കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

പ്രവൃത്തികൾ 3:1-26

3  ഒരു ദിവസം പത്രോസും യോഹന്നാനും ഒൻപതാം മണി* നേരത്തെ പ്രാർഥനയ്‌ക്കായി ആലയത്തിലേക്കു പോകുകയായിരുന്നു.  അപ്പോൾ ജന്മനാ മുടന്തനായ ഒരു മനുഷ്യനെ ചിലർ ചുമന്നുകൊണ്ടുവന്നു. ആലയത്തിൽ വരുന്നവരോടു ഭിക്ഷ യാചിക്കുന്നതിന്‌ അവർ അവനെ സുന്ദരം എന്നു വിളിക്കപ്പെടുന്ന ആലയവാതിലിനു സമീപം ദിവസവും ഇരുത്താറുണ്ടായിരുന്നു.  പത്രോസും യോഹന്നാനും ആലയത്തിലേക്കു കടക്കാൻ തുടങ്ങുന്നതു കണ്ട് അവൻ അവരോടു ഭിക്ഷ യാചിച്ചു.  പത്രോസും യോഹന്നാനും അവനെ ഉറ്റുനോക്കി. പത്രോസ്‌ അവനോട്‌, “ഞങ്ങളെ നോക്കൂ” എന്നു പറഞ്ഞു.  അവരിൽനിന്ന് എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച് അവൻ അവരെത്തന്നെ നോക്കി.  അപ്പോൾ പത്രോസ്‌, “പൊന്നും വെള്ളിയും എനിക്കില്ല; എന്നാൽ എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു: നസറായനായ യേശുക്രിസ്‌തുവിന്‍റെ നാമത്തിൽ എഴുന്നേറ്റുനടക്കുക” എന്നു പറഞ്ഞ്  അവന്‍റെ വലങ്കൈക്കു പിടിച്ചു. തത്‌ക്ഷണം അവന്‍റെ പാദങ്ങളും കാൽക്കുഴകളും ബലം പ്രാപിച്ചു.  അവൻ ചാടിയെഴുന്നേറ്റു നടക്കാൻതുടങ്ങി. നടന്നും തുള്ളിച്ചാടിയും ദൈവത്തെ സ്‌തുതിച്ചുംകൊണ്ട് അവൻ അവരോടൊപ്പം ആലയത്തിൽ പ്രവേശിച്ചു.  അവൻ നടക്കുന്നതും ദൈവത്തെ സ്‌തുതിക്കുന്നതും ആളുകളൊക്കെയും കണ്ടു. 10  ഈ മനുഷ്യൻ ആലയത്തിന്‍റെ സുന്ദരകവാടത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നിരുന്നവനാണെന്നു തിരിച്ചറിഞ്ഞ അവർ, അവനു സംഭവിച്ചതു കണ്ട് വിസ്‌മയവും ആഹ്ലാദവും നിറഞ്ഞവരായി. 11  ആ മനുഷ്യൻ പത്രോസിനെയും യോഹന്നാനെയും പിടിച്ചുകൊണ്ടു നിൽക്കുന്നതു കണ്ടപ്പോൾ ആളുകളെല്ലാം അതിശയംപൂണ്ട് ശലോമോന്‍റെ മണ്ഡപം എന്നു വിളിക്കപ്പെടുന്നിടത്ത്‌ അവരുടെ അടുക്കൽ ഓടിക്കൂടി. 12  ഇതുകണ്ട് പത്രോസ്‌ ആളുകളോടു പറഞ്ഞത്‌: “ഇസ്രായേൽപുരുഷന്മാരേ, നിങ്ങൾ ഇതിൽ ആശ്ചര്യപ്പെടുന്നതെന്ത്? സ്വന്തം ശക്തിയാലോ ഭക്തിയാലോ ഞങ്ങൾ ഇവനെ നടക്കാൻ പ്രാപ്‌തനാക്കി എന്നവണ്ണം ഞങ്ങളെ നോക്കുന്നതുമെന്ത്? 13  അബ്രാഹാമിന്‍റെയും യിസ്‌ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം, നമ്മുടെ പൂർവപിതാക്കന്മാരുടെ ദൈവംതന്നെ, തന്‍റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു. നിങ്ങളോ അവനെ ഏൽപ്പിച്ചുകൊടുക്കുകയും അവനെ വിട്ടയയ്‌ക്കാൻ തീരുമാനിച്ച പീലാത്തോസിന്‍റെ മുമ്പാകെ അവനെ തള്ളിപ്പറയുകയും ചെയ്‌തു. 14  വിശുദ്ധനും നീതിമാനുമായവനെ തള്ളിപ്പറഞ്ഞിട്ട് കൊലപാതകിയായ ഒരു മനുഷ്യനെ വിട്ടുകിട്ടണമെന്നു നിങ്ങൾ ശഠിച്ചു. 