമിച്ചു. 11  അങ്ങനെയിരിക്കെ, ഈജിപ്‌റ്റിൽ എല്ലായിടത്തും കനാനിലും ക്ഷാമം ഉണ്ടായി; ഒരു മഹാകഷ്ടതതന്നെ. നമ്മുടെ പൂർവപിതാക്കന്മാർക്കു ഭക്ഷ്യസാധനങ്ങൾ കിട്ടാതായി. 12  ഈജിപ്‌റ്റിൽ ഭക്ഷ്യസാധനങ്ങൾ ഉണ്ടെന്നു കേട്ട് യാക്കോബ്‌ നമ്മുടെ പൂർവപിതാക്കന്മാരെ അവിടേക്ക് അയച്ചു. 13  എന്നാൽ രണ്ടാം പ്രാവശ്യം അവർ അവിടെ എത്തിയപ്പോൾ യോസേഫ്‌ തന്‍റെ സഹോദരന്മാർക്കു തന്നെത്തന്നെ വെളിപ്പെടുത്തി. അങ്ങനെ, യോസേഫിന്‍റെ കുടുംബത്തെക്കുറിച്ചു ഫറവോൻ അറിയാൻ ഇടയായി. 14  അനന്തരം യോസേഫ്‌ ആളയച്ച് തന്‍റെ അപ്പനായ യാക്കോബിനെയും ബന്ധുക്കളെയൊക്കെയും അവിടെനിന്നു വരുത്തി; അവർ ആകെ എഴുപത്തി അഞ്ചു പേർ* ഉണ്ടായിരുന്നു. 15  യാക്കോബ്‌ ഈജിപ്‌റ്റിലേക്കു പോയി. അവിടെവെച്ച് അവൻ മരിച്ചു; അങ്ങനെതന്നെ, നമ്മുടെ പൂർവപിതാക്കന്മാരും. 16  അവരെ ശെഖേമിലേക്കു കൊണ്ടുവന്ന് അവിടെ അബ്രാഹാം ഹാമോറിന്‍റെ പുത്രന്മാരിൽനിന്നു വില* കൊടുത്തു വാങ്ങിയ കല്ലറയിൽ അടക്കംചെയ്‌തു. 17  “ദൈവം അബ്രാഹാമിനു നൽകിയ വാഗ്‌ദാനം നിറവേറാനുള്ള സമയം അടുത്തപ്പോഴേക്കും ജനം ഈജിപ്‌റ്റിൽ വർധിച്ചു പെരുകിയിരുന്നു. 18  അപ്പോൾ യോസേഫിനെ അറിയാത്ത വേറൊരു രാജാവ്‌ ഈജിപ്‌റ്റിൽ അധികാരത്തിൽവന്നു. 19  അവനാകട്ടെ നമ്മുടെ വംശത്തിനെതിരെ ഉപായം പ്രയോഗിച്ച് നമ്മുടെ പൂർവപിതാക്കന്മാരോടു ക്രൂരത കാട്ടി; അവരുടെ കുഞ്ഞുങ്ങൾ ജീവിക്കാതിരിക്കേണ്ടതിന്‌ അവരെ പുറത്തെറിഞ്ഞുകളയാൻ ഉത്തരവിട്ടു. 20  ആ കാലത്താണ്‌ മോശ ജനിച്ചത്‌. അവൻ ദിവ്യസുന്ദരനായിരുന്നു. മൂന്നുമാസം അവൻ തന്‍റെ പിതൃഭവനത്തിൽ പരിപാലിക്കപ്പെട്ടു. 21  അതിനുശേഷം ഉപേക്ഷിക്കപ്പെട്ട അവനെ ഫറവോന്‍റെ പുത്രി എടുത്ത്‌ സ്വന്തമകനായി വളർത്തി. 22  അവന്‌ ഈജിപ്‌റ്റുകാരുടെ സകല ജ്ഞാനത്തിലും ബോധനം ലഭിച്ചു. വാക്കിലും പ്രവൃത്തിയിലും അവൻ ശക്തനായിത്തീർന്നു. 23  “മോശയ്‌ക്ക് നാൽപ്പതുവയസ്സായപ്പോൾ, ഇസ്രായേൽമക്കളായ തന്‍റെ സഹോദരന്മാരെ ചെന്നുകണ്ട് അവരുടെ അവസ്ഥ മനസ്സിലാക്കണമെന്ന് അവനു ഹൃദയത്തിൽ തോന്നി. 24  ഒരിക്കൽ ഒരു ഈജിപ്‌റ്റുകാരൻ അവരിൽ ഒരുവനോട്‌ അന്യായമായി പെരുമാറുന്നതു കണ്ട് മോശ അവന്‍റെ രക്ഷയ്‌ക്കെത്തി; അവൻ ആ ഈജിപ്‌റ്റുകാരനെ അടിച്ചുവീഴ്‌ത്തി ദ്രോഹിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്‌തു. 