കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

പ്രവൃത്തികൾ 27:1-44

27  ഞങ്ങൾ ഇറ്റലിയിലേക്കു കപ്പൽകയറണമെന്നു തീരുമാനമായപ്പോൾ അവർ പൗലോസിനെയും മറ്റുചില തടവുകാരെയും ഔഗുസ്‌തൊസിന്‍റെ പടയിലെ യൂലിയൊസ്‌ എന്ന ശതാധിപനെ ഏൽപ്പിച്ചു.  ഏഷ്യാപ്രവിശ്യയുടെ തീരപ്രദേശങ്ങൾക്കു സമീപത്തുകൂടെ പോകാനിരുന്ന, അദ്രമുത്ത്യയിൽനിന്നുള്ള ഒരു കപ്പലിൽ കയറി ഞങ്ങൾ യാത്രയായി. ഞങ്ങളോടൊപ്പം തെസ്സലോനിക്യയിൽനിന്നുള്ള അരിസ്‌തർഹൊസ്‌ എന്ന മാസിഡോണിയക്കാരനും ഉണ്ടായിരുന്നു.  പിറ്റേന്നു ഞങ്ങൾ സീദോനിലെത്തി. യൂലിയൊസ്‌ പൗലോസിനോടു കനിവു കാണിക്കുകയും സ്‌നേഹിതരുടെ അടുക്കൽ പോകുന്നതിനും ആതിഥ്യം സ്വീകരിക്കുന്നതിനും അവനെ അനുവദിക്കുകയും ചെയ്‌തു.  അവിടെനിന്നു പുറപ്പെട്ട ഞങ്ങൾ കാറ്റ്‌ പ്രതികൂലമായതിനാൽ സൈപ്രസിന്‍റെ മറപറ്റി യാത്ര തുടർന്നു.  കിലിക്യക്കും പംഫുല്യക്കും സമീപമുള്ള പുറങ്കടലിലൂടെ സഞ്ചരിച്ച് ഞങ്ങൾ ലുക്കിയയിലെ മുറാ തുറമുഖത്തെത്തി.  അവിടെവെച്ച് അലക്‌സാൻഡ്രിയയിൽനിന്ന് ഇറ്റലിയിലേക്കു പോകുകയായിരുന്ന ഒരു കപ്പൽ കണ്ട് ശതാധിപൻ ഞങ്ങളെ അതിൽ കയറ്റി.  പിന്നെ കുറെദിവസത്തേക്കു ഞങ്ങൾ സാവധാനമാണ്‌ യാത്രചെയ്‌തത്‌. വളരെ പ്രയാസപ്പെട്ട് ഞങ്ങൾ ക്‌നീദോസിലെത്തി. കാറ്റ്‌ അനുകൂലമല്ലാഞ്ഞതിനാൽ ഞങ്ങൾ ശൽമോന കടന്ന് ക്രേത്തയുടെ മറപറ്റി കപ്പലോടിച്ചു.  പിന്നെ ഞങ്ങൾ തീരത്തോടുചേർന്ന് ക്ലേശിച്ചു മുമ്പോട്ടുനീങ്ങി ശുഭതുറമുഖം എന്നു വിളിക്കപ്പെടുന്ന സ്ഥലത്തെത്തി; ഇതിനടുത്തായിരുന്നു ലസയ്യ പട്ടണം.  ഇങ്ങനെ, ഞങ്ങൾക്കു വളരെയേറെ സമയം നഷ്ടമായി. ശരത്‌കാലനോമ്പും കഴിഞ്ഞുപോയിരുന്നു. അപ്പോൾ സമുദ്രയാത്ര അപകടമാണെന്നു കണ്ട് പൗലോസ്‌ അവരുടെ മുമ്പാകെ ഒരു നിർദേശംവെച്ചു. 10  അവൻ അവരോട്‌: “പുരുഷന്മാരേ, നമ്മുടെ ഈ സമുദ്രയാത്ര ചരക്കിനും കപ്പലിനും മാത്രമല്ല, നമ്മുടെ ജീവനുതന്നെയും* കനത്ത കഷ്ടനഷ്ടങ്ങൾ വരുത്തിവെക്കും എന്നു ഞാൻ കാണുന്നു” എന്നു പറഞ്ഞു. 11  എന്നാൽ ശതാധിപൻ പൗലോസിന്‍റെ വാക്കുകൾക്കു ചെവികൊടുക്കാതെ കപ്പിത്താനും കപ്പലുടമയും പറഞ്ഞതു കേട്ടു. 