15  അങ്ങനെ, ജീവനായകനെ നിങ്ങൾ കൊന്നുകളഞ്ഞു. എന്നാൽ ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. ഈ വസ്‌തുതയ്‌ക്കു ഞങ്ങൾ സാക്ഷികൾ. 16  അവന്‍റെ നാമമാണ്‌, ആ നാമത്തിലുള്ള ഞങ്ങളുടെ വിശ്വാസമാണ്‌, നിങ്ങൾ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യൻ ബലം പ്രാപിക്കാൻ ഇടയാക്കിയത്‌. അതെ, അവൻ മുഖാന്തരമുള്ള വിശ്വാസമാണ്‌ നിങ്ങൾ എല്ലാവരും കാണുന്നതുപോലെ ഇവനെ പൂർണമായി സുഖപ്പെടുത്തിയത്‌. 17  സഹോദരന്മാരേ, നിങ്ങളുടെ പ്രമാണിമാരെപ്പോലെ നിങ്ങളും അജ്ഞതനിമിത്തമാണു പ്രവർത്തിച്ചതെന്നു ഞാൻ അറിയുന്നു. 18  എന്നാൽ തന്‍റെ അഭിഷിക്തൻ* കഷ്ടം അനുഭവിക്കുമെന്ന് ദൈവം സകല പ്രവാചകന്മാരുടെയും വായാൽ മുൻകൂട്ടി അറിയിച്ചത്‌ അവൻ ഈ വിധത്തിൽ നിവർത്തിച്ചിരിക്കുന്നു. 19  “ആകയാൽ നിങ്ങളുടെ പാപങ്ങൾ മായ്‌ക്കപ്പെടേണ്ടതിന്‌ മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്ളുവിൻ; അപ്പോൾ യഹോവയിൽനിന്ന് ഉന്മേഷകാലങ്ങൾ വന്നെത്തുകയും 20  നിങ്ങൾക്കായി നിയമിക്കപ്പെട്ട ക്രിസ്‌തുവാകുന്ന യേശുവിനെ അവൻ അയയ്‌ക്കുകയും ചെയ്യും. 21  പണ്ടുള്ള വിശുദ്ധപ്രവാചകന്മാരുടെ വായാൽ ദൈവം അരുളിച്ചെയ്‌ത സകല കാര്യങ്ങളും പുനഃസ്ഥാപിക്കപ്പെടുന്ന കാലംവരെ സ്വർഗം അവനെ വെച്ചുകൊള്ളേണ്ടതാകുന്നു. 22  ‘ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാർക്കിടയിൽനിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിങ്ങൾക്കായി എഴുന്നേൽപ്പിക്കും. അവൻ നിങ്ങളോടു പറയുന്നതൊക്കെയും നിങ്ങൾ ശ്രദ്ധിക്കണം. 23  ആ പ്രവാചകനെ ശ്രദ്ധിക്കാത്ത ഏതൊരുവനും* ജനത്തിന്‍റെ ഇടയിൽനിന്ന് ഉന്മൂലനം ചെയ്യപ്പെടും’ എന്നു മോശ പറഞ്ഞുവല്ലോ. 24  ശമുവേൽമുതലുള്ള എല്ലാ പ്രവാചകന്മാരും ഈ നാളുകളെക്കുറിച്ചു വ്യക്തമായി പ്രസ്‌താവിച്ചിട്ടുണ്ട്. 25  നിങ്ങൾ പ്രവാചകന്മാരുടെയും, ‘നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും’ എന്ന് അബ്രാഹാമിനോട്‌ അരുളിച്ചെയ്‌തുകൊണ്ട് ദൈവം നിങ്ങളുടെ പൂർവപിതാക്കന്മാരോടു ചെയ്‌ത ഉടമ്പടിയുടെയും മക്കളത്രേ. 26  ദൈവം തന്‍റെ ദാസനെ എഴുന്നേൽപ്പിച്ച് ആദ്യം നിങ്ങളുടെ അടുക്കലേക്കാണ്‌ അയച്ചത്‌. നിങ്ങളിൽ ഓരോരുത്തരെയും നിങ്ങളുടെ ദുഷ്ടതകളിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കേണ്ടതിനത്രേ അവൻ അങ്ങനെ ചെയ്‌തത്‌.”

അടിക്കുറിപ്പുകള്‍

പ്രവൃ 3:1* അക്ഷരാർഥം, ഒൻപതാം മണിക്കൂർ: ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണി
പ്രവൃ 3:18* അക്ഷരാർഥം, ക്രിസ്‌തു
പ്രവൃ 3:23* ഗ്രീക്കിൽ, സൈക്കി