കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഓണ്‍ലൈന്‍ ബൈബിള്‍

വിശുദ്ധ തിരുവെഴുത്തുകള്‍—പുതിയ ലോക ഭാഷാന്തരം

പ്രവൃത്തികൾ 2:1-47

2  പെന്തെക്കൊസ്‌ത്‌ പെരുന്നാളിൽ അവരെല്ലാവരും ഒരിടത്ത്‌ ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു.  പെട്ടെന്ന് ആകാശത്തുനിന്നു കാറ്റിന്‍റെ ഇരമ്പൽപോലെ ഒരു ശബ്ദമുണ്ടായി; അവർ ഇരുന്ന വീട്‌ ശബ്ദമുഖരിതമായി.  തീനാളങ്ങൾപോലുള്ള നാവുകൾ അവർക്കു ദൃശ്യമായി. പിന്നെ അവ വേർതിരിഞ്ഞ് ഓരോന്നും ഓരോരുത്തരുടെയുംമേൽ വന്നുനിന്നു.  അവർ എല്ലാവരും പരിശുദ്ധാത്മാവ്‌ നിറഞ്ഞവരായി, ആത്മാവ്‌ ഉച്ചരിക്കാൻ പ്രാപ്‌തി നൽകിയതനുസരിച്ച് വ്യത്യസ്‌ത ഭാഷകളിൽ സംസാരിക്കാൻതുടങ്ങി.  ആകാശത്തിനു കീഴെ സകലദേശങ്ങളിൽനിന്നുമുള്ള ഭക്തരായ യഹൂദന്മാർ അപ്പോൾ യെരുശലേമിൽ ഉണ്ടായിരുന്നു.  ഈ ശബ്ദമുണ്ടായപ്പോൾ ജനമെല്ലാം ഒരുമിച്ചുകൂടി; തങ്ങളുടെ ഓരോരുത്തരുടെയും ഭാഷകളിൽ അവർ സംസാരിക്കുന്നതു കേട്ട് എല്ലാവരും അമ്പരന്നു.  അവർ ആശ്ചര്യഭരിതരായി പറഞ്ഞു: “നോക്കൂ, ഈ സംസാരിക്കുന്നവരെല്ലാം ഗലീലക്കാരല്ലേ?  എന്നിട്ടും അവർ സംസാരിക്കുന്നത്‌ നാം ഓരോരുത്തരും സ്വന്തഭാഷയിൽ കേൾക്കുന്നതെങ്ങനെ?  പാർത്ത്യരും മേദ്യരും ഏലാമ്യരും മെസൊപ്പൊട്ടേമിയ, യെഹൂദ്യ, കപ്പദോക്യ, പൊന്തൊസ്‌, ഏഷ്യാപ്രവിശ്യ എന്നിവിടങ്ങളിൽ പാർക്കുന്നവരും 10  ഫ്രുഗ്യ, പംഫുല്യ, ഈജിപ്‌റ്റ്‌, കുറേനയോടു ചേർന്നുള്ള ലിബിയപ്രദേശങ്ങൾ എന്നിവിടങ്ങളിലെ താമസക്കാരും റോമിൽനിന്നുള്ള താത്‌കാലിക നിവാസികളും ഇങ്ങനെ യഹൂദന്മാരും യഹൂദമതം സ്വീകരിച്ചവരും 11  ക്രേത്തരും അറബികളുമായ നാം അവർ നമ്മുടെ ഭാഷകളിൽ ദൈവത്തിന്‍റെ മഹാകാര്യങ്ങൾ പ്രസ്‌താവിക്കുന്നതു കേൾക്കുന്നുവല്ലോ.” 12  അവർ എല്ലാവരും ആശ്ചര്യപ്പെട്ട്, “എന്താണ്‌ ഇതിന്‍റെ അർഥം?” എന്നു പരിഭ്രാന്തിയോടെ തമ്മിൽ ചോദിച്ചുകൊണ്ടിരുന്നു. 13  ചിലരോ, “പുതുവീഞ്ഞ് കുടിച്ച് ഇവർക്കു ലഹരിപിടിച്ചിരിക്കുന്നു” എന്നു പരിഹസിച്ചുപറഞ്ഞു. 