12  ആ തുറമുഖം ശീതകാലം കഴിച്ചുകൂട്ടാൻ പറ്റിയതല്ലായിരുന്നതിനാൽ അവിടെനിന്ന് എങ്ങനെയും ക്രേത്തയിലെ ഫേനിക്‌സിലെത്തി അവിടെ ശീതകാലം കഴിക്കാമെന്നു ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു; വടക്കുകിഴക്കോട്ടും തെക്കുകിഴക്കോട്ടും തുറന്നുകിടക്കുന്ന ഒരു തുറമുഖമായിരുന്നു ഫേനിക്‌സ്‌. 13  തെക്കൻകാറ്റ്‌ മന്ദമായി വീശിത്തുടങ്ങിയപ്പോൾ യാത്ര തുടരാമെന്ന് അവർ കരുതി. അങ്ങനെ, അവർ നങ്കൂരമുയർത്തി ക്രേത്തയുടെ തീരംചേർന്നു നീങ്ങി. 14  എന്നാൽ പെട്ടെന്ന്, ഈശാനമൂലൻ* എന്ന കൊടുങ്കാറ്റ്‌ ആഞ്ഞടിച്ചു. 15  കൊടുങ്കാറ്റിൽപ്പെട്ടുപോയ കപ്പലിന്‌ കാറ്റിനെ ചെറുക്കാൻ കഴിഞ്ഞില്ല. അതിനാൽ ഞങ്ങൾ കാറ്റിനു വഴിപ്പെട്ട് അതിന്‍റെ ഗതിക്കൊപ്പം നീങ്ങി. 16  കൗദ എന്നറിയപ്പെടുന്ന ഒരു ചെറിയ ദ്വീപിന്‍റെ മറപറ്റിയാണു ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്നതെങ്കിലും അമരത്തോടു ബന്ധിച്ചിരുന്ന തോണി വലിച്ചെടുക്കാൻ ഞങ്ങൾ നന്നേ പ്രയാസപ്പെട്ടു. 17  ഒടുവിൽ അത്‌ ഒരുവിധം വലിച്ചുകയറ്റി; പിന്നെ കപ്പൽ ചുറ്റിക്കെട്ടി അതിന്‌ ഉറപ്പുവരുത്തി. കപ്പൽ സീർത്തീസിലെ* മണൽത്തിട്ടകളിൽ ചെന്നുകയറുമെന്നു ഭയന്ന് അവർ കപ്പൽപ്പായയുടെ കയറുകൾ അഴിച്ചുവിട്ട് കാറ്റിന്‍റെ ഗതിക്കൊപ്പം നീങ്ങി. 18  കൊടുങ്കാറ്റിൽപ്പെട്ട് ഞങ്ങൾ ആടിയുലഞ്ഞു. അതുകൊണ്ട് പിറ്റേന്ന് അവർ കപ്പലിന്‍റെ ഭാരംകുറയ്‌ക്കാൻ ചരക്കുകൾ എറിഞ്ഞുകളയാൻതുടങ്ങി. 19  മൂന്നാം ദിവസം അവർ സ്വന്തം കൈകൊണ്ട് കപ്പൽക്കോപ്പുകളും എറിഞ്ഞുകളഞ്ഞു. 20  ദിവസങ്ങളോളം സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാനായില്ല; കൊടുങ്കാറ്റ്‌ ആഞ്ഞടിച്ചുകൊണ്ടുമിരുന്നു. ഒടുവിൽ രക്ഷപ്പെടാമെന്നുള്ള ഞങ്ങളുടെ സകല പ്രതീക്ഷയും അസ്‌തമിച്ചു. 21  അവർ ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്നപ്പോൾ പൗലോസ്‌ അവരുടെ മധ്യേ എഴുന്നേറ്റുനിന്നു പറഞ്ഞത്‌: “പുരുഷന്മാരേ, ക്രേത്തയിൽനിന്നു പുറപ്പെടരുത്‌ എന്ന എന്‍റെ ഉപദേശം നിങ്ങൾ ചെവിക്കൊണ്ടിരുന്നെങ്കിൽ ഈ കഷ്ടനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു; 22  എന്തായാലും, നിങ്ങൾ ധൈര്യത്തോടെയിരിക്കണമെന്ന് ഞാനിപ്പോൾ പറയുന്നു; കപ്പൽ നശിക്കുമെന്നല്ലാതെ, നിങ്ങളിൽ ആർക്കും ജീവഹാനി* സംഭവിക്കുകയില്ല. 23  രാത്രിയിൽ, എന്‍റെ ഉടയവനും ഞാൻ സേവിക്കുന്നവനുമായ* ദൈവത്തിന്‍റെ ഒരു ദൂതൻ എന്‍റെ അരികെനിന്നുകൊണ്ട് 24  എന്നോട്‌, ‘പൗലോസേ, ഭയപ്പെടേണ്ട. നീ കൈസറുടെ മുമ്പാകെ നിൽക്കേണ്ടതാകുന്നു. ഇതാ, നിന്നോടൊപ്പം യാത്രചെയ്യുന്ന എല്ലാവരെയും ദൈവം നിനക്കു ദാനം തന്നിരിക്കുന്നു’ എന്നു പറഞ്ഞു. 25  ആകയാൽ പുരുഷന്മാരേ ധൈര്യമായിരിക്കുവിൻ; ദൈവത്തിൽ എനിക്കു വിശ്വാസമുണ്ട്; എന്നോട്‌ അരുളിച്ചെയ്‌തിരിക്കുന്നതുപോലെതന്നെ സംഭവിക്കും; 26  പക്ഷേ, നമ്മൾ ഒരു ദ്വീപിന്‍റെ കരയിൽ ചെന്നുപെടേണ്ടിവരും.” 27  പതിന്നാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ* അങ്ങുമിങ്ങും അലയുകയായിരുന്നു; അർധരാത്രിയിൽ തങ്ങൾ ഏതോ കരയോട്‌ അടുക്കുകയാണെന്നു നാവികർക്കു തോന്നി. 28  അവർ ഈയം ഇട്ട് ആഴമളന്നപ്പോൾ അത്‌ ഇരുപതുമാറ്‌* എന്നു കണ്ടു. അൽപ്പദൂരംകൂടെ സഞ്ചരിച്ച് അവർ വീണ്ടും ഈയം ഇട്ട് ആഴമളന്നപ്പോൾ അത്‌ പതിനഞ്ചുമാറ്‌ എന്നു കണ്ടു. 29  പാറക്കെട്ടുകളിൽ ചെന്നിടിക്കുമോയെന്നു ഭയന്ന് അവർ അമരത്തുനിന്ന് നാലുനങ്കൂരം കടലിലിറക്കിയിട്ട് നേരംപുലരാനായി കാത്തിരുന്നു. 30  എന്നാൽ നാവികർ അണിയത്തുനിന്ന് നങ്കൂരമിറക്കുകയാണെന്ന ഭാവത്തിൽ തോണി കടലിലിറക്കി കപ്പലിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ 31  പൗലോസ്‌ ശതാധിപനോടും പടയാളികളോടും, “ഈ മനുഷ്യർ കപ്പലിൽത്തന്നെ നിന്നില്ലെങ്കിൽ നിങ്ങൾക്കു രക്ഷപ്പെടാൻ കഴിയില്ല” എന്നു പറഞ്ഞു. 32  അപ്പോൾ പടയാളികൾ കയറുകൾ മുറിച്ച് തോണി കടലിലിട്ടുകളഞ്ഞു. 33  നേരം വെളുക്കാറായപ്പോൾ പൗലോസ്‌ എല്ലാവരെയും ഭക്ഷണംകഴിക്കാൻ നിർബന്ധിച്ചു. അവൻ അവരോടു പറഞ്ഞു: “നിങ്ങൾ ഭക്ഷണമൊന്നും കഴിക്കാതെ ഉറക്കമിളച്ചിരിക്കാൻതുടങ്ങിയിട്ട് ഇതു പതിന്നാലാമത്തെ ദിവസമാണ്‌. 