കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

പ്രവൃത്തികൾ 22:1-30

22  “സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, നിങ്ങൾ ഇപ്പോൾ എന്‍റെ പ്രതിവാദം കേട്ടുകൊള്ളുക.”  (എബ്രായഭാഷയിൽ അവൻ തങ്ങളെ സംബോധന ചെയ്യുന്നതു കേട്ടിട്ട് അവർ തികച്ചും നിശ്ശബ്ദരായി; അവൻ തുടർന്നു:)  “ഞാൻ ഒരു യഹൂദനാണ്‌; കിലിക്യയിലെ തർസൊസിൽ ജനിച്ചവൻ. ഈ നഗരത്തിൽ ഗമാലിയേലിന്‍റെ കാൽക്കലിരുന്നാണ്‌ ഞാൻ വിദ്യ അഭ്യസിച്ചത്‌. ഞാൻ പൂർവികരുടെ ന്യായപ്രമാണം കണിശമായി പാലിക്കാൻ അഭ്യസിച്ചവനും ഇന്നു നിങ്ങളെല്ലാം ആയിരിക്കുന്നതുപോലെതന്നെ ദൈവത്തിനുവേണ്ടി എരിവുള്ളവനും ആയിരുന്നു.  ഈ മാർഗത്തിൽപ്പെട്ട* സ്‌ത്രീപുരുഷന്മാരെ പിടിച്ചുകെട്ടി കാരാഗൃഹങ്ങളിലടയ്‌ക്കാൻ ഏൽപ്പിച്ചുകൊടുത്തുകൊണ്ട് അവരെ പീഡിപ്പിച്ച് ഇല്ലാതാക്കാൻ ശ്രമിച്ചവനാണു ഞാൻ.  മഹാപുരോഹിതനും മൂപ്പന്മാരുടെ സഭ മുഴുവനും ഈ വസ്‌തുതയ്‌ക്കു സാക്ഷികളാണ്‌. ഇവരിൽനിന്ന് ദമസ്‌കൊസിലുള്ള നമ്മുടെ സഹോദരന്മാർക്കു നൽകാനായി കത്തുകളും തരപ്പെടുത്തി ഞാൻ പുറപ്പെട്ടു; അവിടെയുള്ളവരെ ശിക്ഷിക്കേണ്ടതിനായി പിടിച്ചുകെട്ടി യെരുശലേമിലേക്കു കൊണ്ടുവരുകയായിരുന്നു ഉദ്ദേശ്യം.  “എന്നാൽ ഞാൻ യാത്രചെയ്‌ത്‌ നട്ടുച്ചയോടെ ദമസ്‌കൊസിനോട്‌ അടുത്തപ്പോൾ, പെട്ടെന്ന് ആകാശത്തുനിന്നു വലിയൊരു വെളിച്ചം എനിക്കു ചുറ്റും മിന്നി.  ഞാൻ നിലത്തുവീണു; ‘ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്?’ എന്നു ചോദിക്കുന്ന ഒരു ശബ്ദവും ഞാൻ കേട്ടു.  ‘പ്രഭോ, നീ ആരാണ്‌?’ എന്നു ഞാൻ ചോദിച്ചതിന്‌ അവൻ എന്നോട്‌, ‘നീ പീഡിപ്പിക്കുന്ന നസറായനായ യേശുവാണു ഞാൻ’ എന്നു പറഞ്ഞു.  എന്നോടുകൂടെയുണ്ടായിരുന്ന പുരുഷന്മാർ വെളിച്ചം കണ്ടെങ്കിലും എന്നോടു സംസാരിക്കുന്നവന്‍റെ സ്വരം കേട്ടില്ല. 10  അതിനു ഞാൻ അവനോട്‌, ‘കർത്താവേ, ഞാൻ എന്തു ചെയ്യണം?’ എന്നു ചോദിച്ചു. കർത്താവ്‌ എന്നോട്‌, ‘എഴുന്നേറ്റ്‌ ദമസ്‌കൊസിലേക്കു പോകുക. നീ ചെയ്യാൻ നിയോഗിക്കപ്പെട്ടിരിക്കുന്നതെല്ലാം അവിടെവെച്ച് നിന്നോടു പറയും’ എന്നു പറഞ്ഞു. 