25  തന്നിലൂടെ ദൈവം അവർക്കു രക്ഷ നൽകുകയാണെന്ന് തന്‍റെ സഹോദരന്മാർ ഗ്രഹിക്കുമെന്നായിരുന്നു അവന്‍റെ വിചാരം. എന്നാൽ അവർ അതു ഗ്രഹിച്ചില്ല. 26  പിറ്റേന്ന് അവർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുത്തെത്തി, ‘പുരുഷന്മാരേ, നിങ്ങൾ സഹോദരന്മാരാണ്‌. നിങ്ങൾ പരസ്‌പരം കലഹിക്കുന്നതെന്ത്?’ എന്നു ചോദിച്ച് അവരെ രമ്യതപ്പെടുത്താൻ ശ്രമിച്ചു. 27  എന്നാൽ അയൽക്കാരനോട്‌ അന്യായം ചെയ്‌തവൻ അവനെ കൂട്ടാക്കാതെ, ‘നിന്നെ ഞങ്ങളുടെ അധിപതിയും ന്യായാധിപനും ആക്കിവെച്ചത്‌ ആർ? 28  ഇന്നലെ ആ ഈജിപ്‌റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ ഭാവം?’ എന്നു ചോദിച്ചു. 29  ഇതുകേട്ട് മോശ അവിടെനിന്ന് ഓടിപ്പോയി; മിദ്യാൻദേശത്തു ചെന്ന് പരദേശിയായി പാർത്തു. അവിടെവെച്ച് അവൻ രണ്ടുപുത്രന്മാരെ ജനിപ്പിച്ചു. 30  “നാൽപ്പതുവർഷത്തിനുശേഷം സീനായ്‌ പർവതത്തിന്‌ അരികെയുള്ള മരുപ്രദേശത്ത്‌ മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ ഒരു ദൈവദൂതൻ അവനു പ്രത്യക്ഷനായി. 31  ആ കാഴ്‌ച കണ്ട് മോശ അത്ഭുതപ്പെട്ടു. അത്‌ എന്താണെന്നറിയാൻ അടുത്തു ചെന്നപ്പോൾ അവൻ യഹോവയുടെ ശബ്ദം കേട്ടു: 32  ‘ഞാൻ നിന്‍റെ പൂർവപിതാക്കന്മാരുടെ ദൈവമാകുന്നു; അബ്രാഹാമിന്‍റെയും യിസ്‌ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവംതന്നെ.’ ഭയന്നുവിറച്ച മോശ പിന്നെ അവിടേക്കു നോക്കാൻ ധൈര്യപ്പെട്ടില്ല. 33  അപ്പോൾ യഹോവ അവനോടു പറഞ്ഞു: ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകയാൽ നിന്‍റെ കാലിൽനിന്നു ചെരിപ്പ് അഴിച്ചുമാറ്റുക. 34  ഈജിപ്‌റ്റിലുള്ള എന്‍റെ ജനം സഹിക്കുന്ന ദ്രോഹം ഞാൻ കാണുകയും അവരുടെ ഞരക്കം ഞാൻ കേൾക്കുകയും ചെയ്‌തിരിക്കുന്നു. അവരെ വിടുവിക്കാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു. വരുക, ഞാൻ നിന്നെ ഈജിപ്‌റ്റിലേക്ക് അയയ്‌ക്കും.’ 35  ‘നിന്നെ അധിപതിയും ന്യായാധിപനും ആക്കിവെച്ചത്‌ ആർ?’ എന്നു പറഞ്ഞുകൊണ്ട് അവർ തള്ളിക്കളഞ്ഞ മോശ എന്ന ഈ മനുഷ്യനെ മുൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം, അധിപതിയും വിമോചകനുമായി ദൈവം അയച്ചു. 36  ഈജിപ്‌റ്റിലും ചെങ്കടലിലും നാൽപ്പതുവർഷം മരുഭൂമിയിലും അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ച് അവൻ അവരെ നയിച്ചുകൊണ്ടുവന്നു. 