14  എന്നാൽ പത്രോസ്‌ മറ്റു പതിനൊന്നുപേരോടൊപ്പം എഴുന്നേറ്റുനിന്ന് ഉച്ചത്തിൽ അവരോടു പറഞ്ഞത്‌: “യെഹൂദ്യാപുരുഷന്മാരേ, യെരുശലേമിൽ വസിക്കുന്ന ഏവരുമേ, ഇത്‌ അറിഞ്ഞുകൊള്ളുക; എന്‍റെ വാക്കുകൾക്കു ചെവിതരുക. 15  നിങ്ങൾ കരുതുന്നതുപോലെ ഈ ആളുകൾക്ക് ലഹരിപിടിച്ചിട്ടില്ല; കാരണം, ഇപ്പോൾ മൂന്നാം മണി* നേരമേ ആയിട്ടുള്ളൂ. 16  ഇത്‌ വാസ്‌തവത്തിൽ, യോവേൽ പ്രവാചകൻ മുഖാന്തരം പറഞ്ഞിട്ടുള്ളതത്രേ. 17  ‘ദൈവം അരുളിച്ചെയ്യുന്നു: “അന്ത്യകാലത്തു ഞാൻ സകലതരം ആളുകളുടെമേലും എന്‍റെ ആത്മാവിനെ പകരും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ യുവാക്കൾ ദർശനങ്ങളും നിങ്ങളുടെ വൃദ്ധന്മാർ സ്വപ്‌നങ്ങളും കാണും. 18  അന്നാളിൽ എന്‍റെ ദാസന്മാരുടെമേലും എന്‍റെ ദാസിമാരുടെമേലും ഞാൻ എന്‍റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും. 19  ഞാൻ മീതെ ആകാശത്ത്‌ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകപടലവുംതന്നെ. 20  യഹോവയുടെ വലുതും ഉജ്ജ്വലവുമായ ദിവസം വന്നെത്തുന്നതിനുമുമ്പ് സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറും. 21  എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും.” ’ 22  “ഇസ്രായേൽപുരുഷന്മാരേ, ഈ വചനങ്ങൾ കേൾക്കുവിൻ: നിങ്ങൾക്ക് അറിയാവുന്നതുപോലെ, നസറായനായ യേശു എന്ന മനുഷ്യനിലൂടെ ദൈവം നിങ്ങളുടെ ഇടയിൽ വീര്യപ്രവൃത്തികളും അത്ഭുതങ്ങളും അടയാളങ്ങളും ചെയ്‌തുകൊണ്ട് അവനെ നിങ്ങൾക്കു വെളിപ്പെടുത്തിത്തന്നു. 23  തന്‍റെ നിശ്ചിതോദ്ദേശ്യത്തിനും മുന്നറിവിനും ചേർച്ചയിൽ ദൈവം നിങ്ങൾക്ക് ഏൽപ്പിച്ചുതന്ന ഈ മനുഷ്യനെ, അധർമികളുടെ കൈയാൽ നിങ്ങൾ സ്‌തംഭത്തിൽ തറപ്പിച്ചു. 24  ദൈവമോ മരണപാശങ്ങൾ അഴിച്ച് അവനെ ഉയിർപ്പിച്ചു; എന്തെന്നാൽ അവൻ മരണത്തിന്‍റെ പിടിയിൽ കഴിയേണ്ടവനല്ലായിരുന്നു. 