11  ആ ഉജ്ജ്വലപ്രകാശത്താൽ എനിക്കു കണ്ണു കാണാൻ കഴിയാതായി; കൂടെയുള്ളവർ എന്നെ കൈപിടിച്ചു നടത്തി. അങ്ങനെ, ഞാൻ ദമസ്‌കൊസിൽ എത്തി. 12  “ന്യായപ്രമാണം ഭക്തിയോടെ പാലിച്ചുപോന്നവനും അവിടെ വസിക്കുന്ന സകല യഹൂദന്മാർക്കും സുസമ്മതനുമായ അനന്യാസ്‌ എന്ന ഒരുവൻ 13  എന്‍റെ അടുക്കൽ വന്ന് അരികെ നിന്നുകൊണ്ട് എന്നോട്‌, ‘ശൗലേ, സഹോദരാ, നിനക്കു കാഴ്‌ച വീണ്ടുകിട്ടട്ടെ’ എന്നു പറഞ്ഞു. അപ്പോൾത്തന്നെ എനിക്കു കാഴ്‌ച വീണ്ടുകിട്ടി; ഞാൻ അവനെ കണ്ടു. 14  അവൻ എന്നോട്‌, ‘നമ്മുടെ പിതാക്കന്മാരുടെ ദൈവം, തന്‍റെ ഹിതം നീ അറിയാനും നീതിമാനായവനെ കാണാനും അവന്‍റെ ശബ്ദം കേൾക്കാനും നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; 15  നീ കാണുകയും കേൾക്കുകയും ചെയ്‌ത കാര്യങ്ങൾക്ക് സകല മനുഷ്യരുടെയും മുമ്പാകെ നീ അവനു സാക്ഷിയായിരിക്കേണ്ടതുണ്ട്. 16  ഇനി വൈകിക്കുന്നതെന്തിന്‌? എഴുന്നേറ്റു സ്‌നാനമേൽക്കുക. അവന്‍റെ നാമം വിളിച്ചപേക്ഷിച്ച് നിന്‍റെ പാപങ്ങൾ കഴുകിക്കളയുക’ എന്നു പറഞ്ഞു. 17  “പിന്നെ ഞാൻ യെരുശലേമിൽ തിരിച്ചെത്തി ആലയത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ദിവ്യാനുഭൂതിയിലായിട്ട് 18  ഞാൻ കർത്താവിനെ കണ്ടു; അവൻ എന്നോട്‌, ‘ഉടനടി യെരുശലേമിൽനിന്നു പുറത്തുകടക്കുക, വേഗമാകട്ടെ; എന്തെന്നാൽ എന്നെക്കുറിച്ചുള്ള നിന്‍റെ സാക്ഷ്യം അവർ സ്വീകരിക്കുകയില്ല’ എന്നു പറഞ്ഞു. 19  അതിനു ഞാൻ, ‘കർത്താവേ, ഞാൻ സിനഗോഗുകൾതോറും ചെന്ന് നിന്നിൽ വിശ്വസിക്കുന്നവരെ അടിക്കുകയും തടവിലാക്കുകയും ചെയ്‌തിരുന്നത്‌ അവർക്കു നന്നായി അറിയാം. 20  നിന്‍റെ സാക്ഷിയായ സ്‌തെഫാനൊസിന്‍റെ രക്തം ചിന്തപ്പെട്ട സമയത്ത്‌ ഞാനും അടുത്തുനിന്ന് അതിനെ അനുകൂലിക്കുകയും അവനെ കൊല്ലുന്നവരുടെ മേലങ്കികൾ കാക്കുകയും ചെയ്‌തുവല്ലോ’ എന്നു പറഞ്ഞു. 21  എന്നാൽ അവൻ എന്നോട്‌, ‘നീ പോകുക; ഞാൻ നിന്നെ അങ്ങു ദൂരെ വിജാതീയരുടെ അടുക്കലേക്ക് അയയ്‌ക്കും’ എന്നു പറഞ്ഞു.” 