കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

പ്രവൃത്തികൾ 26:1-32

26  അഗ്രിപ്പാവ്‌ പൗലോസിനോട്‌, “നിനക്കു പറയാനുള്ളതു പറയാം” എന്നു പറഞ്ഞു. അപ്പോൾ പൗലോസ്‌ കൈകൾ നീട്ടിക്കൊണ്ട് പ്രതിവാദം ആരംഭിച്ചു:  “അഗ്രിപ്പാ രാജാവേ, യഹൂദന്മാർ എനിക്കെതിരെ കൊണ്ടുവന്നിരിക്കുന്ന എല്ലാ ആരോപണങ്ങളെയുംകുറിച്ച് ഇന്നു നിന്‍റെ മുമ്പാകെ പ്രതിവാദം നടത്താൻ കഴിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു.  വിശേഷാൽ യഹൂദന്മാരുടെ സകല ആചാരങ്ങളെയും തർക്കങ്ങളെയുംകുറിച്ച് നിനക്കു നല്ലവണ്ണം അറിയാമല്ലോ. അതുകൊണ്ട് എനിക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കേണമേയെന്നു ഞാൻ അപേക്ഷിക്കുന്നു.  “ചെറുപ്പംമുതൽ എന്‍റെ ജനത്തിനിടയിലും യെരുശലേമിലും ഞാൻ ജീവിച്ചുപോന്നിട്ടുള്ളത്‌ എങ്ങനെയെന്ന്  നേരത്തേതന്നെ എന്നെ പരിചയമുള്ള സകല യഹൂദന്മാർക്കും അറിയാം. ഞങ്ങളുടെ മതത്തിൽ ഏറ്റവുമധികം നിഷ്‌ഠ പുലർത്തുന്ന വിഭാഗത്തിൽ ഒരു പരീശനായിട്ടാണു ഞാൻ ജീവിച്ചതെന്നും അവർക്കറിവുള്ളതാണ്‌; അവർക്കു മനസ്സുണ്ടെങ്കിൽ എനിക്കുവേണ്ടി സാക്ഷ്യം പറയാം.  എന്നാൽ ദൈവം ഞങ്ങളുടെ പൂർവപിതാക്കന്മാരോടു ചെയ്‌ത വാഗ്‌ദാനത്തിൽ പ്രത്യാശ വെച്ചതിന്‍റെ പേരിലാണ്‌ ഞാൻ ഇപ്പോൾ ന്യായംവിധിക്കപ്പെടാനായി നിൽക്കുന്നത്‌.  അതേസമയം ഞങ്ങളുടെ പന്ത്രണ്ടുഗോത്രങ്ങൾ രാവും പകലും തീക്ഷ്ണതയോടെ അവനെ സേവിച്ചുകൊണ്ട്* അതേ വാഗ്‌ദാനനിവൃത്തിക്കായി പ്രത്യാശിക്കുകയും ചെയ്യുന്നു. ഈ പ്രത്യാശയെപ്രതിയാണ്‌ രാജാവേ, യഹൂദന്മാർ എനിക്കെതിരെ കുറ്റാരോപണം നടത്തുന്നത്‌.  “പുരുഷന്മാരേ, ദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നു എന്നത്‌ നിങ്ങൾക്ക് അവിശ്വസനീയമായി തോന്നുന്നതെന്ത്?  നസറായനായ യേശുവിന്‍റെ നാമത്തിനെതിരായി പലതും ചെയ്യേണ്ടതുണ്ടെന്ന് ഉറച്ചുവിശ്വസിച്ച ഒരുവനാണു ഞാൻ. 10  യെരുശലേമിൽ ഞാൻ അങ്ങനെ പ്രവർത്തിക്കുകയും ചെയ്‌തു. മുഖ്യപുരോഹിതന്മാരിൽനിന്ന് അധികാരം ലഭിച്ചതുകൊണ്ട് വിശുദ്ധന്മാരിൽ പലരെയും ഞാൻ കാരാഗൃഹങ്ങളിലടച്ചു; അവരെ വധിക്കുന്നതിന്‌ എനിക്കു സമ്മതമായിരുന്നു. 11  ഞാൻ പലതവണ സിനഗോഗുതോറും ചെന്ന് അവരെ ദണ്ഡിപ്പിക്കുകയും തങ്ങളുടെ വിശ്വാസം തള്ളിപ്പറയാൻ അവരെ നിർബന്ധിക്കുകയും ചെയ്‌തു. അവരോടുള്ള കടുത്ത വൈരംനിമിത്തം അവരെ പീഡിപ്പിക്കാൻ ഞാൻ മറ്റു പട്ടണങ്ങളിലും ചെന്നു. 