കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

പ്രവൃത്തികൾ 5:1-42

5  എന്നാൽ അനന്യാസ്‌ എന്നു പേരുള്ള ഒരു മനുഷ്യനും അവന്‍റെ ഭാര്യ സഫീറയും ചേർന്ന് ഒരു നിലം വിറ്റു.  ഭാര്യയുടെ അറിവോടെ അവൻ അതിന്‍റെ വിലയിൽ കുറെ രഹസ്യമായി മാറ്റിവെച്ചിട്ട് ബാക്കി അപ്പൊസ്‌തലന്മാരുടെ അടുക്കൽ കൊണ്ടുവന്നു.  എന്നാൽ പത്രോസ്‌ അവനോട്‌, “അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിക്കാനും നിലത്തിന്‍റെ വിലയിൽ കുറെ രഹസ്യമായി മാറ്റിവെക്കാനും സാത്താൻ നിന്നെ ധൈര്യപ്പെടുത്തിയതെന്ത്?  വിൽക്കുന്നതിനുമുമ്പ് അതു നിന്‍റേതല്ലായിരുന്നോ? വിറ്റശേഷം ആ പണംകൊണ്ട് ഇഷ്ടമുള്ളതു ചെയ്യാനുള്ള സ്വാതന്ത്ര്യവും നിനക്കില്ലായിരുന്നോ? ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ നീ ഹൃദയത്തിൽ നിരൂപിച്ചതെന്ത്? നീ വ്യാജം കാണിച്ചിരിക്കുന്നതു മനുഷ്യനോടല്ല, ദൈവത്തോടത്രേ” എന്നു പറഞ്ഞു.  ഈ വാക്കുകൾ കേട്ടപ്പോൾ അനന്യാസ്‌ നിലത്തുവീണു മരിച്ചു. ഇതേക്കുറിച്ചു കേട്ട എല്ലാവർക്കും വലിയ ഭയമുണ്ടായി.  യുവാക്കൾ എഴുന്നേറ്റ്‌ അവനെ ശീലയിൽ പൊതിഞ്ഞു പുറത്തുകൊണ്ടുപോയി അടക്കംചെയ്‌തു.  ഏകദേശം മൂന്നുമണിക്കൂർ കഴിഞ്ഞപ്പോൾ സംഭവിച്ചതൊന്നും അറിയാതെ അവന്‍റെ ഭാര്യ അകത്തുവന്നു.  പത്രോസ്‌ അവളോട്‌, “പറയൂ, നിങ്ങൾ ഈ വിലയ്‌ക്കാണോ നിലം വിറ്റത്‌?” എന്നു ചോദിച്ചതിന്‌ അവൾ, “അതെ, ഈ വിലയ്‌ക്കുതന്നെ” എന്നു മറുപടി പറഞ്ഞു.  അപ്പോൾ പത്രോസ്‌ അവളോട്‌, “യഹോവയുടെ ആത്മാവിനെ പരീക്ഷിക്കാൻ നിങ്ങൾ തമ്മിൽ പറഞ്ഞൊത്തതെന്ത്? ഇതാ, നിന്‍റെ ഭർത്താവിനെ അടക്കംചെയ്‌തവർ വാതിൽക്കൽ നിൽക്കുന്നു; അവർ നിന്നെയും പുറത്തേക്ക് എടുത്തുകൊണ്ടുപോകും” എന്നു പറഞ്ഞു. 10  തത്‌ക്ഷണം അവൾ അവന്‍റെ കാൽക്കൽ വീണു മരിച്ചു. യുവാക്കൾ അകത്തുവന്നപ്പോൾ അവൾ മരിച്ചുകിടക്കുന്നതു കണ്ടു. അവർ അവളെ പുറത്തേക്ക് എടുത്തുകൊണ്ടുപോയി ഭർത്താവിനരികെ അടക്കംചെയ്‌തു. 11  മുഴുസഭയ്‌ക്കും ഈ കാര്യങ്ങളെക്കുറിച്ചു കേട്ട സകലർക്കും വലിയ ഭയം ഉണ്ടായി. 12  അപ്പൊസ്‌തലന്മാരുടെ കൈയാൽ ജനത്തിനിടയിൽ ഒട്ടുവളരെ അടയാളങ്ങളും അത്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. ശിഷ്യന്മാർ എല്ലാവരും ഏകമനസ്സോടെ ശലോമോന്‍റെ മണ്ഡപത്തിൽ കൂടിവരുമായിരുന്നു. 13  മറ്റുള്ളവർ അവരോടു ചേരാൻ ധൈര്യപ്പെട്ടില്ല; എന്നാൽ ജനം അവരെ അത്യധികം പ്രശംസിച്ചുപോന്നു. 14  കർത്താവിൽ വിശ്വസിച്ച സ്‌ത്രീപുരുഷന്മാരുടെ എണ്ണം അനവധിയായി വർധിച്ചുകൊണ്ടിരുന്നു. 