37  “‘ദൈവം നിങ്ങളുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിങ്ങൾക്കായി എഴുന്നേൽപ്പിക്കും’ എന്ന് ഇസ്രായേൽമക്കളോടു പറഞ്ഞത്‌ ഈ മോശയാണ്‌. 38  സീനായ്‌ പർവതത്തിൽ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പൂർവപിതാക്കന്മാരോടുംകൂടെ മരുഭൂമിയിലെ സഭയിൽ ഉണ്ടായിരുന്നവനും നിങ്ങൾക്കു കൈമാറുവാനുള്ള നിത്യവചസ്സുകൾ ദൈവത്തിൽനിന്നു സ്വീകരിച്ചവനും ഇവൻതന്നെ. 39  നമ്മുടെ പൂർവപിതാക്കന്മാർ അവനെ അനുസരിക്കാൻ കൂട്ടാക്കാതെ അവനെ തള്ളിക്കളഞ്ഞു. മനസ്സുകൊണ്ട് അവർ ഈജിപ്‌റ്റിലേക്കു തിരിച്ചുപോയി. 40  അവർ അഹരോനോട്‌, ‘ഞങ്ങളെ വഴിനയിക്കാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരുക; ഈജിപ്‌റ്റുദേശത്തുനിന്ന് ഞങ്ങളെ നയിച്ചുകൊണ്ടുവന്ന ഈ മോശയ്‌ക്ക് എന്തു സംഭവിച്ചെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ’ എന്നു പറഞ്ഞു. 41  അങ്ങനെ, അവർ ആ നാളിൽ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; ആ വിഗ്രഹത്തിനു ബലിയർപ്പിച്ച് തങ്ങളുടെ കരവേലയിൽ ആഹ്ലാദിച്ചു. 42  അതുകൊണ്ട് ദൈവവും അവർക്കു മുഖംതിരിച്ച് ആകാശത്തിലെ സൈന്യത്തെ സേവിക്കാനായി അവരെ കൈവിട്ടുകളഞ്ഞു. അതിനെക്കുറിച്ചു പ്രവാചകന്മാരുടെ പുസ്‌തകത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: ‘ഇസ്രായേൽഗൃഹമേ, നാൽപ്പതുവർഷം മരുഭൂമിയിൽ നിങ്ങൾ എനിക്കായി ഏതെങ്കിലും മൃഗബലികളും യാഗങ്ങളും അർപ്പിച്ചുവോ? 43  ആരാധനയ്‌ക്ക് നിങ്ങൾ ഉണ്ടാക്കിയ മോലോക്കിന്‍റെ കൂടാരവും രേഫാൻ ദേവന്‍റെ നക്ഷത്രവും അല്ലയോ നിങ്ങൾ ചുമന്നുകൊണ്ടുനടന്നത്‌? ആകയാൽ ഞാൻ നിങ്ങളെ ബാബിലോണിന്‌ അപ്പുറത്തേക്കു നാടുകടത്തും.’ 44  “നമ്മുടെ പൂർവപിതാക്കന്മാർക്ക് മരുഭൂമിയിൽ ഒരു സാക്ഷ്യകൂടാരം ഉണ്ടായിരുന്നു; മോശയോട്‌ അവൻ കണ്ട മാതൃകയിൽത്തന്നെ അതു നിർമിക്കണമെന്ന് അവനോടു സംസാരിച്ചവൻ കൽപ്പിച്ചിരുന്നു. 45  അവരുടെ പിന്മുറക്കാർ ദൈവം തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജനതകൾ കൈവശമാക്കിവെച്ചിരുന്ന ദേശത്തേക്ക് യോശുവയോടൊപ്പം വന്നപ്പോൾ അതും കൂടെക്കൊണ്ടുപോന്നു. ദാവീദിന്‍റെ കാലംവരെ അത്‌ ഇവിടെ ഉണ്ടായിരുന്നു. 46  ദൈവമുമ്പാകെ പ്രീതി ലഭിച്ച അവൻ യാക്കോബിന്‍റെ ദൈവത്തിന്‌ ഒരു വാസസ്ഥലം ഉണ്ടാക്കുന്നതിനുള്ള നിയോഗത്തിനായി അപേക്ഷിച്ചു; 47  എന്നാൽ ശലോമോനാണ്‌ ആലയം പണിതത്‌. 