22  ഇത്രയും പറയുന്നതുവരെ അവർ അവനെ ശ്രദ്ധിച്ചുകേട്ടുകൊണ്ടിരുന്നു. പിന്നെ അവർ അത്യുച്ചത്തിൽ, “ഇങ്ങനെയുള്ളവനെ ഈ ഭൂമുഖത്തു വെച്ചേക്കരുത്‌; ഇവൻ ജീവനോടിരിക്കാൻ പാടില്ല” എന്നു വിളിച്ചുപറഞ്ഞു. 23  അവർ ഇങ്ങനെ ആക്രോശിക്കുകയും മേലങ്കികൾ ഊരി എറിഞ്ഞുകളയുകയും പൂഴി മേൽപ്പോട്ട് എറിയുകയും ചെയ്‌തുകൊണ്ടിരുന്നതിനാൽ 24  അവനെ പടയാളികളുടെ പാളയത്തിലേക്കു കൊണ്ടുവരാനും എന്തു കാരണത്താലാണ്‌ അവർ ഇങ്ങനെ അവന്‍റെനേരെ ആക്രോശിക്കുന്നതെന്നു മനസ്സിലാക്കാൻ അവനെ ചാട്ടയ്‌ക്കടിച്ച് തെളിവെടുക്കാനും സഹസ്രാധിപൻ ആജ്ഞാപിച്ചു. 25  അങ്ങനെ, പൗലോസിനെ അവർ പിടിച്ചുകെട്ടുമ്പോൾ അവൻ അടുത്തുനിന്നിരുന്ന ശതാധിപനോട്‌, “റോമാപൗരനും വിചാരണചെയ്‌ത്‌ കുറ്റക്കാരനെന്നു തെളിയിക്കപ്പെടാത്തവനുമായ ഒരുവനെ ചാട്ടയ്‌ക്കടിക്കുന്നതു നിയമാനുസൃതമോ?” എന്നു ചോദിച്ചു. 26  ഇതുകേട്ട ശതാധിപൻ സഹസ്രാധിപന്‍റെ അടുക്കൽ ചെന്ന് അവനോട്‌, “നീ എന്താണു ചെയ്യാൻ പോകുന്നത്‌? ഈ മനുഷ്യൻ ഒരു റോമാപൗരനാണ്‌” എന്നു പറഞ്ഞു. 27  അപ്പോൾ സഹസ്രാധിപൻ പൗലോസിന്‍റെ അടുക്കൽ വന്ന് അവനോട്‌, “പറയുക, നീ ഒരു റോമാപൗരനാണോ?” എന്നു ചോദിച്ചു. “അതെ” എന്ന് അവൻ മറുപടി നൽകി. 28  “ഞാനൊരു വൻതുക നൽകിയാണ്‌ ഈ പൗരത്വം നേടിയത്‌” എന്നു സഹസ്രാധിപൻ പറഞ്ഞതിന്‌, “ഞാൻ ജനിച്ചതുതന്നെ റോമാപൗരനായിട്ടാണ്‌” എന്നു പൗലോസ്‌ പറഞ്ഞു. 29  അവനെ ദണ്ഡിപ്പിച്ച് തെളിവെടുക്കാൻ ഒരുങ്ങിയിരുന്നവർ ഉടൻതന്നെ പിന്മാറി. അവൻ റോമാപൗരനാണെന്നു തീർച്ചയായപ്പോൾ താൻ അവനെ ബന്ധിച്ചതിൽ സഹസ്രാധിപനും ഭയമായി. 30  പിറ്റേന്ന് യഹൂദന്മാർ പൗലോസിന്‍റെമേൽ കുറ്റാരോപണം നടത്തുന്നത്‌ എന്തുകൊണ്ടാണെന്ന് അറിയാൻ ആഗ്രഹിച്ച സഹസ്രാധിപൻ അവന്‍റെ ചങ്ങലയഴിച്ച് സ്വതന്ത്രനാക്കി മുഖ്യപുരോഹിതന്മാരോടും ന്യായാധിപസഭ മുഴുവനോടും കൂടിവരാൻ കൽപ്പിച്ചു. പിന്നെ അവൻ പൗലോസിനെ കൊണ്ടുവന്ന് അവരുടെ മധ്യേ നിറുത്തി.

അടിക്കുറിപ്പുകള്‍

പ്രവൃ 22:4* അതായത്‌, ക്രിസ്‌തീയ മാർഗത്തിൽപ്പെട്ട