കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

പ്രവൃത്തികൾ 6:1-15

6  ആ നാളുകളിൽ ശിഷ്യരുടെ എണ്ണം വർധിച്ചുവന്നപ്പോൾ, ദിനന്തോറുമുള്ള ഭക്ഷ്യവിതരണത്തിൽ തങ്ങളുടെ വിധവമാർ അവഗണിക്കപ്പെട്ടിരുന്നതുകൊണ്ട് ഗ്രീക്കുഭാഷക്കാരായ യഹൂദന്മാർ എബ്രായഭാഷക്കാരായ യഹൂദന്മാർക്കെതിരെ പിറുപിറുത്തു.  അപ്പോൾ പന്തിരുവർ ശിഷ്യന്മാരുടെ കൂട്ടത്തെ അടുക്കൽ വിളിച്ച് അവരോട്‌, “ഞങ്ങൾ ദൈവവചനം പഠിപ്പിക്കുന്നതു നിറുത്തിയിട്ട് ഭക്ഷണമേശയ്‌ക്കൽ ഉപചരിക്കുന്നതു ശരിയല്ല.  ആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞവരും സുസമ്മതരുമായ ഏഴുപുരുഷന്മാരെ നിങ്ങളുടെ ഇടയിൽനിന്നു കണ്ടെത്തുവിൻ; അവരെ ഞങ്ങൾ ഈ അവശ്യകാര്യത്തിനായി നിയമിക്കാം.  ഞങ്ങളോ പ്രാർഥനയിലും വചനോപദേശത്തിലും വ്യാപരിച്ചുകൊള്ളാം” എന്നു പറഞ്ഞു.  അവർ പറഞ്ഞത്‌ എല്ലാവർക്കും സ്വീകാര്യമായി. വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്‌തെഫാനൊസ്‌, ഫിലിപ്പോസ്‌, പ്രൊഖൊരൊസ്‌, നിക്കാനോർ, തിമോൻ, പർമെനാസ്‌, യഹൂദമതം സ്വീകരിച്ച അന്ത്യൊക്യക്കാരനായ നിക്കൊലാവൊസ്‌ എന്നിവരെ അവർ തിരഞ്ഞെടുത്തു.  അവർ അവരെ അപ്പൊസ്‌തലന്മാരുടെ മുമ്പാകെ കൊണ്ടുവന്നു; അവർ പ്രാർഥിച്ചിട്ട് അവരുടെമേൽ കൈവെച്ചു.  അങ്ങനെ, ദൈവവചനം അധികമധികം പ്രചരിക്കുകയും ശിഷ്യന്മാരുടെ എണ്ണം യെരുശലേമിൽ വളരെ വർധിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. പുരോഹിതന്മാരിലും വളരെപ്പേർ വിശ്വാസം സ്വീകരിച്ചു.  അക്കാലത്ത്‌ സ്‌തെഫാനൊസ്‌ കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിനിടയിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു.  ഒരിക്കൽ, വിമോചിതരുടെ സിനഗോഗ്‌ എന്നു വിളിക്കപ്പെട്ടിരുന്ന സംഘത്തിൽനിന്നുള്ള ചിലരും കുറേനക്കാരിലും അലക്‌സാൻഡ്രിയക്കാരിലുംപെട്ട ചിലരും കിലിക്യ, ഏഷ്യ എന്നിവിടങ്ങളിൽനിന്നുള്ള ചിലരും സ്‌തെഫാനൊസിനോടു തർക്കിക്കാൻ വന്നു. 10  എന്നാൽ അവന്‍റെ സംസാരത്തിൽ നിറഞ്ഞുനിന്ന ജ്ഞാനത്തെയും ആത്മാവിനെയും എതിർത്തുനിൽക്കാൻ അവർക്കു കഴിഞ്ഞില്ല. 11  അപ്പോൾ അവർ, “ഇവൻ മോശയ്‌ക്കും ദൈവത്തിനും എതിരെ ദൂഷണവാക്കുകൾ പറയുന്നതു ഞങ്ങൾ കേട്ടു” എന്നു പറയാൻ ചില പുരുഷന്മാരെ രഹസ്യമായി പ്രേരിപ്പിച്ചു. 12  കൂടാതെ, അവർ ജനത്തെയും മൂപ്പന്മാരെയും ശാസ്‌ത്രിമാരെയും ഇളക്കുകയും ചെയ്‌തു; അവർ ക്ഷണത്തിൽ അവന്‍റെനേരെ ചെന്ന് അവനെ പിടിച്ച് ബലമായി ന്യായാധിപസഭയുടെ മുമ്പാകെ കൊണ്ടുവന്നു. 13  അവർ കള്ളസാക്ഷികളെയും കൊണ്ടുവന്നു; “ഈ മനുഷ്യൻ ഈ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നു. 14  നസറായനായ യേശു ഈ സ്ഥലം നശിപ്പിക്കുകയും മോശ നമുക്കു കൈമാറിയ ആചാരങ്ങൾ മാറ്റുകയും ചെയ്യുമെന്ന് ഇവൻ പറയുന്നതു ഞങ്ങൾ കേട്ടു” എന്ന് അവർ പറഞ്ഞു. 15  ന്യായാധിപസഭയിലിരുന്ന എല്ലാവരും അവനെ സൂക്ഷിച്ചുനോക്കി; അവന്‍റെ മുഖം ഒരു ദൈവദൂതന്‍റെ മുഖംപോലെ അവർക്കു കാണപ്പെട്ടു.

അടിക്കുറിപ്പുകള്‍