48  അത്യുന്നതനോ, കൈപ്പണിയായ ആലയങ്ങളിൽ വസിക്കുന്നില്ല. ഇതേക്കുറിച്ചു പ്രവാചകൻ, 49  ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വർഗം എന്‍റെ സിംഹാസനവും ഭൂമി എന്‍റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്ക് ഏതുതരം ആലയം പണിയും? എവിടെ എനിക്കു വിശ്രമസ്ഥലം ഒരുക്കും? 50  സകലതും നിർമിച്ചത്‌ എന്‍റെ കരങ്ങളല്ലയോ?’ എന്നു പറയുന്നു. 51  “ദുശ്ശാഠ്യക്കാരായ പുരുഷന്മാരേ, ഹൃദയങ്ങളിലും കാതുകളിലും പരിച്ഛേദനയേൽക്കാത്തവരേ, നിങ്ങൾ എപ്പോഴും പരിശുദ്ധാത്മാവിനോട്‌ എതിർത്തുനിൽക്കുന്നു. നിങ്ങളുടെ പൂർവപിതാക്കന്മാർ ചെയ്‌തതുപോലെതന്നെ നിങ്ങളും ചെയ്യുന്നു. 52  നിങ്ങളുടെ പൂർവപിതാക്കന്മാർ പീഡിപ്പിക്കാത്തതായി ഏതു പ്രവാചകനാണുള്ളത്‌? നീതിമാനായവന്‍റെ വരവ്‌ മുൻകൂട്ടി വിളംബരം ചെയ്‌തവരെ അവർ കൊന്നുകളഞ്ഞു. നിങ്ങളാകട്ടെ ആ നീതിമാനെത്തന്നെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്‌തിരിക്കുന്നു; 53  ദൂതന്മാർ മുഖാന്തരം ന്യായപ്രമാണം ലഭിച്ചിട്ടും അതു പാലിക്കാത്തവരായ നിങ്ങൾതന്നെ.” 54  ഇതു കേട്ടപ്പോൾ അവർ അവന്‍റെനേരെ കോപാകുലരായി പല്ലുകടിച്ചു. 55  അവനോ പരിശുദ്ധാത്മാവ്‌ നിറഞ്ഞവനായി ആകാശത്തേക്ക് ഉറ്റുനോക്കി ദൈവത്തിന്‍റെ മഹത്ത്വവും ദൈവത്തിന്‍റെ വലത്തുഭാഗത്ത്‌ യേശു നിൽക്കുന്നതും കണ്ടു. 56  “ഇതാ, ആകാശങ്ങൾ തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്‍റെ വലത്തുഭാഗത്തു നിൽക്കുന്നതും ഞാൻ കാണുന്നു” എന്ന് അവൻ പറഞ്ഞു. 57  ഇതു കേട്ടപ്പോൾ അവർ ഒന്നാകെ അത്യുച്ചത്തിൽ ആക്രോശിച്ച് ചെവിപൊത്തിക്കൊണ്ട് അവന്‍റെനേരെ പാഞ്ഞുചെന്നു. 58  അവർ അവനെ നഗരത്തിനു വെളിയിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി കല്ലെറിഞ്ഞു. സാക്ഷ്യം പറയാൻ എത്തിയിരുന്നവർ തങ്ങളുടെ മേലങ്കികൾ ശൗൽ എന്നു പേരുള്ള ഒരു യുവാവിന്‍റെ കാൽക്കൽ വെച്ചു. 59  അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കുമ്പോൾ സ്‌തെഫാനൊസ്‌, “കർത്താവായ യേശുവേ, എന്‍റെ ആത്മാവിനെ കൈക്കൊള്ളേണമേ” എന്ന് അപേക്ഷിച്ചു. 60  പിന്നെ അവൻ മുട്ടുകുത്തി, “യഹോവേ, ഈ പാപം ഇവർക്കു കണക്കിടരുതേ” എന്ന് ഉറച്ച ശബ്ദത്തിൽ വിളിച്ചുപറഞ്ഞു. ഇതു പറഞ്ഞശേഷം അവൻ മരണനിദ്ര പ്രാപിച്ചു.

അടിക്കുറിപ്പുകള്‍

പ്രവൃ 7:7* അക്ഷരാർഥം, വിശുദ്ധസേവനം അനുഷ്‌ഠിക്കും
പ്രവൃ 7:14* ഗ്രീക്കിൽ, സൈക്കി
പ്രവൃ 7:16* അക്ഷരാർഥം, വെള്ളിപ്പണം