15  അവർ രോഗികളെ തെരുവീഥികളിൽപ്പോലും കൊണ്ടുവന്ന് ചെറിയ കിടക്കകളിലും കട്ടിലുകളിലും കിടത്തുമായിരുന്നു. പത്രോസ്‌ കടന്നുപോകുമ്പോൾ അവന്‍റെ നിഴലെങ്കിലും അവരുടെമേൽ പതിക്കട്ടെയെന്നു കരുതിയാണ്‌ അവർ അങ്ങനെ ചെയ്‌തത്‌. 16  യെരുശലേമിനു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നും ജനങ്ങൾ രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയും ചുമന്നുകൊണ്ടുവന്നു; അവർ എല്ലാവരും സൗഖ്യം പ്രാപിക്കുകയും ചെയ്‌തു. 17  എന്നാൽ മഹാപുരോഹിതനും അവന്‍റെ പക്ഷക്കാരായ സദൂക്യഗണവും അസൂയനിറഞ്ഞവരായി 18  അപ്പൊസ്‌തലന്മാരെ പിടിച്ചു കാരാഗൃഹത്തിലടച്ചു. 19  രാത്രിയിൽ യഹോവയുടെ ദൂതൻ കാരാഗൃഹത്തിന്‍റെ വാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നിട്ട് അവരോട്‌, 20  “നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്‍റെ വചനങ്ങളെല്ലാം ജനങ്ങളോടു പ്രസ്‌താവിച്ചുകൊണ്ടിരിക്കുക” എന്നു പറഞ്ഞു. 21  ഇതുകേട്ട് അവർ അതിരാവിലെ ആലയത്തിൽ ചെന്നു പഠിപ്പിക്കാൻതുടങ്ങി. മഹാപുരോഹിതനും കൂടെയുള്ളവരും ഒരുമിച്ചുകൂടി ന്യായാധിപസഭയെയും ഇസ്രായേൽമക്കളുടെ മൂപ്പന്മാരുടെ മുഴുസംഘത്തെയും വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരാൻ കാരാഗൃഹത്തിലേക്ക് ആളയച്ചു. 22  എന്നാൽ ആലയത്തിലെ കാവൽഭടന്മാർ ചെന്നപ്പോൾ തടവറയിൽ അവരെ കണ്ടില്ല. അവർ മടങ്ങിവന്ന്, 23  “തടവറ ഭദ്രമായി പൂട്ടിയിരിക്കുന്നതും കാവൽഭടന്മാർ വാതിൽക്കൽ നിൽക്കുന്നതും ഞങ്ങൾ കണ്ടു; തുറന്നപ്പോഴോ അകത്ത്‌ ആരെയും കണ്ടില്ല” എന്ന് അറിയിച്ചു. 24  ആലയത്തിലെ കാവൽഭടന്മാരുടെ നായകനും മുഖ്യപുരോഹിതന്മാരും ഈ വാക്കുകൾ കേട്ടപ്പോൾ, ഇത്‌ ഇനി എവിടെച്ചെന്നവസാനിക്കും എന്നോർത്ത്‌ പരിഭ്രാന്തരായി. 25  അപ്പോൾ ഒരു മനുഷ്യൻ അവിടെയെത്തി അവരോട്‌, “അതാ, നിങ്ങൾ തടവിലാക്കിയിരുന്ന പുരുഷന്മാർ ആലയത്തിൽ ജനങ്ങളെ പഠിപ്പിക്കുന്നു” എന്ന് അറിയിച്ചു. 26  കാവൽഭടന്മാരുടെ നായകൻ തന്‍റെ ഭടന്മാരോടൊപ്പം ചെന്ന്, ജനം തങ്ങളെ കല്ലെറിയുമെന്ന ഭയംനിമിത്തം ബലപ്രയോഗം കൂടാതെതന്നെ അവരെ കൊണ്ടുവന്നു. 27  അങ്ങനെ, അവർ അവരെ ന്യായാധിപസഭാമന്ദിരത്തിൽ കൊണ്ടുവന്നു നിറുത്തി. മഹാപുരോഹിതൻ അവരെ ചോദ്യംചെയ്‌തുകൊണ്ട് 28  അവരോട്‌, “ഈ നാമത്തിൽ ഇനി പഠിപ്പിക്കരുതെന്നു ഞങ്ങൾ നിങ്ങളോടു കർശനമായി കൽപ്പിച്ചതല്ലേ? എന്നിട്ടും നിങ്ങളിതാ യെരുശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറച്ചിരിക്കുന്നു. ആ മനുഷ്യന്‍റെ രക്തത്തിനു ഞങ്ങളെ കുറ്റക്കാരാക്കാൻ നിങ്ങൾ ഉറച്ചിരിക്കുകയാണ്‌” എന്നു പറഞ്ഞു. 29  അതിനു പത്രോസും മറ്റ്‌ അപ്പൊസ്‌തലന്മാരും പറഞ്ഞത്‌: “ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയത്രേ അധിപതിയായി അനുസരിക്കേണ്ടത്‌. 30  നിങ്ങൾ സ്‌തംഭത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പൂർവപിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു. 31  ഇസ്രായേലിനു മാനസാന്തരവും പാപമോചനവും നൽകേണ്ടതിന്‌ ദൈവം അവനെ നായകനും രക്ഷകനുമായി തന്‍റെ വലത്തുഭാഗത്തേക്ക് ഉയർത്തി. 32  ഈ കാര്യങ്ങൾക്കു ഞങ്ങളും, തന്നെ ഭരണാധികാരിയായി അനുസരിക്കുന്നവർക്കു ദൈവം നൽകിയിരിക്കുന്ന പരിശുദ്ധാത്മാവും സാക്ഷികളാകുന്നു.” 33  ഇതു കേട്ടപ്പോൾ അവർ അത്യന്തം ക്ഷുഭിതരായി അപ്പൊസ്‌തലന്മാരെ കൊന്നുകളയാൻ ആഗ്രഹിച്ചു. 34  എന്നാൽ എല്ലാവരും ആദരിച്ചിരുന്ന ഒരു ന്യായപ്രമാണ ഉപദേഷ്ടാവായ ഗമാലിയേൽ എന്നു പേരുള്ള പരീശൻ ന്യായാധിപസഭയിൽ എഴുന്നേറ്റുനിന്ന് അൽപ്പസമയത്തേക്ക് അവരെ പുറത്തുനിറുത്താൻ കൽപ്പിച്ചു. 35  പിന്നെ അവൻ അവരോടു പറഞ്ഞത്‌: “ഇസ്രായേൽപുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യുന്നത്‌ ആലോചിച്ചിട്ടുമതി; 36  കുറെനാൾമുമ്പ് തദാസ്‌ എന്ന ഒരുവൻ താൻ മഹാനാണെന്നു നടിച്ച് രംഗപ്രവേശം ചെയ്‌തു. ഏകദേശം നാനൂറുപുരുഷന്മാർ അവന്‍റെ പക്ഷം ചേർന്നു; എന്നാൽ അവൻ കൊല്ലപ്പെടുകയും അവന്‍റെ അനുയായികളെല്ലാം ചിതറിപ്പോകുകയും ചെയ്‌തു. 37  അവനുശേഷം പേരുചാർത്തലിന്‍റെ നാളുകളിൽ ഗലീലക്കാരനായ യൂദാ എന്ന ഒരുവൻ എഴുന്നേറ്റ്‌ ആളുകളെ തന്‍റെ പക്ഷത്തേക്കു വശീകരിച്ചു. അവനും നശിച്ചുപോയി; അവന്‍റെ അനുയായികളൊക്കെയും മറ്റിടങ്ങളിലേക്കു ചിതറിപ്പോകുകയും ചെയ്‌തു. 38  അതുകൊണ്ട് ഈ സാഹചര്യത്തിൽ ഞാൻ നിങ്ങളോടു പറയുന്നത്‌ ഇതാണ്‌: ഈ മനുഷ്യരുടെ കാര്യത്തിൽ ഇടപെടാതെ അവരെ വിട്ടേക്കുക; കാരണം, ഈ ആലോചനയോ പ്രവൃത്തിയോ മനുഷ്യരിൽനിന്നുള്ളതാണെങ്കിൽ അതു താനേ പരാജയപ്പെട്ടുകൊള്ളും. 39  ദൈവത്തിൽനിന്നുള്ളതാണെങ്കിലോ, നിങ്ങൾക്ക് അതു പരാജയപ്പെടുത്താനാവില്ല; മാത്രമല്ല, നിങ്ങൾ ദൈവത്തോടു പോരാടുന്നവരാണെന്നും വന്നേക്കാം.” 40  അവൻ പറഞ്ഞത്‌ അവർ അനുസരിച്ചു. അവർ അപ്പൊസ്‌തലന്മാരെ വിളിച്ചുവരുത്തി അടിപ്പിച്ചു; യേശുവിന്‍റെ നാമത്തിൽ സംസാരിക്കുന്നതു നിറുത്താൻ ആജ്ഞാപിച്ച് വിട്ടയച്ചു. 41  അവരോ അവന്‍റെ നാമത്തിനുവേണ്ടി അപമാനം സഹിക്കാൻ യോഗ്യരായി എണ്ണപ്പെട്ടതിൽ ആഹ്ലാദിച്ചുകൊണ്ട് ന്യായാധിപസഭയുടെ മുമ്പിൽനിന്നു പോയി. 42  അവർ ദിവസേന ആലയത്തിലും വീടുതോറും ക്രിസ്‌തുവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അവിരാമം പഠിപ്പിക്കുകയും ഘോഷിക്കുകയും ചെയ്‌തുകൊണ്ടിരുന്നു.

അടിക്കുറിപ്പുകള്‍