12  “ഇങ്ങനെ ചെയ്‌തുവരുന്നതിനിടെ ഒരിക്കൽ ഞാൻ മുഖ്യപുരോഹിതന്മാരിൽനിന്ന് അനുമതിയും അധികാരപത്രവും വാങ്ങി ദമസ്‌കൊസിലേക്കു യാത്രചെയ്യുകയായിരുന്നു. 13  അപ്പോൾ രാജാവേ, വഴിമധ്യേ നട്ടുച്ചനേരത്ത്‌ സൂര്യപ്രകാശത്തെ വെല്ലുന്ന ഒരു വെളിച്ചം ആകാശത്തുനിന്ന് എന്‍റെയും എന്നോടുകൂടെ യാത്രചെയ്‌തിരുന്നവരുടെയും ചുറ്റും മിന്നുന്നതു ഞാൻ കണ്ടു. 14  ഞങ്ങൾ എല്ലാവരും നിലത്തുവീണുപോയി. അപ്പോൾ, ‘ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്? മുടിങ്കോലിന്മേൽ* തൊഴിക്കുന്നത്‌ നിനക്കു ദോഷംചെയ്യും’ എന്ന് എബ്രായഭാഷയിൽ എന്നോടു പറയുന്ന ഒരു സ്വരം ഞാൻ കേട്ടു. 15  ‘പ്രഭോ, നീ ആരാണ്‌?’ എന്നു ഞാൻ ചോദിച്ചതിനു കർത്താവ്‌ എന്നോടു പറഞ്ഞത്‌: ‘നീ പീഡിപ്പിക്കുന്ന യേശുവാണു ഞാൻ. 16  ഇപ്പോൾ എഴുന്നേറ്റുനിൽക്കുക. നിന്നെ ഒരു ശുശ്രൂഷകനും സാക്ഷിയുമായി തിരഞ്ഞെടുക്കേണ്ടതിനത്രേ ഞാൻ നിനക്കു പ്രത്യക്ഷനായത്‌; എന്നെപ്പറ്റി നീ കണ്ട കാര്യങ്ങളും ഞാൻ നിന്നെ കാണിക്കാനിരിക്കുന്ന കാര്യങ്ങളും നീ ഘോഷിക്കേണ്ടതാകുന്നു. 17  ഈ ജനത്തിന്‍റെയും വിജാതീയരുടെയും കൈയിൽനിന്നു ഞാൻ നിന്നെ വിടുവിക്കും. അവരുടെ അടുക്കലേക്കു ഞാൻ നിന്നെ അയയ്‌ക്കാൻ പോകുകയാണ്‌. 18  അവരുടെ കണ്ണുകൾ തുറക്കാനും അവരെ അന്ധകാരത്തിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്‍റെ അധികാരത്തിൽനിന്നു ദൈവത്തിലേക്കും തിരിക്കാനും അങ്ങനെ എന്നിലുള്ള വിശ്വാസത്താൽ പാപമോചനം ലഭിച്ചിട്ട്, വിശുദ്ധീകരിക്കപ്പെട്ടവർക്കിടയിൽ അവർക്ക് ഒരു അവകാശം ഉണ്ടായിരിക്കാനുമത്രേ ഞാൻ നിന്നെ അയയ്‌ക്കുന്നത്‌.’ 19  “അതുകൊണ്ട് അഗ്രിപ്പാ രാജാവേ, ഞാൻ ആ സ്വർഗീയ ദർശനത്തോട്‌ അനുസരണക്കേടു കാണിക്കാതെ, 20  ആദ്യം ദമസ്‌കൊസിലുള്ളവരോടും പിന്നെ യെരുശലേമിലും യെഹൂദ്യദേശമെങ്ങും ഉള്ളവരോടും അതിനുശേഷം വിജാതീയരോടും മാനസാന്തരപ്പെടണമെന്നും മാനസാന്തരത്തിനു ചേർന്ന പ്രവൃത്തികൾ ചെയ്‌തുകൊണ്ട് ദൈവത്തിങ്കലേക്കു തിരിയണമെന്നുമുള്ള സന്ദേശം അറിയിച്ചു. 21  ഇക്കാരണങ്ങളാലാണ്‌ യഹൂദന്മാർ ആലയത്തിൽവെച്ച് എന്നെ പിടികൂടി കൊല്ലാൻ ശ്രമിച്ചത്‌. 