കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

പ്രവൃത്തികൾ 20:1-38

20  കലഹം ശമിച്ചപ്പോൾ, പൗലോസ്‌ ശിഷ്യന്മാരെ വിളിപ്പിച്ചു; അവരെ ധൈര്യപ്പെടുത്തിയശേഷം അവരോടു യാത്രപറഞ്ഞ് അവൻ മാസിഡോണിയയിലേക്കു പുറപ്പെട്ടു.  ആ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് അവിടെയുള്ളവരെ പല വാക്കുകളാലും ഉത്സാഹിപ്പിച്ചിട്ട് അവൻ ഗ്രീസിൽ വന്നു.  അവിടെ മൂന്നുമാസം ചെലവഴിച്ചശേഷം അവൻ സിറിയയിലേക്കു കപ്പൽ കയറാനൊരുങ്ങി; എന്നാൽ യഹൂദന്മാർ തനിക്കെതിരെ ഒരു ഗൂഢാലോചന നടത്തിയിരിക്കുന്നു എന്നറിഞ്ഞ് മാസിഡോണിയവഴി മടങ്ങിപ്പോകാൻ അവൻ തീരുമാനിച്ചു.  ബെരോവയിലെ പുറൊസിന്‍റെ മകനായ സോപത്രോസും തെസ്സലോനിക്യക്കാരായ അരിസ്‌തർഹൊസും സെക്കുന്തൊസും ദെർബക്കാരനായ ഗായൊസും തിമൊഥെയൊസും ഏഷ്യാപ്രവിശ്യക്കാരായ തിഹിക്കൊസും ത്രൊഫിമൊസും അവനോടൊപ്പം ഉണ്ടായിരുന്നു.  ഇവർ ത്രോവാസിലെത്തി ഞങ്ങൾക്കായി കാത്തിരുന്നു.  ഞങ്ങൾ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളിനുശേഷം ഫിലിപ്പിയിൽനിന്നു കപ്പൽകയറി അഞ്ചുദിവസത്തിനുള്ളിൽ ത്രോവാസിൽ അവരുടെ അടുക്കലെത്തി. അവിടെ ഞങ്ങൾ ഏഴുദിവസം താമസിച്ചു.  ആഴ്‌ചയുടെ ഒന്നാം ദിവസം ഞങ്ങൾ ഭക്ഷണത്തിനായി കൂടിവന്നപ്പോൾ, താൻ പിറ്റേന്ന് യാത്ര പുറപ്പെടാനിരിക്കുകയാൽ പൗലോസ്‌ അവരോടു സംസാരിക്കാൻതുടങ്ങി. അവന്‍റെ പ്രസംഗം അർധരാത്രിവരെ ദീർഘിച്ചു.  ഞങ്ങൾ കൂടിവന്ന മുകളിലത്തെ മുറിയിൽ കുറെ വിളക്കുകൾ കത്തിച്ചുവെച്ചിരുന്നു.  യൂത്തിക്കൊസ്‌ എന്ന ഒരു യുവാവ്‌ അവിടെ ജനൽപ്പടിയിൽ ഇരിക്കുന്നുണ്ടായിരുന്നു. പൗലോസിന്‍റെ പ്രസംഗം ദീർഘിച്ചപ്പോൾ അവൻ ഉറങ്ങിപ്പോയി. ഗാഢനിദ്രയിലായ അവൻ മൂന്നാം നിലയിൽനിന്നു താഴെ വീണു; ചെന്ന് എടുക്കുമ്പോഴേക്കും അവൻ മരിച്ചിരുന്നു. 10  അപ്പോൾ പൗലോസ്‌ താഴെ ഇറങ്ങിച്ചെന്ന് അവന്‍റെമേൽ കിടന്ന് അവനെ ആലിംഗനം ചെയ്‌തിട്ട്, “പരിഭ്രാന്തരാകേണ്ട; അവന്‍റെ പ്രാണൻ* അവനിലുണ്ട്” എന്നു പറഞ്ഞു. 11  പിന്നെ അവൻ മുകൾനിലയിലേക്കു പോയി അപ്പം നുറുക്കി ഭക്ഷിക്കുകയും വെളുക്കുവോളം അവരുമായി ദീർഘമായ സംഭാഷണത്തിലേർപ്പെടുകയും ചെയ്‌തു. അനന്തരം അവൻ അവിടെനിന്നു യാത്രയായി. 12  അവരോ ആ ബാലനെ ജീവനുള്ളവനായി കൂട്ടിക്കൊണ്ടുപോയി. എല്ലാവർക്കും വലിയ ആശ്വാസമായി. 