25  ദാവീദ്‌ അവനെക്കുറിച്ച് ഇപ്രകാരം പറയുന്നു: ‘യഹോവ എപ്പോഴും എന്‍റെ കൺമുമ്പിലുണ്ടായിരുന്നു. അവൻ എന്‍റെ വലത്തുഭാഗത്തുള്ളതിനാൽ ഞാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല. 26  ഇക്കാരണത്താൽ എന്‍റെ ഹൃദയം സന്തോഷിക്കുകയും എന്‍റെ നാവ്‌ അതിയായി ആഹ്ലാദിക്കുകയും ചെയ്‌തു. എന്‍റെ ജഡവും പ്രത്യാശയിൽ വസിക്കും; 27  എന്തെന്നാൽ നീ എന്‍റെ ജീവനെ* പാതാളത്തിൽ* വിട്ടുകളയുകയില്ല; നിന്‍റെ വിശ്വസ്‌തനെ ജീർണത കാണാൻ അനുവദിക്കുകയുമില്ല. 28  ജീവന്‍റെ വഴികൾ നീ എന്നെ അറിയിച്ചിരിക്കുന്നു. നിന്‍റെ കടാക്ഷം എന്നെ സന്തോഷഭരിതനാക്കും.’ 29  “സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച്, അവൻ മരിച്ച് അടക്കപ്പെട്ടെന്ന് എനിക്കു നിങ്ങളോടു ധൈര്യത്തോടെ പറയാം. അവന്‍റെ കല്ലറ ഇന്നോളം നമ്മുടെയിടയിൽ ഉണ്ടല്ലോ. 30  അവൻ ഒരു പ്രവാചകനായിരുന്നതിനാലും അവന്‍റെ സന്തതികളിൽ ഒരുവനെ അവന്‍റെ സിംഹാസനത്തിൽ ഇരുത്തുമെന്നു ദൈവം സത്യംചെയ്‌തത്‌ അറിയാമായിരുന്നതിനാലും, 31  ‘അവൻ പാതാളത്തിൽ* ഉപേക്ഷിക്കപ്പെട്ടില്ല; അവന്‍റെ ജഡം ജീർണിച്ചതുമില്ല’ എന്ന് ക്രിസ്‌തുവിന്‍റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട് അവൻ പ്രസ്‌താവിച്ചു. 32  ഈ യേശുവിനെ ദൈവം ഉയിർപ്പിച്ചു; അതിനു ഞങ്ങളെല്ലാവരും സാക്ഷികളാകുന്നു. 33  ദൈവത്തിന്‍റെ വലത്തുഭാഗത്തേക്ക് ഉയർത്തപ്പെട്ട അവൻ വാഗ്‌ദാനപ്രകാരമുള്ള പരിശുദ്ധാത്മാവിനെ പിതാവിൽനിന്നു സ്വീകരിച്ച് ഞങ്ങളുടെമേൽ വർഷിച്ചിരിക്കുന്നു. നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത്‌ അതിന്‍റെ പ്രവർത്തനമത്രേ. 34  ദാവീദ്‌ സ്വർഗാരോഹണം ചെയ്‌തില്ല; എന്നാൽ അവൻ, ‘യഹോവ എന്‍റെ കർത്താവിനോട്‌ അരുളിച്ചെയ്‌തു: “ഞാൻ നിന്‍റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം 35  നീ എന്‍റെ വലത്തുഭാഗത്ത്‌ ഇരിക്കുക” ’ എന്നു പറയുന്നു. 36  അതുകൊണ്ട് നിങ്ങൾ സ്‌തംഭത്തിൽ തറച്ചുകൊന്ന ഈ യേശുവിനെ ദൈവം കർത്താവും ക്രിസ്‌തുവും ആക്കിവെച്ചു എന്ന് ഇസ്രായേൽഗൃഹമൊക്കെയും നിശ്ചയമായും അറിഞ്ഞുകൊള്ളട്ടെ.” 37  ഇതു കേട്ടപ്പോൾ ഹൃദയത്തിൽ കുത്തുകൊണ്ട് അവർ പത്രോസിനോടും മറ്റ്‌ അപ്പൊസ്‌തലന്മാരോടും, “സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യണം?” എന്നു ചോദിച്ചു. 