22  എന്നാൽ എനിക്കു ദൈവത്തിൽനിന്നു സഹായം ലഭിച്ചിരിക്കുന്നതുകൊണ്ട് ചെറിയവർക്കും വലിയവർക്കും ഇന്നേ ദിവസംവരെ ഞാൻ സാക്ഷ്യം നൽകിക്കൊണ്ടിരിക്കുന്നു. 23  ക്രിസ്‌തു കഷ്ടം സഹിക്കുകയും മരിച്ചവരിൽനിന്ന് ആദ്യനായി ഉയിർത്തെഴുന്നേറ്റ്‌ ഈ ജനത്തോടും വിജാതീയരോടും വെളിച്ചത്തെക്കുറിച്ചു ഘോഷിക്കുകയും ചെയ്യേണ്ടതാകുന്നു എന്നിങ്ങനെ പ്രവാചകന്മാരും മോശയും മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങളൊഴികെ മറ്റൊന്നും ഞാൻ പ്രസ്‌താവിക്കുന്നില്ല.” 24  അവൻ ഇങ്ങനെ സ്വപക്ഷം വാദിച്ചുകൊണ്ടിരിക്കുമ്പോൾ ഫെസ്‌തൊസ്‌, “പൗലോസേ, നിനക്കു ഭ്രാന്താണ്‌! വിദ്യാബഹുത്വം നിന്നെ ഭ്രാന്തനാക്കുന്നു!” എന്ന് വിളിച്ചുപറഞ്ഞു. 25  അതിനു പൗലോസ്‌ പറഞ്ഞത്‌: “അഭിവന്ദ്യനായ ഫെസ്‌തൊസേ, എനിക്കു ഭ്രാന്തില്ല; സുബോധത്തോടെയാണു ഞാൻ സംസാരിക്കുന്നത്‌. ഞാൻ പറയുന്നത്‌ കറയറ്റ സത്യമാണ്‌. 26  രാജാവിനു കാര്യങ്ങൾ നന്നായി അറിയാവുന്നതുകൊണ്ടാണ്‌ ഞാൻ ഇപ്പോൾ അവനോടു സ്വതന്ത്രമായി സംസാരിക്കുന്നത്‌; കാരണം, ഇവയിലൊന്നുപോലും അവന്‍റെ ശ്രദ്ധയിൽപ്പെടാതെ പോയിട്ടില്ലെന്ന് എനിക്കു ബോധ്യമുണ്ട്; ഇത്‌ ഒരൊഴിഞ്ഞ കോണിൽ നടന്ന കാര്യമല്ലല്ലോ. 27  അഗ്രിപ്പാ രാജാവേ, നീ പ്രവാചകന്മാരിൽ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെന്ന് എനിക്കറിയാം.” 28  അപ്പോൾ അഗ്രിപ്പാവ്‌ പൗലോസിനോട്‌, “അൽപ്പസമയംകൊണ്ട് നീ എന്നെ ഒരു ക്രിസ്‌ത്യാനിയാക്കുമല്ലോ” എന്നു പറഞ്ഞു. 29  അതിനു പൗലോസ്‌, “അൽപ്പസമയംകൊണ്ടോ അധികസമയംകൊണ്ടോ, നീ മാത്രമല്ല, ഇന്ന് എന്‍റെ വാക്കു ശ്രദ്ധിക്കുന്ന എല്ലാവരും ഈ ചങ്ങലയുടെ കാര്യത്തിലൊഴികെ എന്നെപ്പോലെയാകണം എന്നാണ്‌ ദൈവത്തോടുള്ള എന്‍റെ പ്രാർഥന” എന്നു പറഞ്ഞു. 30  രാജാവും ദേശാധിപതിയും ബർന്നീക്കയും അവരോടൊപ്പം ഉണ്ടായിരുന്നവരും എഴുന്നേറ്റു. 31  അവർ അവിടെനിന്നു പോകുമ്പോൾ, “മരണശിക്ഷയോ ബന്ധനമോ അർഹിക്കുന്ന ഒന്നും ഈ മനുഷ്യനിൽ കാണുന്നില്ല” എന്നു തമ്മിൽ പറഞ്ഞു. 32  “കൈസറിന്‍റെ മുമ്പാകെ ഉപരിവിചാരണയ്‌ക്ക് അപേക്ഷിച്ചില്ലായിരുന്നെങ്കിൽ ഇവനെ ഇപ്പോൾ വിട്ടയയ്‌ക്കാമായിരുന്നു” എന്ന് അഗ്രിപ്പാവ്‌ ഫെസ്‌തൊസിനോടു പറഞ്ഞു.

അടിക്കുറിപ്പുകള്‍

പ്രവൃ 26:7* അക്ഷരാർഥം, വിശുദ്ധസേവനം അനുഷ്‌ഠിച്ചുകൊണ്ട്
പ്രവൃ 26:14* ഉഴവുകാളയെയും മറ്റും തെളിക്കാൻ ഉപയോഗിക്കുന്ന ലോഹമുനയുള്ള ദണ്ഡ്