13  ഞങ്ങൾ മുമ്പേ കപ്പലിൽ യാത്രതിരിച്ച് അസ്സൊസിൽ എത്തി. പൗലോസാകട്ടെ, അവിടംവരെ കാൽനടയായി വന്നിട്ട് ഞങ്ങളോടൊപ്പം കപ്പലിൽ കയറാമെന്നു തീരുമാനിച്ചു. 14  അവൻ അസ്സൊസിൽ ഞങ്ങളോടു ചേർന്നപ്പോൾ അവനെയും കയറ്റിക്കൊണ്ടു ഞങ്ങൾ മിതുലേനയിൽ ചെന്നു. 15  പിറ്റേന്ന് ഞങ്ങൾ അവിടെനിന്നു യാത്ര പുറപ്പെട്ട് ഖിയൊസിന്‍റെ എതിർവശത്തെത്തി. അടുത്ത ദിവസം സാമൊസിലും അതിനടുത്ത ദിവസം മിലേത്തൊസിലും എത്തി. 16  ഏഷ്യാപ്രവിശ്യയിൽ തങ്ങി സമയം കളയരുതെന്നു വിചാരിച്ച് എഫെസൊസിൽ ഇറങ്ങാതെ യാത്ര തുടരാൻ പൗലോസ്‌ നിശ്ചയിച്ചിരുന്നു. സാധ്യമെങ്കിൽ പെന്തെക്കൊസ്‌ത്‌ പെരുന്നാളിന്‍റെ അന്ന് യെരുശലേമിൽ എത്താനാണ്‌ അവൻ ഇങ്ങനെ തിടുക്കം കൂട്ടിയത്‌. 17  മിലേത്തൊസിൽ എത്തിയ ഉടനെ അവൻ ആളയച്ച് എഫെസൊസ്‌ സഭയിലെ മൂപ്പന്മാരെ വിളിപ്പിച്ചു. 18  അവർ വന്നപ്പോൾ അവൻ അവരോടു പറഞ്ഞത്‌: “ഏഷ്യാപ്രവിശ്യയിൽ കാലുകുത്തിയ നാൾമുതൽ, നിങ്ങളോടൊപ്പം ആയിരുന്ന കാലം മുഴുവൻ ഞാൻ എങ്ങനെ ജീവിച്ചുവെന്ന് നിങ്ങൾക്കു നന്നായി അറിയാമല്ലോ. 19  അത്യധികം താഴ്‌മയോടും കണ്ണീരോടും യഹൂദന്മാരുടെ ഗൂഢാലോചനകളാൽ എനിക്കുണ്ടായ കഷ്ടങ്ങളോടുംകൂടെ ഞാൻ കർത്താവിന്‌ അടിമവേല ചെയ്‌തു. 20  പ്രയോജനമുള്ളതൊന്നും മറച്ചുവെക്കാതെ ഞാൻ നിങ്ങളെ അറിയിച്ചു; പരസ്യമായും വീടുതോറും നിങ്ങളെ പഠിപ്പിച്ചു. 21  ദൈവത്തിങ്കലേക്കുള്ള മാനസാന്തരത്തെയും നമ്മുടെ കർത്താവായ യേശുവിലുള്ള വിശ്വാസത്തെയുംകുറിച്ച് യഹൂദന്മാർക്കും ഗ്രീക്കുകാർക്കും ഞാൻ സമഗ്രസാക്ഷ്യം നൽകി. 22  ഇപ്പോഴിതാ, പരിശുദ്ധാത്മാവിനാൽ നിർബന്ധിതനായി ഞാൻ യെരുശലേമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്തെല്ലാം സംഭവിക്കുമെന്ന് അറിയില്ല; 23  ബന്ധനങ്ങളും കഷ്ടതകളും എന്നെ കാത്തിരിക്കുന്നുവെന്ന് പരിശുദ്ധാത്മാവ്‌ ഓരോ പട്ടണത്തിലും എനിക്ക് മുന്നറിയിപ്പു തരുന്നു എന്നുമാത്രം അറിയാം; 24  എന്നാൽ എന്‍റെ ജീവൻ* ഞാൻ ഒട്ടും പ്രിയപ്പെട്ടതായി കരുതുന്നില്ല. എന്‍റെ ഓട്ടം തികയ്‌ക്കണമെന്നും ദൈവകൃപയെക്കുറിച്ചുള്ള സുവിശേഷത്തിനു സമഗ്രസാക്ഷ്യം നൽകേണ്ടതിന്‌ കർത്താവായ യേശു എന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കണമെന്നും മാത്രമേ എനിക്കുള്ളൂ. 25  “നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ട് സഞ്ചരിച്ചവനായ എന്‍റെ മുഖം നിങ്ങളാരും ഇനിമേൽ കാണുകയില്ലെന്ന് ഇപ്പോൾ ഞാൻ അറിയുന്നു. 