34  അതുകൊണ്ട് അൽപ്പം ആഹാരം കഴിക്കാൻ ഞാനിപ്പോൾ നിങ്ങളോടു നിർബന്ധമായും പറയുന്നു; നിങ്ങളുടെ ജീവരക്ഷയ്‌ക്കുവേണ്ടിയാണത്‌. നിങ്ങളിൽ ആരുടെയും ഒരു തലമുടിനാരിനുപോലും ഒന്നും സംഭവിക്കുകയില്ല.” 35  ഇതു പറഞ്ഞശേഷം അവൻ ഒരു അപ്പമെടുത്ത്‌ അവരുടെ എല്ലാവരുടെയും മുമ്പാകെ ദൈവത്തിനു നന്ദി നൽകിയിട്ട്, നുറുക്കി ഭക്ഷിക്കാൻതുടങ്ങി. 36  അപ്പോൾ അവർക്കെല്ലാം ഉത്സാഹമായി; അവരും ഭക്ഷണം കഴിച്ചു. 37  കപ്പലിൽ ഞങ്ങളെല്ലാവരുംകൂടെ ഇരുന്നൂറ്റി എഴുപത്തി ആറു പേർ* ഉണ്ടായിരുന്നു. 38  ഭക്ഷിച്ചു തൃപ്‌തരായശേഷം അവർ ഗോതമ്പ് കടലിൽ ഇട്ടുകളഞ്ഞ് കപ്പലിന്‍റെ ഭാരം കുറച്ചു. 39  ഒടുവിൽ നേരംപുലർന്നപ്പോൾ അവർ മണൽത്തീരമുള്ള ഒരു ഉൾക്കടൽ കണ്ടു. ആ കരയേതാണെന്നു മനസ്സിലായില്ലെങ്കിലും കഴിയുമെങ്കിൽ കപ്പൽ അവിടെ അടുപ്പിക്കണമെന്ന് അവർ തീരുമാനിച്ചു. 40  അതുകൊണ്ട് അവർ നങ്കൂരങ്ങൾ അറുത്തുമാറ്റി കടലിൽ തള്ളി; ഒപ്പം പങ്കായത്തണ്ടുകൾ ബന്ധിച്ചിരുന്ന കയറുകൾ അഴിച്ചുവിടുകയും ചെയ്‌തു. പിന്നെ അണിയത്തുള്ള പായ കാറ്റിന്‌ അഭിമുഖമായി നിവർത്തി അവർ തീരത്തേക്കു നീങ്ങി. 41  കപ്പൽ കടലിലെ ഒരു തിട്ടയിൽ ചെന്നു കയറി. അണിയം അവിടെ ഉറച്ച് അനങ്ങാതെയായി; അമരം തിരമാലയിൽപ്പെട്ടു തകർന്നുപോകുകയും ചെയ്‌തു. 42  അപ്പോൾ തടവുകാരാരും നീന്തി രക്ഷപ്പെടാതിരിക്കാൻ അവരെ കൊന്നുകളയണമെന്നു പടയാളികൾ നിശ്ചയിച്ചു. 43  എന്നാൽ പൗലോസിനെ രക്ഷിക്കാൻ ആഗ്രഹിച്ച ശതാധിപൻ ആ തീരുമാനത്തിൽനിന്ന് അവരെ പിന്തിരിപ്പിച്ചു. നീന്തലറിയുന്നവർ കടലിലേക്കു ചാടി നീന്തി കരയ്‌ക്കെത്തിക്കൊള്ളാനും 44  ശേഷമുള്ളവർ പലകകളിലോ കപ്പലിന്‍റെ കഷണങ്ങളിലോ പിടിച്ചുകിടന്ന് കരയിലെത്താനും അവൻ നിർദേശിച്ചു. അങ്ങനെ, എല്ലാവരും സുരക്ഷിതരായി കരയ്‌ക്കെത്തി.

അടിക്കുറിപ്പുകള്‍

പ്രവൃ 27:10* ഗ്രീക്കിൽ, സൈക്കി
പ്രവൃ 27:14* ഒരു വടക്കുകിഴക്കൻ കാറ്റ്‌; ഗ്രീക്കിൽ, യൂറാക്കിലോൻ
പ്രവൃ 27:17* ഉത്തരാഫ്രിക്കയിലെ ലിബിയൻ തീരത്തോടു ചേർന്നുള്ള ആഴംകുറഞ്ഞ രണ്ട് വലിയ ഉൾക്കടൽ
പ്രവൃ 27:22* ജീവൻ: ഗ്രീക്കിൽ, സൈക്കി
പ്രവൃ 27:23* അല്ലെങ്കിൽ, വിശുദ്ധസേവനം അനുഷ്‌ഠിക്കുന്നവനുമായ
പ്രവൃ 27:27* അഥവാ, അഡ്രിയാറ്റിക്‌ കടലിൽ
പ്രവൃ 27:28* ഒരു മാറ്‌=ഏകദേശം 1.8 മീറ്റർ; അതായത്‌, ആറ്‌ അടി
പ്രവൃ 27:37* ഗ്രീക്കിൽ, സൈക്കി