38  പത്രോസ്‌ അവരോട്‌, “നിങ്ങളുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടേണ്ടതിന്‌ മാനസാന്തരപ്പെട്ടു നിങ്ങൾ ഓരോരുത്തരും യേശുക്രിസ്‌തുവിന്‍റെ നാമത്തിൽ സ്‌നാനമേൽക്കുവിൻ; അപ്പോൾ പരിശുദ്ധാത്മാവ്‌ എന്ന ദാനം നിങ്ങൾക്കു ലഭിക്കും; 39  എന്തെന്നാൽ ഈ വാഗ്‌ദാനം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ യഹോവ തന്‍റെ പക്കലേക്കു വിളിക്കുന്ന ദൂരസ്ഥരായ എല്ലാവർക്കുംവേണ്ടി ഉള്ളതാണ്‌.” 40  മറ്റനേകം വാക്കുകളാലും അവൻ സമഗ്രമായ സാക്ഷ്യം നൽകി. “വക്രതയുള്ള ഈ തലമുറയിൽനിന്നു രക്ഷപ്പെട്ടുകൊള്ളുവിൻ” എന്ന് അവൻ അവരെ ഉദ്‌ബോധിപ്പിക്കുന്നുമുണ്ടായിരുന്നു. 41  അങ്ങനെ, അവന്‍റെ വാക്ക് ഹൃദയപൂർവം കൈക്കൊണ്ടവർ സ്‌നാനമേറ്റു. ആ ദിവസം ഏകദേശം മൂവായിരംപേർകൂടെ* ചേർക്കപ്പെട്ടു. 42  അവർ ഉത്സാഹത്തോടെ അപ്പൊസ്‌തലന്മാരിൽനിന്നു പഠിക്കുകയും ഉള്ളതെല്ലാം മറ്റുള്ളവരുമായി പങ്കിടുകയും ഒരുമിച്ചുകൂടി ഭക്ഷണം കഴിക്കുകയും പ്രാർഥിക്കുകയും ചെയ്‌തുപോന്നു. 43  എല്ലാവരിലും* ഭയം നിറഞ്ഞു. അപ്പൊസ്‌തലന്മാരിലൂടെ അനേകം അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. 44  വിശ്വാസികളായിത്തീർന്ന എല്ലാവരും ഒരുമിച്ചുകൂടിവരുകയും സകലതും പൊതുവായി കരുതുകയും 45  തങ്ങളുടെ സ്വത്തുക്കളും വസ്‌തുവകകളും വിറ്റ്‌ അവ ഓരോരുത്തരുടെയും ആവശ്യാനുസരണം വീതിച്ചുകൊടുക്കുകയും ചെയ്‌തു. 46  അവർ ദിവസവും മുടങ്ങാതെ ഏകമനസ്സോടെ ദൈവാലയത്തിൽ ഒരുമിച്ചുകൂടുകയും ഭവനങ്ങളിൽ അപ്പം നുറുക്കുകയും അതിയായ ആഹ്ലാദത്തോടും ഹൃദയപരമാർഥതയോടുംകൂടെ ഭക്ഷണത്തിൽ പങ്കുചേരുകയും 47  ദൈവത്തെ സ്‌തുതിക്കുകയും സകല ആളുകളുടെയും പ്രീതിക്കു പാത്രമാകുകയും ചെയ്‌തു. അതേസമയം, രക്ഷിക്കപ്പെടുന്നവരെ യഹോവ ദിനന്തോറും അവരോടു ചേർത്തുകൊണ്ടിരുന്നു.

അടിക്കുറിപ്പുകള്‍

പ്രവൃ 2:15* അക്ഷരാർഥം, മൂന്നാം മണിക്കൂർ: രാവിലെ ഏകദേശം ഒൻപതുമണി
പ്രവൃ 2:27* ഗ്രീക്കിൽ, സൈക്കി
പ്രവൃ 2:27* അനുബന്ധം 9 കാണുക.
പ്രവൃ 2:31* അനുബന്ധം 9 കാണുക.
പ്രവൃ 2:41* ഗ്രീക്കിൽ, സൈക്കി
പ്രവൃ 2:43* ഗ്രീക്കിൽ, സൈക്കി