26  തന്മൂലം, ഒരുകാര്യം ഞാൻ വ്യക്തമായി പറഞ്ഞുകൊള്ളട്ടെ: ആരുടെയും രക്തം സംബന്ധിച്ച് ഞാൻ കുറ്റക്കാരനല്ല; 27  ദൈവത്തിന്‍റെ ഹിതമൊക്കെയും ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ. 28  നിങ്ങളെക്കുറിച്ചും ദൈവം സ്വപുത്രന്‍റെ രക്തത്താൽ വിലയ്‌ക്കുവാങ്ങിയ തന്‍റെ സഭയെ മേയ്‌ക്കാൻ പരിശുദ്ധാത്മാവ്‌ നിങ്ങളെ മേൽവിചാരകന്മാർ ആക്കിവെച്ച മുഴു ആട്ടിൻകൂട്ടത്തെക്കുറിച്ചും ശ്രദ്ധയുള്ളവരായിരിക്കുവിൻ. 29  എന്‍റെ വേർപാടിനുശേഷം, ആട്ടിൻകൂട്ടത്തോട്‌ ആർദ്രത കാണിക്കാത്ത കൊടിയ ചെന്നായ്‌ക്കൾ നിങ്ങളുടെ ഇടയിലേക്കു കടക്കുമെന്ന് ഞാൻ അറിയുന്നു. 30  ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വശീകരിച്ചുകൊണ്ടുപോകാനായി ഉപദേശങ്ങളെ വളച്ചൊടിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നുതന്നെ എഴുന്നേൽക്കും. 31  “അതുകൊണ്ട് ജാഗ്രതയോടെയിരിക്കുവിൻ. മൂന്നുവർഷം രാവും പകലും നിങ്ങൾ ഓരോരുത്തരെയും കണ്ണീരോടെ ഞാൻ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നത്‌ ഓർത്തുകൊള്ളുവിൻ. 32  ഇപ്പോൾ ഞാൻ നിങ്ങളെ ദൈവത്തിലും നിങ്ങളെ പരിപുഷ്ടിപ്പെടുത്താനും വിശുദ്ധീകരിക്കപ്പെട്ട സകലരോടുംകൂടെ നിങ്ങൾക്ക് അവകാശം തരാനും കഴിയുന്നതായ അവന്‍റെ കൃപയുടെ വചനത്തിലും ഭരമേൽപ്പിക്കുന്നു. 33  ആരുടെയും പൊന്നോ വെള്ളിയോ വസ്‌ത്രമോ ഞാൻ മോഹിച്ചിട്ടില്ല. 34  എന്‍റെയും കൂടെയുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ എന്‍റെ ഈ കൈകൾതന്നെയാണ്‌ അധ്വാനിച്ചിട്ടുള്ളതെന്നു നിങ്ങൾക്ക് അറിയാമല്ലോ. 35  ഇങ്ങനെ അധ്വാനിച്ചുകൊണ്ട് നിങ്ങളും ബലഹീനരെ താങ്ങണമെന്ന് സകലത്തിലും ഞാൻ നിങ്ങൾക്കു കാണിച്ചുതന്നിരിക്കുന്നു. ‘വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലത്രേ’ എന്ന് കർത്താവായ യേശുതന്നെയും പറഞ്ഞത്‌ ഓർത്തുകൊള്ളുവിൻ.” 36  ഈ കാര്യങ്ങൾ പറഞ്ഞശേഷം അവൻ എല്ലാവരോടുമൊപ്പം മുട്ടുകുത്തി പ്രാർഥിച്ചു. 37  അവരെല്ലാവരും കരഞ്ഞുകൊണ്ട് പൗലോസിനെ കെട്ടിപ്പിടിച്ച് ആർദ്രമായി ചുംബിച്ചു. 38  തന്‍റെ മുഖം അവർ ഇനിമേൽ കാണുകയില്ല എന്ന് അവൻ പറഞ്ഞതാണ്‌ അവരെ ഏറ്റവും സങ്കടപ്പെടുത്തിയത്‌. പിന്നെ അവർ അവന്‍റെകൂടെ കപ്പലിന്‍റെ അടുത്തുവരെ ചെന്നു.

അടിക്കുറിപ്പുകള്‍

പ്രവൃ 20:10* ഗ്രീക്കിൽ, സൈക്കി
പ്രവൃ 20:24* ഗ്രീക്കിൽ, സൈക്കി